scorecardresearch

വേഷങ്ങൾ കാത്തിരിക്കുന്നു, ഇനിയും അഭിനയിക്കണം; വിജയകുമാരിയുമായി ദീർഘ സംഭാഷണം

12-ാം വയസ്സിൽ നാടകലോകത്തേക്ക്.... അരങ്ങിൽ സപ്തതി പൂർത്തിയാക്കുമ്പോൾ 10028 ലേറെ വേദികളിൽ വിജയകുമാരി നാടകം അവതരിപ്പിച്ചു കഴിഞ്ഞു, ഒപ്പം അമ്പതോളം സിനിമകൾ, സീരിയലുകൾ… സമാനതകളില്ലാത്ത ജീവിതം പറഞ്ഞ് വിജയകുമാരി

12-ാം വയസ്സിൽ നാടകലോകത്തേക്ക്.... അരങ്ങിൽ സപ്തതി പൂർത്തിയാക്കുമ്പോൾ 10028 ലേറെ വേദികളിൽ വിജയകുമാരി നാടകം അവതരിപ്പിച്ചു കഴിഞ്ഞു, ഒപ്പം അമ്പതോളം സിനിമകൾ, സീരിയലുകൾ… സമാനതകളില്ലാത്ത ജീവിതം പറഞ്ഞ് വിജയകുമാരി

author-image
Dhanya K Vilayil
അപ്‌ഡേറ്റ് ചെയ്‌തു
New Update
Vijayakumari, actress Vijayakumari, O Madhavan, Mukesh

കൊല്ലം കന്റോൺമെന്റ് സ്കൂൾ വിദ്യാർത്ഥിനിയായിരുന്ന കിലുക്കാംപെട്ടിയായൊരു പെൺകുട്ടി, വിജയകുമാരി. 12-ാം വയസ്സിൽ അപ്രതീക്ഷിതമായി നാടകലോകത്ത് എത്തിപ്പെടുന്നു, കേരളത്തിന്റെ കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിനു അടിത്തറ പാകിയ കെപിഎസിയുടെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നു. നാടകപ്രവർത്തനവും വിപ്ലവമായൊരു കാലത്തിലാണ് വിജയകുമാരിയെന്ന കലാകാരിയുടെയും ഉദയം. പിന്നീടങ്ങോട്ട്, അരങ്ങിനെ ആത്മാവിന്റെ ഭാഗമായി കണ്ട് 10028 ലേറെ വേദികളിലാണ് വിജയകുമാരി നാടകം അവതരിപ്പിച്ചത്. ഏഴു പതിറ്റാണ്ട് പിന്നിടുന്ന അഭിനയജീവിതത്തിനിടെ നിരവധി നാടകങ്ങൾ, അമ്പതോളം സിനിമകൾ, സീരിയലുകൾ….

Advertisment

പ്രായം എൺപതുകളിൽ എത്തിനിൽക്കുമ്പോഴും അഭിനയമോഹമാണ് വിജയകുമാരിയുടെ മനസ്സു നിറയെ. ഇടക്കാലത്ത് രോഗശയ്യയിലേക്ക് വീണുപോയെങ്കിലും അഭിനയത്തോടുള്ള അഭിനിവേശം അതിനെയെല്ലാം തരണം ചെയ്ത് വിജയകുമാരിയെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നു. അഭിനയത്തെ കുറിച്ചു സംസാരിക്കുമ്പോഴെല്ലാം ആ കണ്ണുകൾ കൂടുതൽ തിളങ്ങി, വാക്കുകളിൽ ഉന്മേഷം നിറഞ്ഞു, "ആളുകൾ വിചാരിച്ചിരിക്കുന്നത് ഞാൻ വയ്യാതെ ഇരിക്കുകയാണെന്നാണ്, ഞാനിപ്പോൾ ഉഷാറാണ്, അഭിനയിക്കാൻ വിളിച്ചാൽ റെഡി".

കൊല്ലം പട്ടത്താനത്തെ വീട്ടിലിരുന്ന് സമാനതകളില്ലാത്ത തന്റെ ജീവിതകഥ വിജയകുമാരി പറഞ്ഞുതുടങ്ങി. നക്ഷത്രത്തിളക്കത്തോടെ ഓർമ്മകൾ അവരുടെ മനസ്സിൽ നിന്നിറങ്ങി വന്ന് ഊഴം കാത്തിരുന്നു! ഇടയ്ക്ക് വർഷമോ പേരോ തെറ്റിപ്പോയെന്നു തോന്നുമ്പോൾ തിരിഞ്ഞ് അനിയത്തി പ്രസന്നയെ ഒന്നു നോക്കും. വർഷങ്ങളായി ചേച്ചിയുടെ നിഴലായി കൂടെയുള്ള പ്രസന്നയ്ക്ക് മനസ്സിലാവും ആ നോട്ടത്തിന്റെ അർത്ഥം, ചേച്ചിയ്ക്ക് തെറ്റിപ്പോയ വർഷം പ്രസന്ന ഓർത്തെടുത്തു പറയും.

publive-image
വിജയകുമാരി
Advertisment

അമ്മ വളർത്തിയ കുട്ടി
ജീവിതത്തിൽ അച്ഛനെ കണ്ട ഓർമ പോലുമില്ല വിജയകുമാരിയ്ക്ക്. വിജയകുമാരി ആറുമാസം പ്രായമുള്ളപ്പോഴാണ് അച്ഛൻ പരമു പണിക്കർ മരിച്ചത്. പിന്നീട് വിജയകുമാരിയെ വളർത്തിയത് അമ്മ ഭാർഗ്ഗവിയും അമ്മയുടെ അമ്മ കുഞ്ഞിപ്പെണ്ണും ചേർന്നാണ്. കൊല്ലത്തെ കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയായിരുന്നു ഭാർഗ്ഗവി. പത്തൊൻപതാം വയസ്സിൽ വൈധവ്യം ഏറ്റുവാങ്ങേണ്ടി വന്നിട്ടും ഭാർഗ്ഗവി തളർന്നില്ല, സഹോദരങ്ങളുടെ മുന്നിൽ കൈനീട്ടിയില്ല. കശുവണ്ടി ഫാക്ടറിയിലെ ഒരു സാധാ തൊഴിലാളിയിൽ നിന്നും ഭാർഗ്ഗവി പിന്നീട് അവിടുത്തെ സ്ത്രീകളുടെ നേതാവായി മാറി, സഖാവ് ഭാർഗ്ഗവിയായി. അമ്മയും അമ്മൂമ്മയും അല്ലല്ലുകളൊന്നും അറിയിക്കാതെയാണ് വിജയകുമാരിയെ വളർത്തിയത്.

ഇടയ്ക്ക് അമ്മയുടെ നിർബന്ധത്തിനു വഴങ്ങി ഭാർഗവി വീണ്ടും വിവാഹിതയായി, പൊലീസുകാരനായ കൃഷ്ണൻകുട്ടിയായിരുന്നു വരൻ. വിജയകുമാരിയുടെ സംരക്ഷണം അതോടെ അമ്മമ്മ കുഞ്ഞിപ്പെണ്ണ് ഏറ്റെടുത്തു. രണ്ടാം വിവാഹത്തിൽ ഭാർഗവിയ്ക്ക് ഒരു മകൾ കൂടി പിറന്നു, പ്രസന്ന. എന്നാൽ, ഭർത്താവിന് മറ്റൊരു ബന്ധം കൂടിയുണ്ടെന്ന് മനസ്സിലാക്കിയതോടെ ഭാർഗവി പ്രസന്നയേയും എടുത്ത് വീടുവിട്ടിറങ്ങി, കുഞ്ഞിപ്പെണ്ണിനും വിജയകുമാരിയ്ക്കും അടുത്തേക്ക് തിരികെ വന്നു.

publive-image
ഭാർഗവിയമ്മ, ഇളയമകൾ പ്രസന്നയുടെ വിവാഹസമയത്തെടുത്ത ചിത്രം

അമ്മയും അമ്മമ്മയും അനിയത്തിയും മാത്രമുള്ള ആ പെൺവീട്ടിൽ സന്തോഷത്തോടെ വിജയകുമാരി വളർന്നു. കന്റോൺമെന്റ് സ്കൂളിൽ പഠിക്കുമ്പോഴാണ് വിജയകുമാരിയെന്ന പന്ത്രണ്ടു വയസ്സുകാരിയുടെ ജീവിതം ഗതിമാറി ഒഴുകാൻ തുടങ്ങിയത്. ഒരു നിയോഗം പോലെ, തന്നെ കാണാനായി സ്കൂളിലെത്തിയ അപരിചിതരായ ആ മൂന്നുപേരെ വിജയകുമാരി ഇപ്പോഴും ഓർക്കുന്നു.

"അച്ഛനില്ലെങ്കിലും അമ്മ ഞങ്ങളെ ഒരു കുറവും വരുത്താതെയാണ് വളർത്തിയത്. കലാപാരമ്പര്യമൊന്നും എടുത്തുപറയാൻ ഇല്ലാത്ത കുടുംബമായിരുന്നു ഞങ്ങളുടേത്. അക്കാലത്ത് എനിക്കറിയാമായിരുന്ന ഏക കലാകാരി, അച്ഛന്റെ പെങ്ങളുടെ മകളായ സുധർമ അക്ക മാത്രമാണ്, സ്കൂളിൽ സംഗീതാധ്യാപികയായിരുന്നു അക്ക. ഇടയ്ക്ക് ക്ഷേത്രങ്ങളിൽ കച്ചേരി അവതരിപ്പിക്കും, അഭിനയിക്കുകയും ചെയ്യും. കെപിഎസിയിലെ നടി ആയിരുന്നു സുധർമ അക്ക.

അന്ന് കുട്ടികളെയൊന്നും അങ്ങനെയാരും നാടകത്തിനു വിടാത്ത കാലമാണ്. 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' നാടകത്തിൽ ഒരു കുട്ടിയെ വേണം. പറ്റിയൊരു കുട്ടിയെ തേടി കെപിഎസിക്കാർ നടന്നു കുഴഞ്ഞിരിക്കുകയാണ്. കുട്ടിയെ കിട്ടിയാലേ റിഹേഴ്സൽ തുടങ്ങാനാവൂ. അന്നേരമാണ് സുധർമ അക്ക എന്നെ കുറിച്ച് പറയുന്നത്, "എനിക്കറിയാവുന്ന ഒരു കൊച്ചുണ്ട്, അവര് വിടുമോ എന്നറിഞ്ഞുകൂട. കന്റോൺമെന്റ് സ്കൂളിലാണ് കുട്ടി പഠിക്കുന്നത്, നിങ്ങള് കുട്ടിയെ ഒന്നുപോയി കാണൂ, ആ കുട്ടി മതിയെങ്കിൽ ബാക്കി കാര്യം ഞാനേറ്റു."

അങ്ങനെ ഒരു ദിവസം എന്നെ കാണാനായി മൂന്നുപേർ സ്കൂളിൽ വന്നു, കാമ്പിശ്ശേരി കരുണാകരൻ, അഡ്വക്കറ്റ് ജനാർദ്ദന കുറുപ്പ്, കൊടാകുളങ്ങര വാസു പിള്ള… അതൊരു വെള്ളിയാഴ്ചയായിരുന്നു. അവർ വരുമ്പോൾ ഞാൻ കുട്ടികൾക്കൊപ്പം കളിയിൽ മുഴുകി നിൽക്കുകയാണ്. മോണിറ്റർ വന്നു പറഞ്ഞു, "വിജയകുമാരിയുടെ വീട്ടിൽ നിന്ന് മൂന്നാലു ആണുങ്ങൾ കാണാൻ വന്നിട്ടുണ്ട്". 'എന്നെയാവില്ല, എന്റെ വീട്ടിൽ നിന്ന് വരാൻ ആരുമില്ല, അമ്മ ഫാക്ടറിയിൽ പോയേക്കുന്നു, അനിയത്തി മാത്രമേയുള്ളൂ പിന്നെ' അതും പറഞ്ഞ് ഞാൻ പിന്നെയും ഓടിപ്പോയി കളി തുടർന്നു. പക്ഷേ, എന്നെ കാണാതെ പോവാൻ അവർ ഒരുക്കമല്ലായിരുന്നു. കുറച്ചുകഴിഞ്ഞ് മോണിറ്റർ വീണ്ടും വന്നു, "എന്തായാലും മോള് അവിടെ വരെ ഒന്നു വന്നു നോക്കിയിട്ട് പോവൂ".

ഞാൻ ചെന്നു നോക്കുമ്പോൾ വന്ന ആണുങ്ങളെയൊന്നും എനിക്ക് പരിചയമില്ല.
അവരെന്നോട്, "പേരെന്താ?" എന്നു ചോദിച്ചു.
"വിജയകുമാരി",
"എത്രാം ക്ലാസ്സിൽ പഠിക്കുന്നു?"
"എട്ടാം ക്ലാസ്സിൽ."
"വീട്ടിലെത്ര പേരുണ്ട്?"
"അമ്മേം അനിയത്തിയും മാത്രമേയുള്ളൂ."
ചോദിച്ചതിനെല്ലാം ചറപറ മറുപടികൾ പറഞ്ഞപ്പോൾ അവര് തമ്മിൽ പറയുന്നുണ്ട്, 'ഇത് നാണിച്ചൊന്നും നിൽക്കുന്ന കൂട്ടത്തിലല്ല, കഥാപാത്രത്തിനു പറ്റിയ കുട്ടിയാണ്.' എന്നിട്ട് എന്നെ നോക്കി, "അനിയത്തി പോയി കളിച്ചോ," എന്നു പറഞ്ഞു.

"സുധർമ അക്കയോട്, "ആ കൊച്ചിനെ കിട്ടുവാണേൽ കൊള്ളാം" എന്നവർ അറിയിച്ചു. അക്ക അന്നു വൈകിട്ട് തന്നെ വീട്ടിലെത്തി, അമ്മയെ വിളിച്ചു കിണറ്റുകരയിൽ കൊണ്ടുപോയി കാര്യം അവതരിപ്പിച്ചു. "തോപ്പിൽ ഭാസി ഒളിവിൽ കിടന്നെഴുതിയ നാടകമാണ്, കമ്മ്യൂണിസ്റ്റുകാരുടെ നാടകമാണ്. നമ്മുടെ വിജിയെ അവർക്കങ്ങ് ഇഷ്ടപ്പെട്ടു. നമുക്ക് ഒന്ന് വിട്ടുനോക്കിയാലോ?"
അമ്മയാകെ വിരണ്ടു. "അയ്യോ, മിണ്ടല്ലേ, അപ്പുറത്തെ അമ്മാവന്മാരൊക്കെ കേട്ടാൽ പ്രശ്നമാണ്, അവരൊക്കെ കോൺഗ്രസുകാരാണ്, അറിഞ്ഞാൽ വച്ചേക്കില്ല."

അവരൊന്നുമറിയാതെ നമുക്ക് നോക്കാമെന്ന് സുധർമ അക്ക അമ്മയ്ക്ക് ഉറപ്പുകൊടുത്തു. "പോവുന്നതൊക്കെ കൊള്ളാം. നല്ല അച്ചടക്കത്തോടെ പോവണം, ഒരു ചീത്തപ്പേരും കേൾപ്പിക്കരുത്, എന്നാലേ നമുക്ക് നല്ല ബന്ധങ്ങൾ കിട്ടൂ," അമ്മ എന്നോട് പറഞ്ഞ ഏക ഉപദേശമതാണ്. എനിക്കാണെങ്കിൽ അന്ന് കളിക്കൂട്ടുകാരില്ല, പഠിച്ച സ്ഥലത്തൊന്നും ലവറുമില്ല. ആരെകൊണ്ടും ചീത്തപ്പേരു കേൾപ്പിക്കാൻ പാടില്ലെന്ന അമ്മയുടെ വാക്കുകൾ എന്റെ മനസ്സിൽ പച്ചക്കുത്തി കിടന്നു. സുധർമ അക്കയാണ് എന്നെ റിഹേഴ്സലിനു കൊണ്ടുപോവുന്നത്, തിരിച്ച് സമയത്ത് തന്നെ വീട്ടിലാക്കും. ആദ്യമൊന്നും കുടുംബക്കാർ ഒന്നുമറിഞ്ഞില്ല, എന്നാൽ, നാടകത്തിന്റെ നോട്ടീസ് പുറത്തുവന്നതോടെ എല്ലാവരും അറിഞ്ഞു. അമ്മയെ കുറ്റപ്പെടുത്താൻ ആളുകളുണ്ടായി. പക്ഷേ, അമ്മ അതൊന്നും ഗൗനിച്ചില്ല, അവർക്കൊക്കെ ചുട്ടമറുപടിയേകി, "വിവരവും വിദ്യഭ്യാസവുമുള്ള പാർട്ടിക്കാർക്ക് ഒപ്പമാണ് ഞാനെന്റെ മോളെ നാടകം കളിക്കാൻ വിട്ടത്."

"1952 ഡിസംബർ ആറിനായിരുന്നു നാടകത്തിന്റെ ഉദ്ഘാടനം. നാടകം കഴിഞ്ഞപ്പോൾ ആളുകൾ വലിയ കയ്യടിയായിരുന്നു. ഒരു നാടകത്തോടെ ഇതവസാനിക്കും എന്നോർത്താണ് ഞാൻ പോയത്, പക്ഷേ അന്നത്തെ ദിവസം തന്നെ 32 ബുക്കിംഗ് ആണ് നാടകത്തിനു കിട്ടിയത്. പാർട്ടിക്കാർക്ക് കാശില്ലാത്ത സമയമാണ്, അത്രയും ബുക്കിംഗ് വരുമ്പോൾ എന്തിനാണ് വേണ്ടെന്നു വയ്ക്കുന്നത് എന്ന് കെപിഎസിയും തീരുമാനിച്ചു. ആദ്യദിവസം നാടകം കാണാൻ അന്നത്തെ കേരളകൗമുദി പത്രാധിപർ കെ ബാലകൃഷ്ണ ചേട്ടനുണ്ടായിരുന്നു. നാടകം കഴിഞ്ഞ് പ്രസംഗിക്കുന്നതിനിടയിൽ അദ്ദേഹം, "ഒരു കഥാപാത്രത്തെ നമുക്ക് മറക്കാനാവില്ല, ആ കൊച്ച് കിലുകിലാംപെട്ടിയെ മാത്രം കണ്ടാൽ മതിയല്ലോ, എവിടെ ആ കുട്ടി, ഇങ്ങോട്ട് ഇറക്കിവിടൂ," എന്നു പറഞ്ഞ് എന്നെ സ്റ്റേജിലേക്ക് വിളിച്ച് അഭിനന്ദിച്ചു. എനിക്കു സന്തോഷവും അഭിമാനവുമൊക്കെ തോന്നി. അതോടെ നാടകം എനിക്കിഷ്ടമായി തുടങ്ങി, പിന്നെ പള്ളിക്കൂടത്തിൽ പോവണം എന്നൊന്നുമില്ലാതായി. ദിവസേന നാടകങ്ങളായിരുന്നു അന്നൊക്കെ. സ്കൂളുകളിൽ, കോളേജുകളിൽ, അമ്പലപറമ്പിൽ…. ജനക്കൂട്ടമാണ് എങ്ങും. അന്ന് ഷീറ്റും പായുമൊക്കെ കൊണ്ടാണ് ആളുകൾ നാടകത്തിനു വരിക. എന്നെ കാണുമ്പോഴൊക്കെ ആളുകൾ തിരിച്ചറിയും, സ്നേഹം കാണിക്കും."

"ഞാനന്ന് കുട്ടിയല്ലേ, കളിച്ചുകൊണ്ടിരിക്കുന്ന നാടകത്തിന്റെ പ്രാധാന്യത്തെ കുറിച്ചൊന്നും അറിയില്ലായിരുന്നു. ഒളിവിലായിരുന്ന കാലത്ത് സോമൻ എന്ന വ്യാജപ്പേരിൽ തോപ്പിൽ ഭാസി എഴുതിയ നാടകമായിരുന്നു അതെന്നൊക്കെ പിന്നീടാണ് ഞാൻ മനസ്സിലാക്കുന്നത്. അന്ന് ഈ നാടകം വേദികളിൽ അവതരിപ്പിക്കാൻ സർക്കാരിൽ നിന്നും വിലക്കുള്ള കാലമാണ്. എനിക്കിപ്പോഴും ഓർമ്മയുണ്ട്, നാടകം കഴിഞ്ഞയുടനെ മാഞ്ചേട്ടനെയും (ഒ. മാധവൻ) മറ്റും അറസ്റ്റ് ചെയ്യാനായി പൊലീസുകാർ വേദിയുടെ സമീപത്ത് കാത്തിരിക്കുന്നത്. അടുത്ത രംഗത്തോടെ നാടകം അവസാനിക്കും എന്നു മുൻകൂറായി അനൗൺസ് ചെയ്ത് പൊലീസുകാരെ തെറ്റിദ്ധരിപ്പിച്ച് അനൗൺസ്മെന്റ് തീരും മുൻപു തന്നെ മാഞ്ചേട്ടനും കൂട്ടരും സ്റ്റേജിനു പിറകിലൂടെ ഓടിരക്ഷപ്പെടുമായിരുന്നു. പാത്തും പതുങ്ങിയുമൊക്കെയായിരുന്നു അന്ന് വേദികളിൽ നിന്നും വേദികളിലേക്കുള്ള അവരുടെ സഞ്ചാരം."

ഒ മാധവൻ വരുന്നു, നാടകത്തിലേക്കും ജീവിതത്തിലേക്കും….

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ മാത്രമല്ല, വിജയകുമാരിയുടെ ജീവിതത്തിലും ഒരു നാഴികക്കല്ലായി മാറിയ നാടകമാണ് 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'. അഭിനയലോകത്തേക്ക് മാത്രമല്ല, സന്തോഷം നിറഞ്ഞൊരു ജീവിതത്തിലേക്ക് കൂടെയാണ് ആ നാടകം വിജയകുമാരിയെ നയിച്ചത്. ആദ്യ നാടകത്തിൽ ഒപ്പം സഹനടനായി വേഷമിട്ട ഒ. മാധവൻ വർഷങ്ങൾക്കപ്പുറം വിജയകുമാരിയുടെ ജീവിതപങ്കാളിയായി മാറി. ജീവനും ജീവിതവുമായിരുന്ന മാഞ്ചേട്ടൻ എന്ന ഒ മാധവനുമായുള്ള ആദ്യ കൂടിക്കാഴ്ച വിജയകുമാരി ഓർത്തെടുത്തു.

"നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' നാടകത്തിന്റെ റിഹേഴ്സൽ തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞപ്പോഴാണ്, ഒ. മാധവൻ വരുന്നു എന്നു കേൾക്കുന്നത്. ആളെ അറിയില്ലെങ്കിലും ആ പേര് എന്റെ അമ്മ പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്. അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രി എടുത്തതിനു ശേഷം മാഞ്ചേട്ടൻ എസ് എൻ കോളേജിൽ പഠിക്കുകയാണ് അന്ന്. വിദ്യാർത്ഥി സമരത്തിലൊക്കെ സജീവമാണ് മാഞ്ചേട്ടൻ. സമരത്തിന് പോയി പൊലീസുകാരിൽ നിന്നും നല്ല അടിയൊക്കെ കിട്ടിയിട്ടുണ്ട് ആൾക്ക്. ഒരിക്കൽ പൊലീസുകാർ അദ്ദേഹത്തിന്റെ നെറുകയിലെ മുടി പിഴുതെടുത്ത ഒരു സംഭവമുണ്ട്. അതിനെ കുറിച്ച് അക്കാലത്തൊരു പാട്ടൊക്കെ വന്നിരുന്നു.

"ഞങ്ങൾ പറഞ്ഞോ ഓ മാധവനുടെ തലമുടി പിഴുതു പറിക്കാൻ… ഇനി വോട്ടുതരുമെന്ന് കരുതാൻ പഴുതുണ്ടോ കോൺഗ്രസ്സേ… പഴുതുണ്ടോ കോൺഗ്രസ്സേ.. സ്റ്റേറ്റ് കാറിൽ സുഖമായി മന്ത്രി സർക്കീട്ട് ചെയ്താൽ പോരാ…" ആർഎസ്‌പിക്കാരുടെ ഒരു മീറ്റിംഗിനിടെ ഞാൻ ഈ പാട്ട് പാടിയിട്ടുണ്ട്, പാട്ട് പാടുമ്പോൾ ഒ മാധവൻ ആരാണെന്നും എനിക്കറിയില്ല.

publive-image
ഒ. മാധവൻ

മാഞ്ചേട്ടനെ കുറിച്ചുള്ള മറ്റൊരു കഥ, ഒരു സമരത്തിനിടെ അദ്ദേഹത്തെ പൊലീസുകാർ ഓടിച്ചിട്ട് പിടിക്കാൻ ശ്രമിക്കുകയാണ്. മാഞ്ചേട്ടൻ ഓടിയോടി അദ്ദേഹത്തിന്റെ കൂട്ടുകാരന്റെ വീട്ടിലെ ഓലമേഞ്ഞ മൂത്രപ്പുരയിൽ കയറി. പൊലീസുകാർ ആളെ തിരഞ്ഞ് ചുറ്റിലും കിടന്നു കറങ്ങുകയാണ്, അവിടുത്തെ ഉമ്മയാണ് അന്ന് രക്ഷയായത്. പൊലീസ് മാഞ്ചേട്ടനെ പിടിക്കുമെന്നായപ്പോൾ ഉമ്മ വേഗം ഒരു മൊന്തയിൽ വെള്ളവുമെടുത്ത് നേരെ മറയ്ക്ക് അകത്തേക്ക് കയറി, അകത്ത് ആളുണ്ടെങ്കിൽ ആ ഉമ്മ മൂത്രപ്പുരയിലേക്ക് കയറില്ലല്ലോ എന്നു കരുതി പൊലീസ് അവിടം വിട്ടു.

എന്തായാലും അമ്മ പറഞ്ഞു കേട്ട ഒ. മാധവനെ റിഹേഴ്സലിനു നേരിൽ കാണാൻ പറ്റിയതിന്റെ സന്തോഷത്തിൽ ഞാൻ ചെന്നു പരിചയപ്പെട്ടു. 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'യിൽ അയലത്തെ വീട്ടിലെ പപ്പു എന്ന കർഷക കഥാപാത്രത്തെയായിരുന്നു മാഞ്ചേട്ടൻ അവതരിപ്പിച്ചത്. ഞാൻ പരമുപിള്ളയുടെ മകൾ മീനാക്ഷിയെന്ന കഥാപാത്രത്തെയും. നാടകം പല വേദികളിലും ആവർത്തിച്ചു കളിച്ചപ്പോൾ, പരമുപിള്ളയെന്ന കഥാപാത്രത്തെ പലരും മാറിമാറി അവതരിപ്പിച്ചു. പൊലീസിന്റെ കയ്യിൽ നിന്നു പലപ്പോഴായി അടിയും ഇടിയും തൊഴിയുമൊക്കെ കിട്ടിയവരാണ് ഞങ്ങളുടെ സംഘത്തിലെ ഭൂരിഭാഗം ആണുങ്ങളും. പലർക്കും ആരോഗ്യപ്രശ്നങ്ങളുണ്ട്. ഉറക്കമൊഴിയാൻ പാടില്ല. ഒരു സുപ്രഭാതത്തിൽ, മാഞ്ചേട്ടനു അഭിനയിക്കാൻ കിട്ടിയത് പരമുപിള്ള എന്ന കഥാപാത്രത്തെയാണ്. അങ്ങനെ അച്ഛനും മകളുമായി ഞങ്ങൾ വേദിയിലെത്തി. പിന്നെയും നിരവധി നാടകങ്ങൾ, അദ്ദേഹത്തിന്റെ അനിയത്തിയായും മകളായും അമ്മയായുമൊക്കെ ഞാൻ അഭിനയിച്ചു.

മാഞ്ചേട്ടന് അന്നേ കല്യാണം ആലോചിക്കുന്നുണ്ട്, ഒന്നും ശരിയാവാതെ ഇരിക്കുകയാണ്. ഒരിക്കൽ മാഞ്ചേട്ടന്റെ അച്ഛനും അമ്മയും പാർട്ടിക്കാരോട് വന്നുപറഞ്ഞു, "ഇവനെയിങ്ങനെ നിർത്തരുത്, ഒരു കുടുംബം വേണ്ടേ, നിങ്ങളൊന്നു പറഞ്ഞ് കല്യാണം കഴിപ്പിക്കൂ". അതോടെ പാർട്ടിക്കാര് പോവുന്ന സ്ഥലത്തൊക്കെ മാഞ്ചേട്ടന് പെണ്ണു തിരയൽ തുടങ്ങി. പല ആലോചനകളും കൊണ്ടുവന്നെങ്കിലും അദ്ദേഹത്തിന് ആരെയും ഇഷ്ടപ്പെടുന്നില്ല. ഇടയ്ക്ക് ഞാൻ എന്റെ കുടുംബത്തിലെ ഒരു ചേച്ചിയേയും മാഞ്ചേട്ടനു വേണ്ടി ആലോചിച്ചു. "നിനക്കെന്താ പ്രാന്താണോ, എനിക്കൊന്നും വേണ്ട ആ കൊച്ചിനെ, ശരിയാവത്തില്ല," എന്നായിരുന്നു എനിക്ക് കിട്ടിയ മറുപടി.

ഒടുവിൽ കാമ്പിശ്ശേരി മാമനാണ് ഒരു കമ്മിറ്റിയ്ക്കിടയിൽ പറയുന്നത്, "എന്തിനാണ് പുറത്ത് പെണ്ണുതപ്പിനടക്കുന്നത്? നമ്മുടെ വിജി തന്നെ ആയാലെന്താ?" പൊതുവേ കല്യാണകാര്യം പറയുമ്പോൾ എന്തേലും തിരിച്ചു പറയുന്ന ആളാണ് മാഞ്ചേട്ടൻ, എന്നാൽ 'വിജി ആയാലെന്താ?' എന്നു ചോദിച്ചപ്പോൾ അദ്ദേഹമൊന്നും മിണ്ടിയില്ല. അദ്ദേഹത്തിന്റെ മനസ്സിൽ ഇഷ്ടമുണ്ടായിരുന്നു കാണണം. മാഞ്ചേട്ടന് അന്ന് 32 വയസ്സ്, എനിക്ക് 16ഉം. പക്ഷേ കാഴ്ചയിൽ ആ പ്രായവ്യത്യാസം തോന്നില്ലായിരുന്നു. എല്ലാവർക്കും അന്ന് മാഞ്ചേട്ടനോട് സ്നേഹവും ബഹുമാനവുമൊക്കെയാണ്, എന്റെ അമ്മാവനും അമ്മാവന്റെ മകനും അമ്മയോട് പറഞ്ഞു, "നിങ്ങളുടെ ഐശ്വര്യം തുടങ്ങാൻ പോവുകയാണ്, ഒരു കാരണവശാലും ഈ വിവാഹം വേണ്ടെന്ന് വയ്ക്കരുത്." മുഖ്യമന്ത്രിയായിരുന്ന അച്യുതൻമേനോനും കെപിഎസിയുടെ പ്രസിഡന്റായിരുന്ന ജി. ജനാർദ്ദകുറുപ്പും ചേർന്നാണ് അന്ന് ഞങ്ങളുടെ വിവാഹക്ഷണക്കത്ത് എഴുതിയത്. ഒഎൻവി കുറിപ്പിന്റെ കയ്യക്ഷരത്തിലാണ് കത്ത് അച്ചടിച്ചത്. കല്യാണത്തലേന്ന് പോലും ഞാനും മാഞ്ചേട്ടനും നാടകം കളിക്കാൻ പോയി, അതിൽ ഞാൻ അമ്മയും മാഞ്ചേട്ടൻ മകനുമായിട്ടാണ് അഭിനയിച്ചത്.

കെപിഎസിയിൽ നിന്നും കാളിദാസ കലാകേന്ദ്രയിലേക്ക്
"ഏഴു വർഷത്തോളം ഞങ്ങൾ കെപിഎസിയിൽ പ്രവർത്തിച്ചു. പിന്നീട് അവിടെ മാഞ്ചേട്ടന്റെ മനസ്സു വിഷമിപ്പിച്ച കുറച്ചു സംഭവങ്ങളുണ്ടായി. മാഞ്ചേട്ടൻ, ഞാൻ, ദേവരാജൻ മാഷ്, ഒഎൻവി കുറുപ്പ് എന്നിവർ കെപിഎസി വിട്ട് ഇറങ്ങി, വൈകാതെ കൊല്ലം കാളിദാസ കലാകേന്ദ്ര എന്ന പുതിയൊരു നാടക സമിതിയ്ക്ക് രൂപം നൽകി. 'ഡോക്ടർ' ആയിരുന്നു കാളിദാസ കലാകേന്ദ്രയുടെ ആദ്യ നാടകം. കവിയൂർ പൊന്നമ്മയായിരുന്നു നായിക. നാടകത്തിൽ ഡോക്ടറുടെ വേഷമായിരുന്നു മാഞ്ചേട്ടന്, ഞാൻ ഡോക്ടറുടെ അസിസ്റ്റന്റായ കൈക്കൂലി വാങ്ങിക്കുന്ന ഒരു ഭയങ്കരി. കൊച്ചിൻ അമ്മിണി, വൈക്കം സുകുമാരൻ നായർ, നെല്ലിക്കോട് ഭാസ്കരൻ, മണവാളൻ ജോസഫ്, പെരുന്ന ലീലാമണി അവരെല്ലാം ഉണ്ടായിരുന്നു കൂടെ. പികെ വിക്രമൻ നായരായിരുന്നു നാടകത്തിന്റെ സംവിധായകൻ. ഒഎൻവി എഴുതിയ വരികൾക്ക് ദേവരാജൻ മാഷ് സംഗീതം നൽകി. ഉദ്ഘാടന ദിവസം തന്നെ നല്ല അഭിപ്രായമാണ് നാടകത്തിന് കിട്ടിയത്. പിന്നീടങ്ങോട്ട് അമ്പതോളം നാടകങ്ങളാണ് കാളിദാസ കലാകേന്ദ്ര അരങ്ങിലെത്തിച്ചത്.

പ്രസവിക്കുന്നതിന്റെ തലേദിവസവും ഞാൻ നാടകം അഭിനയിച്ചിട്ടുണ്ട്. കെപിഎസി ലളിതയ്ക്ക് പകരക്കാരി ആയിട്ടായിരുന്നു അത്. ലളിതയ്ക്ക് പെട്ടെന്ന് എന്തോ ബുദ്ധിമുട്ട് വന്ന് നാടകത്തിന് എത്താൻ പറ്റാത്ത അവസ്ഥ, "രക്ഷിക്കണം മാധവാ, വിജിയെ ഒന്നു വിടണം," എന്നു പറഞ്ഞ് കെപിഎസി പ്രവർത്തകർ വീട്ടിലെത്തി. ഒരു ചാരായവിൽപ്പനക്കാരിയുടെ വേഷമായിരുന്നു അവതരിപ്പിക്കേണ്ടത്. "സാറെന്താ പറയുന്നത്, അവള് ഇന്നോ നാളെയോ പ്രസവിക്കാൻ നിൽക്കുകയാണ്, വഴിയിലെവിടെയെങ്കിലും കിടന്ന് പ്രസവിച്ചാൽ എന്തുചെയ്യും, തൽക്കാലം വിടാൻ പറ്റില്ല," മാഞ്ചേട്ടൻ ഒഴിഞ്ഞുമാറാൻ നോക്കി. "ഇത് കഴിഞ്ഞിട്ടേ പ്രസവിക്കൂ, ഇന്നത്തേക്ക് ഒന്ന് രക്ഷിക്ക് മാധവാ," എന്ന് പറഞ്ഞ് അവർ വീണ്ടും അപേക്ഷ തന്നെ. എല്ലാം കേട്ട് നിന്ന ഞാൻ, "മാഞ്ചേട്ടാ, എനിക്കൊരു കുഴപ്പവുമില്ല, ഞാൻ പോയി അഭിനയിച്ചുവരാം" എന്നു പറഞ്ഞ് ധൈര്യം കൊടുത്തു. നിറവയറുമായി പോയി ലളിതയുടെ ആ വേഷം ചെയ്തിട്ടുവന്നു. കൗതുകമെന്താണെന്നു വച്ചാൽ, പിറ്റേന്ന് അതേസമയം ആയപ്പോഴേക്കും എനിക്ക് പ്രസവവേദന തുടങ്ങി, അങ്ങനെ പിറന്നതാണ് മൂന്നാമത്തെയാൾ, ജയശ്രീ. പത്തൊൻപത് വയസ്സായപ്പോഴേക്കും മൂന്നുകുട്ടികൾക്ക് ഞാൻ ജന്മം നൽകിയിരുന്നു.

publive-image
മക്കളായ സന്ധ്യ, മുകേഷ്, ജയശ്രീ എന്നിവർക്കൊപ്പം വിജയകുമാരി

പുതിയ ആകാശം, പുതിയ ഭൂമി എന്ന നാടകം പ്രധാനമന്ത്രി നെഹ്റുവിന് മുന്നിൽ അവതരിപ്പിക്കുമ്പോഴും ഞാൻ ഗർഭിണിയായിരുന്നു. മൂന്നു കഥാപാത്രത്തെയാണ് ഞാനതിൽ അവതരിപ്പിച്ചത്. ഒരു 12 വയസ്സുകാരി, ചെറുപ്പക്കാരി, വയസ്സായൊരു കഥാപാത്രവും. നാടകം കഴിഞ്ഞ് നെഹ്റു ഞങ്ങളെയെല്ലാവരെയും അഭിനന്ദിച്ചു, അപ്പോഴാണ് വയറൊക്കെയായി നിൽക്കുന്ന എന്നെ അദ്ദേഹം കണ്ടത്.

വർഷങ്ങൾക്കു ശേഷം, 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'യുടെ സുവർണ ജൂബിലി ചവറയിൽ വച്ച് ആഘോഷിച്ചപ്പോഴും ഞാനും മാഞ്ചേട്ടനും ഒന്നിച്ച് വേദിയിലെത്തി. അന്ന് പരമുപിള്ളയും ഭാര്യയുമായാണ് ഞങ്ങൾ അഭിനയിച്ചത്. 'ഇനിയെങ്കിലും ഓടിചാടി നടക്കാതെ വിശ്രമിക്കൂ അമ്മേ," എന്ന് മക്കൾ പറഞ്ഞതു കൊണ്ടാണ് നാടകത്തിൽ നിന്നും മാറി നിന്നത്. ഇപ്പോഴും അഭിനയത്തോടുള്ള എന്റെ ദാഹം ഇല്ലാതായിട്ടില്ല. മരിക്കും വരെ അഭിനയിക്കാൻ വിളിച്ചാൽ പോവാൻ ഞാൻ തയ്യാറാണ്.

മാഞ്ചേട്ടന്റെ മരണമാണ് തളർത്തികളഞ്ഞത്. ഇടയ്ക്ക് മൂത്രം പോവാനൊക്കെ വലിയ ബുദ്ധിമുട്ടായി അദ്ദേഹത്തിന്. ചെറുപ്പകാലത്ത് പൊലീസുകാരിൽ നിന്ന് ധാരാളം അടിയും ഇടിയുമൊക്കെ മേടിച്ചതല്ലേ, അതൊക്കെ പിന്നീട് ആരോഗ്യത്തെ ബാധിച്ചു. ഒരു ഓപ്പറേഷൻ വേണ്ടി വരുമെന്ന് ഡോക്ടർമാർ. കൊല്ലത്തു വേണ്ട എറണാകുളത്ത് പോയി ഓപ്പറേഷൻ നടത്താമെന്ന് പറഞ്ഞത് ജോയ് മോൻ (മുകേഷ്) ആണ്. ഞങ്ങളങ്ങനെ മാഞ്ചേട്ടനെ എറണാകുളത്തേക്ക് കൊണ്ടു പോയി. പക്ഷേ എന്തുപറയാനാണ്, ഞങ്ങളുടെ കഷ്ടകാലം, ഹോസ്പിറ്റലിൽ നിന്നും മാഞ്ചേട്ടനെ ജീവനോടെ തിരികെ കൊണ്ടുവരാനായില്ല. മാഞ്ചേട്ടൻ പോയി കഴിഞ്ഞപ്പോൾ മനസ്സിനു വലിയ ഭാരമായിരുന്നു. ഞങ്ങൾ തമ്മിൽ നല്ല പ്രായവ്യത്യാസമുള്ളതു കൊണ്ട് ഒരു കുട്ടിയെ പോലെയായിരുന്നു മാഞ്ചേട്ടൻ എന്നെ എല്ലാകാലവും കൊണ്ടുനടന്നത്. മാഞ്ചേട്ടൻ പോയതിൽ പിന്നെ കുറേനാളുകൾ നാടകമൊന്നുമില്ലാതെ കാളിദാസ കലാകേന്ദ്ര മുടക്കിയിട്ടിരുന്നു, പിന്നീട് മകൾ സന്ധ്യയും ഭർത്താവ് രാജേന്ദ്രനും അതിന്റെ പ്രവർത്തനങ്ങൾ സജീവമായി ഏറ്റെടുത്തു.

കുഞ്ഞനുജത്തിയായി കണ്ട് ചേർത്തുനിർത്തിയ കെപിഎസി സുലോചന
നാടകം തന്ന ബന്ധങ്ങളിൽ മറക്കാനാവാത്ത ഒരാളാണ് എനിക്ക് കെപിഎസി സുലോചന ചേച്ചി. കൂട്ടത്തിലെ ചെറിയ കുട്ടിയായതുകൊണ്ട് ചേച്ചിയ്ക്ക് എന്നോട് പ്രത്യേക സ്നേഹവും വാത്സല്യവുമൊക്കെയായിരുന്നു. ഭക്ഷണമൊക്കെ എപ്പോഴും എനിക്കുവേണ്ടി കരുതിവയ്ക്കും. നാടകമെന്താണെന്ന് അറിയാത്ത എനിക്ക് അഭിനയത്തിന്റെ ബാലപാഠങ്ങൾ പറഞ്ഞുതന്നൊരാൾ ചേച്ചിയാണ്. റിഹേഴ്സൽ ക്യാമ്പിലിരുന്ന നാടത്തിലെ സംഭാഷണമൊക്കെ കുത്തിയിരുന്നു പഠിക്കുന്ന ചേച്ചിയുടെ മുഖം ഇപ്പോഴും ഓർമ്മയിലുണ്ട്.

കൊച്ചിൻ അമ്മിണി എന്ന കൂട്ടുകാരി
എന്നേക്കാൾ മൂത്തതാണ് കൊച്ചിൻ അമ്മിണി, രണ്ടുമൂന്നു വയസ്സിന്റെ വ്യത്യാസമുണ്ട് ഞങ്ങൾ തമ്മിൽ. ആ സ്നേഹബന്ധം എനിക്ക് മറക്കാനാവില്ല. എന്നെ സിനിമയ്ക്കു പോകുമ്പോഴുമൊക്കെ കൂടെ കൂട്ടും. "മാധവൻ സാറേ, ഞാൻ വിജിയെ കൂടെ കൊണ്ടുപോവുകയാണ്, പൊന്നുപോലെ നോക്കികൊള്ളാം," എന്നുപറയും. അതുപോലെ തന്നെയാണ് എന്നെ നോക്കുക. അസൂയയോ കുശുമ്പോ ഒന്നുമില്ല, സ്നേഹം മാത്രം നൽകിയൊരു കൂട്ടുകാരി. പാട്ടുകാരി മാത്രമല്ല, അവള് നന്നായി അഭിനയിക്കുകയും ചെയ്യുമായിരുന്നു. ഒരുപാട് നന്മയുള്ള ആളായിരുന്നു അമ്മിണി. അവൾ പ്രസവിച്ചിട്ടില്ല, ഒരു കുട്ടിയെ എടുത്തുവളർത്തി. ആ മോളും തിരിച്ച് ജീവനെ പോലെയാണ് അമ്മിണിയെ സ്നേഹിച്ചത്. എന്തു ചെയ്യാനാ, ആ കൂട്ടുകാരിയും നഷ്ടപ്പെട്ടുപോയി. അവസാനമൊന്നു പോയി കാണാൻ പറ്റിയില്ല.

ഇഷ്ട കഥാപാത്രങ്ങൾ
ഓരോ കഥാപാത്രത്തെ കിട്ടി കഴിഞ്ഞാൽ ഇതിന്റെ സ്വഭാവമെന്താണെന്ന് സംവിധായകനോട് ഞാൻ ചോദിക്കും. എല്ലാ കഥാപാത്രങ്ങളും ഇഷ്ടപ്പെട്ട് ചെയ്തതാണ്. കൂട്ടത്തിൽ എടുത്തുപറയേണ്ടത് കെടി മുഹമ്മദിന്റെ 'കടൽപ്പാല'ത്തിലെ വേഷത്തെ കുറിച്ചാണ്. മലബാറുകാരിയായ ഒരു മുസ്ലീം ഉമ്മയുടെ വേഷമായിരുന്നു ആ നാടകത്തിൽ എനിക്ക്. ആദ്യം എനിക്ക് ആ കഥാപാത്രത്തെ പിടികിട്ടിയിട്ടില്ല, എത്ര ചെയ്തിട്ടും ശരിയാവുന്നില്ല. മലബാറിൽ നിന്നു വന്നു താമസിക്കുന്ന ഒരു മുസ്ലീം കുടുംബം ഇവിടെ അടുത്ത് താമസിച്ചിരുന്നു. മാഞ്ചേട്ടന് അറിയാവുന്ന വീട്ടുകാരാണ്, ഒടുവിൽ എന്നെ അവിടെ കൊണ്ടുപോയി വിട്ടു. അവിടുത്തെ ഒരു ഉമ്മയുടെ വേഷവും നടത്തവും സംസാരവുമൊക്കെ നോക്കി കണ്ട് ഞാൻ പഠിച്ചു. അങ്ങനെ ചെയ്തതാണ് ഖദീജുമ്മ. അതിന് കുറേ അഭിനന്ദനങ്ങൾ കിട്ടി.

സിനിമകളിൽ നന്ദനം, മിഴി രണ്ടിലും തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളെയൊക്കെ ഇഷ്ടമാണെന്ന് ആളുകൾ കാണുമ്പോൾ പറയാറുണ്ട്. ഇനിയും അഭിനയിക്കാൻ എന്നെ കാത്ത് ഏതോ ചില കഥാപാത്രങ്ങൾ കാത്തിരിക്കുന്നുണ്ട് എന്നാണ് എൻ്റെ വിശ്വാസം.

ഒരു പരിഭവം മാത്രം ബാക്കി
കെപിഎസിയുടെയും കാളിദാസകലാകേന്ദ്രയുടെയും കീഴിൽ ഞാൻ ഏതാണ്ട് 10028 വേദികളിൽ നാടകം കളിച്ചിട്ടുണ്ട്, മാഞ്ചേട്ടൻ 7000ത്തോളം വേദികളിലും. ഒരു ദിവസം എന്തോ പരിപാടിയ്ക്ക് പോവാൻ നേരത്ത് ജഗതി ശ്രീകുമാർ വീട്ടിൽ വന്നു. സംസാരിച്ചിരിക്കുന്നതിനിടയിൽ ഇത്രയും സ്റ്റേജുകളിൽ വിജയകുമാരി നാടകം അവതരിപ്പിച്ചിട്ടുണ്ടെന്ന് മാഞ്ചേട്ടൻ പറഞ്ഞപ്പോൾ "ചേട്ടാ, ഇത് അതിശയകരമാണ്, ഗിന്നസിൽ വരേണ്ടതാണ്, അക്കാലത്ത് സ്ത്രീകളാരും തന്നെ ഇത്രയും വേദികളിൽ ചെയ്തു കാണില്ല," എന്നായിരുന്ന ജഗതി ശ്രീകുമാർ പറഞ്ഞത്.

അഭിനയത്തിൽ ഏഴു പതിറ്റാണ്ട് പിന്നിടുമ്പോൾ, ബാക്കിയാവുന്ന സങ്കടം സംഗീത നാടക അക്കാദമിയുടെ പുരസ്കാരമല്ലാതെ, സർക്കാരിന്റെ ഭാഗത്തുനിന്ന് അർഹിക്കുന്ന രീതിയിലൊരു അംഗീകാരം ലഭിച്ചില്ലെന്നു മാത്രമാണ്. എന്തുകൊണ്ടാണ് സർക്കാർ നാടകക്കാരെ വേണ്ടത്ര ശ്രദ്ധിക്കാത്തത് എന്നു തോന്നാറുണ്ട്. ഞാൻ മരിച്ചുകഴിഞ്ഞിട്ട് തന്നിട്ടെന്തിനാണ്, ജീവിച്ചിരിക്കുമ്പോൾ ആദരിക്കാൻ കഴിയുമെങ്കിൽ അതല്ലേ ഒരാൾക്ക് സന്തോഷം നൽകുക.

Actress Theatre

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: