scorecardresearch
Latest News

IFFK 2019: 14 വേദികൾ, 186 ചിത്രങ്ങൾ; കേരളത്തിന്റെ സിനിമാ വസന്തമൊരുങ്ങുന്നു

24th International Film Festival of Kerala (IFFK): പ്രധാന വേദിയായ ടാഗോർ തിയേറ്ററടക്കം 14 തിയേറ്ററുകളിലായി 73 രാജ്യങ്ങളിൽ നിന്നുള്ള 186 ചിത്രങ്ങളാണ് എട്ടുദിവസം നീണ്ടുനില്ക്കുന്ന മേളയിൽ പ്രദർശിപ്പിക്കുന്നത്

IFFK 2019: 14 വേദികൾ, 186 ചിത്രങ്ങൾ; കേരളത്തിന്റെ സിനിമാ വസന്തമൊരുങ്ങുന്നു
iffk-2019-dates-film-list-schedule-reservation-delegate-registration-booking-award-321717

24th International Film Festival of Kerala (IFFK): സമകാലിക ലോകസിനിമയുടെ കാഴ്ചകളുമായി മറ്റൊരു കേരള രാജ്യാന്തര ചലച്ചിത്ര മേള (International Film Festival of Kerala – IFFK) കൂടി ഒരുങ്ങുകയാണ്.  പല ദേശ സിനിമകളുടെ വൈവിധ്യങ്ങളെ, രീതികളെ, സിനിമാ ഭാഷയെ, സൂക്ഷ്മ രാഷ്ട്രീയത്തെ മനസിലാക്കാനും ചർച്ച ചെയ്യാനുമൊക്കെയായുള്ള കേരളത്തിലെ സിനിമാപ്രേമികളുടെ വാർഷിക ദേശാടന ഇടം കൂടിയായിത്തീർന്നിരിക്കുന്ന മേളയുടെ ഇരുപത്തിനാലാം പതിപ്പാണ് ഇക്കുറി നടക്കാനിരിക്കുന്നത്.

ഡിസംബർ ആറു മുതൽ പതിമൂന്നു വരെ തിരുവനന്തപുരത്തെ പത്തോളം വേദികളിലായാണ് മേള നടക്കുക. സംസ്ഥാന സാംസ്‌കാരിക വകുപ്പിന് വേണ്ടി മേള സംഘടിപ്പിക്കുന്നത് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ്.  മേളയുടെ ഉദ്‌ഘാടനം ഡിസംബർ ആറിന് വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.  സാംസ്ക്കാരിക മന്ത്രി എ കെ ബാലൻ അധ്യക്ഷനാകുന്ന ചടങ്ങിൽ മലയാളത്തിന്റെ പ്രിയനായിക ശാരദയെ ആദരിക്കും.

Read Here: IFFK 2019: പരിമിതികളുണ്ട്, പക്ഷേ നിലവാരം കുറയില്ല: മേളയെക്കുറിച്ച് ബീനാ പോള്‍

 

IFFK Delegate Participation: ജനപ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായ മേള

മേളയിൽ പങ്കെടുക്കുന്ന ഡെലിഗേറ്റുകളുടെ എണ്ണം കൊണ്ട് ശ്രദ്ധേയമായ മേളകളിൽ ഒന്നാണ് കേരള രാജ്യാന്തര ചലച്ചിത്ര മേള. 10,500 ഡെലിഗേറ്റ് പാസ്സുകളാണ് ഈ വർഷം ഒരുക്കിയിരിക്കുന്നത്. ഇതിൽ ഇനി മുന്നോറോളം പാസുകൾ മാത്രമേ ബാക്കിയുള്ളുവെന്നും, റെജിസ്ട്രേഷൻ മേള തുടങ്ങും മുൻപ് നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അക്കാദമി വൃത്തങ്ങൾ അറിയിക്കുന്നു.

കഴിഞ്ഞ വർഷത്തിൽ നിന്നും കുറഞ്ഞ ഫീസാണ് ഇക്കുറി ഈടാക്കുന്നത്.  പ്രളയാനന്തര കേരള പുനർനിർമ്മാണത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം രണ്ടായിരം രൂപയാണ് ഡെലിഗേറ്റ് ഫീസ്  നിശ്ചയിച്ചിരുന്നത്. ഇക്കുറി അത് ആയിരത്തി അഞ്ഞൂറ് രൂപയാക്കി (ജനറൽ കാറ്റഗറി) ചുരുക്കിയിട്ടുണ്ട്.

IFFK Films: 14 വേദികൾ, 186 ചിത്രങ്ങൾ

പ്രധാന വേദിയായ ടാഗോർ തിയേറ്ററടക്കം 14 തിയേറ്ററുകളിലായി 73 രാജ്യങ്ങളിൽ നിന്നുള്ള 186 ചിത്രങ്ങളാണ് എട്ടുദിവസം നീണ്ടുനില്ക്കുന്ന മേളയിൽ പ്രദർശിപ്പിക്കുന്നത്. വിവിധ തിയേറ്ററുകളിലായി 8998 സീറ്റുകളാണ് മേളയ്‌ക്കായി സജ്ജമാക്കിയിട്ടുള്ളത്. 3500 സീറ്റുകൾ ഉള്ള ഓപ്പൺ തിയേറ്റർ ആയ നിശാഗന്ധിയാണ്‌ ഏറ്റവും വലിയ പ്രദർശന വേദി. മിഡ്‌നെറ്റ് സ്ക്രീനിങ് ചിത്രമായ ‘ഡോർലോക്ക്’ ഉൾപ്പടെ പ്രധാന ചിത്രങ്ങൾ ഇവിടെ പ്രദർശിപ്പിക്കും. മേളയുടെ നാലാം ദിനം രാത്രി 12 മണിക്കാണ് ചിത്രത്തിന്‍റെ പ്രദര്‍ശനം നടക്കുക. ബാര്‍ക്കോ ഇലക്ട്രോണിക്സിന്‍റെ നൂതനമായ ലേസര്‍ ഫോസ്ഫര്‍ ഡിജിറ്റല്‍ പ്രോജക്ടറാണ് ഇത്തവണ നിശാ ഗന്ധിയിൽ പ്രദര്‍ശനത്തിന് ഉപയോഗിക്കുന്നത്.അതേ ഗുണനിലവാരമുള്ള പുതിയ സ്ക്രീനും ഉപയോഗിക്കും. ചലച്ചിത്രോത്സവത്തിന്‍റെ ഉദ്ഘാടന-സമാപന ചടങ്ങുകള്‍ നടക്കുന്നതും നിശാഗന്ധിയിലാണ്.

IFFK Movies Online Booking

സില്വനര്‍ സ്‌ക്രീൻ 4 k പ്രൊജക്ഷന്‍ സംവിധാനം ഉള്ള ഏക തിയേറ്ററായ ടാഗോറിൽ 900 ലധികം സീറ്റുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. കൈരളി, ശ്രീ, നിള എന്നിവയിലായി 1013 സീറ്റുകളും കലാഭവനിൽ 410 സീറ്റുകളും ലഭ്യമാകും. സിനിമകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള മൊബൈൽ ആപ്ലിക്കേഷൻ,ഓൺലൈൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്.റിസർവേഷൻ സീറ്റുകളിലെ പ്രവേശനത്തിന് ശേഷമേ മറ്റു പ്രതിനിധികൾക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.

ക്യൂ നില്കാതെ തന്നെ ഭിന്നശേഷിക്കാർക്കും എഴുപത് കഴിഞ്ഞവർക്കും തിയേറ്ററുകളിൽ പ്രവേശനം ലഭിക്കും. ഭിന്നശേഷിക്കാർക്കായി തിയേറ്ററുകളിൽ റാമ്പ് ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക സുരക്ഷയൊരുക്കുന്നതിന്‍റെ ഭാഗമായി 250 ഓളം വനിതാ വോളന്റിയർമാരുടെ സേവനവും ലഭ്യമാകും. പരാതികൾ പരിഹരിക്കാൻ പ്രത്യേക കമ്മിറ്റിക്കും അക്കാഡമി രൂപം നൽകിയിട്ടുണ്ട്.

ഇതിനകം രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയ ഡെലിഗേറ്റുകൾക്കുള്ള പാസ്സ് വിതരണം ഡിസംബർ നാലിന് ആരംഭിക്കും. ഒഴിവുള്ള പാസുകൾക്കായുള്ള ഓൺലൈൻ രജിസ്ട്രേഷൻ തുടരുകയാണ്. 1500 രൂപയാണ് എല്ലാ വിഭാഗങ്ങൾക്കും രജിസ്ട്രേഷൻ ഫീസായി ഈടാക്കുന്നത്.

Iffk 2019, Iffk dates, Iffk film list, Iffk film schedule, Iffk reservation, Iffk delegate registration, Iffk booking, Iffk award, കേരള രാജ്യാന്തര ചലച്ചിത്ര മേള ചലച്ചിത്ര മേള

IFFK Life Time Acheivement Award for Argentinian Director Fernando Solanas: സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം അർജന്റീനിയൻ സംവിധായകൻ ഫെര്‍നാണ്ടോ സൊളാനാസിന്

മൂന്നാം സിനിമ എന്ന സങ്കല്‍പ്പത്തിന് പ്രചാരണം നൽകിയ അർജന്റീനിയൻ സംവിധായകൻ ഫെര്‍നാണ്ടോ സൊളാനസിനെ കേരള രാജ്യാന്തര ചലച്ചിത്ര മേള സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നൽകി ആദരിക്കും. പത്തു ലക്ഷം രൂപ, ശിൽപം, പ്രശസ്തി പത്രം എന്നിവ അടങ്ങുന്നതാണ് പുരസ്കാരം. ഫെര്‍നാണ്ടോ സൊളാനസിന്റെ നാലു ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. ‘ദി അവർ ഓഫ് ദ ഫര്‍ണെസസ്‌,’ ‘ടാംഗോ- എക്‌സൈല്‍ ഓഫ് ഗ്രെഡല്‍,’ ‘സൗത്ത്,’ ‘ദി ജേര്‍ണി’ എന്നീ ചിത്രങ്ങളും ‘എ ജേര്‍ണി ടു ദ ഫ്യുമിഗേറ്റഡ് ടൗൺസ്’ എന്ന ഡോക്കുമെന്ററിയുമാണ് ‘റ്റുവേഡ്‌സ് എ തേർഡ് സിനിമ’ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

Passed By Censor to open 24th IFFK: പാസ്സ്‌ഡ്  ബൈ സെന്‍സര്‍ ഉദ്ഘാടനചിത്രം

രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചിത്രമായി ടര്‍ക്കിഷ് സംവിധായകനായ സെര്‍ഹത്ത് കരാസ്ലാന്‍ സംവിധാനം ചെയ്ത ‘പാസ്സ്‌ഡ് ബൈ സെന്‍സര്‍’ പ്രദര്‍ശിപ്പിക്കും. ജയില്‍ പുള്ളികളുടെ കത്തുകള്‍ സെന്‍സര്‍ ചെയ്യുന്ന ജയില്‍ജീവനക്കാരന്റെ ആത്മസംഘര്‍ഷങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഒരു തടവുപുള്ളിക്കായി എത്തുന്ന കത്തിനുള്ളില്‍ നിന്നും ലഭിച്ച ഫോട്ടോയിലൂടെ ജയില്‍ ജീവനക്കാരന്‍ മെനഞ്ഞെടുക്കുന്ന കഥയിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.  തുര്‍ക്കി ഭരണത്തില്‍ കലാകാരന്മാര്‍ വീര്‍പ്പുമുട്ടുന്ന അവസ്ഥകൂടിയാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ഗോള്‍ഡന്‍ ഓറഞ്ച്, അങ്കാറ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രേക്ഷക പ്രീതി നേടിയ ചിത്രം യൂറോപ്യന്‍ ചലച്ചിത്ര നിരൂപക സംഘടനയുടെ ഈ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും നേടിയിട്ടുണ്ട്.

 

IFFK Films, Sections, Premieres: ദൃശ്യവിരുന്നൊരുക്കാൻ 53 ചിത്രങ്ങളുടെ ആദ്യപ്രദര്‍ശനം

മത്സരവിഭാഗം, മലയാളം സിനിമ,  ഇന്ത്യൻ സിനിമ, കലൈഡോസ്കോപ്പ്, കൺടംപററി മാസ്റ്റർസ് ഇൻ ഫോക്കസ്, റ്റുവേർഡ്‌സ് എ തേർഡ് സിനിമ: ഫെർണാണ്ടോ സോളനാസ്, ചൈനീസ് പനോരമ, പോസ്റ്റ്- യൂഗോസ്ലാവ് സിനിമ, എക്സ്പെരിമെന്റ ഇന്ത്യ, ലോകസിനിമ വിഭാഗങ്ങളിലായി ഇരുനൂറോളം ചിത്രങ്ങൾ പ്രദർശിപ്പിക്കും.  മലയാള സിനിമകളായ ‘ജെല്ലിക്കെട്ടും’ ‘വൃത്താകൃതിയിലുള്ള ചതുരവും’ ഉള്‍പ്പെടെ മത്സരവിഭാഗത്തില്‍ പതിനാല് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

രാജ്യാന്തര ചലച്ചിത്രമേളയിലെ കാലിഡോസ്‌കോപ്പ് വിഭാഗത്തില്‍ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോനും സി.ഷെരീഫ് സംവിധാനം ചെയ്ത കാന്തന്‍ – ദി ലവര്‍ ഓഫ് കളറും പ്രദര്‍ശിപ്പിക്കും. ഈ മലയാള ചിത്രങ്ങള്‍ ഉള്‍പ്പടെ അഞ്ചുസിനിമകളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.  ടൊറന്റോ, ചിക്കാഗോ തുടങ്ങിയ മേളകളില്‍ പ്രദര്‍ശിപ്പിച്ച അപര്‍ണാസെന്നിന്റെ  ദ ഹോം ആന്‍ഡ് ദി വേള്‍ഡ് ടുഡേ, ഹിന്ദി ചിത്രങ്ങളായ ഗീതാജ്ഞലി റാവുവിന്റെ ബോംബൈ റോസ്, ഗൗതം ഘോഷിന്റെ ദി വേഫേറേഴ്‌സ്, കിസ്ലെ സംവിധാനം ചെയ്ത ഹിന്ദി ചിത്രം ജസ്റ്റ് ലൈക് ദാറ്റ് എന്നിവയും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

കൺടംപററി മാസ്റ്റർസ് ഇൻ ഫോക്കസ് വിഭാഗത്തിൽ ടോണി ഗാറ്റ്ലിഫ്, റോയ് ആൻഡേഴ്സൺ എന്നിവരുടെ സിനിമകളാണ് പ്രദർശിപ്പിക്കുക .

Iffk 2019, Iffk dates, Iffk film list, Iffk film schedule, Iffk reservation, Iffk delegate registration, Iffk booking, Iffk award, കേരള രാജ്യാന്തര ചലച്ചിത്ര മേള ചലച്ചിത്ര മേള
IFFK 2019: Contemporary Masters in Focus Section to films of Tony Gatlif and Roy Anderson

ഷി-ഫൈ യുടെ ‘എ മംഗോളിയൻ ടെയ്ൽ,’ ‘ഗേൾ ഫ്രം ഹുനാൻ,’ ‘വാങ് ക്യുന്റെ എപ്പാർട്ട് ടുഗെതർ,’ ‘ട്യുയാസ് മാര്യേജ്’ എന്നീ ചിത്രങ്ങളാണ് ചൈനീസ് പനോരമ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വിഭജനാനന്തര യുഗോസ്ലാവിയയുടെ പരിച്ഛേദമായി ഏഴ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ബെര്‍ലിന്‍, മോണ്‍ട്രിയല്‍ തുടങ്ങിയ അന്താരാഷ്ട്ര മേളകളിലും, അക്കാദമി പുരസ്‌കാരത്തിലും ശ്രദ്ധേയമായ ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. യുഗോസ്ലാവിയ, സെര്‍ബിയ, ക്രൊയേഷ്യ, മാസിഡോണിയ തുടങ്ങിയ രാജ്യങ്ങളായി വിഭജിച്ച  ശേഷം ആദ്യമായി കാനില്‍ പ്രദര്‍ശിപ്പിച്ച ക്രൊയേഷ്യന്‍ ചിത്രം ‘ദ  ഹൈ സണ്‍,’ വനിത സംവിധായകരായ ഐഡ ബെഗിച്ചിന്റെയും, ടിയോണയുടെയും ചിത്രങ്ങള്‍ എന്നിവ ഈ വിഭാഗത്തില്‍ ഉള്‍പെടും. ജര്‍മ്മന്‍ സംവിധായകന്‍ ബെര്‍ണ്ട് ലുറ്റ്‌സലര്‍ സംവിധാനം ചെയ്ത ‘ഗാലോര്‍’ ഉള്‍പ്പടെ പത്ത് ചിത്രങ്ങളാണ് ‘എക്സ്പെരിമെന്റ ഇന്ത്യ’ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. റോട്ടര്‍ ഡാം ഫിലിം ഫെസ്റ്റിവലില്‍ പ്രേക്ഷക പ്രീതി നേടിയ ‘നെര്‍വസ് ട്രാന്‍സ്ലേഷനും’ പരീക്ഷണ ചിത്രങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടും. കഥയും ഹാസ്യാനുകരണവും ഡോക്യൂമെന്റേഷനും ഉള്‍പ്പെടുത്തി പരീക്ഷണ ചലച്ചിത്രങ്ങള്‍ നിര്‍മിക്കുന്ന ഇന്ത്യന്‍ സംവിധായകന്‍ രുചിര്‍ ജോഷിയുടെ ‘ടെയില്‍സ് ഫ്രം പ്ലാനറ്റ് കൊല്‍ക്കത്ത,’ ‘മെമ്മറീസ് ഓഫ് മില്‍ക്ക് സിറ്റി’ എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തിലെ ശ്രദ്ധേയമായ മറ്റ് സിനിമകള്‍.

ദക്ഷിണ കൊറിയന്‍ സംവിധായകനായ ബോംഗ് ജൂൻ ഹോ, ഓസ്ട്രിയന്‍ സംവിധായകൻ മൈക്കേൽ ഹനേകേ, ഫിലിപ്പൈൻ സംവിധായകൻ ലാവ് ഡയസ്, സെമി കപ്ലനോസ്ലു, പെദ്രോ അല്‍മഡോവര്‍, ഇറാനിയന്‍ സംവിധായകൻ മൊഹ്‌സെന്‍ മക്‌മെല്‍ബഫ്, പലസ്തീനിയന്‍ സംവിധായകന്‍ ഏലിയ സുലൈമാന്‍, കെൻലോച്ച് തുടങ്ങിയവരുടെ പുതിയ ചിത്രങ്ങൾ ഉൾപ്പടെ ലോകസിനിമാ വിഭാഗത്തിൽ 92 സിനിമകൾ  പ്രദർശിപ്പിക്കും.

മിഡ്‌നെറ്റ് സ്‌ക്രീനിങ്ങിൽ ഇത്തവണ ലീ ക്വാണിന്റെ ‘ഡോർലോക്ക്’ എന്ന ചിത്രം പ്രദർശിപ്പിക്കും.

 

കേരള രാജ്യാന്തര ചലച്ചിത്രമേള 53 ചിത്രങ്ങളുടെ ആദ്യപ്രദര്‍ശന വേദിയാകും. ഇവയില്‍ മൂന്ന്  ചിത്രങ്ങളുടേത് ആഗോളതലത്തിലെ ആദ്യപ്രദര്‍ശനമാണ്. ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രം പാസ്സ്ഡ് ബൈ സെന്‍സര്‍  ഇന്ത്യയില്‍ തന്നെ ആദ്യമായാണ് പ്രദര്‍ശിപ്പിക്കുന്നത്. മത്സരവിഭാഗത്തിലെ ഒൻപത് ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനമാണ് നടക്കുന്നത്.മത്സരവിഭാഗത്തിലെ മലയാള സാന്നിദ്ധ്യമായ കൃഷാന്തിന്റെ വൃത്താകൃതിയിലുള്ള ചതുരം മലയാള സിനിമ ഇന്നിൽ പ്രദർശിപ്പിക്കുന്ന സൈലെന്‍സര്‍ എന്നീ മലയാള ചിത്രങ്ങളുടെ ആദ്യ പ്രദർശനത്തിന് ചലച്ചിത്രമേള വേദിയാകും. ലോക സിനിമാ വിഭാഗത്തിലെ ഇറാനിയന്‍ ചിത്രം ‘ഡിജിറ്റല്‍ ക്യാപ്റ്റിവിറ്റി’യുടെയും ലോകത്തിലെ ആദ്യ പ്രദർശനമാണ് മേളയിലേത്.

ഇസ്രായേല്‍ അധിനിവേശം പ്രമേയമാക്കി അഹമ്മദ്  ഗോസൈൻ ഒരുക്കിയ ‘ഓൾ ദിസ് വിക്ടറി’, ബോറിസ് ലോജ്‌കൈന്റെ ആഫ്രിക്കൻ ചിത്രം ‘കാമിൽ,’ മൈക്കിൾ ഇദൊവിന്റെ റഷ്യൻ ചിത്രമായ ‘ദി ഹ്യൂമറിസ്റ്റ്,’ യാങ് പിങ്ഡോയുടെ ചൈനീസ് ചിത്രം ‘മൈ ഡിയർ ഫ്രണ്ട്,’ ഹിലാൽ ബെയ്ദറോവ്  സംവിധാനം ഓസ്ട്രിയൻ ചിത്രം ‘വെൻ  ദി പെർസിമ്മൺസ് ഗ്രോ,’ ഡൊമിനിക്കൻ റിപ്പബ്ലിക് ചിത്രമായ  ‘ദി പ്രൊജക്ഷനിസ്റ്റ്,’ ഒരു ബാലെ നർത്തകിയുടെ ജീവിതം പ്രമേയമാക്കിയ ബ്രസീലിയൻ ചിത്രം ‘പാക്കരറ്റ്,’ കാന്‍ ഫിലിം ഫെസ്റ്റിവൽ ഉൾപ്പടെ വിവിധ രാജ്യാന്തര ചലച്ചിത്രമേളകളിൽ  പ്രദർശിപ്പിച്ച  ‘അവർ മദേഴ്‌സ്’ എന്നിവയാണ് മത്സരവിഭാഗത്തില്‍ ആദ്യ പ്രദര്‍ശനത്തിനെത്തുന്ന മറ്റു ചിത്രങ്ങൾ.

ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന 40 ചിത്രങ്ങളുടെ ആദ്യപ്രദര്‍ശന വേദിയായും ഇത്തവണത്തെ ചലച്ചിത്രമേള മാറും.പ്രത്യേക വിഭാഗമായ മിഡ് നൈറ്റ് സ്‌ക്രീനിങ്ങിൽ പ്രദർശിപ്പിക്കുന്ന കൊറിയൻ ചിത്രം ‘ഡോർ ലോക്ക്,’ ഇന്ത്യൻ സിനിമ ഇന്ന് വിഭാഗത്തിലെ അതാനുഘോഷിന്റെ ‘വിത്ത് ഔട്ട് സ്ട്രിംഗ്സ്’ എന്നീ ചിത്രങ്ങളുടേയും ആദ്യ പ്രദർശനമാണ് മേളയിലേത്.

Image may contain: 1 person, smiling

സമകാലിക യാഥാർത്ഥ്യങ്ങളുടെ പന്ത്രണ്ട് മലയാളി കാഴ്ചകൾ

സമകാലിക കേരളീയകാഴ്ചകളുടെ  പരിച്ഛേദമായി  രാജ്യാന്തര ചലച്ചിത്ര മേളയിൽ പന്ത്രണ്ടു മലയാള ചിത്രങ്ങൾ. ശ്യാമപ്രസാദിന്റെ ‘ഒരു ഞായറാഴ്ച,’ സന്തോഷ് മണ്ടൂർ സംവിധാനം ചെയ്ത ‘പനി,’ മനോജ് കാനയുടെ ‘കെഞ്ചിറ,’ ഡോ.ബിജുവിന്റെ ‘വെയിൽ മരങ്ങൾ’ തുടങ്ങിയ ചിത്രങ്ങളാണ് മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

കേരളത്തിലെ വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷതേടി ഹിമാചൽപ്രദേശിലേക്കു കുടിയേറിയ കുടുംബം അനുഭവിക്കുന്ന വിവേചനം പ്രമേയമാക്കിയ ചിത്രമാണ് ഡോ.ബിജുവിന്റെ ‘വെയിൽ മരങ്ങൾ.’
ഏഷ്യ പസഫിക് സ്‌ക്രീൻ അവാർഡ്,ഷാങ് ഹായ് ചലച്ചിത്ര മേളയിലെ വിവിധപുരസ്കാരങ്ങൾ എന്നിവ ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.

ശ്യാമപ്രസാദിന് 2018-ലെ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത ചിത്രമാണ് ‘ഒരു ഞായറാഴ്ച.’ ഒരേ നഗരത്തിലുള്ള നാലു പേരുടെ ഒരു ഞായറാഴ്ചയാണ് ചിത്രത്തിന്റെ പ്രമേയം. വിശപ്പിനോടും ദാരിദ്ര്യത്തിനോടും കെഞ്ചിറ എന്ന പണിയ പെൺകുട്ടി നടത്തുന്ന പോരാട്ടമാണ് മനോജ് കാനയുടെ ‘കെഞ്ചിറ’ എന്ന ചിത്രം .

വാർദ്ധക്യത്തിന്റെ ഒറ്റപ്പെടൽ ചിത്രീകരിക്കുന്ന പ്രിയനന്ദന്റെ സൈലെൻസർ  ജയരാജിന്റെ ‘രൗദ്രം,’ ആഷിക് അബുവിന്റെ ‘വൈറസ്,’ സദാചാര പോലീസിങ്ങിന് വിധേയാകുന്ന പ്രണയിതാക്കളുടെ കഥ പറയുന്ന ‘ഇഷ്‌ക്,’ കാമുകന്റെ ആസിഡ് ആക്രമണത്തിന് ഇരയാകുന്ന ഒരു പെൺകുട്ടിയുടെ ജീവിതം ചിത്രീകരിച്ചിരിക്കുന്ന ‘ഉയരെ,’ ഖാലിദ് റഹ്മാന്റെ ‘ഉണ്ട,’ മധു സി നാരായണൻ സംവിധാനം ചെയ്ത ‘കുമ്പളങ്ങി നൈറ്റ്‌സ്,’ സലിം അഹമ്മദിന്റെ ‘ആൻഡ് ദി ഓസ്കാർ ഗോസ് റ്റു’ എന്നീ ചിത്രങ്ങളും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും.

Read Here: IFFK 2019: ഐഎഫ്എഫ്കെ സ്വതന്ത്ര സിനിമകളെ ഒഴിവാക്കുന്നതായി പരാതി

കാൽപ്പന്ത് മാന്ത്രികന്റെ ജീവിതത്തിന് സിനിമയിലും കിക്കോഫ്

ഫുട്ബോൾ മാന്ത്രികൻ ഡീഗോ മറഡോണയുടെ ജീവിതത്തിന് സെല്ലുലോയിഡിൽ ഭാവപൂർണിമ. മറഡോണയുടെ ജീവിതത്തിലെ യാഥാർഥ മുഹൂർത്തങ്ങളും ഫുട്ബോൾ മത്സര നിമിഷങ്ങളും  ഉൾപ്പെടുത്തി ആസിഫ് കപാഡിയ സംവിധാനം ചെയ്ത ‘ഡീഗോ മറഡോണ’ എന്ന  ചിത്രം രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും. സ്‌പെഷ്യൽ സ്ക്രീനിങ് വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

ഫുട്ബോൾ ക്ലബ്ബായ ബാർസലോണയിൽ നിന്ന് നാപോളിയിലേക്കു മറഡോണ നടത്തിയ കൂടുമാറ്റവും യുവേഫാ  കപ്പ് വിജയവും ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .2019 ലെ കാൻ ചലച്ചിത്ര മേളയിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു.

മൺമറഞ്ഞ പ്രതിഭകൾക്ക് അഭ്രപാളിയിൽ ആദരം

ഇന്ത്യൻ സിനിമയിലെ മൺ‍മറഞ്ഞ ആറ് പ്രതിഭകൾക്ക് രാജ്യാന്തര ചലച്ചിത്ര മേളയിൽ ആദരം. ഹോമേജ് വിഭാഗത്തിലൂടെ മൃണാൾ സെൻ, ഗിരീഷ് കർണാഡ്, ലെനിൻ‍ രാജേന്ദ്രൻ, എം.ജെ രാധാകൃഷ്ണൻ, മിസ് കുമാരി, ടി.കെ പരീക്കുട്ടി എന്നിവർക്കാണ് മേള സ്മരണാഞ്ജലി അർപ്പിക്കുന്നത്. ഇവരുടെ ഏഴ് ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും.

ഇന്ത്യൻ നവതരംഗസിനിമയിലെ ഇതിഹാസമായ മൃണാൾ സെനിന്റെ അഞ്ച് ദേശീയ പുരസ്‌കാരങ്ങൾ നേടിയ ‘അകലേർ സംന്ധാനേ,’ രാമപാദചൗധരിയുടെ ബീജ് എന്ന ബംഗാളി നോവലിനെ ആസ്പദമാക്കി നിർമിച്ച ‘ഏക് ദിൻ അചാനക്,’ 1970 ൽ പുറത്തിറങ്ങിയ ‘ഇന്റർവ്യൂ’ എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. യു.ആർ അനന്തമൂർത്തിയുടെ നോവലിനെ ആധാരമാക്കി ഗിരിഷ് കർണാട് ഒരുക്കിയ കന്നട ചിത്രം  ‘സംസ്‌കാര’യും ഈ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഡോ.ബിജു സംവിധാനം ചെയ്ത ‘പേരറിയാത്തവർ’ എന്ന ചിത്രമാണ് ഛായാഗ്രാഹകൻ  എം. ജെ രാധാകൃഷ്ണന്റെ സ്മരണയ്‌ക്കായി മേളയിൽ പ്രദർശിപ്പിക്കുന്നത്. പാർശ്വവത്കരിക്കപ്പെട്ടവരുടെ ജീവിതമാണ്  ചിത്രത്തിന്റെ പ്രമേയം. രാജാ രവിവർമ്മയുടെ ജീവിതം ആസ്പദമാക്കി  ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത  ‘മകരമഞ്ഞ്’ എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഈ വിഭാഗത്തിലുള്ളത്.

പി ഭാസ്‌ക്കരനും രാമു കാര്യാട്ടും ചേർന്ന് ഒരുക്കിയ ‘നീലക്കുയിൽ‍’ എന്ന ശ്രദ്ധേയ ചിത്രമാണ് മിസ് കുമാരിയുടെയും നിർമ്മാതാവ് ടി.കെ പരീക്കുട്ടിയുടേയും ഓർമകൾക്ക് മുന്നിൽ സമർപ്പിക്കുന്നത്.

With inputs from Goutham VS

Stay updated with the latest news headlines and all the latest Iffk news download Indian Express Malayalam App.

Web Title: Iffk 2019 dates film list schedule reservation delegate registration booking award