/indian-express-malayalam/media/media_files/uploads/2019/05/Vijay-Sethupathi-debuts-in-Malayalam-with-Jayaram-starrer-Marconi-Mathai.jpg)
മക്കള്‍ സെല്‍വന്‍ എന്ന് തമിഴകം സ്നേഹത്തോടെ വിളിക്കുന്ന തമിഴ് ചലച്ചിത്ര താരം വിജയ് സേതുപതിയ്ക്ക് തമിഴില്‍ മാത്രമല്ല, മലയാളത്തിലും ഉണ്ട് ഒട്ടേറെ ആരാധകര്‍. വിജയ് സേതുപതിയുടെ സ്വാഭാവികവും വ്യത്യസ്ഥവുമായ അഭിനയശൈലി കാണാന്‍ വേണ്ടി മാത്രമായി തമിഴ് സിനിമ റിലീസുകള്‍ക്ക് കാത്തിരിക്കുന്ന സിനിമാ പ്രേമികളും കേരളത്തില്‍ ധാരാളം. അവരെയെല്ലാം ഒന്നടങ്കം സന്തോഷിപ്പിച്ച വാര്‍ത്തയാണ് വിജയ് സേതുപതി മലയാളത്തില്‍ എത്തുന്നു എന്നത്.
ജയറാം നായകനായ 'മാര്‍ക്കോണി മത്തായി' എന്ന ചിത്രത്തിലൂടെയാണ് മക്കള്‍ സെല്‍വന്‍ മലയാളത്തില്‍ തുടക്കം കുറിക്കുന്നത്. ചിത്രത്തിലേക്ക് വിജയ് സേതുപതിയെ എത്തിച്ചത് ജയറാം തന്നെയാണ്. താനുമായുള്ള സൗഹൃദമായിരിക്കാം വിജയ് സേതുപതി ഉള്‍പ്പടെയുള്ള അന്യഭാഷാ താരങ്ങള്‍ തന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ സന്നദ്ധത കാട്ടാന്‍ കാരണം എന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജയറാം പറയുന്നു.
"അഭിനയിച്ചിട്ടുള്ള എല്ലാ ഭാഷകളിലേയും സിനിമാ ഇന്‍ഡസ്ട്രികളുമായി ഞാന്‍ നല്ല ബന്ധവും സൗഹൃദങ്ങളും സൂക്ഷിക്കാറുണ്ട്. ഞാന്‍ ആവശ്യപ്പെടുമ്പോള്‍ അന്യഭാഷാ അഭിനേതാക്കള്‍ എന്റെ കൂടെ വന്നഭിനയിക്കാന്‍ അതാവും ഒരുപക്ഷേ കാരണം. 'ഫോര്‍ ഫ്രണ്ട്സ്' എന്ന ചിത്രത്തില്‍ കമല്‍ഹാസന്‍ വന്നു. അത് പോലെ 'മാര്‍ക്കോണി മത്തായി'യുടെ അണിയറക്കാര്‍ 'വിജയ് സേതുപതിയെപ്പോലെ ഒരാള്‍ ഈ ചിത്രത്തില്‍ വന്നാല്‍ നന്നാകും' എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ഈ കഥ പറഞ്ഞു. ഇതിനു മുന്‍പ് ധാരാളം പേര്‍ തന്നെ സമീപിച്ചിട്ടുണ്ട്, എന്നാല്‍ ഈ കഥ ഇഷ്ടമായത് കൊണ്ട് ഇത് ചെയ്യാന്‍ സമ്മതിക്കാം എന്നും വിജയ് സേതുപതി പറഞ്ഞു."
പ്രശസ്ത പരസ്യ ചിത്ര സംവിധായകനായ സനില്‍ കളത്തില്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘ മാര്‍ക്കോണി മത്തായി’.
സത്യം സിനിമാസിന്റെ ബാനറില്‍ എ ജി പ്രേമചന്ദ്രന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ആത്മീയ നായികയാവുന്നു. അജു വര്‍ഗ്ഗീസ്,ഹരീഷ് കണാരന്‍,ഗ്രിഗറി,നെടുമുടി വേണു,സിദ്ധാര്‍ത്ഥ് ശിവ,സുധീര്‍ കരമന,മാമുക്കോയ,കലാഭവന്‍ പ്രജോദ്,സുനില്‍ സുഖദ,ശിവകുമാര്‍ സോപാനം,ശ്രിന്റ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
Read More: മക്കള്‍ സെല്‍വന്‍ മലയാള മണ്ണില്‍; മാര്‍ക്കോണി മത്തായിയില്‍ ജയറാമിനൊപ്പം
തോക്കിന് ചൂലിനോട് തോന്നിയ പ്രണയം എന്ന തല വാചകത്തോടെ അവതരിപ്പിക്കുന്ന ചിത്രത്തില്‍,ലോകത്തെ മുഴുവന്‍ സ്‌നേഹിക്കുന്ന മറ്റുള്ളവരുടെ ജീവിതത്തില്‍ സന്തോഷത്തിന്റെ പൂക്കള്‍ വിതറുന്ന മത്തായി എന്ന സെക്യൂറിറ്റിക്കാരന് ഉണ്ടായ ഒരു പ്രശ്‌നം പരിഹരിക്കാന്‍ ലോകം ഒറ്റക്കെട്ടായി അണി നിരക്കുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് ദൃശ്യവല്‍ക്കരിക്കുന്നത്. മത്തായിയായി ജയറാം എത്തുമ്പോള്‍ രക്ഷകരുടെ മുന്നിലായി വിജയ് സേതുപതി പ്രത്യക്ഷ്യപ്പെടുന്നു. റേഡിയോയും ഇതിലെ പ്രധാന കഥാപാത്രമാണ്.
ഗോവ, ചെന്നൈ, ചങ്ങനാശ്ശേരി, ആലപ്പുഴ, എറണാക്കുളം എന്നിവിടങ്ങളിലാണ് മാര്‍ക്കോണി മത്തായി ചിത്രീകരിക്കുന്നത്. വിജയ് സേതുപതി ഒരു ട്രാന്‍സ് വനിതയായി എത്തിയ 'സൂപ്പര്‍ ഡീലക്സ്' ആണ് അദ്ദേഹത്തിന്റെ ഏറ്റവും ഒടുവില്‍ റിലീസ് ആയ ചിത്രം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us