ഒരു നടുക്കത്തോടെയും വേദനയോടെയുമാണ് രാജ്യം ഇന്നലെ ഇർഫാൻ ഖാന്റെ വിയോഗവാർത്ത കേട്ടത്. സ്വതസിദ്ധമായ അഭിനയസിദ്ധികൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച ഇർഫാൻ വിട പറഞ്ഞുവെന്ന് പലർക്കും ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല എന്നതാണ് സത്യം. എഞ്ചിനീയറിംഗ് സ്വപ്നവുമായി അമേരിക്കയിലെത്തിയ തന്നെ നടനാക്കി മാറ്റിയതിൽ ഇർഫാനുള്ള സ്വാധീനത്തെക്കുറിച്ച് പറയുകയാണ് നടൻ ഫഹദ് ഫാസിൽ. ഹൃദയസ്പർശിയായ ഒരു കുറിപ്പാലാണ് ഫഹദ് ഇർഫാൻ ഖാൻ തന്നെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്ന് തുറന്നെഴുതിയിരിക്കുന്നത്.
ഫഹദിന്റെ കുറിപ്പിന്റെ പരിഭാഷ വായിക്കാം:
“കുറേയേറെ വർഷങ്ങൾക്കു മുൻപ്, സത്യത്തിൽ കൃത്യമായ വർഷം എനിക്ക് ഓർത്തെടുക്കാനാവുന്നില്ല. അമേരിക്കയിലെ എന്റെ വിദ്യാർത്ഥിജീവിതത്തിനിടയിലാണ്. ക്യാമ്പസിനകത്ത് തന്നെ ജീവിക്കുന്നതുകൊണ്ട് ഇന്ത്യൻ സിനിമകൾ അധികമൊന്നും കാണാൻ സാധിച്ചിരുന്നില്ല. അതിനാൽ ഞാനും സുഹൃത്ത് നികുഞ്ജും പതിവായി ക്യാമ്പസിനടുത്തുള്ള ഒരു പാക്കിസ്ഥാനി ഗ്രോസറി കടയിൽ പോകുമായിരുന്നു, ഇന്ത്യൻ സിനിമകളുടെ ഡിവിഡികൾ വാടകയ്ക്ക് എടുക്കാനായി.
അത്തരത്തിലുള്ള ഞങ്ങളുടെ ഒരു സന്ദർശനത്തിനിടെ ആ കടയുടമ, ഖാലിദ് ഭായി ഞങ്ങൾക്കൊരു ചിത്രം നിർദ്ദേശിച്ചു തന്നു,’ യു ഹോയാ തോ ക്യാ ഹോതാ’. നസറുദ്ദീൻ ഷായാണ് ആ ചിത്രം സംവിധാനം ചെയ്തതെന്ന കാര്യമാണ് ഞാനാദ്യം ശ്രദ്ധിച്ചത്. ആ ഡിവിഡി എടുക്കാൻ ഞങ്ങൾ തീരുമാനിച്ചു. ആ രാത്രി, സിനിമ തുടങ്ങി കുറച്ചുകഴിഞ്ഞപ്പോൾ സലിം രാജാബലി എന്ന കഥാപാത്രം സ്ക്രീനിലേക്ക് വന്നു, ഞാൻ തിരിഞ്ഞ് നികുഞ്ജിനോട് ചോദിച്ചു, ആരാണ് ഇയാൾ? വളരെ തീക്ഷ്ണമായ, സ്റ്റൈലിഷായ, അഴകുള്ള നിരവധി അഭിനേതാക്കളുണ്ട്. പക്ഷേ അത്രയും ‘ഒർജിനൽ’ ആയ ഒരു നടനെ ഞാനാദ്യമായി സ്ക്രീനിൽ കാണുകയായിരുന്നു. അയാളുടെ പേര് ഇർഫാൻ ഖാൻ.
ഞാനദ്ദേഹത്തെ ശ്രദ്ധിക്കാൻ വൈകിപ്പോയിരുന്നിരിക്കാം, പക്ഷേ ലോകം വളരെ പെട്ടെന്ന് തന്നെ അദ്ദേഹത്തിലെ പ്രതിഭയെ തിരിച്ചറിഞ്ഞിരുന്നു. ജുംബ ലഹിരിയുടെ പുസ്തകം ‘ദ നെയിംസേക്ക്’ സിനിമയായി മാറിയപ്പോൾ ഇന്ത്യൻ സമൂഹം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കിയത് മിസ്റ്റർ ഖാൻ അശോകയുടെ വേഷം ചെയ്യുന്നത് കാണാനായിരുന്നു. ജനപ്രിയമായൊരു പാട്ടുപോലൊയിരുന്നു ഇർഫാൻ ഖാന്റെ വളർച്ച. എല്ലാവരും മനോഹരമായ ആ പാട്ട് പാടി നടന്നു, അനുഭവിച്ചറിഞ്ഞു.
ഞാനദ്ദേഹത്തിന്റെ ചിത്രങ്ങൾ കണ്ടുകൊണ്ടേയിരുന്നു. ഓരോ തവണയും ആ അഭിനയത്തിൽ മുഴുകി ഞാൻ ചിത്രത്തിന്റെ കഥ മറന്നുപോയ്കൊണ്ടിരുന്നു. സത്യത്തിൽ അദ്ദേഹം അഭിനയിക്കുമ്പോൾ എനിക്ക് മുന്നിൽ കഥയ്ക്ക് പ്രസക്തിയുണ്ടായിരുന്നില്ല. അഭിനയം വളരെ എളുപ്പമാണെന്ന് അദ്ദേഹം തോന്നിപ്പിച്ചു, എന്നാൽ ഞാൻ വിഡ്ഢിയാവുകയായിരുന്നു. ഇർഫാൻ ഖാനെ ‘കണ്ടെത്തുന്നതിനിടയിൽ’, എന്റെ എഞ്ചിനീയറിംഗ് പഠനം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങാൻ ഞാൻ തീരുമാനിച്ചു, സിനിമയിൽ അഭിനയിക്കണം.
കഴിഞ്ഞ പത്തുവർഷമായി ഞാൻ അഭിനയിക്കുകയാണ് അല്ലെങ്കിൽ അഭിനയിക്കാൻ ശ്രമിക്കുകയാണ്. ഞാനൊരിക്കലും ഇർഫാൻ ഖാനെ പരിചയപ്പെട്ടില്ല, ഒരിക്കൽ പോലും നേരിട്ട് കണ്ടതുമില്ല. പക്ഷേ അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ച അഭിനേതാക്കളോടും സംവിധായകരോടുമൊപ്പം പ്രവർത്തിക്കാനുള്ള ഭാഗ്യമെനിക്കു ലഭിച്ചു. വിശാൽ ഭരദ്വാജിനെ ഞാനാദ്യമായി കണ്ടപ്പോൾ ചോദിച്ചത് ‘മക്ബൂലി’നെ കുറിച്ചാണ്.
പ്രിയ സുഹൃത്ത് ദുൽഖറിനൊപ്പം സിനിമയുടെ ഷൂട്ടിംഗിനായി അദ്ദേഹം നാട്ടിലെത്തിയപ്പോഴും എനിക്കദ്ദേഹത്തെ കാണാൻ സാധിച്ചില്ല, അന്ന് തിരക്കേറിയ ഷെഡ്യൂളിലായിരുന്നു ഞാൻ. എന്തിനാണ് കാണാൻ തിടുക്കം കൂട്ടുന്നത് എന്നതിന് എനിക്കൊരു കാരണമില്ലായിരുന്നു അതുവരെ. പക്ഷേ ഇന്ന് അദ്ദേഹത്തിന് ഷേക്ക്ഹാൻഡ് നൽകി പരിചയപ്പെടാൻ കഴിയാതെ പോയതിൽ ഞാൻ ഖേദിക്കുന്നു. ഞാൻ തീർച്ചയായും ബോംബെയിൽ ചെന്ന് അദ്ദേഹത്തെ കാണണമായിരുന്നു.
രാജ്യത്തിന് പകരം വെയ്ക്കാനാവാത്ത ഒരു അഭിനേതാവിനെ നഷ്ടമായിരിക്കുന്നു. എനിക്ക് അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും നഷ്ടം സങ്കൽപ്പിച്ചെടുക്കാനേ സാധിക്കൂ. ആ നഷ്ടമുണ്ടാക്കിയ ശൂന്യതയെ അനുഭവിച്ചറിയുന്ന എഴുത്തുകാരെയും സംവിധായകരെയും ഓർത്ത് ദുഖമുണ്ട്. അദ്ദേഹത്തിൽ നിന്നും ഇനിയും സിനിമകൾ വരാനുണ്ടായിരുന്നു.
ഇന്ന് എന്റെ ഭാര്യ മുറിയിലേക്ക് വന്ന് ആ വാർത്ത പറഞ്ഞപ്പോൾ, ഞാൻ ഷോക്ക് ആയി എന്ന് പറഞ്ഞാൽ കള്ളമായിരിക്കും. കാരണം, ഞാൻ എന്താണോ ചെയ്തു കൊണ്ടിരുന്നത് അത് തുടർന്നു കൊണ്ടിരുന്നു. ഒരു ദിവസം മുഴുവൻ കടന്നുപോയിട്ടും എനിക്ക് അദ്ദേഹത്തെ കുറിച്ച് ഓർക്കാതിരിക്കാൻ ആവുന്നില്ല. ഞാനദ്ദേഹത്തിന് കടപ്പെട്ടവനാണെന്ന് എനിക്കു തോന്നുന്നു. എന്റെ കരിയർ അദ്ദേഹത്തിന് കടപ്പെട്ടിരിക്കുന്നു. അന്നാ ഡിവിഡി തിരഞ്ഞെടുത്തില്ലായിരുന്നെങ്കിൽ, എന്റെ ജീവിതം മാറ്റിമറിച്ച ആ നടനെ കണ്ടില്ലായിരുന്നെങ്കിൽ ഞാനിത്രദൂരം എത്തുമായിരുന്നില്ല.