Geetu Mohandas – Nivin Pauly Moothon TIFF Premiere: നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘മൂത്തോന്റെ’ ടൊറന്റോ വേള്‍ഡ് പ്രീമിയര്‍ ടൊറന്റോയില്‍ ബുധനാഴ്ച നടന്നു. ടൊറന്റോ ഫെസ്റ്റിവലിന്റെ സ്പെഷ്യല്‍ റെപ്രസന്റേഷന്‍ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. വേൾഡ് പ്രീമിയറിനായി ഗീതു മോഹൻദാസ്, നിവിൻ പോളി, റോഷൻ മാത്യു എന്നിവരും ടൊറോന്റിയിൽ എത്തിയിരുന്നു.
നിരൂപക പ്രശംസ നേടിയ ‘ലയേഴ്സ് ഡയസ്’ എന്ന ചിത്രത്തിനു ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മൂത്തോൻ’. ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിലൊരുക്കിയ ‘മൂത്തോനി’ൽ, തന്റെ ജ്യേഷ്ഠ സഹോദരനെ അന്വേഷിച്ച് മുംബൈയിലേക്ക് പോകുന്ന ഒരു ലക്ഷദ്വീപുകാരനായിട്ടാണ് നിവിനെത്തുന്നത്. ഗീതു മോഹൻദാസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത് ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപാണ്. ജെ എ ആർ പിക്ചേഴ്സ്, മിനി സ്റ്റുഡിയോ തുടങ്ങിയ നിർമ്മാണ കമ്പനികളുടെ ബാനറിൽ അനുരാഗ് കശ്യപ്, വിനോദ് കുമാർ, അലൻ മാക്അലക്സ്, അജയ് ജി.റായ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
കാമാത്തിപുര, ലക്ഷദ്വീപ് തുടങ്ങിയ ഇടങ്ങളിലെ യഥാർത്ഥ ലൊക്കേഷനുകളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. സൺഡാൻസ് സ്ക്രീൻറൈറ്റേർസ് ലാബിന്റെ ഭാഗമായ ചിത്രം ഗ്ലോബൽ ഫിലിംമേക്കിങ് അവാർഡ് കരസ്ഥമാക്കിയിരുന്നു. ‘ലയേഴ്സ് ഡയസി’നു ശേഷം ഗീതു സംവിധായികയാവുന്ന ചിത്രമെന്ന പ്രത്യേകതയും ‘മൂത്തോനു’ണ്ട്. ഓസ്കാർ അവാർഡുകളിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയും ‘ലയേഴ്സ് ഡയസ്’ സ്വന്തമാക്കിയിരുന്നു.
നിവിൻ പോളിയെ കൂടാതെ സഞ്ജന ദീപു, ശശാങ്ക് അറോറ, ശോഭിത ധുലിപാല, റോഷൻ മാത്യു, ദിലീഷ് പോത്തൻ, ഹരീഷ് ഖന്ന, സുജിത് ശങ്കർ, മെലീസ രാജു തോമസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ‘മൂത്തോന്റെ’ ഛായാഗ്രഹണം രാജീവ് രവിയും സൗണ്ട് ഡിസൈൻ കുനാൽ ശർമ്മയും നിർവ്വഹിച്ചിരിക്കുന്നു. എഡിറ്റിംഗ് ബി അജിത്കുമാറും കിരൺ ദാസും ചേർന്നാണ് എഡിറ്റിംഗ്. സംഗീതം നിർവ്വഹിച്ചത് സാഗർ ദേശായ്. സ്നേഹ ഖാന്‍വാല്‍ക്കര്‍, ബാലഗോപാലന്, വാസിക്ക് ഖാന്, ഗോവിന്ദ് മേനോന്, റിയാസ് കോമു,സുനില്‍ റോഡ്രിഗസ് എന്നിവരും ‘മൂത്തോന്റെ’ അണിയറയിൽ പ്രവർത്തിക്കുന്നുണ്ട്.
ടൊറന്റോയ്ക്ക് പുറമെ, മുംബൈ അന്താരാഷ്ട ചലച്ചിത്രോത്സവത്തില്‍ ഉദ്ഘാടന ചിത്രമായും ‘മൂത്തോൻ’ തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഈ ഒക്ടോബറില്‍ തുടക്കമാവുന്ന ജിയോ മാമി ഫെസ്റ്റിവലിന്റെ 21-ാം പതിപ്പിലാണ് മൂത്തോന് പ്രദര്‍ശിപ്പിക്കുന്നത്.
Read more: നിവിൻ പോളി ചിത്രം ‘മൂത്തോൻ’ ടൊറൊന്റോ മേളയിലേക്കും