സോഷ്യൽ മീഡിയയിലൂടെ പോപ്പുലറായ അനവധി താര ദമ്പതികളുണ്ട്. കപ്പിൾ വ്ളോഗ്‌സ്, റീൽസ്, എന്റർടെയിൻമെന്റ് വീഡിയോകൾ എന്നിവയിലൂടെ പലരും ആരാധകരെ സൃഷ്‌ടിച്ചപ്പോൾ തങ്ങളുടെ അഭിപ്രായങ്ങൾ തുറന്നു പറയുന്നതിലൂടെ ശ്രദ്ധ നേടിയ കപ്പിളാണ് ഉണ്ണിയും വിയയും. സിനിമാ റിവ്യൂകൾ ചെയ്‌താണ് ‘ഉണ്ണി വ്ളോഗ്‌സ്’ യൂട്യൂബ് ഓഡിയൻസിനെ ആകർഷിച്ചത്. വിവാഹ ശേഷം വിയയും വീഡിയോസ് ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി വിഷയങ്ങൾ സംസാരിച്ച് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ് ഉണ്ണിയും വിയയും ഇന്ന്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സുഹൃത്തുക്കളാവുകയും പിന്നീട് വിവാഹിതരാവുകയും ചെയ്ത ഉണ്ണിയും വിയയും ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് മനസ്സ് തുറക്കുന്നു.
ഒരു റിലേഷൻഷിപ്പിനെ മനോഹരമാക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ്?
വിയ: ഒരു ബന്ധത്തിൽ എന്തെങ്കിലും വഴക്കുണ്ടായാൽ അത് വളരെ സമാധാനപരമായി കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കാറുണ്ട്. അതെനിക്ക് നിർബന്ധമാണ്.
ഉണ്ണി: നല്ലൊരു റിലേഷൻഷിപ്പിന്റെ തുടക്കം നിങ്ങളുടെ ആദ്യ വഴക്കിന് ശേഷമായിരിക്കും. അങ്ങനെയുള്ള അഭിപ്രായ വ്യത്യാസങ്ങളെ അതിജീവിക്കുമ്പോഴാണ് ഒരു റിലേഷൻഷിപ്പ് ശരിക്കും തുടങ്ങുന്നത്. വിയ പറഞ്ഞതു പോലെ വളരെ സമാധാനപരമായി അതെല്ലാം കൈകാര്യം ചെയ്യാൻ കഴിയുക, പരസ്‌പരം എന്തും തുറന്ന് പറയാൻ പറ്റുക അതെല്ലാമായിരിക്കാം റിലേഷൻഷിപ്പിനെ ബ്യൂട്ടിഫുള്ളാക്കുന്നതെന്നാണ് എന്റെ അഭിപ്രായം. അതിപ്പോ റൊമാന്റിക്ക് റിലേഷൻഷിപ്പിൽ മാത്രമല്ല, സൗഹൃദമായാലും അങ്ങനെ തന്നെ.
മനപൂർവ്വമായി എടുക്കുന്ന ചില എഫർട്ടുകളും ഒരു റിലേഷൻഷിപ്പിന്റെ മുന്നോട്ടു പോകലിന് ആവശ്യമല്ലേ?
വിയ: പല രീതിയിലുള്ള ഘട്ടങ്ങൾ ഒരു റിലേഷൻഷിപ്പിലുണ്ട്. ഞാനും ഉണ്ണിയും പല ഫെയ്‌സുകളിലൂടെ കടന്നു പോയിട്ടുണ്ട്. അതിൽ തന്നെ ബുദ്ധിമുട്ടേറിയ ഫെയ്‌സുകൾ മറികടന്നത് കുറച്ച് എഫർട്ട് എടുത്തു തന്നെയാണ്. അങ്ങനെ എഫർട്ടെടുത്ത് മറികടന്നു പോവുമ്പോൾ പിന്നീട് അത്ര ശ്രമകരമല്ലാതെ തന്നെ കാര്യങ്ങൾ നോക്കികാണാവുന്ന ഒരു ഫെയിസിലെത്തുമാണ് എന്റെ അനുഭവം.
ഉണ്ണി: എഫർട്ടെടുക്കുക എന്ന് പറയുമ്പോൾ കഷ്ടപ്പെട്ട് ഇഷ്ടപ്പെടുക എന്ന അവസ്ഥയിലെത്തരുത്. പ്രശ്‌നങ്ങളുണ്ടാകുമ്പോൾ സംസാരിച്ച് പരിഹരിക്കാൻ നോക്കണം, പക്ഷെ അത് ഒരിക്കലും അഡ്‌ജസ്‌റ്റ് ചെയ്യുക എന്ന രീതിയലല്ല. വിയ ഒരിക്കൽ പറഞ്ഞിട്ടുണ്ട്, നൂറ് ശതമാനം പെർഫക്റ്റായ റിലേഷൻഷിപ്പില്ലയെന്നത്. ഒരു 75 ശതമാനമൊക്കെ നിങ്ങൾ കംഫോർട്ടമ്പിളായിരിക്കും, ബാക്കിയെല്ലാം ബാലൻസ് ചെയ്യുന്നതിലാണ് കാര്യം.
വ്യക്തമായ അഭിപ്രായങ്ങളുള്ള ആളുകളാണല്ലോ, അതുകൊണ്ട് എന്തായാലും അഭിപ്രായ വ്യത്യാസങ്ങളും കാണും.അതെങ്ങനെയാണ് കോംപ്രമൈസ് ചെയ്യാറുള്ളത്
വിയ: ഞങ്ങൾ രണ്ട് എയിഞ്ച് ഗ്രൂപ്പിലുള്ള ആളുകളാണ്. അതുകൊണ്ട് തന്നെ ഞങ്ങളുടെ ചിന്തകളിലും ആ വ്യത്യാസമുണ്ട്. ഞാൻ 20കളിലൂടെ കടന്നു പോകുന്നയാളാണ്, പറയുന്ന സ്റ്റേറ്റ്‌മെന്റുകളിൽ തന്നെ മുറുകെ പിടിക്കുകയും ചെയ്യും. അപ്പോൾ അതിനെ എതിർത്ത് എന്തെങ്കിലും പറഞ്ഞാൽ എനിക്കു വേദനിക്കും. പക്ഷെ അത് വലിയ പ്രശ്‌നങ്ങളിലേക്ക് പോകാറില്ല.
ഉണ്ണി: അഭിപ്രായങ്ങളിൽ വ്യത്യസമുണ്ടാകാറുണ്ട്. സംഘർഷങ്ങളും ഉണ്ടാവും, ഒരു റിലേഷൻഷിപ്പും പെർഫെക്റ്റല്ലല്ലോ. പക്ഷെ പരസ്‌പരം പറഞ്ഞ് അതിൽ ഒരു വ്യക്തത വരുത്താറുണ്ട്.
പ്രണയത്തിൽ നിന്ന് ഒരുമിച്ച് ജീവിക്കുക എന്ന തീരുമാനത്തിൽ എത്തിയവരാണല്ലോ നിങ്ങൾ… ആ തീരുമാനം ജീവിതത്തിൽ കൊണ്ടുവന്ന മാറ്റങ്ങൾ?
വിയ: ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ ആരംഭിച്ചപ്പോൾ ഞാൻ വളരെ ചെറുപ്പമായിരുന്നു. അനുഭവങ്ങളിലൂടെയാണ് കുറെ കാര്യങ്ങൾ പഠിച്ചത്. അതിൽ സാമ്പത്തികമായ കാര്യങ്ങളുമുണ്ട്. വിവാഹം കഴിഞ്ഞ് ആദ്യത്തെ ആറു മാസം കൊണ്ടു തന്നെ ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു.
ഉണ്ണി: എവിടെയിരിക്കുമ്പോഴാണ് ഏറ്റവും ശാന്തനാവാൻ കഴിയുക, അതാണെനിക്ക് ഹോം. വിയയെ ആദ്യമായി കണ്ട് സംസാരിച്ചതിനു ശേഷം അന്ന് വൈകീട്ട് ഞാൻ പറഞ്ഞത് ‘ഐ ഫീൽ ഹോം’ എന്നാണ്. അവിടെ സാമ്പത്തികമായ കാര്യങ്ങളേക്കാൾ പ്രാധാന്യം ഇമോഷണലായിട്ടുള്ള കാര്യങ്ങൾക്കാണെന്ന് തോന്നുന്നു.
പ്രിയ വാര്യർ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു, ഒരു റിലേഷൻഷിപ്പിലായിരിക്കുമ്പോൾ എപ്പോഴും പൊളിറ്റിക്കലി കറക്‌റ്റാവാൻ പറ്റില്ലെന്നത്. ഈ സ്റ്റേറ്റ്മെന്റിനെ കുറിച്ചുള്ള അഭിപ്രായം…
വിയ: അതു ശരിയാണെന്നാണ് എനിക്കു തോന്നുന്നത്. റിലേഷൻഷിപ്പിന്റെ കൂടെ പാക്കേജായി വരുന്ന കാര്യമാണ് പൊസ്സസീവ്നെസ്സ്, പക്ഷെ അതിന് ഒരു ബൗണ്ടറി വേണം. പൊളിറ്റിക്കൽ കറക്‌റ്റ്നസ് എപ്പോഴും റിലേഷൻഷിപ്പിൽ ഉണ്ടാകണമെന്നില്ല, എന്നാൽ തെറ്റ് തിരുത്താനും അതിനു മാപ്പ് നൽകാനുമുള്ള മനസ്സ് വേണം. എന്നുവച്ച് ടേക്കൺ ഫോർ ഗ്രാന്റഡ് എന്ന ആറ്റിറ്റ്യൂഡ് പാടില്ല.
ഉണ്ണി: എപ്പോഴും ഒരാൾക്ക് പൊളിറ്റിക്കലി കറക്റ്റാകാൻ പറ്റില്ല. എന്നാൽ അത് വിചാരിച്ച് എന്തും പറയാമെന്നല്ല. തെറ്റു മനസ്സിലാക്കി അത് അനുസരിച്ച് പിന്നീട് പെരുമാറുകയാണെങ്കിൽ ഓക്കെയാണ്.
ഭാര്യ എന്ന വാക്കിനോട് വിയയ്‌ക്കൊരു വിരക്തിയുണ്ടെന്നു കേട്ടു, അത് എന്തുകൊണ്ടാണ്?
വിയ: ഭാര്യ എന്ന വാക്കിൽ ഒരുപാട് ഉത്തരവാദിത്വങ്ങൾ ഉണ്ട്. ആ വാക്കുമായി ചേർന്നു വരുന്ന കാര്യങ്ങൾ വളരെ പ്രോബ്ലമാറ്റിക്കാണെന്ന് തോന്നിയിട്ടുണ്ട്. ചിലപ്പോൾ നമ്മൾ വളർന്നത് അങ്ങനെയുള്ളൊരു സിസ്റ്റത്തിലായതു കൊണ്ടാകാം. ആ വാക്കിന് ഒരു സ്വാതന്ത്ര്യമില്ലെന്നാണ് എന്റെ തോന്നൽ, എനിക്ക് ഞാനായിരിക്കാൻ ആ വാക്ക് ഒരു തടസ്സമാണ്.
ഉണ്ണി: നമ്മുടെ സാമൂഹ്യ വ്യവസ്ഥയുടെ ഭാഗമായിട്ട് ഭാര്യ- ഭർത്താവ് എന്ന വാക്കുകൾക്ക് ഒരുപാട് ഉത്തരവാദിത്വങ്ങളുണ്ട്. ഞങ്ങൾ നല്ല പാർട്‌ണേഴ്‌സാണ്, ഞങ്ങളുടെ പാർട്ടർഷിപ്പ് നന്നായി പോകുന്നുണ്ട്. അതിനിടയിൽ ഈ സാമൂഹൃ വ്യവസ്ഥ കുത്തി നിറയ്ക്കണമെന്ന് തോന്നിയിട്ടില്ല.
നിങ്ങളുടെ വീഡിയോസിലോട്ട് വന്നാൽ, ഒരുമിച്ച് ചെയ്യുന്ന വീഡിയോസിനൊക്കെ എങ്ങനെയാണ് തയാറാറെടുക്കാറുള്ളത്?
വിയ: സത്യത്തിൽ ഞങ്ങൾ ഒന്നിച്ചു ചെയ്യുന്നതിനൊന്നിനും ഇതുവരെ പ്രിപ്പെയർ ചെയ്‌തിട്ടില്ല. ഉണ്ണി പറഞ്ഞു നിർത്തുന്ന സ്ഥലത്തു നിന്ന് എനിക്ക് സ്റ്റാർട്ട് ചെയ്യാൻ പറ്റാറുണ്ട്. അത് ചിലപ്പോൾ ആ കംഫർട്ട് സോണുള്ളത് കൊണ്ടായിരിക്കും.
ഉണ്ണി: വിയ പറഞ്ഞു തുടങ്ങുമ്പോൾ തന്നെ ഇത് എവിടെയാണ് നിർത്താൻ പോകുന്നതെന്ന് എനിക്കറിയാം. ഇപ്പോ ആരെങ്കിലും ഒരാൾ സംസാരിക്കുമ്പോൾ ഒരു തെറ്റ് സംഭവിച്ചാലും അത് മറ്റെയാൾ ഹാൻഡിൽ ചെയ്‌ത് പൊയ്‌ക്കോളും.
ഒരേ പാഷനായതു കൊണ്ട് തന്നെ എന്തെങ്കിലും കോമൺ ഗോളുണ്ടോ?
വിയ: ഉണ്ണിയുടെ ചാനൽ കുറച്ചു കൂടി വളരണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പുതിയ കാര്യങ്ങൾ ചെയ്യാനായി ഞാൻ പ്രോത്സാഹിപ്പിക്കാറുമുണ്ട്. ഉണ്ണിയുടെ കാര്യത്തിൽ ഞാനാണ് കൂടുതൽ അംബീഷ്യസെന്ന് തോന്നുന്നു.
ഉണ്ണി: എന്നാൽ എനിക്ക് നേരെ തിരിച്ചാണ്. വിയയുടെ കാര്യത്തിലാണ് എനിക്കു കൂടുതൽ ഗോളുള്ളത്. ഒരുപാട് ടോക്കുകളൊക്കെ ചെയ്യുന്ന ഒരാളാകണം വിയ എന്നാണ് എന്റെ ആഗ്രഹം. പത്ത് വർഷങ്ങൾക്കപ്പുറം ഞാൻ എന്നെ കാണുന്നത് ഒരു കൊച്ചു വീടും പട്ടികുട്ടിയുമൊക്കെയായി സമാധാനമായിരിക്കുന്ന ഒരാളായാണ്. ആ സമയം അവധി ദിവസങ്ങളിൽ എന്നെ കാണാൻ ഓടി വരുന്ന വിയ. ആദ്യം കാണുമ്പോൾ ഞങ്ങൾക്കിടയിലുണ്ടായ ആ വൈബ് എന്നും നിലനിർത്തുക എന്നതാണ് എന്റെ കോമൺ ഗോൾ.
വാലന്റൈന്‍സ് ഡേയൊക്കെ ആയിരുന്നല്ലോ? എങ്ങനെയായിരുന്നു ആഘോഷങ്ങളൊക്കെ?
വിയ: വാലന്റൈന്‍സ് ഡേ അത്രയങ്ങ് ആഘോഷിക്കാറില്ല എന്ന് പറയാം. ലിവിങ്ങ് റിലേഷൻഷിപ്പിലും, ലോങ്ങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പിലുമൊക്കെയുള്ളവരാണ് കൂടുതൽ ആഘോഷിക്കുന്നതെന്ന് തോന്നുന്നു. പ്രിയപ്പെട്ടവർക്കൊപ്പം സമയം ചെലവഴിക്കുക എന്നത് നല്ല കാര്യമാണ്. സ്ഥിരം കാണുന്നവർക്ക് ആ ദിവസത്തിന് അത്ര പ്രത്യേകതയുണ്ടാകില്ല. പക്ഷെ വല്ലപ്പോഴുമൊക്കെ മീറ്റ് ചെയ്യുന്ന പ്രണയിതാക്കൾക്ക് ആ ദിവസം സ്‌പെഷ്യലായിരിക്കും.
ഉണ്ണി: വാലന്റൈന്‍സ് ഡേ വളരെ കൊമേഴ്ഷ്യൽ വാല്യൂ ഉള്ളൊരു ദിവസമായി എനിക്ക് തോന്നുന്നു. മാർക്കറ്റുകളിൽ ഗിഫ്റ്റുകൾ നിറയും. പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ നൽകുന്നതും രസമുള്ളൊരു കാര്യമാണല്ലോ. പ്രണയിക്കുന്നയാൾക്ക് ഇടയ്‌ക്കൊരു ഗിഫ്റ്റ് കൊടുക്കണമെങ്കിൽ ഈ ദിവസം തിരഞ്ഞെടുക്കാമെന്ന് തോന്നുന്നു. ചിലപ്പോൾ ഞങ്ങളും ചെറിയ ചോക്ലേറ്റ് നൽകുകയോ ഡിന്നർ പ്ലാൻ ചെയ്യുകയോ അങ്ങനെ എന്തെങ്കിലുമൊക്കെ സെറ്റു ചെയ്യുമായിരിക്കും.