/indian-express-malayalam/media/media_files/uploads/2019/12/iffk-2019-kerala-cm-pinarayi-vijayan-to-inaugurate-the-festival-today-322960.jpg)
IFFK 2019: 24-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സാംസ്ക്കാരിക മന്ത്രി എ കെ ബാലൻ ചടങ്ങിൽ അധ്യക്ഷനാകും. മന്ത്രി കടകം പള്ളി സുരേന്ദ്രനാണ് മുഖ്യാതിഥി. നടി ശാരദയാണ് ചടങ്ങിലെ വിശിഷ്ടാതിഥി.
ഫെസ്റ്റിവൽ ബുക്കിന്റെ പ്രകാശനം മേയർ കെ ശ്രീകുമാർ വി കെ പ്രശാന്ത് എം എൽ എയ്ക്ക് നൽകിയും ഫെസ്റ്റിവൽ ബുള്ളറ്റിൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു കെ ടി ഡി സി ചെയർമാൻ എം വിജയകുമാറിന് നൽകിയും പ്രകാശനം ചെയ്യും. തുടര്‍ന്ന് ഉദ്ഘാടന ചിത്രമായ പാസ്സ്ഡ് ബൈ സെന്‍സര്‍ പ്രദര്‍ശിപ്പിക്കും.
Read Here: IFFK 2019: 14 വേദികൾ, 186 ചിത്രങ്ങൾ; കേരളത്തിന്റെ സിനിമാ വസന്തമൊരുങ്ങുന്നു
വിവിധ തിയേറ്ററുകളിൽ രാവിലെ 10 മണി മുതലാണ് ചിത്രങ്ങളുടെ പ്രദർശനം ആരംഭിക്കുന്നത്. 8998 സീറ്റുകളാണ് മേളയ്‌ക്കായി സജ്ജമാക്കിയിട്ടുള്ളത്. 3500 സീറ്റുകൾ ഉള്ള ഓപ്പൺ തിയേറ്റർ ആയ നിശാഗന്ധിയാണ് ഏറ്റവും വലിയ പ്രദർശന വേദി. മിഡ്‌നെറ്റ് സ്ക്രീനിങ് ചിത്രമായ 'ഡോർലോക്ക്' ഉൾപ്പടെ പ്രധാന ചിത്രങ്ങൾ ഇവിടെ പ്രദർശിപ്പിക്കും.മേളയുടെ നാലാം ദിനം രാത്രി 12 മണിക്കാണ് ചിത്രത്തിന്‍റെ പ്രദര്‍ശനം നടക്കുക. ബാര്‍ക്കോ ഇലക്ട്രോണിക്സിന്‍റെ നൂതനമായ ലേസര്‍ ഫോസ്ഫര്‍ ഡിജിറ്റല്‍ പ്രോജക്ടറാണ് ഇത്തവണ നിശാ ഗന്ധിയിൽ പ്രദര്‍ശനത്തിന് ഉപയോഗിക്കുന്നത്.
അന്താരാഷ്ട്ര മല്‍സര വിഭാഗത്തിൽ ഈജിപ്ഷ്യന്‍ സംവിധായകന്‍ ഖൈറി ബെഷാറ ചെയർമാൻ. ഇറാനിയന്‍ നടി ഫാത്തിമ മൊദമ്മദ് ആര്യ, കസാഖ് സംവിധായകന്‍ അമീര്‍ കരാക്കുലോവ്, സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് മേനോന്‍, മറാത്തി സംവിധായകന്‍ നാഗരാജ് മഞ്ജുളെ എന്നിവരാണ് ജൂറി അംഗങ്ങള്‍.
'പാസ്സ്‌ഡ് ബൈ സെന്‍സര്‍' ഉദ്ഘാടനചിത്രം
രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചിത്രമായി സെര്‍ഹത്ത് കരാസ്ലാന്‍ സംവിധാനം ചെയ്ത 'പാസ്സ്‌ഡ് ബൈ സെന്‍സര്‍' പ്രദര്‍ശിപ്പിക്കും. വൈകിട്ട് ആറിന് ഉദ്‌ഘാടനച്ചടങ്ങിനു ശേഷം നിശാഗന്ധിയിൽ ആണ് ചിത്രം പ്രദർശിപ്പിക്കുക. ടര്‍ക്കിഷ് സംവിധായകനായ കരാസ്ലാന്റെ ആദ്യ സംരംഭമായ ഈ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം കൂടിയാണിത്. ജയില്‍ പുള്ളികളുടെ കത്തുകള്‍ സെന്‍സര്‍ ചെയ്യുന്ന ജയില്‍ജീവനക്കാരന്റെ ആത്മസംഘര്‍ഷങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
ഒരു തടവുപുള്ളിക്കായി എത്തുന്ന കത്തിനുള്ളില്‍ നിന്നും ലഭിച്ച ഫോട്ടോയിലൂടെ ജയില്‍ ജീവനക്കാരന്‍ മെനഞ്ഞെടുക്കുന്ന കഥയിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. തുര്‍ക്കി ഭരണത്തില്‍ കലാകാരന്മാര്‍ വീര്‍പ്പുമുട്ടുന്ന അവസ്ഥകൂടിയാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.
ഗോള്‍ഡന്‍ ഓറഞ്ച്, അങ്കാറ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രേക്ഷക പ്രീതി നേടിയ ചിത്രം യൂറോപ്യന്‍ ചലച്ചിത്ര നിരൂപക സംഘടനയുടെ ഈ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും നേടിയിട്ടുണ്ട്.
പ്രേക്ഷകരുടെ ഹൃദയത്തുടിപ്പുമായ് ജോഷി ബെനഡിക്ടിന്റെ സിഗ്‌നേച്ചര്‍ ഫിലിം
ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ ഭാവനയുടെ പുതുലോകം തുറക്കുന്ന സിഗ്‌നേച്ചര്‍ ഫിലിം. 'ദ ഡോര്‍ ഓപ്പണ്‍സ്' എന്ന സിഗ്‌നേച്ചര്‍ ചിത്രത്തിന്റെ ആശയവും ആനിമേഷനും ജോഷി ബെനഡിക്ടിന്റേതാണ്. സന്തോഷ് കെ തമ്പി സംഗീതം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ശബ്ദ സംവിധാനം നിർവഹിച്ചിരിക്കുന്നത് ആനന്ദ് ബാബുവാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചലച്ചിത്രാസ്വാദകർ ഒരേ ഹൃദയത്തുടിപ്പുമായി തിരശീലക്ക് മുന്നിൽ ഇരിക്കുന്നതും സിനിമയുടെ ഭാവനാലോകം ഓരോ പ്രേക്ഷകനിലേക്കും സുവർണ്ണ ചകോരമായി പറന്നിറങ്ങുന്നതുമാണ് സിഗ്നേച്ചർ ഫിലിമിന്റെ പ്രമേയം.
മേളയിൽ ചിത്രങ്ങളുടെ കാഴ്ച്ചവസന്തം തുറക്കുന്നത് സിഗ്‌നേച്ചര്‍ ഫിലിമിനൊപ്പമാണ്. മൈന്‍ഡ്‌വേ ഡിസൈന്‍ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ നിർമ്മാണം.
Read Here: IFFK 2019: പരിമിതികളുണ്ട്, പക്ഷേ നിലവാരം കുറയില്ല: മേളയെക്കുറിച്ച് ബീനാ പോള്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.