/indian-express-malayalam/media/media_files/uploads/2018/12/rajisha.jpg)
‘അനുരാഗ കരിക്കിന്‍ വെള്ളം’ എന്ന ചിത്രത്തിലെ ‘എലി’ യായി മലയാളികളുടെ ഹൃദയം കവര്‍ന്ന്, ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം സ്വന്തമാക്കിയ രജിഷ വിജയൻ കേന്ദ്രകഥാപാത്രമാകുന്ന 'ജൂൺ' എന്ന ചിത്രത്തിലെ ആദ്യഗാനം റിലീസായി. നവാഗതനായ അഹമ്മദ് കബീര്‍ ആണ് 'ജൂൺ' എന്ന ചിത്രത്തിന്റെ സംവിധായകൻ.
മിന്നി മിന്നി എന്ന ഗാനത്തിന്റെ വരികൾ എഴുതിയത് വിനായക് ശശികുമാറാണ്. അമൃത സുരേഷാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇഫ്തിയാണ് ഗാനത്തിന് സംഗീതം പകർന്നത്.
മുടി മുറിച്ചും തടി കുറച്ചും പല്ലിനു ക്ലിപ്പിട്ടുമൊക്കെ ചിത്രത്തിനു വേണ്ടി മേക്കോവര്‍ നടത്തിയിരിക്കുകയാണ് രജിഷ. ചിത്രത്തിന് വേണ്ടി ഒൻപത് കിലോയോളമാണ് രജിഷ കുറച്ചിരിക്കുന്നത്. ചിത്രത്തിൽ ജൂൺ എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് രജിഷ അവതരിപ്പിക്കുന്നത്. ഒരു പെണ്‍കുട്ടിയുടെ 17 വയസ്സു മുതല്‍ 27 വയസ്സു വരെയുള്ള ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ഒരു പെൺകുട്ടിയുടെ കൗമാര കാലം തൊട്ട് വിവാഹം വരെയുള്ള ജീവിതമാണ് സിനിമ പറയുന്നത്. നായികാ കേന്ദ്രികൃതമായ സിനിമയിൽ ഒരു പെൺകുട്ടിയുടെ ആദ്യ പ്രണയം, അടുപ്പം, ആദ്യ ജോലി എന്നിവയിലൂടെയുള്ള വൈകാരിക അടുപ്പങ്ങളാണ് പറഞ്ഞുപോവുന്നത്. ജോജു ജോർജ്ജ്, സത്യം ശിവം സുന്ദരം ഫെയിം അശ്വതി, അർജുൻ അശോകൻ, അജു വർഗീസ് എന്നിവരും ചിത്രത്തിലുണ്ട്. പതിനഞ്ചിലേറെ പുതു മുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
Read more: 'ജൂണാ'യി രജിഷ വിജയന്റെ മേക്കോവര്‍; മുടിമുറിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞു
നടനും നിർമ്മാതാവുമായ വിജയ് ബാബുവാണ് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്. 'സക്കറിയയുടെ ഗർഭിണികൾ', 'ഫിലിപ്സ് ആൻഡ് ദി മങ്കിപെൻ', 'അങ്കമാലി ഡയറീസ്', 'ആട് ഒരു ഭീകരജീവിയാണ്', 'ആട് 2' എന്നീ ചിത്രങ്ങളെല്ലാം നിർമിച്ച ഫ്രൈഡേ ഫിലിം ഹൗസിന്റെ പത്താമത്തെ ചിത്രമാണ് ജൂൺ. ചിത്രം 2019 ഫെബ്രുവരിയിൽ റിലീസിനെത്തുമെന്നാണ് റിപ്പോർട്ടുകൾ. ‘ജോര്‍ജേട്ടന്റെ പൂരം’, ‘ഒരു സിനിമാക്കാരന്‍’ എന്നീ ചിത്രങ്ങൾക്കു ശേഷം രജിഷ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും 'ജൂണി'നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.