/indian-express-malayalam/media/member_avatars/N5ZjXXWsNcIdzMM523Jm.jpg )
/indian-express-malayalam/media/media_files/uploads/2022/11/prem-nazir-m-krishnan-nair.jpg)
സിഐഡി, അനിയത്തി, കുട്ടിക്കുപ്പായം, കാവ്യ മേള, കാട്ടു തുളസി, വിവാഹിത, കാലം മാറി കഥ മാറി, മണിയറ, പാലം, പുഴയൊഴുകും വഴി, ഇതെന്റെ വഴി, അജ്ഞാത തീരങ്ങൾ, കള്ളിയങ്കാട്ട് നീലി തുടങ്ങി നൂറിലേറെ ചിത്രങ്ങൾ... മലയാള സിനിമയ്ക്ക് ഏറെ സംഭാവനകൾ ചെയ്ത സംവിധായകനാണ് എം. കൃഷ്ണൻ നായർ. മലയാളത്തിൽ മാത്രമല്ല, നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. പിൽക്കാലത്ത് ശ്രദ്ധേയരായ സൂപ്പർസ്റ്റാർ എൻടി രാമറാവു, ഹരിഹരൻ, കെ മധു, എസ് പി മുത്തുരാമൻ, ഭാരതിരാജ, ജോഷി തുടങ്ങിയവരെല്ലാം കൃഷ്ണനായരുടെ കീഴിൽ അസിസ്റ്റന്റ് ഡയറക്ടർമാരായി പ്രവർത്തിച്ചിട്ടുള്ളവരാണ്.
മലയാളസിനിമയുടെ ചരിത്രത്തിൽ തന്റെ കയ്യൊപ്പു പതിപ്പിച്ച് കടന്നുപോയ കൃഷ്ണൻ നായർ തുടക്കക്കാലത്തു നേരിട്ട പ്രതിസന്ധികളെ കുറിച്ചോർക്കുകയാണ് മകൻ കെ ജയകുമാർ ഐ എ എസ്. പരാജയങ്ങളെ തുടർന്ന് സിനിമ വിടാൻ തീരുമാനിച്ച കൃഷ്ണൻനായർക്ക് ധൈര്യം നൽകി നിർത്തിയത് അന്നത്തെ സൂപ്പർ താരമായിരുന്ന പ്രേംനസീർ ആയിരുന്നുവെന്നും ജയകുമാർ ഓർക്കുന്നു.
“സിനിമയെന്നത് അനിശ്ചിതത്വങ്ങളുടെ ലോകമാണ്. ‘ഒരു നിശ്ചയവുമില്ല ഒന്നിനും’ എന്ന് മുൻപ് കുമാരനാശാൻ പറഞ്ഞത് സിനിമാ ലോകത്തെ കുറിച്ച് സത്യമായ കാര്യമാണ്. ഈ പുഴ മുന്നോട്ട് ഒഴുകുമോ, അതോ വരണ്ടു പോവുമോ എന്നൊന്നുമറിയാതെയാണ് ഓരോരുത്തരും സിനിമയെന്ന സ്വപ്നത്തിനു പിറകെ ഇറങ്ങിപ്പുറപ്പെടുന്നത്. നിങ്ങളിൽ പലരും സമാനമായ അവസ്ഥകളിലൂടെ കടന്നു പോയിട്ടുള്ളവരാണ്. സിനിമയിൽ ഇടയ്ക്ക് പണം വരും, ബാക്കി സമയത്തെല്ലാം ബ്ലാങ്ക് ചെക്കിലാണ് ജീവിതം ഓടികൊണ്ടിരിക്കുന്നത്."
/indian-express-malayalam/media/media_files/uploads/2022/11/k-jayakumar.jpg)
"കുറച്ചുകാലമായി ഓർമകളുടെ ഓളങ്ങളിൽ ആന്ദോളനം ചെയ്തുകൊണ്ടിരിക്കുകയാണ് ഞാൻ. അച്ഛനെ കുറിച്ചൊരു ഡോക്യുമെന്ററി ചെയ്തുകൊണ്ടിരിക്കുകയാണ്, പഴയകാല ചിത്രങ്ങളിലൂടെയും അദ്ദേഹം കടന്നുപോയ വഴികളിലൂടെയുമൊക്കെ വീണ്ടും നടക്കാനിറങ്ങുമ്പോഴാണ് ആ ജീവിതത്തിന്റെ അനിശ്ചിതത്വങ്ങളും പോരാട്ടങ്ങളും ശരിക്കും മനസ്സിലാവുന്നത്. മെറിലാൻഡ് സ്ഥാപിക്കുന്നതിനും മുൻപ് മദ്യാസിൽ ക്യാമറ പഠിക്കാൻ പോയ ആളാണ് അച്ഛൻ. അന്ന് ക്യാമറയും ട്രോളിയുമൊക്കെ തള്ളികൊടുക്കുന്നതാണ് അച്ഛന്റെ പ്രധാന ജോലി. സംവിധായകൻ എൽ വി പ്രസാദ് സാർ അച്ഛനെ ശ്രദ്ധിച്ചു, "നീ സംവിധാനത്തിലേക്ക് തിരിയൂ," എന്നു ഉപദേശിച്ചു. ഇംഗ്ലീഷ് പടങ്ങളൊക്കെ ധാരാളമായി കണ്ടു പഠിക്കാനും പറഞ്ഞു. പിന്നെ മെറിലാൻഡ് വരുന്നതും, അച്ഛനവിടെ എത്തിപ്പെടുന്നതും. അവരുടെ ആദ്യ സിനിമ മുതൽ പ്രൊഡക്ഷൻ മാനേജർ, സ്റ്റുഡിയോ മാനേജർ, അസോസിയേറ്റ് ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ തുടങ്ങി വിവിധ ജോലികൾ ചെയ്ത് അച്ഛൻ കൂടെയുണ്ട്. ഒടുവിൽ 1952ൽ 'സിഐഡി' എന്നൊരു സിനിമ സംവിധാനം ചെയ്ത് കൊണ്ട് അച്ഛൻ സംവിധാനരംഗത്തേക്ക് കടന്നു. പിന്നീട് 'അനിയത്തി', 'വിയർപ്പിന്റെ വില' തുടങ്ങി ഏതാനും ചിത്രങ്ങൾ കൂടി ചെയ്തു. പക്ഷേ അതുകൊണ്ടൊന്നും അച്ഛൻ ശ്രദ്ധിക്കപ്പെടുകയോ രക്ഷപ്പെടുകയോ ചെയ്തില്ല. അന്ന് പ്രേം നസീറാണ് അച്ഛന് മാനസികമായി പിന്തുണ നൽകിയതും സാമ്പത്തികമായി സഹായിച്ചതുമൊക്കെ. "ഞാൻ നാട്ടിൽ പോയി വല്ല കൃഷിയും ചെയ്ത് ജീവിക്കാൻ പോവുക,"യാണെന്ന് അച്ഛൻ പറയുമ്പോഴെല്ലാം "പോവരുത്, ഒരു കാലത്ത് ഈ ഇൻഡസ്ട്രി നമ്മുടെ കയ്യിൽ നിൽക്കും," എന്ന് ധൈര്യം കൊടുത്ത് അച്ഛനെ കൂടെ നിർത്തിയത് പ്രേംനസീർ സാറായിരുന്നു."
/indian-express-malayalam/media/media_files/uploads/2022/11/kuttikuppayam.jpg)
97,000 രൂപയിൽ ഒരു മൾട്ടി-സ്റ്റാർ പടം തീർന്ന കഥ
1964ൽ തന്റെ അച്ഛൻ എം കൃഷ്ണൻ നായർ 97,000 രൂപ ബജറ്റിൽ തീർത്ത 'കുട്ടിക്കുപ്പായം' എന്ന ഒരു ഹിറ്റ് പടത്തെ കുറിച്ചുള്ള ഓർമകളും ജയകുമാർ പങ്കിട്ടു. അക്കാലത്ത് വലിയ വിജയം നേടിയ ചിത്രമായിരുന്നു കുട്ടിക്കുപ്പായം. "ആദ്യ സിനിമയിറങ്ങി ഏതാണ്ട് 14 വർഷം കഴിഞ്ഞു, ആറേഴു പടങ്ങൾ ചെയ്തു, എന്നിട്ടും രക്ഷപ്പെടാതെയിരിക്കുകയാണ് അച്ഛൻ. അപ്പോഴാണ് 1964ൽ ടി.ഇ വാസുദേവൻ നായർ ജയമാരുതി പ്രൊഡക്ഷൻസിന്റെ കീഴിൽ 'കുട്ടിക്കുപ്പായം' എന്നൊരു പടം നിർമിക്കാൻ ഒരുങ്ങുന്നത്. അന്ന് അദ്ദേഹം അച്ഛനു മുന്നിൽ വച്ച നിബന്ധന, ഒരു ലക്ഷം രൂപയിൽ തീർക്കണം, നിങ്ങളെ കൊണ്ട് സാധിക്കുമോ? എന്നായിരുന്നു. ജീവിക്കേണ്ടേ, മുന്നോട്ട് പോവേണ്ടേ, അച്ഛൻ എന്തിനും തയ്യാറായിരുന്നു ആ സമയത്ത്."
"അങ്ങനെ 97,000 രൂപ ബജറ്റിൽ അച്ഛൻ 'കുട്ടിക്കുപ്പായ'മെന്ന പടം തീർത്തു നൽകി. അന്നത്തെ മൾട്ടിസ്റ്റാറർ പടമാണ്, പ്രേംനസീർ, മധു, അംബിക, ഷീല, ബഹദൂർ, ഭാസി എല്ലാവരുമുണ്ട്. എംഎസ് ബാബുരാജിന്റെ പാട്ടുകളും എല്ലാമായി പടം സൂപ്പർഹിറ്റായി, പിന്നെ അച്ഛനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല," കെ. ജയകുമാർ ഓർത്തെടുക്കുന്നു.
എം. കൃഷ്ണൻ നായരുടെയും സുലോചന ദേവിയുടെയും മൂന്നുമക്കളിൽ മൂത്തയാളാണ് കവിയും ഐഎഎസ് ഉദ്യോഗസ്ഥനും മുൻ ചീഫ് സെക്രട്ടറിയും മലയാള സർവ്വകലാശാല വൈസ് ചാൻസിലറുമായിരുന്ന കെ. ജയകുമാർ. ഗാനരചയിതാവ് എന്ന നിലയിലും ശ്രദ്ധ നേടിയ ജയകുമാർ നൂറോളം സിനിമാഗാനങ്ങൾ രചിച്ചിട്ടുണ്ട്. ചന്ദന ലേപ സുഗന്ധം (ഒരു വടക്കൻ വീരഗാഥ), കുടജാദ്രിയിൽ കുടികൊള്ളും (നീലക്കടമ്പ്), സൗപർണികാമൃത വീചികൾ (കിഴക്കുണരും പക്ഷി), സൂര്യാംശുവോരോ വയൽപ്പൂവിലും (പക്ഷേ) തുടങ്ങിയവയെല്ലാം ജയകുമാറിന്റെ ശ്രദ്ധേയമായ ഗാനങ്ങളാണ്.
"ഞാനിപ്പോൾ ഡബ്ബിൾ പാസ്പോർട്ടുമായി നടക്കുന്നയാളാണ്, സിനിമയുടെ പാസ്പോർട്ടും സിവിൽ സർവ്വീസിന്റെ പാസ്പോർട്ടും. പക്ഷേ ആത്യന്തികമായി , അച്ഛന്റെ മകനാണെന്ന് അറിയപ്പെടാനാണ് സന്തോഷം. എന്റെ അച്ഛൻ തന്നിട്ടു പോയതേ ആത്യന്തികമായി എന്റെ കയ്യിലൂള്ളൂ. കോടമ്പാക്കം എന്നെ സംബന്ധിച്ച് ഒരു തീർത്ഥാടനകേന്ദ്രമാണ്, പുണ്യസ്ഥലമാണ്. അവിടുന്ന് അച്ഛനുണ്ടാക്കിയ പൈസ കൊണ്ടാണ് ഞങ്ങൾ ജീവിച്ചത്. 'അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ കാത്ത' ആ നഗരമാണ് എന്നെ ഞാനാക്കിയത്," ജയകുമാർ പറഞ്ഞു. 80കളിൽ മദ്രാസിൽ സിനിമാസ്വപ്നങ്ങളുമായി ജീവിച്ച ഒരു കൂട്ടം സിനിമ പ്രവർത്തകർ ഒത്തുച്ചേർന്ന '80 മദ്രാസ് മെയിൽ' കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജയകുമാർ ഐഎഎസ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.