/indian-express-malayalam/media/media_files/uploads/2020/05/Irfan-khan-wife-Sutapa-Sikdar.jpg)
ലോകം മുഴുവനുള്ളവര്‍ ഇതവരുടെ സ്വന്തം നഷ്ടമായി കണക്കാക്കുമ്പോൾ ഞങ്ങള്‍ എങ്ങനെയിതിനെ 'സ്വകാര്യ'മായി കാണാനാകും? ലക്ഷക്കണക്കിന് ആളുകൾ ഞങ്ങളോടൊപ്പം ദുഖിക്കുമ്പോൾ ഒറ്റയ്ക്കായെന്ന് അനുഭവപ്പെടുന്നതെങ്ങനെ? ഇര്‍ഫാന്റെ വിയോഗം ഒരു നഷ്ടമല്ല. മറിച്ച്, അദ്ദേഹം ജീവിതം കൊണ്ട് പഠിപ്പിച്ച പാഠങ്ങളുടെ വിജയമാണ്. ഇനി ആ പാഠങ്ങള്‍ പ്രാവര്‍ത്തികമാക്കി, മുന്നോട്ടു പോവുകയാണ് വേണ്ടത് എന്ന ബോധ്യമുണ്ട്. എന്നിരുന്നാലും അധികമാര്‍ക്കും അറിയാത്ത ചില കാര്യങ്ങള്‍ പറഞ്ഞു മുഴുമിപ്പിക്കേണ്ടതുമുണ്ട്.
ഇത് ഞങ്ങള്‍ക്ക് വിശ്വസിക്കാവുന്നില്ല. ഇര്‍ഫാന്‍ തന്നെ പറഞ്ഞത് പോലെ അവിടെ ഉണ്ടോ ഇല്ലയോ എന്നറിയാത്ത, 'മാന്ത്രിക'മായ ഒരു അവസ്ഥ. ഒന്നിനെയും ഏകമാനമായി കാണാന്‍ ആഗ്രഹിക്കാത്തയാള്‍ ഇഷ്ടപ്പെട്ടിരുന്നതും അതാണല്ലോ. ഒരേയൊരു പരിഭവമേയുള്ളൂ, എന്നെ 'സാധാരണ'യല്ലാതെയാക്കിത്തീര്‍ത്തതിന്, ചെയ്യുന്നതെന്തിലും പൂർണ്ണത വേണം എന്ന വാശിയില്‍, അതിനായുള്ള നിരന്തര പരിശ്രമത്തില്‍, എന്നെയും അങ്ങനെയാക്കി മാറ്റിയതിന്.
എല്ലാത്തിലും ഒരു താളം കണ്ടെത്തിയിരുന്നു അദ്ദേഹം, അപശ്രുതിയിലും അലങ്കോലത്തിലുമെല്ലാം. ഇർഫാന്റെ ആ താളത്തിന് അനുസരിച്ച് അജ്ഞയെങ്കിലും ഞാൻ ആടാൻ പഠിച്ചു. അങ്ങനെ ഞങ്ങളുടെ ജീവിതം തന്നെ ഒരു കളിയരങ്ങായിരുന്നതിനാൽ 'ക്ഷണിക്കപ്പെടാത്ത അതിഥികളുടെ' നാടകീയ പ്രവേശനം ഉണ്ടായപ്പോൾ ആ താളഭംഗത്തിലും ലയം കണ്ടെത്താൻ അപ്പോഴേക്കും ഞാൻ പഠിച്ചിരുന്നു.
ഡോക്ടർമാർ തന്ന റിപ്പോർട്ടുകൾ തിരക്കഥയെന്ന വണ്ണം ഞങ്ങൾ വിശദമായി ഉരുവിട്ട് പഠിച്ച് ആ കളിയ്ക്കായി തയ്യാറെടുത്തു. ഈ യാത്രയ്ക്കിടയിൽ അത്ഭുതപ്പെടുത്തുന്ന ഏതാനും മനുഷ്യരെ ഞങ്ങൾ കണ്ടുമുട്ടി, അനന്തമായ പട്ടികയാണത്, എങ്കിലും എടുത്തു പറയേണ്ട ചിലരുണ്ട്. ആദ്യം മുതൽ ഞങ്ങളെ കൈപ്പിടിച്ചു നടത്തിയ ഞങ്ങളുടെ ഓങ്കോളജിസ്റ്റ് ഡോ. നിതേഷ് റോഹ്തോഗി (Max hospital Saket). ഡോക്ടർ ഡാൻ ക്രേൽ (യുകെ), എന്റെ ഹൃദയതാളമായി മാറിയ ഡോക്ടർ ശിദ്രവി (യുകെ), ഇരുട്ടിലെനിക്ക് വെളിച്ചം പകർന്ന ഡോ സെവന്തി ലിമായെ (കോകിലബെൻ ഹോസ്പിറ്റൽ).
എത്രമാത്രം അതിശയകരവും മനോഹരവും വേദനാജനകവും ആവേശകരവും സന്തോഷം നിറഞ്ഞതുമായ യാത്രയായിരുന്നു ഇതെന്ന് വിശദീകരിക്കാൻ പ്രയാസമാണ്. ഈ രണ്ടു രണ്ടര വർഷങ്ങൾ ഒരു ഇടവേളയായിരുന്നെന്ന് ഞാൻ വിചാരിക്കുന്നു, അതിന്റേതായ തുടക്കവും മധ്യവും പരിസമാപ്തതിയും ഉള്ള ഒന്ന്, ഈ ഇടവേളയിൽ ഒരു ഓർക്കെസ്ട്രാ പ്ലെയറുടെ വേഷത്തിലായിരുന്നു ഇർഫാൻ. ഇപ്പോൾ, 35 വർഷത്തെ ഞങ്ങളുടെ കൂട്ടുക്കെട്ടിൽ നിന്ന് വേർപ്പെട്ടിരിക്കുന്നു, ഞങ്ങളുടേത് ഒരു വിവാഹമായിരുന്നില്ല, മനസ്സുകളുടെ കൂടിച്ചേരലായിരുന്നു.
എന്റെ കുഞ്ഞുകുടുംബം ഒരു ബോട്ടിൽ യാത്രചെയ്യുന്നത് ഞാൻ കാണുന്നു, ഞങ്ങളുടെ മക്കൾ ബാബിലും അയാനും മുന്നോട്ട് തുഴയുന്നു, ഇർഫാൻ അവർക്ക് നിർദ്ദേശം നൽകുന്നുണ്ട്, "അങ്ങോട്ടല്ല, ഇങ്ങോട്ട്...". പക്ഷേ, ജീവിതം സിനിമയല്ലല്ലോ, റീടേക്കുകളും ഇല്ല, ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു എന്റെ കുഞ്ഞുങ്ങൾക്ക് ഏത് കൊടുങ്കാറ്റിലും പിതാവ് നൽകിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് സുരക്ഷിതമായി തുഴഞ്ഞ് മുന്നോട്ടുപോകാനാവട്ടെ എന്ന്.
ഞാനവരോട് ആവശ്യപ്പെട്ടു, സാധിക്കുമെങ്കിൽ അച്ഛൻ പഠിപ്പിച്ച, അവർക്ക് പ്രധാനപ്പെട്ടതായി തോന്നിയ ഒരു പാഠം ഓർത്തെടുക്കാൻ.
ബാബിൽ : "അനിശ്ചിതത്വത്തിന്റെ നൃത്തത്തിന് കീഴടങ്ങാനും പ്രപഞ്ചത്തിലുള്ള നിങ്ങളുടെ വിശ്വാസത്തെ മുറുകെ പിടിക്കാനും പഠിക്കുക."
അയാൻ: "നിങ്ങളുടെ മനസ്സിനെ നിയന്ത്രിക്കാനും അത് നിങ്ങളെ നിയന്ത്രിക്കാൻ അനുവദിക്കാതിരിക്കാനും പഠിക്കുക"
വിജയകരമായ ഒരു യാത്രയ്ക്ക് ശേഷം അദ്ദേഹം വിശ്രമിക്കുന്നയിടത്ത് അദ്ദേഹത്തിനേറ്റവും പ്രിയപ്പെട്ട നിശാറാണി പൂക്കളുടെ മരം നട്ടുപ്പിടിക്കുമ്പോൾ ഞങ്ങളുടെ കണ്ണുകൾ നിറയും. ഒരിക്കൽ ആ മരത്തിൽ പൂക്കൾ വിരിയും, ആ പൂക്കളുടെ സുഗന്ധം അദ്ദേഹത്തെ സ്നേഹിക്കുന്ന എല്ലാവരിലേക്കും വ്യാപിക്കുകയും ചെയ്യും.
(നടൻ ഇർഫാൻ ഖാന്റെ വിയോ​ഗത്തിൽ ഭാര്യ സുദപ സിക്തർ എഴുതിയ കത്തിന്റെ സ്വതന്ത്ര പരിഭാഷ)
Read more: എന്നെ നടനാക്കിയ ഇര്‍ഫാന്‍: ഫഹദ് ഫാസില്‍ എഴുതുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us