/indian-express-malayalam/media/media_files/uploads/2019/07/Priya-Mani-Pathinettam-Padi.jpg)
Priya Mani on 'Pathinettam Padi', National Film Awards & 'Famously Filmfare': പതിനഞ്ചു വര്‍ഷം കൊണ്ട് എട്ടു സിനിമകളില്‍ മാത്രമേ കണ്ടിട്ടുള്ളൂ എങ്കിലും ഇഷ്ടനടിമാരുടെ കൂട്ടത്തില്‍ തന്നെയാണ് മലയാളി എന്നും പ്രിയാ മണിയുടെ പേര് പറയുക. വിനയന്‍ സംവിധാനം ചെയ്ത 'സത്യം' എന്ന ചിത്രത്തിലൂടെ (2004) മലയാളത്തില്‍ എത്തിയ ഈ തെന്നിന്ത്യന്‍ താരം പിന്നീട് 'തിരക്കഥ', 'പുതിയ മുഖം', 'പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സൈന്റ്റ്', 'ഗ്രാന്‍ഡ്‌മാസ്റ്റര്‍', 'ആഷിക് വന്ന ദിവസം' തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു.
മലയാളം കൂടാതെ കന്നഡ, തെലുങ്ക്, തമിഴ് ഭാഷകളില്‍ സജീവയായ പ്രിയാ മണി ഒരു ചെറിയ ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് എത്തുകയാണ്, ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'പതിനെട്ടാം പടി' എന്ന ചിത്രത്തിലൂടെ.
"ഈ ചിത്രത്തില്‍ ഒരു അതിഥി വേഷമാണ് എനിക്ക്. കേന്ദ്ര കഥാപാത്രമായ കുട്ടിയുടെ സഹോദരിയുടെ റോള്‍. കാമിയോ വേഷമാണ് എങ്കിലും സിനിമയിലെ ഒരു പ്രധാന വഴിത്തിരിവ് സംഭവിക്കുന്നത് ഇവരുടെ കഥാപാത്രത്തിലൂടെയാണ്," 'പതിനെട്ടാം പടി'യിലെ തന്റെ വേഷത്തെക്കുറിച്ച് പ്രിയാ മണി പറഞ്ഞു തുടങ്ങി.
 Priya Mani in Patinettam Padiസംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണനുമായുള്ള ഏറെക്കാലത്തെ പരിചയമാണ് പ്രിയാ മണിയെ ഈ ചിത്രത്തിലേക്ക് എത്തിക്കുന്നത്. ശങ്കര്‍, രഞ്ജിത്തിന്റെ സംവിധാന സഹായിയായിരുന്ന കാലത്തുള്ള പരിചയമാണ് ഇരുവരും തമ്മില്‍. രഞ്ജിത്തിന്റെ സംവിധാനത്തില്‍ 'പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സൈന്റ്റ്', 'തിരക്കഥ' എന്നീ ചിത്രങ്ങളിലാണ് പ്രിയാ മണി വേഷമിട്ടത്.
"ശങ്കറുമായി ചേര്‍ന്ന് സിനിമ ചെയ്യുന്ന കാര്യം കുറച്ചു കാലമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ഇതിനു മുന്‍പും അദ്ദേഹത്തിന്റെ കഥകള്‍ കേട്ടിട്ടുണ്ട്. പക്ഷേ 'പതിനെട്ടാം പടി'യാണ് ആദ്യം നടന്നത് എന്ന് മാത്രം. തിരുവനന്തപുരത്തായിരുന്നു ഷൂട്ടിംഗ്, ഒരൊറ്റ ദിവസം കൊണ്ടാണ് ഞാന്‍ അഭിനയിച്ച ഭാഗങ്ങള്‍ ചിത്രീകരിച്ചത്. ചുരുങ്ങിയ സമയമാണ് സെറ്റില്‍ ചെലവഴിക്കാന്‍ കിട്ടിയത് എങ്കിലും ഒരു നല്ല എനര്‍ജി അവിടെ അനുഭവപ്പെടുന്നുണ്ടായിരുന്നു," പ്രിയാ മണി വെളിപ്പെടുത്തി.
'തിരക്കഥ' എന്ന ചിത്രത്തിനായി തിരുവനന്തപുരത്ത് ഷൂട്ടിംഗ് ചെയ്തത് ഈയവസരത്തില്‍ ഓര്‍മ്മ വന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. മുന്‍കാല താരം ശ്രീവിദ്യയുടെ ജീവിതകഥ പറഞ്ഞ 'തിരക്കഥ'യില്‍ പ്രധാനകഥാപാത്രമായ ശ്രീവിദ്യയുടെ പല പ്രായങ്ങളെ പ്രിയാ മണി സ്ക്രീനില്‍ അവതരിപ്പിച്ചത് നിരൂപകപ്രശംസ പിടിച്ചു പറ്റിയിരുന്നു. 'തിരക്കഥ'യിലെ അഭിനയത്തിന് ആ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള ഫിലിംഫെയെര്‍ പുരസ്കാരവും പ്രിയാ മണി നേടിയിരുന്നു.
അതിനും ഒരു വര്‍ഷം മുന്‍പാണ് അമീര്‍ സുല്‍ത്താന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമായ 'പരുത്തിവീരനി'ലെ അഭിനയത്തിന് പ്രിയാ മണി മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയത്.
"ദേശീയ പുരസ്‌കാരം എന്നത് ഒരു വലിയ അംഗീകാരമായി ഞാന്‍ കരുതുന്നു. നിങ്ങള്‍ ചെയ്ത സിനിമ രാജ്യത്തെ സിനിമാ പ്രേമികള്‍ മുഴുവന്‍ കാണുന്നു, അംഗീകരിക്കുന്നു എന്നത് ചെറിയ കാര്യമല്ല. എന്നെ സംബന്ധിച്ച്, ദേശീയ പുരസ്‌കാരം ചില അവസരങ്ങള്‍ക്കുള്ള വാതില്‍ തുറന്നിട്ടുണ്ട്, പക്ഷേ അതിനേക്കാള്‍ ഉപരി എന്നിലെ നടിയെ ലോകം അറിയാന്‍ സഹായിച്ചു എന്നതാണ്," അഭിനയജീവിതത്തിന്റെ തുടക്കകാലത്ത് തന്നെ ലഭിച്ച ദേശീയ പുരസ്‌കാരത്തെക്കുറിച്ചും അത് ജീവിതത്തില്‍ കൊണ്ട് വന്ന മാറ്റങ്ങളെക്കുറിച്ചും പ്രിയാ മണി വിശദീകരിച്ചത് ഇങ്ങനെ.
സിനിമയില്‍ തുടങ്ങി ഇപ്പോള്‍ മിനിസ്ക്രീനിലും സജീവയാണ് പ്രിയാ മണി. സിനിമാ മാസികയായ ഫിലിംഫെയെറിന്റെ ഡിജിറ്റല്‍ ചാനലില്‍ 'ഫേമസ്ലി ഫിലിംഫെയെര്‍' എന്ന പംക്തിയാണ് പ്രിയാ മണി അവതരിപ്പിക്കുന്നത്.
"ഒരു അഭിമുഖ പരിപാടിയാണ് 'ഫേമസ്ലി ഫിലിംഫെയെര്‍'. അതിന്റെ മലയാളം-കന്നഡ പതിപ്പുകളാണ് ഞാന്‍ അവതരിപ്പിക്കുന്നത്. പങ്കെടുക്കുന്ന താരങ്ങള്‍ എല്ലാവരും എന്റെ ജോലി മേഖലയുമായി ബന്ധപ്പെട്ടു പരിചയക്കാരോ അല്ലെങ്കില്‍ സുഹൃത്തുക്കളോ ആണ് എന്നത് വലിയ അളവില്‍ ആ സംഭാഷണത്തിനു ഗുണം ചെയ്തിട്ടുണ്ട്."
ഭാവന, ടോവിനോ തോമസ്, മമ്താ മോഹന്‍ദാസ്, ആന്റണി വര്‍ഗീസ്, മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍ എന്നിവരാണ് 'ഫേമസ്ലി ഫിലിംഫെയെര്‍' മലയാളത്തിന്റെ ആദ്യ സീസണില്‍ അതിഥികളായി എത്തിയത്. ഇവര്‍ എല്ലാവരുമായും ഉള്ള സംഭാഷങ്ങള്‍, അടുത്തറിയലുകള്‍ എന്നിവ താന്‍ ഏറെ ആസ്വദിച്ചതായും പ്രിയാ മണി പറയുന്നു.
"ഈ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്ക് ഞാന്‍ എത്തിയത് ഫിലിംഫെയെര്‍ മാസികയുടെ എഡിറ്ററും മലയാളിയുമായ ജിതേഷ് പിള്ള വഴിയാണ്. പൃഥ്വിരാജ്-ഇന്ദ്രജിത് എന്നിവരുടെ ബന്ധു കൂടിയായ ജിതേഷ് തെന്നിന്ത്യന്‍ സിനിമാ താരങ്ങള്‍ക്കും പ്രിയപ്പെട്ട സുഹൃത്താണ്. അദ്ദേഹം ഒരു ദിവസം ചോദിച്ചു, 'ഇങ്ങനെ ഒരു പ്രോഗ്രാം ചെയ്യാമോ എന്ന് ?', ഞാന്‍ ഓക്കേ പറഞ്ഞു. അങ്ങനെയാണ് അവിടെ എത്തുന്നത്," അഭിനയത്തിലെ തിരക്കുകള്‍ക്കിടയില്‍ ഇത്തരത്തില്‍ ഒരു പ്രോഗ്രാം ചെയ്യാന്‍ എടുത്ത തീരുമാനത്തെക്കുറിച്ച് പ്രിയാ മണി വിവരിച്ചു. സിനിമയോളം തന്നെ പോപുലര്‍ ആണ് ഡിജിറ്റല്‍ OTT പ്ലാറ്റ്ഫോമുകള്‍ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
"ഇപ്പോള്‍ ഞാന്‍ OTT പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈമിന് വേണ്ടി 'ദി ഫാമിലി മാന്‍' എന്ന വെബ് സീരീസ് ചെയ്യുന്നുണ്ട്. അതിന്റെ ആദ്യ സീസണ്‍ കഴിഞ്ഞു. ഉടന്‍ തന്നെ രണ്ടാം സീസണ്‍ ഷൂട്ടിംഗ് ആരംഭിക്കും. ഇംഗ്ലീഷ്-ഹിന്ദി ഭാഷകളിലാണ് 'ദി ഫാമിലി മാന്‍' നിര്‍മ്മിക്കപ്പെടുന്നത്. സിനിമയോളം തന്നെ പ്രചാരമാര്‍ജ്ജിച്ചതാണ് ഇപ്പോള്‍ വെബ് സീരീസുകളും. അത് കൊണ്ട് തന്നെ ആ മേഖലയിലെ സാധ്യതകളും വലുതാണ്."
കന്നഡ ചിത്രങ്ങളായ 'ഡോ. 56', 'നന്നപ്രകാര', തെലുങ്ക് ചിത്രമായ 'സിരിവെല്ല' എന്നിവയാണ് പ്രിയാ മണിയുടെ ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങള്‍. 'പതിനെട്ടാം പടി' ജൂലൈ അഞ്ചിന് തിയേറ്ററുകളില്‍ എത്തും. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശന്‍ നിര്‍മ്മിക്കുന്ന 'പതിനെട്ടാം പടി' മമ്മൂട്ടി, പൃഥ്വിരാജ്, തമിഴ് നടന്‍ ആര്യ എന്നിവരും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us