തമിഴ് സൂപ്പര്‍ താരം വിജയ് സേതുപതിക്ക് കേരളത്തിലും നിരവധി ആരാധകരുണ്ട്. മക്കള്‍ സെല്‍വന്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നതിനായി കാത്തിരിക്കുകയാണ് മലയാളി ആരാധകര്‍. ആ കാത്തിരിപ്പിന് അവസാനമാവുകയാണ്. ജയറാം നായകനാകുന്ന ‘മാര്‍ക്കോ മത്തായി’ എന്ന ചിത്രത്തിലൂടെയാണ് വിജയ് സേതുപതി മലയാളത്തിലേക്ക് വരുന്നത്. ഇതിന്റെ ചിത്രീകരണത്തിനായി സേതുപതി കൊച്ചിയില്‍ എത്തിയിരിക്കുകയാണ്.

പ്രശസ്ത പരസ്യ ചിത്ര സംവിധായകനായ സനില്‍ കളത്തില്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘ മാര്‍ക്കോണി മത്തായി’. ചിത്രത്തില്‍ ജയറാമിനോടൊപ്പം അഭിനയിക്കാനാണ് സേതുപതി കേരളത്തിലെത്തിയത്. സംവിധായകന്‍ സനില്‍ കളത്തില്‍,നിര്‍മ്മാതാവ് പ്രേമചന്ദ്രന്‍ എ ജി,ക്യാമറമാന്‍ സജന്‍ കളത്തില്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ,ആര്‍ട്ട് ഡയറക്ടര്‍ സാലു കെ ജോര്‍ജ്ജ് എന്നിവര്‍ ചേര്‍ന്നാണ് വിജയ് സേതുപതിയെ സ്വീകരിച്ചത്.

സത്യം സിനിമാസിന്റെ ബാനറില്‍ എ ജി പ്രേമചന്ദ്രന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ആത്മീയ നായികയാവുന്നു. അജു വര്‍ഗ്ഗീസ്,ഹരീഷ് കണാരന്‍,ഗ്രിഗറി,നെടുമുടി വേണു,സിദ്ധാര്‍ത്ഥ് ശിവ,സുധീര്‍ കരമന,മാമുക്കോയ,കലാഭവന്‍ പ്രജോദ്,സുനില്‍ സുഖദ,ശിവകുമാര്‍ സോപാനം,ശ്രിന്റ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

സനില്‍ കളത്തില്‍,റെജീഷ് മിഥില എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സജന്‍ കളത്തില്‍ നിര്‍വ്വഹിക്കുന്നു. അനില്‍ പനച്ചൂരാന്‍,ബി കെ ഹരി നാരായണന്‍ എന്നിവരുടെ വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീതം പകരുന്നു.എഡിറ്റര്‍ ഷമീര്‍ മുഹമ്മദാണ്.

തോക്കിന് ചൂലിനോട് തോന്നിയ പ്രണയം എന്ന തല വാചകത്തോടെ അവതരിപ്പിക്കുന്ന ചിത്രത്തില്‍,ലോകത്തെ മുഴുവന്‍ സ്‌നേഹിക്കുന്ന മറ്റുള്ളവരുടെ ജീവിതത്തില്‍ സന്തോഷത്തിന്റെ പൂക്കള്‍ വിതറുന്ന മത്തായി എന്ന സെക്യൂറിറ്റിക്കാരന് ഉണ്ടായ ഒരു പ്രശ്‌നം പരിഹരിക്കാന്‍ ലോകം ഒറ്റക്കെട്ടായി അണി നിരക്കുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് ദൃശ്യവല്‍ക്കരിക്കുന്നത്. മത്തായിയായി ജയറാം എത്തുമ്പോള്‍ രക്ഷകരുടെ മുന്നിലായി വിജയ് സേതുപതി പ്രത്യക്ഷ്യപ്പെടുന്നു. റേഡിയോയും ഇതിലെ പ്രധാന കഥാപാത്രമാണ്.

ഗോവ,ചെന്നൈ,ചങ്ങനാശ്ശേരി,ആലപ്പുഴ,എറണാക്കുളം എന്നിവിടങ്ങളിലാണ് മാര്‍ ക്കോണി മത്തായി ചിത്രീകരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook