/indian-express-malayalam/media/media_files/uploads/2019/10/moothon-movie-release-geetu-mohandas-nivin-pauly-305821.jpg)
ഏറെ പ്രതീക്ഷയോടെ മലയാളികള്‍ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ‘മൂത്തോന്‍’. ഗീതു സംവിധാനം ചെയ്ത ഹ്രസ്വചിത്രം ‘കേള്‍ക്കുന്നുണ്ടോ’, ചലച്ചിത്രം ‘ലയേര്‍സ് ഡയ്സ്’ എന്നിവ ദേശീയ-രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിയപ്പോള്‍ മുതല്‍ മലയാളി അവരോടു ചോദിച്ചു തുടങ്ങിയ ചോദ്യമാണ് എപ്പോഴാണ് നിങ്ങള്‍ മലയാളത്തില്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നത് എന്ന്. അതിനുത്തരം കൂടിയാണ് നിവിന്‍ പോളി നായകനാകുന്ന ‘മൂത്തോന്‍.’
ഗീതു മോഹന്‍ദാസിന്റെ മുൻപു ചെയ്ത ചിത്രങ്ങള്‍ പോലെ തന്നെ ചലച്ചിത്രോത്സവങ്ങളില്‍ നിരൂപകപ്രശംസ നേടി വരികയാണ് ‘മൂത്തോനും’. ആദ്യമായി പ്രദര്‍ശിപ്പിക്കപ്പെട്ട ടോറോന്റോ രാജ്യാന്തര ചലച്ചിത്രമേളയില്‍ വലിയ വരവേല്‍പ്പാണ് ചിത്രത്തിന് ലഭിച്ചത്. ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം മുംബൈ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ നടക്കും. തുടര്‍ന്ന് നവംബര്‍ മാസം ‘മൂത്തോന്‍’ തിയേറ്ററുകളില്‍ എത്തും.
വര്‍ഷങ്ങള്‍ക്ക് മുന്നേ നാട് വിട്ടു പോയ തന്റെ മൂത്ത സഹോദരനെ തേടിയുള്ള ഒരു അനിയന്റെ യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ‘മൂത്തോന്‍’ വന്ന വഴികളെക്കുറിച്ച് ഗീതു മോഹന്‍ദാസ് ഇന്ത്യന്‍ എക്സ്പ്രസ്സ് മലയാളത്തോട് സംസാരിക്കുന്നു.
നാട്ടിൽ അഭയാർത്ഥികൾ ആകേണ്ടി വരുന്നവർ, അന്യനാടുകളിലേക്കു പലായനം ചെയേണ്ടി വരുന്നവർ. ഇങ്ങനെ അന്യവൽക്കരിക്കപ്പെടുന്ന, അപരരാക്കപ്പെടുന്നവരുടെ രാഷ്ട്രീയം പറയുന്ന ഒന്നാണോ ‘മൂത്തോന്‍’ എന്ന ചിത്രം?
ആവാം എന്നേ പറയാൻ കഴിയുകയുള്ളൂ. ‘മൂത്തോന്‍’ എന്റെ ഒരു 'എക്സ്പ്രെഷന്‍' ആണ്. എന്റെ ആദ്യത്തെ ചിത്രമായ 'ലയേഴ്സ് ഡയസ്സി'ലായാലും 'മൂത്തോനി'ലായാലും ആഖ്യാനത്തിൽ സാമൂഹികവും രാഷ്ട്രീയവുമായ ഉള്ളൊഴുക്കുകൾ കൊണ്ട് വരാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ഇത് മനഃപൂർവ്വമായി കൊണ്ട് വരുന്ന ഒന്നാണോ അതോ എഴുതുമ്പോൾ സ്വാഭാവികമായി വരുന്നതാണോയെന്നു പറയാൻ ബുദ്ധിമുട്ടാണ്. ഇന്നത്തെ രാഷ്ട്രീയ സാഹചര്യം തീർച്ചയായും നമ്മുടെ എഴുത്തിനെ സ്വാധീനിക്കുന്നുണ്ട്. 'മൂത്തോനി'ൽ നമ്മുടെ ഇപ്പോഴത്തെ രാഷ്ട്രീയ സാമൂഹിക അന്തരീക്ഷത്തിന്റെ ഒരുപാട് 'ലേയേര്‍സ്' കൊണ്ട് വരാൻ ശ്രമിച്ചിട്ടുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു.
എഴുത്ത് എനിക്കൊരു ജൈവീകമായ പ്രക്രിയയായിട്ടാണ് തോന്നിയിട്ടുള്ളത്. കഥയുടെ പൂർണതയ്ക്കായി നമുക്ക് പല തരം ഭൂപ്രദേശങ്ങൾ സന്ദർശിക്കേണ്ടി വരും, പല തരം ആളുകളുമായി ഇടപഴകേണ്ടി വരും, ആ നാടിന്റെ രാഷ്ട്രീയം, ആളുകളുടെ രാഷ്ട്രീയം, ഭാഷയുടെ രാഷ്ട്രീയം ഇതെല്ലാം മനസിലാക്കി കഴിഞ്ഞാണ് നമ്മൾ കഥാപാത്രങ്ങളെ വികസിപ്പിച്ചെടുക്കുന്നത്. 'മൂത്തോന്റെ' കഥാപാത്രത്തിന്റെ വേരുകൾ തേടി ഞാൻ എത്തിയത് ലക്ഷദ്വീപിലും മുംബയിലെ കാമാത്തിപുരയിലുമാണ്. ആ പ്രദേശങ്ങളിൽ നിന്ന് തന്നെ വേറെ കഥാപാത്രങ്ങൾ ഉടലെടുത്തു. 'മൂത്തോന്റെ'തായ ലോകം ഒരുക്കാനായി ഞാൻ ഏറെ പണിപ്പെട്ടിട്ടുണ്ട് , അത് തിരശീലയിൽ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷ.
നിവിൻ പോളിയെന്ന നടനിൽ ‘മൂത്തോന്‍’ ഭദ്രമായിരിക്കുമെന്നു ഉറപ്പുണ്ടായിരുന്നോ ?
നിവിന്റെ ഒരുപാട് സിനിമകൾ കണ്ടിട്ടുണ്ട് . അതിൽ മിക്കതും നിവിന്റെ അടുത്ത സുഹൃത്തുക്കൾ ചെയ്ത ചിത്രങ്ങളായിരുന്നു. സംവിധായിക എന്ന നിലയിൽ നിവിനെ ആ 'comfort zone'-ഇൽ നിന്ന് പുറത്തു കൊണ്ടു വരുകയെന്നുള്ളതായിരുന്നു എന്റെ ഉദ്ദേശം. അദ്ദേഹത്തിന്റെ സേഫ് സോണിനു പുറത്തു എന്തു ചെയ്യാൻ കഴിയുമെന്നുള്ളത് എനിക്കറിയണമായിരുന്നു. നിവിനും ഈ വെല്ലുവിളി ഏറ്റെടുക്കാൻ തയാറായിരുന്നു.
യാതൊരു തരത്തിലുള്ള മുൻവിധികളൊ തയാറെടുപ്പുകളോ ഇല്ലാതെയാണ് നിവിൻ ഈ ചിത്രത്തിനായി വന്നത്. കഥാപാത്രമായി മാറാൻ എന്തിനും തയ്യാറായിരുന്നു അദ്ദേഹം . അതെന്റെ കാര്യങ്ങൾ എളുപ്പമാക്കി. ചിത്രീകരണത്തിന് മുൻപ് തന്നെ ഞാനും നിവിനും മറ്റു അഭിനേതാക്കളും സഹപ്രവർത്തകരും ഒത്തു കൂടിയിരുന്നു. അന്യോന്യം കൂടുതലായി പരിചയപ്പെടാനും മനസിലാക്കാനും, ഒരു ആത്മബന്ധം വളർത്താനുമൊക്കെയായി പരിശീലന കളരികൾ ഒരുക്കിയിരുന്നു. ഇത് നിവിനേയും അത് പോലെ മറ്റു അഭിനേതാക്കളെയും ഒന്ന് 'റിലാക്സ്‌ഡ്' ആവാൻ സഹായിച്ചു. ഇത്തരം കളരികൾ കഴിഞ്ഞപ്പോൾ നിവിന് അഭിനയം എന്നതിലുപരി കഥാപാത്രത്തെ സ്വാഭാവികമായി അവതരിപ്പിക്കുന്ന നിലയിലേക്ക് പരുവപ്പെട്ടു. അതു തന്നെയായിരുന്നു സംവിധായിക എന്ന നിലയിൽ എനിക്ക് വേണ്ടിയിരുന്നതും .
സുഹൃത്തായ അനുരാഗ് കശ്യപ് സിനിമ പ്രൊഡ്യൂസ് ചെയുന്നു, ഭർത്താവായ രാജീവ് രവി ഛായാഗ്രാഹകൻ . ഇത്തരം അനുഭവ സമ്പത്തുള്ള ഫിലിം മേക്കേഴ്സിന്റെ കൂട്ടായ്മ ഈ ചിത്രത്തിന് എത്ര മാത്രം മുതല്കൂട്ടായിരുന്നു ?
അനുരാഗ് കശ്യപും രാജീവ് രവിയും മാത്രമല്ല, കുനാൽ ശർമ്മ, അജിത് കുമാർ അങ്ങനെ നിരവധി പേർ ഈ ചിത്രത്തിന്റെ പൂര്‍ണതയ്ക്കു പുറകിൽ ഉണ്ട്. ഓരോ വകുപ്പ് കൈകാര്യം ചെയ്യുന്നവർക്കും അവരുടെ ആശയങ്ങൾ സംഭാവന ചെയ്യാനുള്ള അവകാശമുണ്ട്. സിനിമ എപ്പൊഴും ഒരു കൂട്ടായ്മയുടെ ഉല്പന്നമാണെന്നു ഞാൻ വിശ്വസിക്കുന്നു.
/indian-express-malayalam/media/media_files/uploads/2019/09/Moothon.jpg)
സംവിധാനം ചെയ്ത ആദ്യ രണ്ടു ചിത്രങ്ങളും രാജ്യാന്തരതലത്തിൽ ശ്രദ്ധിക്കപ്പെട്ടല്ലോ?
തികച്ചും യാദൃശ്ചികമായ ഒരു കാര്യമാണത്. ആരുടെ സിനിമയ്ക്കും സംഭവിക്കാവുന്ന ഒന്ന്. ഒരു സിനിമ ചെയ്തു തുടങ്ങുമ്പോൾ അത് ഓസ്കാറിന് പോകുമോ അല്ലെങ്കിൽ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുമോ എന്നുള്ളതൊന്നുമായിരിക്കില്ല നമ്മുടെ ചിന്ത. ആ സിനിമ വിചാരിച്ച സമയത്തിനുള്ളിൽ വേറെ പ്രശ്നങ്ങൾ ഒന്നും വരാതെ പൂർത്തീകരിക്കാൻ കഴിയുമോ എന്നുള്ളതാവും നമ്മുടെ സമ്മര്‍ദ്ദം.
കാമാത്തിപുരയിലെയും ലക്ഷദ്വീപിലെയും ഷൂട്ടിംഗ് അനുഭവങ്ങൾ?
കാമാത്തിപുരയിലെ ചിത്രീകരണത്തിനായി പോകുമ്പോൾ അവിടത്തെ ആളുകൾക്ക് നമ്മളോടുള്ള സമീപനം എന്തായിരിക്കും എന്നുള്ളതിനെക്കുറിച്ചൊക്കെ ആശങ്ക ഉണ്ടായിരുന്നു. എന്നാൽ വളരെ സന്തോഷത്തോടു കൂടിയാണ് അവർ നമ്മളെ സ്വാഗതം ചെയ്തത്. പിന്നെ അവരുടെ ജീവിതത്തെ ഒരു തരത്തിലും ബുദ്ധിമുട്ടുണ്ടാക്കാതെ ചിത്രീകരണം പൂർത്തിയാക്കണം എന്നുള്ളത് നമ്മുടെ ഉത്തരവാദിത്വമാണ്. അതിനാൽ തന്നെ വളരെ ചെറിയ ക്രൂ, മിതമായ ക്യാമറ സംവിധാനങ്ങൾ ഒക്കെയാണ് കാമാത്തിപുരയിലെ ഷൂട്ടിങ്ങിനായി ഉപയോഗിച്ചത്.
ലക്ഷദ്വീപിലെയും ആളുകൾ വളരെ സ്നേഹത്തോടെ തന്നെയാണ് വരവേറ്റത്. പക്ഷേ മൺസൂൺ കാലമായതിനായാൽ പലപ്പോഴും ചിത്രീകരണം വൈകി. മഴ മാറിയതിനു ശേഷം മാത്രമേ നമുക്ക് ദ്വീപിലേക്ക് കടക്കുവാനുള്ള അനുവാദം കിട്ടിയുള്ളൂ. അതാണ് ചിത്രീകരണം വൈകിപ്പിച്ചത്.
മൂത്തോന്റെ സ്ക്രിപ്റ്റ് സണ്ടാന്സ് സ്ക്രീൻ റൈറ്റേർസ് ലാബിൽ തിരഞ്ഞെടുക്കപ്പെടുകയുണ്ടായല്ലോ. തിരക്കഥ രൂപപ്പെടലിനെ അത് എത്രത്തോളം സഹായിച്ചിട്ടുണ്ട് ?
സണ്ടാന്സ് ലാബിലെ അനുഭവം എന്റെ എഴുത്തിനെ രാകി മിനുക്കിയെന്നു തന്നെ പറയാം. എഴുത്തിന്റെ സ്വാതന്ത്ര്യത്തെ പൂർണമായും ഉൾകൊള്ളാൻ സണ്ടാന്സിലെ അനുഭവം എന്നെ പ്രാപ്തയാക്കി. മുൻപ് നമ്മൾ എഴുതുമ്പോൾ ഒരു സിനിമയുടെ പല ഘടകങ്ങളെ പറ്റി ആവലാതിപ്പെടും, ഇങ്ങനെ എഴുതിയാൽ അതെങ്ങനെ ചിത്രീകരിക്കും എന്നൊക്കെ. പക്ഷേ സണ്ടാന്സ് ലാബിലെ അനുഭവം എന്റെ തിരക്കഥയ്ക്ക് പൂർണ സ്വാതന്ത്ര്യം നൽകാൻ സഹായിച്ചു, പല പുതിയ സന്ദര്‍ഭങ്ങളും, വീക്ഷണങ്ങളും തിരക്കഥയിൽ പരീക്ഷിക്കാനും എന്നെ പ്രേരിപ്പിച്ചു.
'ലയേഴ്സ് ഡയസ്' അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടെങ്കിലും സാധാരണ പ്രേക്ഷകർക്ക് ആ സിനിമ കാണാനുള്ള അവസരങ്ങൾ കുറവായിരുന്നു. അങ്ങനെ നോക്കിയാല്‍ പ്രേക്ഷക സമക്ഷം എത്തുന്ന ഗീതുവിന്റെ ആദ്യത്തെ ചിത്രമാണ് 'മൂത്തോന്‍'. എന്താണിപ്പോള്‍ മനസ്സില്‍?
'ലയേഴ്സ് ഡയസി'നു തീയേറ്റർ റിലീസ് ഉണ്ടായിരുന്നില്ല . ചലച്ചിത്രമേളകളിൽ പ്രദർശനത്തിന് ശേഷം നമ്മൾ പല ഓൺലൈൻ പ്ലാറ്റുഫോമുകൾക്കായി വില്കുകയാണുണ്ടായത്. മുംബൈ (MAMI) ചലച്ചിത്ര മേള കഴിഞ്ഞാലുടൻ തന്നെ ‘മൂത്തോന്‍’ തീയേറ്ററുകളിൽ എത്തും. എന്റെ മനസ്സിന് ബോധ്യമുള്ള ഒരു സിനിമ ഞാന്‍ ചെയ്തു, അതെത്രത്തോളം പ്രേക്ഷകർ ഇഷ്ടപെടുന്നു എന്നുള്ളതാണ് കാത്തിരുന്ന് കാണേണ്ട കാര്യം. ഒരു തരത്തിൽ എന്റെ സിനിമ ഇഷ്ടപെടുന്ന പ്രേക്ഷകർ ആരാണെന്നറിയാനുള്ള അവസരം കൂടിയാവും ‘മൂത്തോന്‍’ എന്ന് ഞാന്‍ കരുതുന്നു.
ഗീതുവിന്റെ രണ്ടു ചിത്രത്തിലും തിരക്കഥയും സംവിധാനവും കൈകാര്യം ചെന്നത് താങ്കൾ തന്നെയാണ് . ഇത് ബോധപൂർവമായ ഒരു തീരുമാനമാണോ ? മറ്റൊരാളുടെ തിരക്കഥ സംവിധാനം ചെയ്യാൻ ഗീതുവിന് താല്പര്യമുണ്ടോ ?
എന്റെ കഥ സംവിധാനം ചെയ്യാൻ തന്നെയാണ് ഞാൻ താൽപര്യപ്പെടുന്നത്. എന്നാൽ ഇത് ഭാവിയിൽ മാറിക്കൂടായ്കയില്ല. ചില വെബ് സീരീസും മറ്റും സംവിധാനം ചെയ്യാൻ അവസരങ്ങൾ വരുന്നുണ്ട്. തല്ക്കാലം അതിനെ പറ്റി ആലോചിക്കുന്നില്ല. സംവിധാനവും എഴുത്തും മാത്രമല്ല സിനിമയുടെ മറ്റെല്ലാ മേഖലകളിലും പ്രവർത്തിക്കാൻ എനിക്ക് ഇഷ്ടമാണ്. പോസ്റ്റ് പ്രൊഡക്ഷൻ, എഡിറ്റിംഗ് എല്ലാം എനിക്ക് താല്പര്യമുള്ള മേഖലകളാണ്.
അടുത്ത പ്രൊജക്റ്റ് ?
അടുത്തത് ഒരു ഗ്യാങ്സ്റ്റർ മൂവിയാണ് മനസ്സിൽ. അതിന്റെ തിരക്കഥയുടെ പണിപ്പുരയിലാണ്.
Read Here: Moothon Toronto Premiere: ടൊറന്റോയില്‍ തിളങ്ങി 'മൂത്തോൻ'; ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.