മദ്രാസ് മെയിൽ. കേരളത്തെ സിനിമയുടെ സ്വപ്നനഗരമായ മദിരാശിയിലേക്ക് കണക്ട് ചെയ്യുന്ന തീവണ്ടി. വിമാനങ്ങളും എയർപോർട്ടുകളും ഇത്ര കണ്ട സജീവമല്ലാത്ത എൺപതുകളിൽ ഒരുപാട് ചെറുപ്പക്കാർ വെള്ളിത്തിര ലക്‌ഷ്യം വച്ച് ഈ വണ്ടി കയറിയിട്ടുണ്ട്. അവരിൽ അഭിനേതാക്കളുണ്ട്, സംവിധായകരുണ്ട്, ഡബ്ബിംഗ് ആർട്ടിസ്റ്റുകളും ഗായകരും ക്യാമറമാന്മാരും തുടങ്ങി ലൊക്കേഷനുകളിൽ നിന്നും ലൊക്കേഷനുകളിലേക്ക് സ്ഥിരമായി ഓടിയിരുന്ന ഡ്രൈവർമാർ വരെയുണ്ട്. ചിലർ കാലാന്തരത്തിൽ തിരക്കുള്ള സിനിമാപ്രവർത്തകരായി, ചിലരൊക്കെ വിസ്മൃതിയിലേക്ക് വീണു പോയി. മലയാള സിനിമ മദ്രാസിൽ നിന്നും കേരളത്തിലേക്ക് പറിച്ചു നടപ്പെട്ടപ്പോൾ അവരിൽ കുറേ പേർ കേരളത്തിലേക്ക് പോന്നു. ശേഷിക്കുന്നവരാവട്ടെ, സിനിമയുടെ വേരുകൾ ആഴത്തിലൂന്നിയ ആ സിനിമാനഗരിയിൽ തന്നെ ജീവിതം തുടർന്നു.
40 വർഷങ്ങൾക്കിപ്പുറം അവർ എല്ലാവരും ഇന്ന് ഒത്തുചേർന്നു. അതാണ് ’80 മദ്രാസ് മെയിൽ – സിനിമാ നിറക്കൂട്ട്’ എന്ന പേരിൽ ഇന്ന് തിരുവനന്തപുരത്ത് നടന്ന സംഗമം. ഡബ്ബിങ് കലാകാരി ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ ആണ് ഈ കൂട്ടായ്മ ഒത്തു ചേർന്നത്.
“1985ലാണ് ഞാൻ മദ്രാസ് വിട്ട് കേരളത്തിലേക്ക് വരുന്നത്. പക്ഷേ ഓർമകളിൽ എന്നും നിറഞ്ഞു നിൽക്കുന്ന ഒന്നാണ് കോടമ്പാക്കത്തെ ആ ജീവിതം. ഉറങ്ങാൻ കിടക്കുമ്പോൾ പലപ്പോഴും എല്ലാവരും ഒരു കുടുംബം പോലെ കഴിഞ്ഞ ആ കാലത്തെ കുറിച്ചുള്ള ഓർമ്മകൾ മനസ്സിൽ നിറയും. വീണ്ടും അവരെയൊക്കെ ഒന്നു കാണാനും സംസാരിക്കാനുമൊക്കെ പലപ്പോഴും തോന്നിയിരുന്നു. ഒന്നു കൂടി എല്ലാവരെയും ഒന്നിച്ചൊരു കുടക്കീഴിൽ കൊണ്ടു വരാനായാൽ അതൊരു സന്തോഷമാവില്ലേ എന്നു തോന്നി,” ഇതിന്റെ തുടക്കത്തെക്കുറിച്ച് ഭാഗ്യലക്ഷ്മി പറഞ്ഞു.
തന്റെ കോൺടാക്റ്റ് ലിസ്റ്റിൽ ഉള്ളവരോടൊക്കെ സംസാരിച്ചു, അവരെ ചേർത്ത് വാട്സ് ആപ്പ് ഗ്രൂപ്പ് തുടങ്ങി. പിന്നീട് ഓരോരുത്തരായി ബാക്കിയുള്ളവരെ അന്വേഷിച്ചു കണ്ടെത്തി ഗ്രൂപ്പിലേക്ക് ചേർത്തു കൊണ്ടിരുന്നു. ഇപ്പോൾ ഏതാണ്ട് 90 ഓളം അംഗങ്ങളുണ്ട് ആ ഗ്രൂപ്പിൽ.
“തമ്മിൽ കാണാനുള്ള ആഗ്രഹം എല്ലാവർക്കുമുണ്ടായിരുന്നു. തീവ്രമായ ആ ആഗ്രഹത്തിന്റെ ഫലമാണ് ഇങ്ങനെയൊരു ഒത്തുചേരലിൽ എത്തി നിൽക്കുന്നത്. നാൽപ്പതോളം പേർ ഇന്നിവിടെ എത്തിച്ചേർന്നിട്ടുണ്ട്. വരാൻ ആഗ്രഹമുള്ളവർ ഗ്രൂപ്പിൽ വേറെയുമുണ്ട്, പക്ഷേ പലരും വർക്കുമായി തിരക്കിലാണ്, ചിലർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉള്ളതുകൊണ്ട് ചെന്നൈയിൽ നിന്നും കേരളം വരെ യാത്ര ചെയ്യാനാവില്ല. അടുത്ത ഒത്തുച്ചേരൽ ചെന്നൈയിലാക്കണേ എന്നൊക്കെ അഭ്യർത്ഥിക്കുന്നവരുമുണ്ട് കൂട്ടത്തിൽ,” ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.

കവിയും ഗാന രചയിതാവും പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന ജയകുമാർ ഐ എ എസ് ആണ് ചടങ്ങിന്റെ ഔദ്യോഗികമായ ഉദ്ഘാടനം നിർവ്വഹിച്ചത്.
“സിനിമയെന്നത് അനിശ്ചിതത്വങ്ങളുടെ ലോകമാണ്. ‘ഒരു നിശ്ചയവുമില്ല ഒന്നിനും’ എന്ന് മുൻപ് കുമാരനാശാൻ പറഞ്ഞത് സിനിമാ ലോകത്തെ കുറിച്ച് സത്യമായ കാര്യമാണ്. ഈ പുഴ മുന്നോട്ട് ഒഴുകുമോ, അതോ വരണ്ടു പോവുമോ എന്നൊന്നുമറിയാതെയാണ് ഓരോരുത്തരും സിനിമയെന്ന സ്വപ്നത്തിനു പിറകെ ഇറങ്ങിപ്പുറപ്പെടുന്നത്. നിങ്ങളിൽ പലരും സമാനമായ അവസ്ഥകളിലൂടെ കടന്നു പോയിട്ടുള്ളവരാണ്. സിനിമയിൽ ഇടയ്ക്ക് പണം വരും, ബാക്കി സമയത്തെല്ലാം ബ്ലാങ്ക് ചെക്കിലാണ് ജീവിതം ഓടികൊണ്ടിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട നിങ്ങളെല്ലാവരും വളരെ സാഹസികരും നിങ്ങൾക്കിഷ്ടപ്പെട്ട കലയ്ക്കായി ജീവിതം ഉഴിഞ്ഞു വച്ചവരുമാണ്. അതിന്റെതായ ഗുണങ്ങളും ദോഷങ്ങളും അനുഭവിച്ചവർ. ഒരുപാട് കാലം ഇൻഡസ്ട്രിയിൽ നിൽക്കാൻ സാധിച്ചിട്ടുണ്ടാവില്ല. പക്ഷേ മലയാള സിനിമയുടെ ചരിത്രം നിങ്ങളുടേത് കൂടിയാണ്,” ജയകുമാർ ഐ എ എസ് പറഞ്ഞു.
ഒരു കുടുംബം പോലെ കഴിഞ്ഞ പഴയ ആളുകളെയൊക്കെ വീണ്ടും ഒന്നിച്ച് കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നടി മേനകയും നടൻ മോഹൻകുമാറുമൊക്കെ.
“ഒരു സുപ്രഭാതത്തിൽ ഭാഗ്യലക്ഷ്മി ചോദിച്ചു. നമുക്കിങ്ങനെയൊരു ഒത്തുച്ചേരൽ സംഘടിപ്പിച്ചാലോ. നല്ല കാര്യമാണ്, പക്ഷേ ഒരുപാട് കഷ്ടപ്പാടുള്ള ജോലിയാണ്, എളുപ്പമല്ല. നിനക്ക് പറ്റുമെന്ന് ഉറപ്പുണ്ടെങ്കിൽ ശ്രമിക്കൂ, കൂടെയുണ്ടാവും എന്നു പറഞ്ഞു. മദ്രാസിൽ വേണോ കൊച്ചിയിൽ വേണോ തിരുവനന്തപുരത്ത് തന്നെ വേണോ എന്നൊക്കെ കുറേ ആശയക്കുഴപ്പങ്ങൾ. പിന്നെ ആദ്യം തിരുവനന്തപുരത്താവാം എന്നു തീരുമാനിച്ചു. ഇനിയും ഈ മദ്രാസ് മെയിൽ ഉഷാറായി മുന്നോട്ടു പോവട്ടെ എന്നാഗ്രഹിക്കുകയാണ്,” കൂട്ടായ്മയെ കുറിച്ച് നടി മേനക സുരേഷ് കുമാർ പറഞ്ഞു.
“വെറുതെ ഒത്തുച്ചേരുന്നു, പിരിയുന്നു എന്നതിനപ്പുറം ഈ കൂട്ടായ്മയ്ക്ക് ഒരു പർപ്പസ് ഉണ്ടാവണം എന്നു ഞാനാഗ്രഹിക്കുന്നു. സിനിമാവ്യവസായത്തിന്റെ തുടക്കക്കാലത്തൊക്കെ സജീവമായി പ്രവർത്തിച്ച് ഇപ്പോൾ അവശരായി പോയ കുറേയേറെ പേരുണ്ട്. അവർക്കൊക്കെ വേണ്ടി എന്തെങ്കിലും ചെയ്യണം, അതിനുള്ള എന്തെങ്കിലുമൊരും സംവിധാനമുണ്ടാക്കാൻ ഈ കൂട്ടായ്മയ്ക്ക് കഴിയുമെന്നാണ് എന്റെ പ്രതീക്ഷ,” നടൻ മോഹൻ ശർമ്മ പറയുന്നു.

വർഷങ്ങൾ കഴിഞ്ഞാണ് ഇവരിൽ പലരും തമ്മിൽ കാണുന്നത്. ‘ഓർമ്മയുണ്ടോ?’ എന്ന് ചോദിച്ച് പരിചയം പുതുക്കി, പഴയ കാര്യങ്ങൾ ഒക്കെ ഓർത്തെടുക്കുന്നവർ. അവരുടെ കളിചിരികളും ഫോട്ടോ എടുക്കലും എല്ലാം ചേർന്ന ഒരു ‘നൊസ്റ്റാൾജിക്’ ഫീൽ. അതിനിടയിൽ നടി അംബിക പറഞ്ഞു,
“ആദ്യമായി ഞാനൊരു സിനിമ ഷൂട്ടിംഗ് കാണാൻ പോവുന്നത് മോഹൻ ശർമ്മ ചേട്ടന്റെ ‘വ്യാമോഹം’ ആണ്. അന്ന് ഞങ്ങളുടെ ഹൃദയം കവർന്ന താരമാണ് അദ്ദേഹം. ചന്ദ്രേട്ടന്റെ (പി ചന്ദ്രകുമാർ) സിനിമയിൽ ഞാൻ അസിസ്റ്റന്റ് ഡയറക്ടറായി വരെ ജോലി ചെയ്തിട്ടുണ്ട്. എന്റെ സിനിമാജീവിതം തുടങ്ങുമ്പോൾ എന്നെ ഹെൽപ്പ് ചെയ്ത ഒരുപാട് പേർ ഇവിടെയിപ്പോഴുണ്ട്. ഞാനേറ്റവും കൂടുതൽ പടങ്ങളിൽ വർക്ക് ചെയ്തിട്ടുള്ളത് ജോസേട്ടന്റെ കൂടെയാണ്, ജോസ്- അംബിക എന്ന താരജോഡി ഉണ്ടാക്കിയത് ചന്ദ്രേട്ടനാണ്. എല്ലാവരെയും നേരിൽ കാണാൻ കഴിഞ്ഞതാണ് ഈ ദിവസത്തിന്റെ സന്തോഷം.”
“അംബികയെ ഒക്കെ ഏറ്റവും ഒടുവിൽ കാണുന്നത് ‘കുടുംബപുരാണത്തിന്റെ’ ലൊക്കേഷനിൽ വച്ചാണ്. വീണ്ടും കണ്ടു സംസാരിക്കുമ്പോൾ ഒരുപാട് പഴയ ഓർമകളാണ് മനസ്സിലേക്ക് വരുന്നത്,” അംബികയുടെ സന്തോഷത്തിൽ ചേർന്ന് ഛായാഗ്രാഹകൻ വിപിൻ മോഹനും ചേർന്നു.


നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റും ഗായികയുമായ ലത, സംഗീത സംവിധായകനും പിന്നണി ഗായകനുമായ രാജു, മണിയൻപിള്ള രാജു, കൃഷ്ണചന്ദ്രൻ, വനിത കൃഷ്ണചന്ദ്രൻ, നടൻ മോഹൻ ശർമ്മ, ജോസ്, മേനക, സുരേഷ് കുമാർ, ഗായിക ലതിക, സംവിധായകൻ തുളസി ദാസ്, ഡബ്ബിംഗ് ആർട്ടിസ്റ്റ് ലിസ്സി, നടി അംബിക, ഛായാഗ്രാഹകൻ വിപിൻ മോഹൻ, സംവിധായകൻ ഷാജി കൈലാസ്, വേണു ബി നായർ, ജി എസ് വിജയൻ, ജി. മുരളി, ടി എസ് സുരേഷ് ബാബു, സോമൻ അമ്പാട്ട്, കലാസംവിധായകൻ രാധാകൃഷ്ണൻ, സംവിധായകൻ അനിൽ കുമാർ, കെ എസ് ഗോപാലകൃഷ്ണൻ, പി ചന്ദ്രകുമാർ, കലിയൂർ ശശി, സെവൻ ആർട്സ് മോഹൻ, കുടമാളൂർ രാജാജി, മേക്കപ്പ്മാൻ ജയമോഹൻ, ജോസ് മഞ്ഞിലാസ്, നിർമ്മാതാവും സംവിധായകനുമായ കൃഷ്ണകുമാർ, പി വി ശങ്കർ, എസ് ഷാജി തുടങ്ങി നാൽപ്പതോളം പേരാണ് സൗത്ത് പാർക്ക് ഹോട്ടലിൽ വച്ചു നടന്ന സൗഹൃദ കൂട്ടായ്മയ്ക്കായി എത്തിച്ചേർന്നത്.
ഇതൊരു തുടക്കം മാത്രമായാണ് എന്നും വൈകാതെ ഇനിയും ഒത്തുചേരാം എന്നുമുള്ള പ്രതീക്ഷയിലാണ് ഈ ‘മദ്രാസ് മെയിൽ സംഘം.’