scorecardresearch

മുസ്‌ലിമിനെ വിവാഹം കഴിച്ചെന്ന് വച്ച് മതം മാറണമെന്നില്ല, അതിനാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്ട്‌ ഉള്ളത്: പ്രിയാ മണി

മറ്റൊരു സമുദായത്തില്‍പ്പെട്ടയാളെ വിവാഹം കഴിച്ചു എന്നതിന്‍റെ പേരില്‍ ധാരാളം ട്രോളുകള്‍ക്ക് ഇരയായിട്ടുണ്ട് പ്രിയ. അത്തരം പ്രവണതകളെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിനാണ് അവര്‍ ഇങ്ങനെ മറുപടി പറഞ്ഞത്

Priya Mani Featured

തന്‍റെ അടുത്ത സിനിമ റിലീസിന് തയ്യാറെടുക്കുകയാണ് പ്രിയാ മണി. ‘കൊടി’ എന്ന തമിഴ് ചിത്രത്തിന്‍റെ കന്നഡ പതിപ്പായ ‘ധ്വജ’യാണ് പ്രിയയുടെ ഈ വര്‍ഷത്തെ ആദ്യ ചിത്രം. ‘ധ്വജ’യുമായി ബന്ധപ്പെട്ട് ടൈംസ്‌ ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലെ ഒരു ചോദ്യത്തിനാണ് പ്രിയ തന്‍റെ സ്വകാര്യ ജീവിതത്തിലെ ചില തീരുമാനങ്ങളെക്കുറിച്ച് മനസ് തുറന്നത്.

2017ലാണ് കൂട്ടുകാരനായ മുസ്തഫാ രാജിനെ പ്രിയാ മണി വിവാഹം കഴിക്കുന്നത്. രണ്ടു സമുദായത്തില്‍പെട്ടവര്‍ തമ്മില്‍ വിവാഹം കഴിച്ചു എന്നതിന്‍റെ പേരില്‍ ധാരാളം ട്രോളുകള്‍ക്ക് ഇരയായിട്ടുണ്ട് പ്രിയ. അത്തരം പ്രവണതകളെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിനാണ് പ്രിയ ഇങ്ങനെ മറുപടി പറഞ്ഞത്.

“ഞാന്‍ ജനിച്ചത്‌ ഹിന്ദുവായിട്ടാണ്; മുസ്തഫ മുസ്‌ലിമും. ഞാന്‍ മതപരിവര്‍ത്തനം നടത്തും എന്നാണ് എല്ലാവരും കരുതിയത്‌. പക്ഷേ അതിന്‍റെ ആവശ്യമില്ല, അതിനാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്ട്‌ ഉള്ളത്.

ഞങ്ങളുടെ മതവിശ്വാസങ്ങളെ പരസ്‌പരം ബഹുമാനിക്കുന്നവരാണ് ഞാനും മുസ്തഫയും. ഞങ്ങളുടെ അച്ഛനമ്മമാരോട് ഞങ്ങള്‍ വിവാഹത്തിന് മുന്‍പ് തന്നെ ഇതേക്കുറിച്ച് സംസാരിച്ച് ബോധ്യപ്പെടുത്തിയിട്ടുണ്ട്. വേറെ ആര്‍ക്കെങ്കിലും ഇതില്‍ കാര്യമുണ്ട് എന്ന് തോന്നുന്നില്ല,” പ്രിയാ മണി  നിലപാട് വ്യക്തമാക്കി.

Priya Mani and Mustafa
പ്രിയാ മണിയും മുസ്തഫാ രാജും കഴിഞ്ഞ വാലന്‍ന്റൈന്‍സ് ദിനത്തില്‍

തനിക്കിഷ്ടമുള്ളത് തനിക്കു തോന്നുമ്പോള്‍ ചെയ്യുമെന്നും പ്രസ്‌താവിച്ച പ്രിയ, ഇത്തരം ട്രോളുകളും പരിഹാസങ്ങളും ദക്ഷിണേന്ത്യന്‍ താരങ്ങളുടെ നേര്‍ക്ക്‌ മാത്രമാണ് ഉള്ളതെന്നും ബോളിവുഡില്‍ വേറെ മത വിഭാഗത്തില്‍ പെട്ടവരെ വിവാഹം കഴിച്ച താരങ്ങള്‍ ഇത്തരത്തില്‍ ആക്രമിക്കപ്പെടാറില്ല എന്നും ടൈംസ്‌ ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

2017 ഓഗസ്റ്റ് 23നായിരുന്നു മലയാളികളുടെ പ്രിയ താരം പ്രിയാ മണിയും ഇവന്റ് മാനേജ്‌മെന്റ് ബിസിനസ് നടത്തുന്ന മുസ്തഫാ രാജും ബെംഗളൂരുവിലെ റജിസ്റ്റര്‍ ഓഫീസിലെ ലളിതമായ ഒരു ചടങ്ങിലൂടെ വിവാഹിതരായത്.

പത്രകുറിപ്പിലൂടെ  തന്‍റെ വിവാഹക്കാര്യം അറിയിച്ച പ്രിയ, തങ്ങള്‍ രണ്ട് മതത്തില്‍ പെട്ടവരാണ് എന്നും രണ്ട് മതത്തിന്‍റെ വിശ്വാസങ്ങളെയും  വ്രണപ്പെടുത്തണം എന്നാഗ്രഹമില്ലാത്തത് കൊണ്ടാണ് വിവാഹം നേരിട്ട് റജിസ്റ്റര്‍ ഓഫീസില്‍ പോയി ചെയ്യാൻ തീരുമാനിച്ചതെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു.

Priya Mani, Musthafa Raju
പ്രിയാ മണിയും മുസ്തഫാ രാജും വിവാഹസത്കാര വേളയില്‍

റജിസ്റ്റര്‍ വിവാഹത്തിനു ശേഷം ബെംഗൂരുവിലെ പ്രശസ്തമായ ഹോട്ടലില്‍ വിവാഹ സത്ക്കാരവും നടന്നു. പൂര്‍ണിമ ഇന്ദ്രജിത്ത് ഡിസൈന്‍ ചെയ്ത, പ്രണയം തുന്നിച്ചേര്‍ത്ത ഗൗണുമണിഞ്ഞാണ് പ്രിയ റിസപ്ഷനെത്തിയത്. പോക്കറ്റ് ബോര്‍ഡറില്‍ മുത്തുകള്‍ കൊണ്ട് പ്രിയ-മുസ്തഫ എന്നീ പേരുകള്‍ തുന്നിച്ചേർത്ത ഗൗൺ ആയിരുന്നു അത്.

വിനയന്‍ സംവിധാനം ചെയ്ത ‘സത്യ’മാണ് പ്രിയാമണിയുടെ ആദ്യ മലയാള ചിത്രം. ‘പരുത്തിവീരന്‍’ എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം താരത്തിന് ലഭിച്ചിട്ടുണ്ട്.

‘ഒറ്റനാണയം’, ‘തിരക്കഥ’, ‘പുതിയ മുഖം’, ‘പ്രാഞ്ചിയേട്ടന്‍ ആന്‍ഡ്‌ ദി സെയിന്‍റ്’, ‘ഗ്രാന്‍ഡ്‌മാസ്റ്റര്‍’ എന്നിവയാണ് മലയാളത്തിലെ ശ്രദ്ധേയമായ ചിത്രങ്ങള്‍. കൃഷ്‌ കൈമള്‍ സംവിധാനം ചെയ്യുന്ന ‘ആഷിക് വന്ന ദിവസം’ എന്ന ചിത്രമാണ് പ്രിയയുടേതായി ഇനി മലയാളത്തില്‍ റിലീസ് ചെയ്യാനുള്ള സിനിമ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Priya mani inter religious marriage musthafa raj dhwaja