/indian-express-malayalam/media/media_files/uploads/2023/02/mini-i-g-interview.jpg)
സ്ത്രീകൾ ചലച്ചിത്ര രംഗത്തേക്ക് കൂടുതൽ കടന്നു വരാനായി സംസ്ഥാന സർക്കാർ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെ എസ് എഫ് ഡി സി ) മുഖേന നടത്തുന്ന പദ്ധതിയാണ് ഫിലിംസ് ഡയറക്റ്റഡ് ബൈ വുമൺ. ഇതിനായി കെ എസ്എഫ് ഡി സി സ്ത്രീ ചലച്ചിത്രപ്രവർത്തകരിൽ നിന്ന് തിരക്കഥകൾ ക്ഷണിക്കുകയും അതിൽ നിന്ന് അർഹമായ, സാമൂഹിക പ്രസക്തിയുള്ള തിരക്കഥകൾ തിരഞ്ഞെടുത്തത് അവർക്ക് വേണ്ട സാമ്പത്തിക സഹായം നൽകുകയുമാണ് ചെയ്യുന്നത്. ഇത്തരത്തിൽ കെ എസ് എഫ് ഡി സി നിർമിച്ച ആദ്യ ചിത്രമായിരുന്നു 'നിഷിദ്ധോ'.
കെ എസ് എഫ് ഡി സിയുടെ സഹായത്തോടെ ഒരുങ്ങുന്ന അടുത്ത ചിത്രവും ഫെബ്രുവരി 24ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. മിനി ഐ ജിയാണ് 'ഡിവോഴ്‌സ്' എന്ന ഈ സ്ത്രീപക്ഷ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആറു സ്ത്രീകളുടെ ജീവിതമാണ് ഡിവോഴ്‌സ് പറയുന്നത്. ഡിവോഴ്‌സ് എന്ന ചിത്രത്തെ കുറിച്ച് ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് സംസാരിക്കുകയാണ് സംവിധായിക മിനി.
" ഞാനൊരു തിയേറ്റർ ആർട്ടിസ്റ്റാണ്. അതിനിടയിൽ ഏതാനും തിരക്കഥകളും ഞാൻ തയാറാക്കിയിരുന്നു. ഈ കാര്യം എന്റെ സുഹൃത്തുക്കൾക്കും അറിയാം. പത്രത്തിൽ കെ എസ് എഫ് ഡി സി പദ്ധതിയെ കുറിച്ചുള്ള പരസ്യം കണ്ടിട്ട് സുഹൃത്തുക്കളാണ് എന്തുകൊണ്ട് ഒന്നു ശ്രമിച്ചു കൂടാ എന്ന് ചോദിച്ചത്. നോട്ടു നിരോധന സമയത്ത് എന്റെ ഒരു തിരക്കഥ സിനിമായാകാൻ ഒരുങ്ങുകയായിരുന്നു പക്ഷെ പല കാരണങ്ങൾ കൊണ്ട് അത് നടന്നില്ല. അങ്ങനെയാണ് കെ എസ് എഫ് ഡി സി പദ്ധതിയിൽ അപ്ലൈ ചെയ്യുന്നത്. ഒടുവിൽ തിരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു," മിനി പറയുന്നു.
/indian-express-malayalam/media/media_files/uploads/2023/02/mini-ig.jpg)
'ഡിവോഴ്സ്' മുന്നോട്ടുവയ്ക്കുന്നതെന്താണ്?
ആറു സ്ത്രീകളെ കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. കുടുംബത്തിൽ നടക്കുന്ന പ്രശ്‌നങ്ങളെ അവർ എങ്ങനെ നേരിടുന്നു. ഒടുവിൽ ഡിവോഴ്‌സ് എന്ന തീരുമാനത്തിലേക്ക് അവർ എങ്ങനെ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ഈ തീരുമാനം കുടുംബം എന്ന സിസ്റ്റത്തെയും സാമൂഹിക സാമ്പത്തിക കാര്യങ്ങളെയും ഏതു രീതിയിലാണ് ബാധിക്കുന്നതെന്നും ഡിവോഴ്‌സ് സംസാരിക്കുന്നു. അതിനൊപ്പം തന്നെ, നിയമ വ്യവസ്ഥ ഈ സ്ത്രീകളുടെ ജീവിതത്തെ പുനർ നിർണയിക്കുന്നതെങ്ങനെയെന്നും ചിത്രത്തിൽ പറയുന്നുണ്ട്.
സ്ത്രീകളുടെ കഥ പറയുന്ന ചിത്രം തന്നെ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കാൻ എന്തെങ്കിലും പ്രത്യേക കാരണമുണ്ടോ?
എന്റെ കൈയ്യിൽ മൂന്ന് തിരക്കഥ ഉണ്ടായിരുന്നു. അപ്ലൈ ചെയ്യുന്ന സമയത്ത് ഒരു തിരക്കഥ അയക്കുകയും വേണമായിരുന്നു. സ്ത്രീകൾക്കു വേണ്ടിയുള്ള ഒരു പദ്ധതിയാണല്ലോ അതുകൊണ്ട് സ്ത്രീകളുടെ പ്രശ്‌നങ്ങൾ പറയുന്ന കഥ തന്നെ അയക്കണമെന്ന് തോന്നി. പദ്ധതിയ്ക്ക് അനുയോജ്യമായ തിരക്കഥ വേണമെന്ന് ചിന്തിച്ചാണ് 'ഡിവോഴ്‌സി'ലെത്തുന്നത്.
സിനിമയുടെ ടെക്നിക്കൽ സൈഡിലും സ്ത്രീകളുണ്ടായിരുന്നു ആദ്യം. പക്ഷെ കോവിഡ് സമയത്ത് ചില വ്യക്തിപരമായ കാരണങ്ങളാൽ അവർ വിട്ടുപോവുകയായിരുന്നു. ഗാനരചനയിലും സംവിധാന ടീമിലും സ്ത്രീ സാന്നിധ്യമുണ്ട്. ഗാനരചനയിൽ സ്ത്രീകളുടെ സാന്നിധ്യം സിനിമാമേഖലയിൽ കുറവാണല്ലോ. സ്‌മിത അമ്പു ആണ് 'ഡിവോഴ്‌സി'ലെ ഗാനരചന നിർവഹിച്ചത്.
ചിത്രത്തിലെ കാസ്റ്റിങ്ങ്?
ഓഡിഷനിലൂടെയും അല്ലാതെയും അഭിനേതാക്കളെ തിരഞ്ഞെടുത്തിട്ടുണ്ട്. കോവിഡ് സമയത്തായിരുന്നു ഇതെല്ലാം ആരംഭിച്ചത്. അതുകൊണ്ട് ഓൺലൈനിലൂടെയായിരുന്നു ഓഡിഷൻ . ആക്റ്റിങ്ങ് വർക്ക് ഷോപ്പ് എന്ന ചിന്ത ഉണ്ടായിരുന്നെങ്കിലും അതിനുള്ള സമയം ലഭിച്ചില്ല. സാമ്പത്തിക വർഷം അവസാനിക്കാറായി എന്ന കാരണത്താൽ പെട്ടെന്നു തന്നെ ഷൂട്ട് തുടങ്ങണമെന്ന് പറഞ്ഞിരുന്നു.
'സ്ത്രീ സംവിധായകരുടെ സിനിമ' എന്ന പദ്ധതിയെ എങ്ങനെ നോക്കി കാണുന്നു?
വളരെ മികച്ചൊരു പദ്ധതിയാണ് ഇതെന്നു പറയാം. രാജ്യത്തു തന്നെ ആദ്യമായിട്ടായിരിക്കും ഇത്തരത്തിലൊന്ന്. കെഎസ്എഫ്‌ഡിസി യുടെ ആദ്യത്തെ പദ്ധതിയാണ്, അതിന്റേതായ കുറവുകളും ഇതിനുണ്ട്. ടെക്നിക്കലായിട്ടുള്ള പിന്തുണയും സിനിമ പൂർത്തീകരിക്കാൻ ആവശ്യമുണ്ടെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് ഇതിനും മികച്ച രീതിയിൽ പദ്ധതികൾ ആവിഷ്‌കരിച്ച് മുന്നോട്ടു പോകുമെന്നാണ് പ്രതീക്ഷ.
ആദ്യ സംവിധാന സംരംഭം റിലീസാകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് മിനി ഇപ്പോൾ. "നമ്മുടെ അധ്വാനത്തിന്റെ ഫലം പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഇനി അത് ആസ്വാദകരുടെ കൈകളിലാണ്."
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.