scorecardresearch

ഊര്ക്ക് പോട്ടുമാ സർ എന്ന് ജെൻസി, പോകാൻ വരട്ടെ എന്ന് ഇളയരാജ; പാട്ടിൽ വസന്തം തീർത്ത കാലത്തെ ഗായിക തിരിഞ്ഞു നോക്കുമ്പോൾ

ഒന്ന് മനസ്സു വച്ചിരുന്നെങ്കിൽ സിനിമയിൽ തന്നെ നിൽക്കാമായിരുന്നു, ഉയരങ്ങൾ കീഴടക്കാമായിരുന്നു. എന്നിട്ടും ജെൻസി ആന്റണി എന്ന പെൺകുട്ടി തിരികെ കൊച്ചിക്ക് വണ്ടി കയറി… വർഷങ്ങൾക്കിപ്പുറം തിരിഞ്ഞു നോക്കുമ്പോൾ ഒരു സിൻഡ്രെല്ല കഥ പോലെ ജെൻസിയെ വിസ്മയിപ്പിക്കുന്നുണ്ട്, നടന്നു തീർത്ത ജീവിതം

jency, singer jency hits, singer jency interview

ചിത്രയും സുജാതയും സ്വരമാധുരി കൊണ്ട് തെന്നിന്ത്യ കീഴടക്കുന്നതിനു മുൻപ്, ഉള്ളു തൊടുന്ന വിഷാദഛായയുള്ള ശബ്ദം കൊണ്ട് തമിഴ് മനസ്സുകളിൽ ഇടം പിടിച്ച ഒരു ഗായികയുണ്ട്. മലയാള ചുവയൊട്ടുമില്ലാതെ കണ്ണദാസന്റെയും വൈരമുത്തുവിന്റെയും ഒക്കെ വരികൾ പാടിയ ഒരു കൊച്ചിക്കാരി പെൺകുട്ടി, പതിനാലു വയസ്സുകാരി. കാതൽ ഓവിയം പാടും കാവിയം (അലൈകൾ ഓയ് വതില്ലൈ), എൻ വാനിലേ ഒരേ വെണ്ണിലാ (ജോണി), ഇദയം പോകുതേ (പുതിയ വാർപ്പുകൾ)… തുടങ്ങി ഒരു പിടി നല്ല പാട്ടുകൾക്ക് അവൾ കൈയൊപ്പ് ചാർത്തി. കന്നിപ്പൂമാനം കണ്ണും നട്ട് (കേൾക്കാത്ത ശബ്ദം), താലീ പീലി കാട്ടിനുള്ളിലൊരു തായാമ്പൂ കൊട്ടാരം (വിസ) തുടങ്ങി മലയാളത്തിലും അനേകം പാട്ടുകൾ പാടി. എന്നിട്ട്…? ജെൻസി ആന്റണി എന്ന ഗായിക ഇപ്പോൾ എവിടെ? ഒരു തലമുറയെ മയക്കിയ ആ ശബ്ദം ഇപ്പോൾ എവിടെ?

ജെൻസിയെ തേടിയുള്ള ആ അന്വേഷണം ചെന്നെത്തിയത്, 15 വർഷത്തോളമായി ജീവിക്കുന്ന വീട്ടിൽ നിന്നും കഷ്ടിച്ച് രണ്ടു കിലോമീറ്റർ മാത്രം അകലെയുള്ള ഒരു വില്ലയിലാണ്. തൊട്ടടുത്തുണ്ടായിരുന്ന ആളെയാണല്ലോ ഇത്രനാൾ തേടിയതെന്ന അത്ഭുതത്തോടെയാണ് ചെന്നു കയറിയത്. പേരണ്ടൂർ കനാലിനോട് ചേർന്ന്, നഗരത്തിന്റെ ബഹളങ്ങളൊന്നുമില്ലാതെ സ്വസ്ഥമായി കിടക്കുന്ന ആ വീട്ടിലേക്ക് നിറഞ്ഞ ചിരിയോടെ ജെൻസി സ്വാഗതം ചെയ്തു.

ആദ്യ പാട്ടിന്റെ 50-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, കടന്നു പോയ വഴിത്താരകളും പാട്ടോർമ്മകളും ഇന്ത്യൻ എക്സ്‌പ്രസ് മലയാളവുമായി പങ്കു വയ്ക്കുകയാണ് ജെൻസി.

jency, singer jency, jency hits

ജെൻസി പാട്ടുജീവിതം പറയുന്നു

അൻപത് വർഷങ്ങൾക്കു മുൻപാണ് പാട്ടിന്റെ ലോകത്തേക്ക് ജെൻസി ആന്റണി കടന്നു ചെന്നത്. ആദ്യ ഗാനം ആലപിക്കുമ്പോൾ പ്രായം പതിനൊന്ന്. വർഷങ്ങൾക്കിപ്പുറം തിരിഞ്ഞു നോക്കുമ്പോൾ ഒരു സിൻഡ്രെല്ല കഥ പോലെ ജെൻസിയെ വിസ്മയിപ്പിക്കുന്നുണ്ട്, നടന്നു തീർത്ത ജീവിതം. പള്ളിയിലും ഗാനമേളകളിലും മൈലാഞ്ചി കല്യാണവേദികളിലും ലതാജിയുടെയും ജാനകിയമ്മയുടെയും പാട്ടുകൾ പാടി നടന്ന ഒരു പള്ളുരുത്തുക്കാരി പെൺകുട്ടി. അവൾക്കുള്ളിലെ സംഗീതം ആദ്യം തിരിച്ചറിഞ്ഞത് അപ്പനായിരുന്നു, ബുദ്ധിമുട്ടുകൾക്കിടയിലും ജെൻസിയുടെ പാട്ടുസ്വപ്നങ്ങൾക്ക് ആ അപ്പൻ തണൽ വിരിച്ചു നിന്നു.

കേരളത്തിൽ മാത്രം ഒതുങ്ങി നിന്നില്ല ആ കുട്ടിയുടെ മധുര ശബ്ദത്തെ കുറിച്ചുള്ള പുകൾ. ‘ഇസൈജ്ഞാനി’ ഇളയരാജയോട് കൊച്ചിക്കാരിയായ ഈ കുട്ടിഗായികയെ കുറിച്ച് ആദ്യം പറയുന്നത് ഗാനഗന്ധർവൻ യേശുദാസാണ്. ഇളയരാജയാവട്ടെ ആ പെൺകുട്ടിയുടെ സംഗീതം കേട്ട ഉടനെ തന്നെ അവൾക്കായി പാട്ടു നൽകി. പിന്നീട് തുടർച്ചയായി ഇളയരാജയുടെ എഴുപതോളം സിനിമകളിൽ ജെൻസി പാടി. വേറിട്ട, മന്ത്രികതയുള്ള ആ ശബ്ദത്തെ തമിഴകം നെഞ്ചേറ്റി.

എന്നാൽ, പ്രശസ്തിയുടെ ആ ലോകം ജെൻസിയെ ഭ്രമിപ്പിച്ചില്ല, നേരം പുലരുന്നതിനു മുൻപെ ധൃതിപിടിച്ച് കൊട്ടാരം വിട്ടിറങ്ങിയോടിയ സിൻഡ്രെല്ലയെ പോലെ സംഗീതത്തിന്റെ ലോകത്തു നിന്നും ജെൻസി പതിയെ പിൻവാങ്ങി. പതിനാലു വയസ്സിൽ ഗായികയായി കരിയർ ആരംഭിച്ച അവർ തന്റെതായ ചില തീരുമാനങ്ങളാൽ പതിനെട്ടു വയസ്സിൽ പിന്നണി ഗാനരംഗത്തു നിന്നും ബ്രേക്ക് എടുത്ത്, അധ്യാപക ജോലിയിലേക്ക് ചുവടു മാറി. ഇടയ്ക്ക്, സ്നേഹത്തിന്റെ പേരിൽ തന്നെ തേടിയെത്തിയ ഏതാനും പാട്ടുകൾ കൂടി പാടി വീണ്ടും തന്റെ വാത്മീകത്തിലേക്ക്…

ആ സ്വരം കേട്ടു കൊതി തീരാത്തവർ ജെൻസിയുടെ പാട്ടുകൾ ലൂപ്പിലിട്ടു കേട്ടു കൊണ്ടേയിരുന്നു, ഇപ്പോഴും യൂട്യൂബിലെ ജെൻസി ഹിറ്റ് ട്രാക്കുകൾക്ക് താഴെ നിറയുന്ന കമന്റുകൾ മാത്രം മതിയാവും, പാട്ടു കൊണ്ട് അവർ രേഖപ്പെടുത്തിയ ഔന്നിത്യങ്ങളെ അടയാളപ്പെടുത്താൻ. ‘എവർഗ്രീൻ ഗാനങ്ങൾ’ തങ്ങൾക്ക് സമ്മാനിച്ച ഹിറ്റ് ഗായിക ജെൻസി എവിടെ പോയെന്ന് പുതുതലമുറ തിരക്കി കൊണ്ടിരുന്നപ്പോൾ, അതിൽ നിന്നെല്ലാം മാറി തന്റെ ചെറിയ ജീവിതത്തിലേക്ക് ഒതുങ്ങി കൂടുകയായിരുന്നു ജെൻസി. പഠിപ്പിക്കുന്ന കുട്ടികളോട് പോലും പോയ കാലത്തിൽ താൻ പാടി വെച്ച മാസ്മരിക ഗാനങ്ങളെ കുറിച്ച് അവർ പറഞ്ഞില്ല.. തങ്ങളുടെ പാട്ട് ലിസ്റ്റിലെ പ്രിയ പാട്ടുകൾ പലതും പാടിയത് മുന്നിലിരിക്കുന്ന പ്രിയപ്പെട്ട അദ്ധ്യാപികയാണെന്നറിയാതെ പല വിദ്യാർത്ഥികളും ആ കലാലയം വിട്ടിറിങ്ങി.

“കൊച്ചിയിലെ പള്ളുരുത്തിയിലാണ് ഞാൻ ജനിച്ചു വളർന്നത്. കുട്ടിക്കാലത്ത് സിനിമ കണ്ടു വന്നാൽ ആ പാട്ടുകൾ വീട്ടിൽ പാടി നടക്കുന്നതു കണ്ടിട്ടാണ് എനിക്കിതിൽ താൽപ്പര്യമുണ്ടെന്ന് അപ്പച്ചന് മനസ്സിലായത്. പാട്ടു പുസ്തകങ്ങളൊക്കെ വാങ്ങി തരും അപ്പച്ചൻ. ഏഴെട്ടു വയസ്സൊക്കെ കഴിഞ്ഞപ്പോഴാണ് പാട്ട് പഠിക്കാൻ തുടങ്ങിയത്. ഫോർട്ട് കൊച്ചിയിലെ രാമൻകുട്ടി ഭാഗവതരുടെ അടുത്തായിരുന്നു പഠനം. അന്ന് ഞങ്ങളുടെ ഏരിയയിലെ പ്രശസ്തനായ സംഗീതഞ്ജനാണ് അദ്ദേഹം. ശാസ്ത്രീയസംഗീതത്തിനും ക്ലാസിക്കൽ ഡാൻസിനും ഒന്നിച്ചാണ് ചേർത്തത്. ഡാൻസ് പഠനം അരങ്ങേറ്റം കഴിഞ്ഞതോടെ തന്നെ ഞാൻ നിർത്തി. സംഗീതപഠനം തുടർന്നു. രാമൻകുട്ടി ഭാഗവതർ മാത്രമല്ല നടേശൻ ഭാഗവതർ, മധുസൂദനൻ മാസ്റ്റർ എന്നിവരും സംഗീതത്തിൽ എന്റെ ഗുരുക്കന്മാരാണ്.

രണ്ടു ചേട്ടന്മാരാണ് എനിക്ക്, ജോളി ആൻറണിയും ജെർസൻ ആൻറണിയും. (രണ്ടുപേരും ഗിറ്റാറിസ്റ്റുകളാണ്. ജോളി പിന്നീട് തോപ്പുംപടി സാന്റാ സിസിലിയ സ്റ്റുഡിയോയിലെ റിക്കോർഡിസ്റ്റായി. ജെർസൺ ആൻറണി സിനിമാസംഗീതസംവിധായകൻ കൂടിയാണ്). അക്കാലത്ത് ഞാനും ബ്രദറും പള്ളികളിലൊക്കെ പാടാൻ പോവും. ആ കാലത്ത് അപ്പച്ചനും കൂട്ടുകാരും ചേർന്ന് പള്ളുരുത്തിയിൽ ‘ചിലങ്ക ആർട്സ്’ എന്ന പേരിൽ ഒരു ക്ലബ്ബ് തുടങ്ങി. ക്ലബ്ബിന്റെ എല്ലാ മത്സരങ്ങൾക്കും ഞാൻ പോവും. മത്സരങ്ങൾ പലപ്പോഴും അങ്കമാലി ഒക്കെയാവും, അന്ന് അധികം വാഹനസൗകര്യമൊന്നുമില്ലല്ലോ, പള്ളുരുത്തിയിൽ നിന്നും അങ്കമാലിയിലേക്ക് എന്നൊക്കെ പറഞ്ഞാൽ നല്ല ദൂരമുണ്ട്, എന്നാലും കഷ്ടപ്പാടൊക്കെ സഹിച്ച് അപ്പച്ചൻ കൊണ്ടു പോവും. എന്റെ സംഗീതജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ചത് അപ്പച്ചനാണെന്നു പറയാം. അദ്ദേഹമുള്ളതു കൊണ്ടു മാത്രമാണ് ഞാൻ പാട്ടുകാരിയായത്. അപ്പച്ചന് കോൺട്രാക്റ്റ് വർക്കായിരുന്നു, കഷ്ടപ്പെട്ട് ജീവിതം മുന്നോട്ടു കൊണ്ടു പോവുന്നതിനിടയിലും എന്റെ പാട്ടുസ്വപ്നങ്ങൾക്ക് അപ്പച്ചൻ കൂട്ടു നിന്നു. അമ്മയായിരുന്നു എന്റെ ശബ്ദത്തിന് കാവൽ, ചെറിയ രീതിയിൽ ശബ്ദം മാറുമ്പോഴേക്കും മരുന്നൊക്കെ ഉണ്ടാക്കി തരും.”

അന്ന് സുശീലാമ്മയുടെയും ജാനകിയമ്മയുടെയും ലത മങ്കേഷ്കറുടെയുമൊക്കെ പാട്ടുകളായിരുന്നു ഞാൻ കൂടുതലും പാടിയിരുന്നത്. അന്നെന്റെ മറ്റൊരു തട്ടകം മൈലാഞ്ചി കല്യാണ വേദികളാണ്. ലതാജിയുടെ ‘രെനാ ബീതി ജായേ,’ ‘മെഹബൂബ് മേരെ’ ഒക്കെയായിരുന്നു സ്ഥിരം നമ്പർ. ‘രെനാ ബീതി ജായേ’ ഒക്കെ വീണ്ടും വീണ്ടും എന്നെ കൊണ്ട് പാടിപ്പിച്ചിട്ടുണ്ട്. ജൂനിയർ ലതാമങ്കേഷ്കർ എന്നൊക്കെ വിളിച്ച് നോട്ടിന്റെ മാലയൊക്കെയാണ് ഇട്ടു തരുന്നത്. കുട്ടിക്കാലത്ത് എനിക്ക് കിട്ടിയ വലിയ അവസരവും സന്തോഷവുമായിരുന്നു ആ വേദികൾ. അന്ന് ഏതു പാട്ടു വേണമെങ്കിലും പാടാം. നമ്മുടെ പാട്ടിന് അനുസരിച്ചാണ് ഓർക്കസ്ട്ര വായിക്കുക, ഇന്ന് തിരിച്ചാണ്, നമ്മൾ ഓർക്കസ്ട്രയ്ക്ക് അനുസരിച്ച് പാടണം, കരോക്കെ ആണെങ്കിലും അതേ. സമയത്തിന് തീർന്നില്ലെങ്കിൽ പാട്ട് അതിന്റെ വഴിയ്ക്ക് പോവും.”

കലാഭവനിലേക്ക് എത്തിച്ചേരുന്നതെങ്ങനെയാണ്?

ക്ലബ്ബുകളും മത്സരങ്ങളുമൊക്കെയായി പോയി കൊണ്ടിരിക്കെയാണ് കലാഭവനിൽ സബ് ജൂനിയർ മത്സരത്തിൽ പാടാൻ അവസരം കിട്ടിയത്. ദാസേട്ടൻ ഒക്കെയായിരുന്നു ജഡ്ജ്. ആ മത്സരത്തിൽ എനിക്ക് ഫസ്റ്റ് കിട്ടിയില്ല, പക്ഷേ സമ്മാനമുണ്ടായിരുന്നു, സമ്മാനം തന്നതാവട്ടെ, സാക്ഷാൽ ജാനകിയമ്മ. പതിനൊന്ന് വയസ്സാണ് അന്ന് പ്രായം. ആ മത്സരത്തോടെ എന്റെ ശബ്ദം അവർ ശ്രദ്ധിച്ചു കാണണം. അധികം വൈകാതെ കലാഭവൻ, ഞാൻ, സുജാത, പത്മജ തുടങ്ങി കുറച്ച് പാട്ടുകാരെ വച്ച് അന്നൊരു ബാലഗാനമേള ടീം ഉണ്ടാക്കി. അതിനിടെ, 1972ൽ ‘കുഞ്ഞിക്കൈകൾ’ എന്നൊരു സിനിമയിലേക്ക് പാടാൻ എനിക്ക് അവസരം ലഭിച്ചു, ഞങ്ങളുടെ ബാലഗാനമേള സംഘത്തിൽ നിന്നും നറുക്ക് വീണത് എനിക്കായിരുന്നു. കെ കെ ആന്റണി സാറായിരുന്നു ആ പാട്ടിന്റെ സംഗീതസംവിധായകൻ. സിനിമയിലെ എന്റെ ആദ്യഗാനം അതാണ്. ആ പാട്ടിന്റെ 50 വർഷം പിന്നിട്ടെന്നു പറഞ്ഞ് കഴിഞ്ഞ ദിവസം എനിക്കൊരു അവാർഡ് കിട്ടി.

ഇടയ്ക്ക് ദാസേട്ടനൊപ്പം ഒരു സ്റ്റേജിൽ പാടാനുള്ള അവസരവും ലഭിച്ചു. കൊച്ചിയിൽ ഒരു ബിഷപ്പിന്റെ സ്ഥാനാരോഹണ ചടങ്ങ് നടക്കുന്നു. ചടങ്ങിൽ ദാസേട്ടനൊപ്പം പാടാൻ ഫീമെയിൽ വോയ്സ് ആരുമില്ല. അപ്പോൾ സംഘാടകരെല്ലാം കൂടി എന്റെ പേരു നിർദ്ദേശിച്ചു. ഒരു പ്രാക്ടീസ് പോലുമില്ലാതെയാണ് ഞാൻ സ്റ്റേജിൽ കയറി അദ്ദേഹത്തിനൊപ്പം പാടുന്നത്. പാവാടയും ബ്ലൗസുമൊക്കെയിട്ട് പേടിയോടെ ദാസേട്ടന് അരികിൽ നിന്നു പാടുന്ന ആ 13 വയസ്സുകാരിയെ എനിക്കിപ്പോഴും കാണാം. ‘അമ്പാടി പൂങ്കുയിലെ’ എന്ന പാട്ടാണ് അന്ന് പാടിയത്.

യേശുദാസിനൊപ്പം ജെൻസി
യേശുദാസിനൊപ്പം ജെൻസി (അന്നും ഇന്നും)

ബാലഗാനമേളയിൽ സജീവമായിരിക്കെ, എനിക്ക് കലാഭവൻ സീനിയേഴ്സ് ഗ്രൂപ്പിലേക്ക് ക്ഷണം ലഭിച്ചു. അതു വലിയൊരു അനുഭവമായിരുന്നു. എറണാകുളത്ത് പല ക്ലബ്ബുകളിലും ഗാനമേള ട്രൂപ്പിനൊപ്പം ഞാൻ പാടാൻ തുടങ്ങി. ‘ബ്ലൂ ഡയമണ്ട്സ്,’ ‘സിഎസി,’ ‘കൊച്ചിൻ ആർട്സ്’ അവർക്കൊപ്പമൊക്കെ പാടാൻ തുടങ്ങി. എന്നെ സംബന്ധിച്ച് വലിയൊരു പ്രാക്റ്റീസായിരുന്നു അത്, സ്റ്റേജ് നമുക്ക് തരുന്നത് വേറിട്ട അനുഭവമാണ്. എന്തെന്നാൽ, ഒരേ പോലത്തെ പാട്ടുകൾ അല്ലല്ലോ നമ്മൾ പാടുന്നത്, സുശീലാമ്മയുടെ, ലതാജിയുടെ, ജാനകിയമ്മയുടെ പാട്ടുകൾ… മാറി മാറി പാടണം. അവരുടെയൊക്കെ സ്റ്റൈൽ വ്യത്യസ്തമാണ്. അതിനു അനുസരിച്ച് നമ്മളും ശബ്ദത്തിലും സ്റ്റൈലിലും മാറ്റം വരുത്തണം. റെക്കോർഡിംഗിൽ നമുക്ക് നമ്മുടേതായ സ്റ്റൈൽ കൊണ്ടു വരാം, പക്ഷേ ഗാനമേളയുടെ കാര്യത്തിൽ അങ്ങനെയല്ല. നമ്മൾ അവരെ പോലെ തന്നെ പാടാൻ ശ്രമിക്കണം. അപ്പോഴേ ആളുകൾക്ക് സ്വീകാര്യമാവൂ. അല്ലെങ്കിൽ അത്രയ്ക്ക് അങ്ങ് വന്നില്ലെന്നാവും പരാതി. ഗാനമേളകളുടെ അനുഭവം വേറെ തന്നെയാണ്. നമ്മള് പ്രാക്റ്റീസ് ചെയ്തു പഠിച്ചു വന്ന പാട്ടൊക്കെ ചിലപ്പോൾ മാറ്റേണ്ടി വരും, ഓഡിയൻസിന്റെ പ്രതികരണം നോക്കി ലിസ്റ്റ് മാറ്റും.

1976ൽ വീണ്ടും സിനിമയിൽ പാടാൻ അവസരം കിട്ടി. ഇത്തവണ ഭാവഗീതങ്ങളുടെ തമ്പുരാൻ എം കെ അർജുൻ മാസ്റ്ററുടെ പാട്ടാണ് പാടിയത്. അർജുൻ മാസ്റ്റർ എന്റെ നാട്ടുകാരനാണ്, പള്ളിരുത്തിക്കാരൻ. അപ്പച്ചനുമായി അദ്ദേഹത്തിന് സൗഹൃദം ഉണ്ടായിരുന്നു. മാസ്റ്റർ തന്നെയാണ് അപ്പച്ചനോട് ‘മോളെ കൊണ്ട് ഒരു പാട്ടു പാടിപ്പിച്ചു നോക്കട്ടെ?’ എന്നു ചോദിക്കുന്നത്. അങ്ങനെ ‘വേഴാമ്പൽ’ എന്ന ചിത്രത്തിലെ ‘തിരുവാകച്ചാർത്തിന് മുഖശ്രീ വിടരും’ എന്നു തുടങ്ങുന്ന പാട്ടു പാടി. വയലാറിന്റെ അവസാന വരികളായിരുന്നു അത്. ആ പാട്ടിനു പിന്നാലെ അർജുൻ മാസ്റ്റർ തുടർച്ചയായി എനിക്ക് പാട്ടുകൾ തന്നു കൊണ്ടിരുന്നു. ‘അവൾ ഒരു ദേവാലയ’ത്തിലെ ‘ദുഖഃത്തിൻ മെഴുതിരി,’ ‘നാരായണക്കിളി’ തുടങ്ങിയ പാട്ടുകൾ. ‘ആശിർവാദം,’ ‘ഹർഷബാഷ്പം,’ ‘വേഴാമ്പൽ’ തുടങ്ങിയ ചിത്രങ്ങളിലൊക്കെ അർജുൻ മാസ്റ്ററിനു വേണ്ടി ഞാൻ പാടി. ആ പാട്ടുകളൊക്കെ പാടിയിരിക്കുന്ന കാലത്താണ് ദാസേട്ടൻ പ്രോഗ്രാമുകളിൽ കൂടെ പാടാൻ വിളിക്കുന്നത്. അദ്ദേഹത്തിനൊപ്പം അക്കാലത്ത് ഡൽഹിയിലൊക്കെ പ്രോഗ്രാം അവതരിപ്പിക്കാൻ പോയിട്ടുണ്ട്.

jency, Yesudas
യേശുദാസിനൊപ്പം ജെൻസി വേദിയിൽ

ഇളയരാജയ്ക്ക് ഒപ്പം തുടർച്ചയായി ഇത്രയേറെ സിനിമകളിൽ, അതും വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ, ഇത്രയേറെ പാട്ടുകൾ പാടിയവർ ഒരുപക്ഷേ വേറെയുണ്ടാവില്ല. ഇളയരാജയെ പരിചയപ്പെടുന്നത് എങ്ങനെയാണ്? അദ്ദേഹവുമൊത്ത് ഒന്നിച്ച് വർക്ക് ചെയ്ത കാലത്തെ അനുഭവങ്ങൾ?

ഇളയരാജ സാറിനോട് എന്നെ കുറിച്ച് സംസാരിക്കുന്നത് ദാസേട്ടനാണ്, ‘കൊച്ചിയിൽ ഇങ്ങനെയൊരു കുട്ടിയുണ്ട്, വോയ്സ് ഒന്നു കേട്ടു നോക്കൂ, പറ്റുന്നതാണെങ്കിൽ പാടിപ്പിക്കൂ’. അങ്ങനെ ദാസേട്ടൻ പറഞ്ഞത് കേട്ട് രാജ സാർ മദ്രാസിലേക്ക് ക്ഷണിച്ചു. ഞാനും അച്ഛനും കൂടെയാണ് മദ്രാസിലേക്ക് പോയത്. രാജ സാർ എന്റെ വോയ്സ് ടെസ്റ്റ് നടത്തി, അന്ന് തന്നെ സെലക്ഷനും കിട്ടി.

തമിഴ് പാട്ടുകൾ എനിക്ക് വളരെ കുഞ്ഞുനാൾ മുതലേ ഇഷ്ടമാണ്. സുശീലാമ്മയോടും ജാനകിയമ്മയോടുമുള്ള ആരാധനയാൽ അവർ പാടുന്നതും തമിഴ് വാക്കുകൾ ഉച്ചരിക്കുന്നതുമൊക്കെ കേട്ടു പഠിക്കുമായിരുന്നു മുൻപു തന്നെ. അതൊക്കെ രാജ സാറിനൊപ്പമുള്ള ആദ്യ റെക്കോർഡിംഗിൽ ഏറെ സഹായിച്ചു. ഞാനൊരു മലയാളി ആയതു കൊണ്ട് എല്ലാവരും കൂടെ വന്നിരുന്ന് എല്ലാം പറഞ്ഞു തന്നു. അന്ന് ലൈവ് റെക്കോർഡിംഗ് ആയിരുന്നു, ജാനകിയമ്മയായിരുന്നു എന്റെ കൂടെ പാടിയത്, ‘തിരുപുരസുന്ദരി’യിലെ (1978) ‘വാനത്തെ പൂക്കിളി’ എന്നു തുടങ്ങുന്ന ഗാനം.

പിന്നീട് തുടർച്ചയായി രാജ സാറിനൊപ്പം 60 ഓളം ചിത്രങ്ങളിൽ പാടി, രാജ സാറിന്റെ ഒരു തെലുങ്ക് പാട്ടും ഞാൻ പാടിയിട്ടുണ്ട്. ആ കാലത്ത് രാജ സാർ ഏറെ വെറ്റൈറ്റി കൊണ്ടു വരുന്ന സമയമായിരുന്നു, എന്റെ ശബ്ദത്തെ രാജ സാർ ഒരുപാട് പരീക്ഷിച്ചിട്ടുണ്ട്. വ്യത്യസ്തമായ പാട്ടുകളാണ് എനിക്കു തന്നത്. രാവിലെ 9 മണിയ്ക്കു തുടങ്ങും, ഉച്ചയ്ക്ക് ഒരു മണിയാവുമ്പോഴേക്കും പാട്ട് പഠിപ്പിച്ച്, പ്രാക്റ്റീസ് ചെയ്യിപ്പിച്ച്, റെക്കോർഡ് ചെയ്തു തീരണം. അദ്ദേഹം വെളുപ്പിനേ തന്നെ സ്റ്റുഡിയോയിൽ എത്തിയിട്ടുണ്ടാവും. ആദ്യമൊക്കെ രാജ സാർ നേരിട്ടാണ് പാട്ട് പഠിപ്പിച്ചു തരിക, പിന്നീട് അസ്റ്റിസ്റ്റൻസായി പറഞ്ഞു തരുന്നത്. പാട്ടിൽ ഇംപ്രവൈസേഷൻ ഒന്നും രാജ സാർ സമ്മതിക്കില്ല, അതിനു സമ്മതിക്കുന്ന ആൾ എ ടി ഉമ്മർ സാറാണ്, എന്തു പാടിയാലും ഒന്നും പറയില്ല.

രാജ സാർ എന്റെ പാട്ടിനെ കുറിച്ചുള്ള അഭിപ്രായമൊന്നും അങ്ങനെ തുറന്നു പറഞ്ഞിട്ടില്ല. പക്ഷേ ഒരു അഭിമുഖത്തിൽ അദ്ദേഹം പറയുന്നത് കേട്ടിട്ടുണ്ട്. ‘എങ്ങനെയാണ് പുതിയ ഗായകർക്ക് അവസരം കൊടുക്കുന്നത്?’ എന്നു ചോദിച്ചപ്പോൾ കഴിവ് (തിരമൈ) കണ്ടിട്ടാണ് എന്നായിരുന്നു സാർ പറഞ്ഞത്. ‘ഉദാഹരണത്തിന്, ചിത്ര. അതു പോലെ തന്നെ ജെൻസി, റൊമ്പ തിരമൈസാലി, അതിനാൽ ജെൻസിയ്‌ക്കൊക്കെ അപ്പോഴേ അവസരം കൊടുത്തൂ,’ എന്നു സാർ പറയുന്നതു കേട്ടപ്പോൾ ഒരു അവാർഡ് കിട്ടിയ പോലെയാണ് തോന്നിയത്, എന്നെ പോലെയുള്ള എത്രയോ പേരെ രാജ സാർ പാടിപ്പിച്ചിട്ടുണ്ട്, അവരാരുടെയും പേരു പറയാതെ എന്റെ പേര് എടുത്തു പറഞ്ഞതിൽ പരം സന്തോഷം വേറെന്തു വേണം.

jency, Ilaiyaraaja
ഇളയരാജയ്‌ക്കൊപ്പം ജെൻസി

സമാനമായൊരു അനുഭവം ഉണ്ടായത് വൈരമുത്തു സാറുമായി ബന്ധപ്പെട്ടാണ്. ഞാൻ വീട്ടിൽ ടിവി കണ്ടു കൊണ്ടിരിക്കുകയാണ്. വിജയ് ടിവിയിലെ ഒരു റിയാലിറ്റി ഷോ. അതിൽ അതിഥിയായി എത്തിയതാണ് വൈരമുത്തു സാർ. സാറിനോട് സുജാതയും ശ്രീനിവാസനും കൂടെയാണ് ചോദിച്ചത്, ആരാണ് സാറിന് ഇഷ്ടപ്പെട്ട ഗായിക? എന്ന്. ‘ഒന്നും വിചാരിക്കരുത്, ജെൻസി എന്നൊരു ഗായിക ഇരിക്ക്, അവരെ റൊമ്പയിഷ്ടമാണ്. എന്തൊരു പാട്ടാണ്, ദൈവിക രാഗം, ആയിരം മലർഗളേ ഒക്കെ… അവരു പാട്ടു നിർത്തിയെന്നു പറഞ്ഞപ്പോൾ ഞാൻ ഷോക്കായി,’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

പാടിയ പാട്ടുകളിൽ ഏറ്റവും ആത്മബന്ധമുള്ള പാട്ട്?

‘കാതിൽ ഓവിയം,’ ‘എൻ വാനിലെ,’ ‘ആയിരം മലർഗളേ’ ഒക്കെ എനിക്കൊരുപാട് ഇഷ്ടപ്പെട്ടവയാണ്, മലയാളത്തിൽ ‘കന്നി പൂമാനം,’ ‘താലി പീലി…’ ‘എൻ വാനിലെ’ പാട്ടിന്റെ രംഗമൊക്കെ കാണുമ്പോൾ ശ്രീദേവിയുടെ ലിപ് കറക്റ്റായി വന്നിട്ടുണ്ടെന്ന് തോന്നാറുണ്ട്. എനിക്ക് വളരെ ഇമോഷണലായ പാട്ടുകൾ സമ്മാനിച്ചത് ഭാരതിരാജയാണ്, അദ്ദേഹം സിനിമകളുടെ സിറ്റുവേഷൻ ഒക്കെ പറഞ്ഞു തരും, വളരെ ഇമോഷണലായ ചില ഹമ്മിംഗൊക്കെ എനിക്കായി മാറ്റി വച്ചിരുന്നു. ‘വാടിയെൻ കപ്പ കിഴങ്ങേ…’ എന്നു തുടങ്ങുന്ന ഗാനം വളരെ ആസ്വദിച്ചു പാടിയ ഒന്നാണ്. ഞാനും ഗംഗഅമരനും രാജ സാറുമൊക്കെ ചേർന്നാണ് അത് പാടുന്നത്. അവരൊക്കെ ഡാൻസ് ചെയ്താണ് പാടുന്നത്, അപ്പോ ഞാനും ഫോക്ക് സ്റ്റൈലിൽ പാടി. അന്നൊക്കെ തുടർച്ചയായി കുറേ നേരം പ്രാക്റ്റീസ് ചെയ്തു കഴിഞ്ഞാണ് ഒരു പാട്ടു പാടുക. പാടി പാടി വരുമ്പോൾ ആ ഫീൽ കിട്ടും.

കൈനിറയെ പാട്ടുകൾ, എന്നിട്ടും എന്താണ് ധൃതി പിടിച്ച് മ്യൂസിക്കിന്റെ ലോകം വിട്ടു പോയത്?

നാലു വർഷമേ ഞാൻ സജീവമായി പിന്നണി ഗാനരംഗത്തു നിന്നുള്ളൂ, 1978 മുതൽ 1982 വരെയുള്ള കാലഘട്ടം. ഞാൻ കേരളത്തിൽ തന്നെയായിരുന്നു അപ്പോഴും താമസം, അവസരങ്ങൾ കിട്ടുമ്പോൾ ചെന്നൈയിലെത്തി പാട്ടു പാടി ഉടനെ അടുത്ത ട്രെയിനിൽ നാട്ടിലേക്ക് വരും. രാജ സാറിനെ കൂടാതെ ശങ്കർ ഗണേഷ്, ഗംഗെ അമരൻ, ചന്ദ്രബോസ് തുടങ്ങി വളരെ കുറച്ച് മ്യൂസിക് ഡയറക്ടർമാർക്ക് ഒപ്പമേ ഞാൻ പാടിയിട്ടുള്ളൂ. അങ്ങനെ അവസരങ്ങൾ തേടി പോവാനൊന്നും അന്നു തോന്നിയില്ല, തേടിയെത്തിയ പാട്ടുകൾ മാത്രമാണ് പാടിയത്. അന്നൊക്കെ രാജ സാറിന്റെ പാട്ടു പാടി കഴിയുമ്പോൾ ഞാൻ ചോദിക്കും. ‘ഊര്ക്ക് പോട്ടമാ?’ ‘പോകാൻ വരട്ടെ, രണ്ടു നാൾ കഴിഞ്ഞ് ഒരു റെക്കോർഡിംഗ് കൂടിയുണ്ട്, അതു കഴിഞ്ഞ് പോവാം’. പിന്നെ അതിനു വേണ്ടിയുള്ള കാത്തിരിപ്പാണ്. അതു കഴിയുമ്പോൾ വീണ്ടും ‘ഊര്ക്ക് പോട്ടമാ?’ എന്നാവും ഞാൻ. അദ്ദേഹം വീണ്ടും അടുത്ത പാട്ടിനായി കാത്തിരിക്കാൻ പറയും. ആ സമയത്ത് വേണമെങ്കിൽ മറ്റു മ്യൂസിഷൻമാരെയൊക്കെ കണ്ട് അവസരം ചോദിക്കാവുന്നതേയുള്ളൂ. പക്ഷേ അന്ന് അത്രയ്ക്കുള്ള വിവരവും പക്വതയുമല്ലേ ഉള്ളൂ. ഇടിച്ചു കയറാൻ എനിക്കറിയില്ല, അന്നുമറിയില്ല, ഇന്നും.

ചെന്നൈയിലേക്ക് താമസം മാറിയാൽ അവസരം ഉണ്ടാവുമോ എന്നൊക്കെ അനിശ്ചിതത്വമുണ്ടായിരുന്നു അന്ന്. സുശീലാമ്മ, ജാനകിയമ്മ ഒക്കെ നിറഞ്ഞു നിൽക്കുന്ന കാലമാണ്. അച്ഛനും അമ്മയ്ക്കുമുള്ള ഏക പെൺകുട്ടിയാണ് ഞാൻ, ചെന്നൈയിലേക്കൊക്കെ പോവുമ്പോൾ കൂടെ എപ്പോഴും ആരേലും വേണം. അതിനിടയിൽ, കൃത്യം 18 വയസ്സായപ്പോൾ തന്നെ എനിക്ക് അധ്യാപികയായി ജോലിയും കിട്ടി.

ജോലി കിട്ടിയിട്ടും വല്ലപ്പോഴും പാടാൻ പോയിരുന്നു. രവീന്ദ്രൻ മാഷിന്റെ ആദ്യ സിനിമഗാനം പാടിയത് ഞാനാണ്, ‘ഉപ്പിനു പോണ വഴിയേത്?’ എന്ന ഗാനം. പത്മരാജൻ സാറിന്റെ ‘നവംബറിന്റെ നഷ്ടം’ എന്ന ചിത്രത്തിലെ ‘ഏകാന്തതേ നിന്റെ ദ്വീപിൽ’ എന്നു തുടങ്ങുന്ന പാട്ട്… അദ്ദേഹത്തിനു വലിയ നിർബന്ധമായിരുന്നു അതെന്നെ കൊണ്ട് പാടിപ്പിക്കണമെന്ന്. പിന്നെ വിധ്യാധരൻ മാഷുടെ ‘വീണപൂവ്’ എന്ന ചിത്രത്തിലെ ‘സ്വപ്നം കൊണ്ട് തുലാഭാരം’, ‘കന്നിമാസത്തിലെ’ തുടങ്ങിയ പാട്ടുകൾ. ടോൺ ഒക്കെ മാറ്റി പാടിയ പാട്ടാണ്, ‘കന്നിമാസത്തിലെ’ എന്നു തുടങ്ങുന്ന പുള്ളുവൻ ഗാനം.

അന്ന് കരിയർ അവസാനിപ്പിച്ചതിൽ പിന്നീട് നഷ്ടബോധം തോന്നിയിട്ടുണ്ടോ?

ഇടയ്ക്കൊക്കെ തോന്നിയിട്ടുണ്ട്. പിന്നെ എല്ലാം നമ്മളെടുത്ത തീരുമാനങ്ങളല്ലേ, അതിൽ നഷ്ടബോധം തോന്നിയിട്ട് കാര്യമില്ലല്ലോ എന്നോർക്കും. നഷ്ടബോധത്തോടെ അതിനെ കുറിച്ച് തന്നെ ചിന്തിച്ചിരുന്നാൽ ഡിപ്രഷനായി പോവില്ലേ. ഓവറായി ചിന്തിച്ച് വലിയ സമാധാനക്കേട് ഉണ്ടാക്കുന്ന ആളല്ല ഞാൻ. കിട്ടിയതൊക്കെ ഒരുപാട് പേർക്ക് കിട്ടാത്ത ഭാഗ്യമാണ്, അത്രയും നല്ല പാട്ടുകൾ. കേട്ടു മതിയാകും മുൻപെ പാട്ട് നിർത്തി പോന്നതു കൊണ്ടാവും ആളുകൾക്ക് ഇത്ര സ്നേഹം! തമിഴർക്കിപ്പോഴും വലിയ ഇഷ്ടമാണ്, ഈ ഉടുത്തിരിക്കുന്ന സാരി പോലും പാട്ടിഷ്ടപ്പെടുന്ന ഒരു കൂട്ടം ഐഎഎസ് ഓഫീസർമാരുടെ കൂട്ടായ്മ സമ്മാനിച്ചതാണ്. ’70കളിലെ നല്ല പാട്ടുകാരി’യെന്ന രീതിയിൽ എനിക്ക് ഈയിടെ ഒരു അവാർഡ് കിട്ടി. റേഡിയോ മിർച്ചിയുടെ കഴിഞ്ഞ വർഷത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും എനിക്കായിരുന്നു. പാട്ടിൽ നിന്നും മാറി നിൽക്കുമ്പോഴും പാട്ടെന്നെ ചുറ്റിപ്പറ്റി സ്നേഹം അറിയിക്കുന്നുണ്ട്. (മണ്മറഞ്ഞ) സംവിധായകൻ മഹേന്ദ്രൻ സാർ ഒരു പുസ്തകമെഴുതിയപ്പോൾ അത് പ്രകാശനം ചെയ്യാൻ എന്നെ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ നാലഞ്ചു പടത്തിൽ ഞാൻ പാടിയിട്ടുണ്ട്. കോയമ്പത്തൂരിൽ വച്ചായിരുന്നു ചടങ്ങ്. അവരൊക്കെ ഓർത്തു എന്നത് സന്തോഷമാണ്.

എന്റെ പാട്ടുകൾ കേട്ടിട്ടുണ്ടെങ്കിലും പലർക്കും എന്നെ നേരിട്ട് കണ്ടാൽ അറിയില്ല. അതുമായി ബന്ധപ്പെട്ട് രസകരമായ കുറേ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഞാൻ പഠിപ്പിച്ച കുട്ടികൾക്കൊന്നും അറിയില്ലായിരുന്നു ഞാൻ സിനിമയിലൊക്കെ പാടിയിട്ടുള്ള കാര്യം. മൂന്നാലു കൊല്ലം മുൻപ് ഒരു സംഭവമുണ്ടായി. ഞാൻ പഠിപ്പിച്ചിരുന്ന സ്കൂളിൽ പൂർവ്വവിദ്യാർത്ഥി സംഗമം നടക്കുകയാണ്. അന്നൊരു വിദ്യാർത്ഥിയെത്തി, അവനെ ഞാൻ ഏഴാം ക്ലാസ്സിൽ പഠിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ എന്നേക്കാളുമൊക്കെ പൊക്കം വച്ച് വലിയ പയ്യനായി. അവനിങ്ങനെ സംസാരത്തിനിടയിൽ പാട്ടിനെ കുറിച്ചൊക്കെ പറയുന്നുണ്ട്. ‘കാതൽ ഓവിയം’ എന്ന പാട്ടിനെ കുറിച്ചായി സംസാരം. ‘എന്തൊരു പാട്ടാണത്, ഞാനത് കേൾക്കാത്ത ഒരു ദിവസം പോലുമില്ല’ എന്നൊക്കെ അവൻ പറയുന്നുണ്ട്. ഞാനാണ് അത് പാടിയതെന്ന് അവനൊപ്പമുള്ള മറ്റൊരു പയ്യന് അറിയാമായിരുന്നു. മിസ്സാണ് അത് പാടിയത് എന്നവൻ പറയുന്നുണ്ട്. ഈ ചങ്ങാതിയ്ക്ക് പക്ഷേ ഞാൻ സിനിമയിൽ പാടിയതായി അറിയില്ല. കൂട്ടുകാരൻ പറഞ്ഞതൊന്നും മനസ്സിലാവാതെ അവൻ ‘കാതൽ ഓവിയ’ത്തെ കുറിച്ച് പറഞ്ഞു കൊണ്ടിരിക്കുകയാണ്. അവന് മനസ്സിലായിട്ടില്ല എന്നെനിക്ക് പിടികിട്ടി. ‘ഞാനാണ് മോനേ അതു പാടിയത്’ എന്നായി ഞാൻ. അപ്പോൾ അവൻ, ‘ഓ മിസ്സും ആ പാട്ട് പാടാറുണ്ടല്ലേ? എന്നായി. ‘അല്ല മോനേ, ആ പാട്ട് ഒർജിനൽ റെക്കോർഡിംഗിൽ ഞാനാണ് പാടിയത്.’ അതുകേട്ടതും അവനെന്നെ കുറച്ചുനേരം നോക്കി നിന്നു, പിന്നെ കാലിലേക്ക് ഒറ്റ വീഴ്ചയായിരുന്നു, ‘അയ്യോ മിസ്സേ എനിക്കറിയില്ലായിരുന്നു’ എന്നും പറഞ്ഞ്.

jency, jency singer, jency hits

മറ്റൊരിക്കൽ, ഒരാൾ എന്നെ പരിചയപ്പെടുകയാണ്. ഞാൻ ജെൻസിയെന്ന് പരിചയപ്പെടുത്തിയപ്പോൾ അയാൾ ചോദിച്ചു, ‘എവിടെയാണ് താമസിക്കുന്നത്?’. ‘കൊച്ചിയിലാണ്’ എന്നു പറഞ്ഞപ്പോൾ, ‘കൊച്ചിയിൽ പള്ളുരുത്തിയിൽ ഒരു ജെൻസി ഉണ്ടായിരുന്നു, ഗായിക, അവരിപ്പോൾ അമേരിക്കയിൽ എവിടെയോ ആണ് താമസം’, എന്നു പറഞ്ഞു. അതു കേട്ടപ്പോൾ ഞാനോർത്തു, ഇനി ഞാനായിട്ട് തിരുത്തി പറയാൻ പോവേണ്ട, ജെൻസി അമേരിക്കയിൽ തന്നെയിരിക്കട്ടെ. ഉള്ളിൽ ചിരിച്ചു പോയ ഇത്തരത്തിലുള്ള കുറേ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്റെ പാട്ടും ശബ്ദവും കേട്ടാണ് പലർക്കും പരിചയം, ചിത്രങ്ങൾ അധികം പേർ കണ്ടിട്ടുണ്ടാവില്ല, അതു കൊണ്ട് സംഭവിക്കുന്നതാണ് ഇതെല്ലാം.

ജാനകിയമ്മ, കെ എസ് ചിത്ര, സുജാത, യേശുദാസ്, ലതിക ഇവരൊക്കെയായി ഇപ്പോഴും സൗഹൃദം സൂക്ഷിക്കുന്നുണ്ടോ?

ജാനകിയമ്മ അന്നും ഇന്നും അതേ വാത്സല്യത്തോടെയാണ് പെരുമാറുക. വളരെ കുട്ടിക്കാലം മുതലേ എന്നെ കാണുകയല്ലേ, ആ വാത്സല്യം ഇപ്പോഴുമുണ്ട്. ഇപ്പോഴും ഇടയ്ക്ക് വിളിക്കും, വോയ്സ് മെസേജ് അയക്കും. ആദ്യ പാട്ട് പാടുമ്പോൾ ഒരേ ബൂത്തിലിരുന്നാണ് ഞാനും ജാനകിയമ്മയും പാടുന്നത്. വളരെ കൂളായി ജാനകിയമ്മ പാടുന്നത് കണ്ട് അമ്പരന്നിട്ടുണ്ട്. ‘നീ നന്നായി പാടുന്നുണ്ട്, നല്ല വോയ്സാണ്, ധൈര്യമായി പാടൂ,’ എന്നൊക്കെ പ്രോത്സാഹിപ്പിച്ച് എനിക്ക് ധൈര്യം തന്നു. ഞാൻ മലയാളിയായതോണ്ട് കഷ്ടപ്പെട്ട് മലയാളത്തിലാണ് എന്നോട് സംസാരിക്കുക. ജാനകിയമ്മ, ജയേട്ടൻ, ദാസേട്ടൻ എല്ലാവരുടെയും കൂടെ ലൈവായി പാടാൻ കഴിഞ്ഞു എന്നതൊക്കെ വലിയ അനുഗ്രഹമാണ്. ഞാൻ പാട്ടിൽ നിന്നു വിടുന്നതു വരെയും ട്രാക്ക് റെക്കോർഡിംഗ് ഇല്ലായിരുന്നു, എല്ലാം ലൈവ് റെക്കോർഡിംഗ് ആയിരുന്നു. അവർക്കൊപ്പം പിടിച്ചു നിൽക്കണമല്ലോ എന്നോർത്ത് കൂടുതൽ ശ്രദ്ധയോടെയാണ് അന്നൊക്കെ പാടുക.

Sujatha, Jensy, Chithra
സുജാതയ്ക്ക് ഒപ്പം ജെൻസി (ഇടത്)/ സുജാതയ്ക്കും ചിത്രയ്ക്കുമൊപ്പം ജെൻസി (വലത്)

സുജാതയും ഞാനും ബാലഗാനമേളയിൽ ഒന്നിച്ചു പാടിയ കാലം മുതലുള്ള പരിചയമാണ്. എപ്പോഴും വിളിക്കാറോ കാണാറോ ഒന്നുമില്ല, കാണുമ്പോൾ സൗഹൃദം പുതുക്കും. ചിത്ര പക്ഷേ അങ്ങനെയല്ല, ഇടയ്ക്ക് ഒക്കെ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്യും. ‘ഉപ്പിനു പോണ വഴിയേത്’ പാടുമ്പോഴാണ് ലതികയെ പരിചയപ്പെടുന്നത്. അന്ന് ഞങ്ങൾ തമ്മിലത്ര കണക്ഷനൊന്നുമില്ല. ഇപ്പോഴാണ് ഞങ്ങൾ നല്ല കൂട്ടായത്, ഇടയ്ക്ക് വിളിക്കും. മോൾടെ കല്യാണത്തിനൊക്കെ വന്നിരുന്നു. ദാസേട്ടനെയും അങ്ങനെ എപ്പോഴും വിളിക്കാറൊന്നുമില്ല. എങ്കിലും ദാസേട്ടന് അന്നും ഇന്നും വലിയ സ്നേഹമാണ്.

jency, SPB
എസ് പി ബിയും ജെൻസിയും

എസ് പി ബി സാറുമായി അക്കാലത്ത് ഒന്നിച്ചു പാടിയപ്പോൾ ഉള്ള പരിചയമാണ്. പിന്നീട് കണക്ഷനൊന്നുമില്ലായിരുന്നു. അദ്ദേഹം മരിക്കുന്നതിന് ഏതാനും മാസങ്ങൾക്കു മുൻപ് നേരിൽ കണ്ടിരുന്നു. അർജുനൻ മാസ്റ്റർക്ക് അവാർഡ് നൽകുന്നൊരു ചടങ്ങിൽ പങ്കെടുക്കാൻ ബാലു സാറും വന്നിരുന്നു. ‘എത്ര നാളായി കണ്ടിട്ട്, ഒന്നു ഹഗ്ഗ് പണ്ണട്ടമാ?’ എന്നു പറഞ്ഞ് എന്നെ കെട്ടിപ്പിടിച്ചു, ഒരുപാട് സംസാരിച്ചു. അതു കഴിഞ്ഞ് കുറച്ചു മാസങ്ങൾ കഴിഞ്ഞാണ് മരിക്കുന്നത്. വലിയ സങ്കടമുണ്ടാക്കി ആ മരണവാർത്തയെനിക്ക്. കുറേ കാലമായി ഒരു കണക്ഷനും ഇല്ലാതിരുന്ന ഒരാളെ വീണ്ടും കണ്ടുമുട്ടി ഓർമകളൊക്കെ തെളിഞ്ഞു നിൽക്കവെ വീണ്ടും വിടവാങ്ങുന്ന അവസ്ഥ…

എല്ലാ രംഗങ്ങളിലുമെന്ന പോലെ, സംഗീതരംഗത്തും ഈ കാലയളവിനുള്ളിൽ ഏറെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടല്ലോ. എങ്ങനെ നോക്കി കാണുന്നു പുതിയ കാലത്തിന്റെ സംഗീതത്തെ?

പാടുന്ന രീതിയിൽ മുതലിങ്ങോട്ട് ഒരുപാട് കാര്യങ്ങളിൽ മാറ്റമുണ്ടായിട്ടുണ്ട്. ഞാനൊക്കെ പാടി തുടങ്ങിയ കാലത്ത് നമ്മൾ ഇരുന്നാണ് പാടുന്നത്, ചുറ്റും ഹാർമോണിയവുമൊക്കെയായി ആളുകളുണ്ടാവും. പിന്നെ നിന്ന് മൈക്ക് സ്റ്റാൻഡിൽ വച്ച് പാടാൻ തുടങ്ങി. അധികം വൈകാതെ മൈക്ക് കയ്യിൽ പിടിച്ചായി പാട്ട്. ഇപ്പോൾ മൈക്കൊക്കെ ഡ്രസ്സിൽ കുത്തി വച്ച് പാടുന്നത് കണ്ടിട്ടുണ്ട്. അതു പോലെ, പാട്ടിനൊപ്പം താളം പിടിച്ച് ഡാൻസു ചെയ്യുന്ന ഗായകരാണ് ഇപ്പോൾ കൂടുതൽ. കാലഘട്ടത്തിന്റെതായ മാറ്റങ്ങളാണിതൊക്കെ. റിമി ടോമിയാണ് ഡാൻസിനൊപ്പം ചുവടു വയ്ക്കുന്ന രീതിയ്ക്കൊക്കെ പ്രചാരം നൽകിയത് എന്നു തോന്നുന്നു. റിയാലിറ്റി ഷോകൾ കൂടി പ്രചാരത്തിൽ വന്നതോടെ അതൊരു സ്റ്റൈലായി മാറി. പണ്ട് പാട്ടുകാർ എന്നു പറഞ്ഞാൽ വലിയ ആദരവായിരുന്നു അനുഭവപ്പെട്ടിരുന്നത്. ലതാജി, സുശീലാമ്മ, ജാനകിയമ്മ അവരൊക്കെ സാരിയൊക്കെ പുതച്ചിട്ടാണ് വരിക, തൊഴുതാണ് പാട്ട് തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും. ഇപ്പോഴത്തെ കുട്ടികൾ കുറേ കൂടി എനർജെറ്റിക് ആണ് സ്റ്റേജിൽ. ടെലിവിഷൻ വന്നതോടെയാണ് കൂടുതൽ മാറ്റങ്ങൾ സംഭവിച്ചത്, നമ്മളിങ്ങനെ അനങ്ങാതെ നിന്നു പാടുമ്പോൾ അത് ആളുകൾക്ക് മടുപ്പുണ്ടാക്കും എന്നു കരുതിയാവാം ചലിച്ചു കൊണ്ടും ചുവടു വെച്ചുമൊക്കെയുള്ള പാട്ടിന് പ്രചാരം ഏറിയത്.

പുതിയ പാട്ടുകളിലും ഒരുപാട് പരീക്ഷണങ്ങൾ കാണാം. സത്യം പറഞ്ഞാൽ, എനിക്ക് ചിലതൊന്നും ഉൾകൊള്ളാൻ പറ്റിയിട്ടില്ല. പല പാട്ടുകളുണ്ട് ഒന്നു രണ്ടു തവണ കേൾക്കുമ്പോഴേക്കും മടുക്കും. പക്ഷേ ചിലതുണ്ട് ഇപ്പോഴും, എത്ര കേട്ടാലും മതിയാവാത്തവ. ശ്രേയ ഘോഷാലിന്റെ മെലഡികളൊക്കെ എനിക്ക് ഇഷ്ടമാണ്, ശ്വേത മോഹന്റെ പാട്ടുകളും. ശ്രേയയെ ആരെന്തു കുറ്റം പറഞ്ഞാലും, അവളുടെ പാട്ടുകൾ കേട്ടാൽ ഷോക്കടിച്ചതുപോലെ ഞാൻ നിന്നു പോവും. ‘പാട്ടിൽ എൻ പാട്ടിൽ’ ഒക്കെ കേട്ടിരിക്കാൻ എന്തു രസമാണ്… എല്ലാ പാട്ടുകളിലും ഒരു ശ്രേയ ടച്ചുണ്ട്, അതൊക്കെ ജന്മസിദ്ധമാണ്. ചിത്രയെ കുറിച്ച് പിന്നെ പറയേണ്ട കാര്യമില്ലല്ലോ. അതു പോലെ സിതാര കൃഷ്ണകുമാറിന്റെ പാട്ടുകൾ, സിതാരയുടേത് വേറിട്ട ശബ്ദമാണ്.

ഞാനെപ്പോഴും കേൾക്കാൻ ഇഷ്ടപ്പെടുന്നത് എൺപതുകളിലെ പാട്ടുകളാണ്. ജാനകിയമ്മ, യേശുദാസ്, ചിത്ര, സുജാത അവരുടെയൊക്കെ മെലഡികൾ ആണ് ഞാൻ കൂടുതൽ കേട്ടിരിക്കുക.

സിനിമകളിൽ നടീ നടന്മാരെ കൊണ്ടൊക്കെ പാടിപ്പിക്കുന്ന ട്രെൻഡ് ഇപ്പോൾ സർവ്വസാധാരണമാണ്. അതിനെ എങ്ങനെയാണ് നോക്കി കാണുന്നത്?

ഇത്തരമൊരു ട്രെൻഡ് കൊണ്ടു വരുന്നത് ചിലപ്പോൾ സംഗീതസംവിധായകർ മാത്രമാവില്ല, അതിനു പിന്നിൽ നിർമ്മാതാക്കളുടെയോ സംവിധായകരുടെയോ ഒക്കെ നിർദ്ദേശങ്ങളുണ്ടാവും. അത് പബ്ലിസിറ്റിയ്ക്ക് വേണ്ടി കൂടിയാവാം. അതു വേണമായിരുന്നോ എന്നു ചിലപ്പോൾ തോന്നും., പാടാൻ വേണ്ടി പാടുന്നതു പോലെ തോന്നും. പക്ഷേ അഭിനേതാക്കളിലും നല്ല രീതിയിൽ പാടുന്നവരുമുണ്ട് കെട്ടോ. അപർണ ബാലമുരളി പാടുന്നത് കേൾക്കാൻ എനിക്കിഷ്ടമാണ്.

ശബ്ദത്തിനു ഇപ്പോഴും പ്രത്യേക കെയർ കൊടുക്കാറുണ്ടോ?

തണുത്ത വെള്ളമൊന്നും ഇപ്പോഴും കഴിക്കില്ല. ഐസ്ക്രീമിനോടൊക്കെ കൊതി തോന്നുമ്പോൾ വല്ല കാലത്തുമാണ് കഴിക്കുന്നത്. അതും തണുപ്പൊക്കെ കുറഞ്ഞതിനു ശേഷം പതിയെ നാവിൽ വച്ച് അലിയിച്ചെടുക്കും. ദൈവം തന്ന ശബ്ദമല്ലേ, അതിനെന്തെങ്കിലും പറ്റിയാൽ എനിക്ക് ഉറക്കം വരില്ല. പാടുന്നില്ലെങ്കിലും ശബ്ദമൊന്ന് ഇടറിയാൽ എനിക്ക് വിഷമമാണ്. വീണ്ടും പാടാനുള്ള പേടിയും അതാണ്, എന്തെങ്കിലും ശരിയാവാതെ പോയാൽ എനിക്കത് സഹിക്കാൻ പറ്റില്ല.

ഭർത്താവ് ഗ്രിഗറിയ്ക്കും മക്കൾക്കും മരുമക്കൾക്കുമൊപ്പം ജെൻസി

കുടുംബം?

ഭർത്താവ് ഗ്രിഗറി ബിസിനസുകാരനാണ്. രണ്ടു മക്കളാണ് – നിതിൻ, നുബിയ. നിതിനും ഭാര്യ മെറിലും അമേരിക്കയിലാണ്. നുബിയയും ഭർത്താവ് ലിജോയും ഓസ്ട്രേലിയയിലും. നുബിയയ്ക്കും പാട്ടിനോട് താൽപ്പര്യമുണ്ട്. അവിടെ റെക്കോർഡിംഗിലും ഗാനമേളകളിലുമൊക്കെ അവൾ പാടുന്നുണ്ട്. മകനും തെറ്റില്ലാതെ പാടും, പക്ഷേ അവനത് പ്രൊഫഷണലായി എടുത്തില്ല.

Stay updated with the latest news headlines and all the latest Interview news download Indian Express Malayalam App.

Web Title: Jensy anthony gregory on playback career songs ilaiyaraja

Best of Express