/indian-express-malayalam/media/media_files/uploads/2019/06/jallikkattu.jpg)
'അങ്കമാലി ഡയറീസ്', 'ഈമയൗ' എന്നീ ചിത്രങ്ങള്‍ക്കു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന 'ജല്ലിക്കെട്ട്' എന്ന ചിത്രത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് മലയാളസിനിമാലോകം. സമകാലിക സിനിമയെ വേറിട്ടൊരു വഴിയിലൂടെ നടത്തിച്ച ലിജോയുടെ ഓരോ ചിത്രങ്ങളെയും ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ വരവേൽക്കാറുള്ളത്. ഓരോ സിനിമയിലും വ്യത്യസ്ത പരീക്ഷിക്കാറുളള ലിജോ ജോസ് പെല്ലിശ്ശേരി വ്യത്യസ്തമായ പ്രമേയമാണ് ഏറ്റവും പുതിയ ചിത്രമായ 'ജല്ലിക്കെട്ടി'ലും വിഷയമാക്കിയിരിക്കുന്നത്. ലിജോയുടെ മാജിക്കും മാഡ്നെസ്സും ജല്ലിക്കെട്ടിലുമുണ്ടെന്ന് നടിയും സംവിധായികയുമായ ഗീതു മോഹൻദാസ്.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ചിത്രത്തെ കുറിച്ചുള്ള തന്റെ ആദ്യപ്രതികരണം ഗീതു രേഖപ്പെടുത്തിയിരിക്കുന്നത്. " ലിജോ തിരിച്ചെത്തിയിരിക്കുന്നു, തന്റെ മാജിക്കും ഭ്രാന്തുമായി. ജല്ലിക്കെട്ട്, ഇഷ്ടപ്പെട്ടു," എന്നാണ് ഗീതുവിന്റെ കുറിപ്പ്. കഴിഞ്ഞ ദിവസം നടൻ ഇന്ദ്രജിത്തും ചിത്രം കണ്ട് തന്റെ മികച്ച അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.
ചിത്രീകരണം പൂർത്തിയായ 'ജല്ലിക്കെട്ടി'ന്റെ റിലീസ് ഡേറ്റ് ഇതുവരെ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ഉടനെ തന്നെ ചിത്രം തിയേറ്ററുകളിലെത്തുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.
വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. വിനായകനാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജെല്ലിക്കെട്ട് എന്ന പേര് പ്രഖ്യാപിച്ചതു മുതല്‍ തമിഴ്‌നാട്ടിലെ കാളപ്പോരായ ജെല്ലിക്കെട്ടിനെ ആസ്പദമാക്കിയാണോ ചിത്രമെന്ന് എല്ലാവരിലും സംശയമുണ്ടായിരുന്നു. എന്നാല്‍ സിനിമയുടെ പ്രമേയം ഇപ്പോള്‍ തനിക്ക് വെളിപ്പെടുത്താനാവില്ലെന്ന് ലിജോ ജോസ് പെല്ലിശ്ശേരി തന്നെ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഒരു പോത്തും കുറെ മനുഷ്യരുമാണ് ചിത്രത്തില്‍ അഭിനയിക്കുകയെന്നായിരുന്നു ലിജോ ഫേസ്ബുക്ക് വഴി അറിയിച്ചിരുന്നത്. എസ് ഹരീഷും ആര്‍ ജയകുമാറും ഒരുക്കിയ തിരക്കഥയിലാണ് ലിജോ ഈ ചിത്രം അണിയിച്ചൊരുക്കുന്നത്.
ജെല്ലിക്കെട്ടില്‍ വിനായകനൊപ്പം ആന്റണി വര്‍ഗീസും എത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ തന്നെ 'അങ്കമാലി ഡയറീസി'ലൂടെ അരങ്ങേറ്റം കുറിച്ച താരമാണ് ആന്റണി വര്‍ഗീസ്. കരിയറില്‍ വഴിത്തിരിവായ 'അങ്കമാലി ഡയറീസി'നു ശേഷം 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' എന്ന ചിത്രത്തിലും ആന്റണി അഭിനയിച്ചിരുന്നു. 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' എന്ന ചിത്രത്തിനു ശേഷം വിനായകനും ആന്റണി വര്‍ഗീസും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് 'ജല്ലിക്കെട്ട്'.
Read more: ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജല്ലിക്കെട്ട്’ ചിത്രീകരണം ആരംഭിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.