‘പേട്ട’യിലൂടെ പഴയ സ്റ്റൈൽമന്നൻ രജനീകാന്തിനെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ലോകമെമ്പാടുമുള്ള തലൈവർ ആരാധകർ. ചെണ്ട കൊട്ടിയും രജനീകാന്തിന്റെ കൂറ്റൻ കട്ടൗട്ടുകളിൽ പാലഭിഷേകം ചെയ്തും കൂവി വിളിച്ചും വിസിൽ അടിച്ചുമൊക്കെ ‘പേട്ട’യെ വരവേൽക്കുന്ന ആരാധകരെയാണ് ഇന്നലെ മുതൽ എല്ലാ തിയേറ്ററുകളിലും കാണാൻ കഴിയുന്നത്. പൊങ്കൽ ദിനത്തിൽ റിലീസിനെത്തിയ ചിത്രം മികച്ച പ്രതികരണം നേടി തിയേറ്ററുകളെ ഇളക്കി മറിച്ച് മുന്നോട്ടു പോവുമ്പോൾ ചിത്രം നേടുന്ന വിജയത്തിന്റെ ക്രെഡിറ്റ് പൂർണമായും സംവിധായകനും നിർമ്മാതാക്കൾക്കും നൽകുകയാണ് രജനീകാന്ത്.

‘പേട്ട’ സ്വീകരിക്കപ്പെടുന്നതിൽ സന്തോഷമുണ്ടെന്നും തന്റെ ബെസ്റ്റ് പുറത്തെടുത്ത സംവിധായകൻ കാർത്തിക് ശുഭരാജനാണ് മുഴുവൻ ക്രെഡിറ്റും നൽകേണ്ടതെന്നും രജനീകാന്ത് പറയുന്നു. യുഎസിൽ നിന്നും മടങ്ങിയെത്തി, ഇന്നലെ വൈകിട്ട് ചെന്നൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ആദ്യമായി എല്ലാവർക്കും പുതുവത്സര ആശംസകളും പൊങ്കൽ​​ ആശംസകളും അറിയിക്കട്ടെ. ‘പേട്ട’ എല്ലാവർക്കും ഇഷ്ടമായി എന്നറിയാൻ കഴിഞ്ഞു. വളരെ സന്തോഷമുണ്ട്. എല്ലാ ക്രെഡിറ്റും നിർമ്മാതാക്കളായ സൺ പിക്‌ച്ചേഴ്സിനും സംവിധായകൻ കാത്തിക് ശുഭരാജിനും അദ്ദേഹത്തിന്റെ യൂണിറ്റിനുമുള്ളതാണ്,” തലൈവർ പറയുന്നു.

Read more: Petta Quick Review: തലൈവരുടെ തിരിച്ചു വരവ്

“ഒരു നടനെ സംബന്ധിച്ച് ഏറ്റവും പ്രധാനമായത് പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് അനുസരിച്ച് ഒരു സിനിമ നൽകാൻ സാധിക്കുക എന്നതാണ്. പ്രേക്ഷകരെ സന്തോഷവാന്മാരാക്കുക എന്നതാണ് എന്റെ ജോലി. അത് വളരെ പ്രാധാന്യമുള്ളതാണ്. അവർ സന്തോഷിക്കുന്നു എന്നറിയുന്നത് എനിക്കും സന്തോഷം തരുന്നു. ആദ്യം പറഞ്ഞപ്പോലെ ക്രെഡിറ്റ് സംവിധായകൻ കാർത്തികിന് ആണ് നൽകേണ്ടത്. ഓരോ ഷോട്ടിലും, ഓരോ സീനിലും എന്നിൽ നിന്നും ഏറ്റവും ബെസ്റ്റായതാണ് കിട്ടുന്നതെന്ന് കാർത്തിക് ഉറപ്പുവരുത്തികൊണ്ടിരുന്നു,” സൂപ്പർ സ്റ്റാർ കൂട്ടിച്ചേർക്കുന്നു.

വമ്പൻ സ്വീകരണമാണ് ലോകമെമ്പാടുമുള്ള തലൈവർ ഫാൻസ് ചിത്രത്തിനു നൽകിയത്. രജനിയുടെ കടുത്ത ആരാധകരായ അൻപരസും കാമാച്ചിയും ഇന്നലെ ചെന്നൈയിലെ വുഡ്‌ലാൻഡ്സ് തിയേറ്ററിൽ വിവാഹിതരായതും വാർത്തയായിരുന്നു.

Read more: രജനിയോട് കടുത്ത ആരാധന, ‘പേട്ട’ റിലീസ് ചെയ്ത തിയേറ്ററിൽവച്ച് വിവാഹിതരായി

സൺ പിക്‌ച്ചേഴ്സ് നിർമ്മിച്ച ചിത്രത്തിൽ നവാസുദ്ദീൻ സിദ്ദീഖി, വിജയ് സേതുപതി, സിമ്രാൻ, തൃഷ, ശശികുമാർ, ബോബി സിൻഹ എന്നു തുടങ്ങി വൻ താരനിര തന്നെയുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ‘ജിഗര്‍തണ്ട’, ‘പിസ’, ‘ഇരൈവി’ തുടങ്ങിയ സിനിമകളിലൂടെ തമിഴില്‍ ശ്രദ്ധേയനായ കാര്‍ത്തിക്ക് സുബ്ബരാജ് താനും ഒരു രജനീ ആരാധകനാണെന്ന് ‘പേട്ട’യുടെ ഓഡിയോ ലോഞ്ചിനിടെ വെളിപ്പെടുത്തിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ