/indian-express-malayalam/media/media_files/uploads/2019/12/iffk-2019-international-film-festival-of-kerala-movies-experiences-world-cinema-debates-323397.jpg)
IFFK 2019: രണ്ടു ദിവസമായി ഈ നഗരത്തിൽ മുറികൾ ഒന്നും കിട്ടാനില്ല. ചൂടും കൂടുതലാണ്. നിരത്തിൽ ക്രമേണ അപരിചിതത്വം മാറി പുതിയ മുഖങ്ങൾ പ്രത്യേക്ഷപ്പെടുന്നു. ഒരാണ്ട് കാലത്തിൽ ഒരു ദിവസം മാത്രം സംഭവിക്കാറുള്ള ഒരപൂർവ്വ പ്രതിഭാസമാണ് ഓരോ ചലച്ചിത്ര മേളയും ബാക്കി വയ്ക്കുന്നത്. സൗഹൃദത്തിന്റ വലിയൊരു ലോകം അതു തുറന്നിടുന്നുണ്ട്.
കഴിഞ്ഞ രാത്രി 'Passed by Censor' കണ്ടിറങ്ങുമ്പോൾ ആളുകളുടെ മുഖം വലിഞ്ഞു മുറുകിയിരുന്നു. ഒരുപക്ഷേ സമീപ ഭാവിയിൽ തന്നെ നമുക്ക് നേരിടേണ്ടി വരുന്ന എന്തോ ഒരു യാഥാർഥ്യം അതിനുള്ളിലുണ്ടായിരുന്നോ എന്നു തോന്നിപ്പോകുന്നു. തുർക്കി ആയാലും ഇന്ത്യൻ തെരുവുകളായാലും എന്തോ എന്തിനെയോ മറച്ചു പിടിക്കുമ്പോലേ തോന്നുന്നു.
വല്ലാത്തൊരു നിഗൂഢതയാണ് ഓരോ തിയേറ്ററിനുള്ളിലും സംഭവിക്കുന്നത്, 300 വർഷം പഴക്കമുള്ള ഒരു തോൽപ്പാവയുടെ കൈകാലുകളുടെ ചലനത്തിൽപ്പോലും അതുണ്ട്.
എന്തു കൊണ്ട് ആളുകൾ തിക്കിത്തിരക്കി സിനിമ കാണുന്നു? വേറൊരു ദേശത്തെ സ്വന്തം അനുഭവത്തിൽ കൊണ്ടുവരാൻ ശ്രമിക്കുന്നു? പറഞ്ഞില്ലേ നിഗൂഢതയുണ്ട് .
Read Here: IFFK 2019: പ്രേക്ഷകനും നിരീക്ഷണത്തിലാണ്: 'പാസ്‌ഡ് ബൈ സെന്‍സര്‍' പറയുന്നത്
സിനിമ കാണുന്നവരും സിനിമ അനുഭവിക്കുന്നവരും ആൾക്കൂട്ടത്തെ അനുഭവിക്കുന്നവരുമായി നിരവധി ആസ്വാദന തലങ്ങളുണ്ട് ഒരു മേളക്ക്. അതിന്റെ സാമ്പത്തിക ശാസ്ത്ര പരിധികൾ നിർണ്ണയിക്കുമ്പോൾ തെരുവിലെ പെട്ടിക്കടയിലെ പരിപ്പു വടയിൽ തുടങ്ങി സോളാനസിന്റെ സിനിമയിലെ സോഷ്യലിസ്റ്റ് ചിന്തയിൽ അവസാനിപ്പിക്കേണ്ടി വരും. ചിലപ്പോൾ അതിനും മുകളിൽ അതിനെ വിശദീകരിക്കാൻ കഴിയും.
റോയ് ആൻഡേഴ്‌സന്റെ 'About Endlesseness' കാണാൻ ഓടിപ്പോയ ഒരു സുഹൃത്തിനെ, അവന്റെ സിനിമാ പ്രേമത്തെ നിർണ്ണയിക്കാൻ വേറെന്തു വഴിയാണ് ബാക്കിയുള്ളത്.
ഇപ്പോൾ തിരക്ക് പതുക്കെ കൂടുകയാണ്, ലാറ്റിനമേരിക്കൻ ആഫ്രിക്കൻ ചിത്രങ്ങൾ വേദികളിൽ നിറയുന്നു. എല്ലായിടവും മനുഷ്യന്റെ വേദന, അതിന്റെ മറികടക്കലുകൾ അതു മാത്രമേയുള്ളൂ.
സിനിമ പഠിപ്പിക്കുന്ന പാഠങ്ങൾ
ലോക സിനിമ ഒരു ശരാശരി സിനിമാ ആസ്വാദകനെ എങ്ങനെ സ്വാധീനിക്കുന്നു എന്നറിയാൻ അയാളോട് അല്പം സംസാരിച്ചാൽ മതി. ട്യുണീഷ്യയുടെ, അർജന്റീനയുടെ ആഭ്യന്തര സംഘർഷങ്ങൾ അയാളുടെയും ആന്തരിക സംഘർഷങ്ങളാകുന്നു. അവിടെ ദുഃഖം മനുഷ്യൻ എന്ന യാഥാർഥ്യത്തിൽ അവസാനിക്കുന്നു. നമുക്ക് ചുറ്റും ഉണ്ടെന്നു കരുതുന്ന അതിരുകൾ മെല്ലെ തകർന്നു വീഴാൻ തുടങ്ങുന്നു.
സിനിമ എന്ന കല ആനന്ദമാർഗം മാത്രമല്ല വാഗ്ദാനം ചെയ്യുന്നത്. അതിനും എത്രയോ മുകളിൽ നിരന്തര സാധ്യതകളുടെ ഒരു ലോകമുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിൽ വിവിധ ജില്ലകളുടെ വാമൊഴി വഴക്കം മുറികളിൽ മുഴങ്ങുമ്പോൾ അതിന് മറ്റൊരു ദൗത്യം കൂടിയുണ്ടാകുമെന്ന് തോന്നിപ്പോയി. അതിവേഗ ഇന്റർനെറ്റ്ന്റെ കാലത്ത് വ്യത്യസ്ത ദേശങ്ങളിലെ ആളുകൾ പരസ്പരം പങ്കു വയ്ക്കുമ്പോൾ ബോധപൂര്വമല്ലാതെ തന്നെ വാക്കുകളും മാറുന്നുണ്ട്. സ്പാനിഷോ ഫ്രഞ്ചോ അഞ്ചു ദിവസം കേൾക്കുമ്പോൾ ചെവിക്കുള്ളിൽ എന്തോ ഒരത്ഭുത നാദം ഉണ്ടാക്കുന്ന ധ്വനിയുണ്ടല്ലോ, അതു തന്നെ.
സിനിമ നിർമ്മിക്കുന്ന രുചികൾ
ഇതു ഭക്ഷണത്തെപ്പറ്റിയാണ്. ഒരു സംസ്കാരം മറ്റൊരു സംസ്കാരത്തെ അടയാളപ്പെടുത്തുന്നത് ചിലപ്പോൾ ഭക്ഷണ വൈവിധ്യത്തിലൂടെയാകാം. തെക്കന്റെയും വടക്കന്റെയും ഭക്ഷണ ശീലം പ്രസിദ്ധമാണല്ലോ. അന്താരാഷ്ട്ര ചലച്ചിത്രങ്ങളിൽ പ്രാദേശിക സംസ്കാരം നിർമ്മിക്കുന്ന ജീവിതം ഭക്ഷണമോ ആചാരങ്ങളോ എന്തു തന്നെയായാലും അതിനൊരു ദേശാന്തര ബന്ധമുണ്ട്. അഫ്‌ഗാനിലെ ഉണക്ക റൊട്ടിയും കേരളത്തിലെ കട്ടൻ ചായയും താദാത്മ്യം പ്രാപിച്ചു പോകുന്ന നിമിഷങ്ങളുണ്ട്. ജപ്പാനീസ് സിനിമ 'ഷോപ്പ് ലിഫ്റ്റെഴ്‌സ്' കഴിഞ്ഞ തവണ പ്രദര്ശിപ്പിച്ചപ്പോൾ സിനിമയല്ല അമ്പരപ്പിച്ചത് അതു മിക്കവാറും തീൻ മേശകളായിരുന്നു എന്നതാണ്. തമ്പാനൂരിലെ ചായക്കടകൾക്ക് മുകളിൽ പറക്കുന്ന ഈച്ചകളെയും പ്രതിരോധിച്ച് ചില്ലു പെട്ടികളിൽ ഇരിക്കുന്ന രുചികൾക്കും ഇതു ബാധകമാണ്. ഈ രുചി ശരീരത്തെ മറന്ന് സിനിമ കാണാൻ അവരെ സഹായിക്കുന്നുണ്ടല്ലോ.
ഒരു നഗരത്തിനു ചുറ്റും നിർമ്മിക്കപ്പെട്ട ഊടുവഴികളാണ് സമയത്തെ എല്ലാക്കാലവും പ്രതിരോധിക്കുന്നത്. സിനിമാക്കാലം ഊടുവഴികൾക്ക് ജീവൻ വയ്പ്പിക്കുകയാണ്. തലങ്ങും വിലങ്ങും മനുഷ്യരുടെ യാത്രകൾ ലോക സിനിമയിലേക്ക് കണ്ണു തുറക്കാനാണ്. ഒരു തരം ആർത്തിയുണ്ട് മലയാളിയുടെ ഈ സ്വഭാവത്തിന്. മുസ്സിരീസിനും മുന്നേ തുടങ്ങിയ ഒരു ദീർഘകാല ഇതിഹാസത്തിന്റെ ജീൻ മനുഷ്യരുടെ ഉള്ളിൽ അവശേഷിക്കുന്നുണ്ട്.
അതുകൊണ്ട് ഞങ്ങൾ ഫെസ്റ്റിവൽ ആഘോഷിക്കുകയാണ്.
തിരുവനന്തപുരം നഗരത്തിൽ വടക്കു നിന്നെത്തിയ എല്ലാ തീവണ്ടികൾക്കും ബസ്സുകൾക്കും എന്തെങ്കിലും കഥകൾ പറയാൻ ഉണ്ടാകും. നാളെ ഒരു സിനിമയായി രൂപാന്തരപെടനുള്ള ഒരു ബീജം ഉള്ളിൽ പേറുന്ന വരായിരിക്കും ഈ തെരുവിലെ വിരുന്നുകാർ, കേരളം കലാസ്വാദകരെ ഇങ്ങനെ ചേർത്തു നിർത്തുകയാണ്. ഹോട്ടലുകളിലും മൂത്രപ്പുരകളിലും വരെ ലോക സിനിമ ചർച്ച ചെയ്യപ്പെടുന്നു.
ഒരു തരം ബുദ്ധിജീവിത്തരമല്ല, പുറം ലോകം കാണുന്ന കാഴ്ചകളല്ല ഒരു യഥാർത്ഥ ഫെസ്റ്റിവൽ വിശ്വാസിയുടെ തത്വ ശാസ്ത്രം... പറഞ്ഞല്ലോ അതൊരു തീര്‍ഥാടനവും ആനന്ദ മാർഗ്ഗവുമാകുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us