/indian-express-malayalam/media/media_files/uploads/2019/01/manikandan-1.jpg)
ആദ്യ ചിത്രത്തില്‍ത്തന്നെ കാണികളെ കൊണ്ട് മുഴുവൻ 'കയ്യടിപ്പിച്ച്' സ്റ്റേറ്റ് അവാർഡും സ്വന്തമാക്കിയ നടന്‍. തല്ലാൻ വന്നവനെ തല്ലി താഴെയിട്ട് കൂടെയുള്ളവരോട് 'കയ്യടിക്കടാ...' എന്ന് ആക്രോശിക്കുന്ന 'കമ്മട്ടിപ്പാട'ത്തിലെ ബാലനെപ്പോലെ, 'പേട്ട' റിലീസ് ചെയ്ത ദിവസം പുലർച്ചെ മൂന്നു മണിയുടെ ആദ്യ ഷോയ്ക്ക് രജനി ആരാധകർക്കൊപ്പം പാലക്കാട്ടെ ഒരു തിയേറ്ററിലിരുന്ന് വിസിൽ അടിച്ചും കയ്യടിച്ചും തലൈവറുടെ പുതിയ അവതാരത്തെ വരവേൽക്കുകയായിരുന്നു മണികണ്ഠൻ ആചാരി.
ഇന്ത്യൻ സിനിമയിലെ തന്നെ വിസ്മയമായ സ്റ്റൈൽമന്നൻ രജനീകാന്തിനൊപ്പം 'പേട്ട' എന്ന ചിത്രത്തിൽ സ്ക്രീൻ പങ്കു വെയ്ക്കാനും ഒരു മാസത്തോളം തലൈവർക്കൊപ്പം സമയം ചെലവഴിക്കാനും കഴിഞ്ഞത് വലിയൊരു ഭാഗ്യമായാണ് കാണുന്ന മണികണ്ഠൻ, 'പേട്ട'യുടെ വിശേഷങ്ങളെ കുറിച്ചും രജനികാന്തിനൊപ്പം ചിലവഴിച്ച നിമിഷങ്ങളെക്കുറിച്ചും പുതിയ ചിത്രങ്ങളെക്കുറിച്ചും മണികണ്ഠൻ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് സംസാരിക്കുന്നു.
തലൈവർക്കൊപ്പം 'പേട്ട'. ചിത്രം സൂപ്പർ ഹിറ്റായി, നിരൂപക പ്രശംസ ഏറ്റുവാങ്ങി മുന്നേറുന്നു.
കാർത്തിക്ക് സുബ്ബരാജിന്റെ സുഹൃത്തും സംവിധായകനുമൊക്കെയായ ചാരുഘോഷ് ആണ് ഈ പ്രൊജക്റ്റിൽ എത്താന്‍ നിമിത്തമായത്. കാർത്തിക് സാർ, ചാരുഘോഷ് അവരൊക്കെ ചെറുപ്പം മുതൽ ഒന്നിച്ച് പഠിച്ചു വളർന്ന സുഹൃത്തുക്കളാണ്. 'സ്റ്റോൺ ബെഞ്ച്' എന്നൊരു കൂട്ടായ്മയുണ്ട് അവർക്ക്. അതിനു കീഴിൽ അവർ എത്രയോ കാലമായി ചെറിയ ചെറിയ ഷോർട്ട് ഫിലിമുകളും ആൽബങ്ങളുമെല്ലാം ചെയ്യുന്നുണ്ട്. ഒരാൾ ക്യാമറ ചെയ്യുമ്പോൾ മറ്റേയാൾ ഡയറക്ടർ ആവും. അവരെല്ലാം സിനിമയിൽ വന്നിട്ടും ഇപ്പോഴും നല്ല രീതിയിൽ തന്നെ മുന്നോട്ടു പോയി കൊണ്ടിരിക്കുന്ന ഒരു കൂട്ടായ്മയാണ് അത്.
ആദ്യം ചാരുഘോഷിന്റെ സിനിമയിലേക്കാണ് എന്നെ വിളിച്ചത്. 'കമ്മട്ടിപ്പാടം' കണ്ടിട്ട് വിളിച്ചതായിരുന്നു. ഞാൻ ഓഡിഷന് ചെന്നു. കഥാപാത്രത്തിന് ഓകെ ആണെന്ന് പറഞ്ഞ് ഏറെക്കുറെ പ്രൊജക്റ്റ് ഉറപ്പിച്ചിട്ടാണ് മടങ്ങിയത്. എന്നാൽ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ചാരുഘോഷ് വിളിച്ചു. ആ സിനിമ ഇപ്പോൾ ചെയ്യുന്നില്ല, കുറച്ചു കൂടി കഴിഞ്ഞിട്ടേയുള്ളൂ. കാർത്തികിന്റെ ഒരു വലിയ പ്രൊജക്റ്റ് വരുന്നുണ്ട്. അതു തുടങ്ങുമ്പോൾ അറിയിക്കാം എന്നു പറഞ്ഞു.
Read More: Petta Quick Review: തലൈവരുടെ തിരിച്ചു വരവ്
മദ്രാസിൽ ഉള്ള സമയം മുതൽ ഞാൻ ഫോളോ ചെയ്യുന്ന ഡയറക്ടർമാരിൽ ഒരാളാണ് കാർത്തിക് സാർ. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും ഞാൻ കണ്ടിട്ടുണ്ട്. കാർത്തിക് സാറിന്റെ ചിത്രങ്ങളിൽ അഭിനയിക്കണം എന്ന് എനിക്ക് ആഗ്രഹവുമുണ്ടായിരുന്നു. ഒരു ദിവസം ഞാനദ്ദേഹത്തിന്റെ നമ്പർ എടുത്തു വിളിച്ചു. 'കമ്മട്ടിപ്പാട'ത്തിൽ അഭിനയിച്ച ആളാണെന്ന് പരിചയപ്പെടുത്തി. 'കമ്മട്ടിപ്പാടം' കണ്ടിരുന്നെന്നും സിനിമ ഏറെയിഷ്ടമായെന്നുമൊക്കെ സാർ പറഞ്ഞു. സാറിന്റെ പടത്തിൽ എന്തെങ്കിലും റോളുണ്ടെങ്കിൽ പറയണം എന്ന് ഞാനങ്ങോട്ട് ചാൻസ് ചോദിക്കുകയും ചെയ്തിരുന്നു.
'പേട്ട'യുടെ പ്ലാനിംഗ് തുടങ്ങിയപ്പോൾ സാറെന്നെ തിരിച്ചു വിളിച്ചു. ചെന്നൈയിലേക്ക് ഓഡിഷനു വിളിച്ചു. കഥാപാത്രം എന്നെ ഏൽപ്പിക്കുമ്പോഴേ കാർത്തിക് സാർ പറഞ്ഞിരുന്നു, "ഇത് അത്ര വലിയ പെർഫോമൻസ് സാധ്യതയുള്ള കഥാപാത്രമൊന്നുമല്ല. പക്ഷേ രജനി സാറിനൊപ്പം ഏറെക്കുറെ എല്ലാ ഫ്രെയിമിലും നിങ്ങൾ ഉണ്ടാകും. അതു പോലെയുള്ളൊരു കഥാപാത്രമാണ്."
ഇന്ത്യയിലെ ഏതു നടനെ സംബന്ധിച്ചും രജനിസാറുള്ള ഒരു ഫ്രെയിമിൽ ഉണ്ടാവാൻ പറ്റുക എന്നത് വലിയൊരു കാര്യമാണെന്നാണ് എനിക്കു തോന്നിയത്. അതുകൊണ്ട് വേറെ ഒന്നും ആലോചിക്കാതെ ഞാൻ ഓകെ പറഞ്ഞു. 45 ദിവസത്തോളം ഷൂട്ടിംഗ് ഉണ്ടായിരുന്നു. ആദ്യം ഷൂട്ട് ഡാർജിലിംഗിൽ ആയിരുന്നു. നിങ്ങൾക്കുള്ള പ്രതിഫലം കുറവാണെന്ന് നിർമാതാക്കളായ സൺ പിക്ച്ചേഴ്സ് ആദ്യമേ പറഞ്ഞു. പ്രതിഫലത്തെ ക്കുറിച്ചൊന്നും ഞാൻ സംസാരിക്കുന്നില്ല, എപ്പോൾ വരണമെന്ന് പറഞ്ഞാൽ മതി. തലൈവറുടെ കൂടെ നിൽക്കുക എന്നതു തന്നെയാണ് എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ പ്രതിഫലം എന്നാണ് ഞാൻ മറുപടി നൽകിയത്.
/indian-express-malayalam/media/media_files/uploads/2019/01/Manikantan-Achari-Interview-Petta-Rajnikanth-shooting-still-1024x682.jpg)
പൂജ മുതൽ പാക്കപ്പ് വരെ സെറ്റിൽ ഞാനുണ്ടായിരുന്നു. പൂജയുടെ അന്നാണ് രജനി സാർ വന്നത്. അദ്ദേഹം വരും മുൻപെ കുറേ മറ്റു പ്രധാനപ്പെട്ട താരങ്ങളെല്ലാം ലൊക്കേഷനിൽ എത്തിയിരുന്നു. വെള്ള മുണ്ടും വെള്ള ഷർട്ടും അണിഞ്ഞ് വിഗ്ഗോ മേയ്ക്കപ്പോ ഒന്നുമില്ലാതെ സാധാരണക്കാരനെ പോലെ രജനി സാർ കടന്നു വന്നു. അദ്ദേഹം വന്നപ്പോൾ പെട്ടെന്ന് സെറ്റ് മൊത്തം നിശബ്ദമായി. കാർത്തിക് സാർ കൂടെ അഭിനയിക്കുന്ന എല്ലാവരെയും രജനി സാറിനു പരിചയപ്പെടുത്തി. തലൈവർ എല്ലാവരോടും ചിരിച്ച് കൈകൂപ്പി സംസാരിക്കുന്നുണ്ടായിരുന്നു. ആദ്യം കണ്ടപ്പോൾ എന്തു ചെയ്യണം എന്നറിയാതെ തരിച്ചിരിക്കുകയായിരുന്നു ഞാൻ. എന്താ പറയേണ്ടത് എന്നറിയില്ല. കാലിൽ വീണ് തൊട്ടു തൊഴുതത് ഓർമ്മയുണ്ട്.
എല്ലാവരും ഉള്ളപ്പോൾ അദ്ദേഹത്തോട് സംസാരിക്കാൻ എന്തോ ഒരു പേടിയും മടിയുമൊക്കെ തോന്നി. അദ്ദേഹത്തിനോട് തനിയെ ഒന്ന് സംസാരിക്കാൻ ഒരു ഗ്യാപ്പ് നോക്കിയിരിക്കുകയായിരുന്നു ഞാൻ. ഒരു പാട്ടു സീനിൽ ടോളിൽ വണ്ടി തടഞ്ഞു നിർത്തുമ്പോൾ അദ്ദേഹം എന്നെ വിളിച്ചിട്ട് 'ഫോൺ കൊടുക്കൂ' എന്നു പറയുന്ന ഒരു രംഗമുണ്ട്. അതിൽ ഞാനും അദ്ദേഹവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ സീൻ ഷൂട്ട് ചെയ്യുന്നതിനിടയിൽ ഞാനോടി ചെന്ന് അദ്ദേഹത്തോട് സംസാരിച്ചു. മലയാളിയാണ്, ദുൽഖർ സൽമാനൊക്കെ അഭിനയിച്ച 'കമ്മട്ടിപ്പാടം' എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്, സ്റ്റേറ്റ് അവാർഡ് ഒക്കെ കിട്ടിയിട്ടുണ്ട് എന്നൊക്കെ പറഞ്ഞ് പരിചയപ്പെട്ടു.
'സ്റ്റേറ്റ് അവാർഡ് വിന്നറുടെ കൂടെയാണോ ഞാൻ അഭിനയിച്ചുകൊണ്ടിരിക്കുന്നത്? കൊള്ളാം കൊള്ളാം, സൂപ്പർ' എന്നൊക്കെ പറഞ്ഞ് അദ്ദേഹം എന്റെ തോളിൽ തട്ടി. 'തലൈവരുടെ കൂടെ അഭിനയിക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യമായി കരുതുന്നു' എന്നു പറഞ്ഞപ്പോൾ 'അവാർഡ് വിന്നർ എന്നു പറഞ്ഞാൽ അത് സാധാരണമാന വിഷയമല്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
/indian-express-malayalam/media/media_files/uploads/2019/01/Manikantan-Achari-Interview-Petta-Rajnikanth.jpg)
'സാറിനെ എന്നെങ്കിലും കാണുമെന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു, കാണുമ്പോൾ പറയാനായി ഒരു നന്ദി ഞാൻ കരുതി വെച്ചിട്ടുണ്ട്' എന്നു പറഞ്ഞപ്പോൾ 'അതെന്തിനാണ് നന്ദി?' എന്നു ചോദിച്ചു. 'ബാബാ' എന്ന സിനിമ കണ്ട മുതലാണ് ഞാൻ ബാബാജി എന്നു പറയുന്ന ശക്തിയെ അന്വേഷിച്ചു തുടങ്ങിയത്. ഞാനദ്ദേഹത്തെ ഫോളോ ചെയ്യുന്ന ആളാണ്. ബാബായുടെ ജന്മസ്ഥലത്തും ആശ്രമത്തിലുമൊക്കെ ഞാൻ പോയിട്ടുണ്ടെന്നും പറഞ്ഞു.
തലൈവർ അപ്പോൾ എന്റെ തലയിൽ കൊച്ചു കുട്ടികളെയെന്ന പോലെ തലോടി, അനുഗ്രഹിച്ചു. എന്നെ ഏറെ ത്രില്ലടിപ്പിച്ച നിമിഷങ്ങളായിരുന്നു അത്. 'കമ്മട്ടിപ്പാട'ത്തിനു ശേഷം എന്നെ ആ രീതിയിൽ ത്രില്ലടിപ്പിച്ചത് 'പേട്ട'യും അതിന്റെ ഷൂട്ടിംഗ് ദിവസങ്ങളുമാണ്.
എനിക്കൊരുപാട് അനുഭവങ്ങൾ തന്ന ചിത്രമാണ് 'പേട്ട'. ഒരു സ്കൂൾ പോലെയായിരുന്നു അദ്ദേഹമെനിക്ക്. കുറേക്കൂടി അച്ചടക്കം ജീവിതത്തിൽ വരുത്താനുണ്ടെന്ന് എനിക്ക് മനസ്സിലായത് അദ്ദേഹത്തെ കണ്ടപ്പോഴാണ്. ജോലിയോടുള്ള കൃത്യനിഷ്ഠത, സമീപനം, തൊഴിൽ ഭക്തി അതൊക്കെ അദ്ദേഹത്തെ കണ്ടു പഠിക്കണം. അദ്ദേഹത്തേക്കാളും എത്രയോ ജൂനിയറായ സംവിധായകനാണ് കാർത്തിക് സുബ്ബരാജ്, പ്രായം കൊണ്ടും അനുഭവപരിചയം കൊണ്ടും. എന്നിട്ടും, കാർത്തിക് സുബ്ബരാജിന്റെ മുന്നിൽ കൈകെട്ടി നിന്ന് സീൻ കേട്ടിട്ട് 'ഞാനൊന്നു ചെയ്തു നോക്കട്ടെ' എന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ സ്വാഭാവികമായ ആ വിനയം, അഭിനയിച്ചാൽ പോലും നമുക്ക് അങ്ങനെ പറ്റില്ല. രണ്ടു ദിവസം കഴിയുമ്പോൾ നമ്മുടെ യഥാർത്ഥ സ്വഭാവം പുറത്തു വരും.
അനുഭവം കൊണ്ടും കാലം കൊണ്ടും ഉണ്ടാകുന്ന ഒരു വ്യക്തിപ്രഭാവം അദ്ദേഹത്തിനുണ്ട്. ഇപ്പോഴത്തെ ഈ വെപ്രാളവും മായകൾ കണ്ടു മയങ്ങുന്ന ഈ പ്രായവുമൊത്തെ കഴിഞ്ഞാൽ ചിലപ്പോൾ നമ്മളിലും അത്തരം മാറ്റങ്ങൾ ഉണ്ടാകുമായിരിക്കും. എന്തായാലും, സിനിമയിൽ എങ്ങനെ മുന്നോട്ടുപോവണം എന്നും ജീവിതത്തിൽ എങ്ങനെ മുന്നോട്ടു പോവണമെന്നുമുള്ള കാഴ്ചപ്പാടുകൾ ആണ് ഈ സിനിമയും അദ്ദേഹത്തിനൊപ്പമുള്ള ദിവസങ്ങളും എനിക്ക് തന്നത്. തുടർന്നുള്ള ജീവിതത്തിൽ പോസിറ്റീവായ ആ കാര്യങ്ങൾ ശീലിക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു.
കഥാപാത്രത്തിന് ലഭിക്കുന്ന പ്രതികരണം?
പേടിച്ചു പേടിച്ചാണ് ഞാൻ തിയേറ്ററിൽ പോയത്. പാലക്കാട് ഫാൻസ് അസോസിയേഷന്റെ ഒരു പരിപാടിയ്ക്ക് എന്നെ വിളിച്ചത് കൊണ്ട് മൂന്നു മണിയുടെ ആദ്യ ഷോയ്ക്കാണ് പോയത്. രജനി സാറിനെ കണ്ടതു പോലുള്ള അത്ഭുതം തന്നെയാണ് തിയേറ്ററിലും കണ്ടത്. ആളുകൾക്ക് അദ്ദേഹത്തോടുള്ള ആരാധന കണ്ട് ഞെട്ടി. ആരാധനയ്ക്കും അപ്പുറമുള്ളൊരു വികാരമാണ് ജനങ്ങൾക്ക് അദ്ദേഹത്തിനോടുള്ളത്. നൂൺ ഷോയ്ക്ക് ഒക്കെ വരുന്നതു പോലെ, വെളുപ്പിന് മൂന്നു മണിയ്ക്ക് കുട്ടികളും സ്ത്രീകളുമടക്കമുള്ളവർ തിയേറ്ററിൽ വന്നിരുന്ന് സിനിമ കാണുന്നത് ഞാനാദ്യമായി കാണുകയായിരുന്നു.
സിനിമയിൽ എന്റെ ഭാഗം എത്രയുണ്ടെന്നോ എത്രത്തോളം പ്രാധാന്യം ഉണ്ടാകുമെന്നോ ഒന്നും എനിക്കറിയില്ലായിരുന്നു. ഞാൻ സുഹൃത്തുക്കളോട് പറഞ്ഞത്, 'എന്റെ ഏതെങ്കിലും ഒരു ചലനത്തിനോ സംഭാഷണത്തിനോ ആളുകൾ റെസ്പോൺസ് തരണമേയെന്ന് പ്രാർത്ഥിച്ചോടാ, അല്ലെങ്കിൽ നമ്മടെ കാര്യം പോക്കാ' എന്നായിരുന്നു. ഭാഗ്യത്തിന് എന്റെ ഡയലോഗുകൾക്ക് എല്ലാം നല്ല റെസ്പോൺസ് കിട്ടി.
ക്ലൈമാക്സിനു തൊട്ടു മുൻപ് പറയുന്ന 'അടിപൊടി ഇന്താള് മഹാനടികൻ', 'സാറേ.. കൊലമാസ്' തുടങ്ങിയ ഡയലോഗുകൾക്കൊക്കെ തമിഴ്നാട്ടിൽ നല്ല പ്രതികരണം ലഭിക്കുന്നുണ്ടെന്ന് സംവിധായകൻ ഇന്നലെ വിളിച്ചു പറഞ്ഞു. 'നിങ്ങൾ ഇനി ചെന്നൈയിൽ വന്നാൽ, കേരളത്തിൽ അറിയുന്നതുപോലെ തന്നെ ഇവിടെയും അറിയും' എന്നാണ് കാർത്തിക് സാർ പറഞ്ഞത്.
/indian-express-malayalam/media/media_files/uploads/2019/01/Manikantan-Achari-1024x498.jpg)
കാർത്തിക് സുബ്ബരാജ് എന്ന സംവിധായകനോടൊത്ത് വർക്ക് ചെയ്ത അനുഭവം?
രാജീവേട്ടനെയാണ് എനിക്ക് ഫീൽ ചെയ്തത്. തമിഴ് സംസാരിക്കുന്ന, അൽപ്പം വണ്ണമുള്ള ഒരു രാജീവ് രവി എന്നാണ് തോന്നിയത്. അതേ പോലെയാണ് സിനിമയോടുള്ള സമീപനവും പാഷനുമൊക്കെ. സിനിമയ്ക്ക് ആവശ്യമുള്ളത് കൃത്യമായി ചോദിച്ചു വാങ്ങിക്കും നമ്മളിൽ നിന്നും. ഒരുപാടു താരങ്ങൾ ഉണ്ട് 'പേട്ട'യിൽ, അനാവശ്യമായി ആരെയും ഉപയോഗിച്ചില്ല, ആരെയും മോശപ്പെടുത്തിയില്ല. കൃത്യം പെർഫോമൻസ് ഏരിയ കൊടുത്തു. എനിക്ക് തോന്നുന്നത് അടുത്തിടെ രജനി സാറിനെ ഏറ്റവും നന്നായി ഉപയോഗിച്ചത് കാർത്തിക് സുബ്ബരാജ് ആണെന്നാണ്.
Read More: എല്ലാ ക്രെഡിറ്റും സംവിധായകന്: 'പേട്ട'യെ കുറിച്ച് രജനീകാന്ത്
രജനി സാർ ഒരുപാട് ആസ്വദിച്ചാണ് ഈ സിനിമ ചെയ്തത്. നമുക്കൊക്കെ അത് പ്രകടമായി മനസ്സിലാവുമായിരുന്നു. പഴയ കാലത്തേക്ക് തിരിച്ചു പോയി എന്ന് ഒരു സമയത്ത് തലൈവർ കാർത്തിക് സാറിനോട് പറയുന്നത് കേട്ടു. 'ടോട്ടലാ വന്ത് നൊസ്റ്റാൾജിയയായിര്ക്ക്... അന്ത 80സിൽ കൊണ്ടു പോയിട്ട്' എന്നു പറഞ്ഞു. രജനി സാർ എൻജോയ് ചെയ്ത് അഭിനയിച്ചതിന്റെ ഫലം ഇപ്പോൾ തിയേറ്ററിലും കാണാനുണ്ട്. പേട്ടയുടെ ഫസ്റ്റ് ഹാഫ് രജനീകാന്ത് സ്റ്റൈൽ പടവും സെക്കന്റ് ഹാഫ് കാർത്തിക് സുബ്ബരാജ് സ്റ്റൈൽ ചിത്രവുമാന്നെന്നു പറയാം. ആ ക്ലാസ്സും മാസ്സും ചേരുന്നുണ്ട് 'പേട്ട'യിൽ.
Hear what the one and only Superstar @Rajinikanth has to say about the outstanding response to #Petta !#Rajinified#Rajinikanthpic.twitter.com/XIsPD9OorS
— Sun Pictures (@sunpictures) January 11, 2019
പുതിയ സിനിമകൾ?
ബ്ലെസ്സിയുടെ അസോസിയേറ്റ് ആയ ശ്യാം സംവിധാനം ചെയ്യുന്ന 'ഓട്ടം' എന്ന പടം. നന്ദു എന്ന പുതുമുഖമാണ് അതിൽ നായകൻ. പിന്നെ മമ്മൂക്കയുടെ 'മാമാങ്ക'ത്തിലും അഭിനയിക്കുന്നുണ്ട്. തമിഴിൽ നിന്നും ചില ഓഫറുകൾ ഉണ്ട്, ഒന്നും ഫൈനലൈസ് ചെയ്തിട്ടില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.