IFFK 2019: ഇരുപത്തിനാലാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായ സെര്‍ഹത്ത് കരാസ്ലാന്‍ സംവിധാനം ചെയ്ത ‘പാസ്ഡ് ബൈ സെന്‍സര്‍’ ഉദ്‌ഘാടനച്ചടങ്ങിനു ശേഷം നിശാഗന്ധിയിൽ പ്രദർശിപ്പിച്ചു. ടര്‍ക്കിഷ് സംവിധായകനായ കരാസ്ലാന്റെ ആദ്യ സംരംഭമായ ഈ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം കൂടിയാണിത്. ഗോള്‍ഡന്‍ ഓറഞ്ച്, അങ്കാറ എന്നീ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രേക്ഷക പ്രീതി നേടിയ ചിത്രം ജയില്‍ പുള്ളികളുടെ കത്തുകള്‍ സെന്‍സര്‍ ചെയ്യുന്ന ജയില്‍ജീവനക്കാരന്റെ ആത്മസംഘര്‍ഷങ്ങളാണ് പ്രമേയമാക്കിയിരിക്കുന്നത്.

 

ഇസ്താംബൂളിലെ ജയിലിൽ കത്തുകൾ സെൻസർ ചെയ്യുന്ന എക്സാമിനറാണ് മുഖ്യകഥാപാത്രം സക്കീർ. തടവുകാർക്ക് ലഭിച്ചതും അവർ അയച്ചതുമായ എല്ലാ കത്തുകളും വായിക്കുകയും ആക്ഷേപകരമോ പ്രശ്നകരമോ ആയ ഭാഗങ്ങൾ നീക്കം ചെയ്യുന്നതാണ് സക്കീറിന്റെ ജോലി. ജയിലിനും അതിനു പുറമേ അയാൾ രഹസ്യമായി പഠിക്കുന്ന കോഴ്സുകൾക്കും ഇടയിലാണ് അയാളുടെ ജീവിതം. ക്രിയേറ്റീവ് റൈറ്റിംഗ് കോഴ്‌സിൽ തന്റെ അസൈൻമെന്റിന്റെ ഭാഗമായി സക്കീർ താൻ പരിശോധിക്കുന്ന ഒരു കത്തിൽ നിന്ന് രഹസ്യമായി ഒരു ഫോട്ടോ എടുക്കുന്നു. ഫോട്ടോയിലെ കഥാപാത്രങ്ങളായ ജയിലിലെ തടവുകാരനായ റെസെപ്പിന്റെയും, റെസെപ്പിന്റെ പിതാവ് അദ്‌നാനിന്റെയും, ഭാര്യ സെൽമയുടെയും ചിത്രം സക്കീറിനെ ആകർഷിക്കുന്നു. ഫോട്ടോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ, അതിൽ‌ സംശയകരമായ ഒരു പ്രഹേളിക അടങ്ങിയിരിക്കുന്നു: സെൽ‌മയുടെ തോളിലെ കൈ – അത് അവളുടെ ഭർത്താവിന്റെയോ അല്ലെങ്കിൽ അമ്മായിയപ്പന്റെയോ? അയാൾ സെൽമയെപറ്റി ഒരു കഥ നെയ്തു തുടങ്ങി, ഈ പ്രക്രിയയിൽ അവളുടെ വിധിയെക്കുറിച്ച് വ്യാകുലപ്പെടാൻ തുടങ്ങുന്നു. പ്രചോദനത്തേക്കാൾ, അവൾ സക്കീറിനെ സംബന്ധിച്ചിടത്തോളം ഒരു ആസക്തിയായി മാറുന്നു. അയാൽ അവളെ നിരീക്ഷിക്കുകയും കഥകൾ സങ്കൽപ്പിക്കുകയും ചെയ്യുന്നു.

ജയിലിലേക്കുള്ള സെൽമയുടെ പതിവ് സന്ദർശനങ്ങളെ സക്കീർ കൂടുതൽ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിലൂടെ അയാൾക്ക് പല സൂചനകളും ലഭിക്കുന്നു. വിചിത്രമായ ഒരു അടിവസ്ത്രം (garter), അദ്‌നാനുമായുള്ള തർക്കം, അവളും ഭർത്താവും തമ്മിലുള്ള സംഭാഷണത്തിന്റെ അംശങ്ങൾ – എന്നിവയ്ക്കെല്ലാം നിഷ്കളങ്കമായ വിശദീകരണങ്ങളുണ്ടാക്കാം. പക്ഷേ, സക്കീറിനുള്ളിലെ എഴുത്തുകാരന്റെ സഹജാവബോധം ഒരു ദുഷിച്ച ഗൂഢാലോചന കെട്ടിപ്പടുക്കുന്നു. ‘രക്ഷിക്കല്‍’ ആവശ്യമുള്ള സുന്ദരിയായാണ് സെൽമയെ ചിത്രീകരിച്ചിരിക്കുന്നത്.

ജയിലിലെ തടവുകാരുടെ അക്ഷരങ്ങൾ നിയന്ത്രിക്കുന്ന സക്കീറിന്റെ ഒരു ശരാശരി ദിവസം സെൻസർഷിപ്പ് ഓഫീസിലും സഹപ്രവർത്തകരുടെ കൂടെയും സായാഹ്ന റൈറ്റിംഗ് ക്ലാസിലുമായി ഭാഗിച്ചു പോകുന്നു. ഒരു ജയിൽ ഉദ്യോഗസ്ഥന്റെ സാമൂഹികവും ബൗദ്ധികവുമായ പ്രശ്നങ്ങൾ ഈ ചിത്രത്തിൽ സൂക്ഷ്മമായി പ്രതിഫലിപ്പിക്കുന്നു. ഒരു വശത്ത് തടവുകാരന്റെ കത്തിടപാടുകൾ നിരീക്ഷിക്കുന്ന ടർക്കിഷ് ജയിൽ സംവിധാനത്തെ വിമർശിക്കുമ്പോൾ, മറു വശത്ത് സത്യവും മിഥ്യയും തമ്മിലുള്ള സംഘർഷത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഒപ്പം നായകന്റെ നീതിക്കായുള്ള തിരച്ചിലും അയാളുടെ ലൈംഗിക വികാരങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു. സെൻസർഷിപ്പ് എന്ന ആശയം താൻ പഠിച്ച ക്രിയേറ്റീവ് റൈറ്റിംഗുമായി ബന്ധിപ്പിച്ചാണ് സംവിധായകൻ ഈ കഥ മെനഞ്ഞെടുത്തിരിക്കുന്നത്.

Iffk 2019, Iffk dates, Iffk film list, Iffk film schedule, Iffk reservation, Iffk delegate registration, Iffk booking, Iffk award, കേരള രാജ്യാന്തര ചലച്ചിത്ര മേള ചലച്ചിത്ര മേള, iffk inaugural film, passed by censor

IFFK 2019: ടര്‍ക്കിഷ് സംവിധായകന്‍ സെര്‍ഹാറ്റ് കരാസ്ലാന്‍

യൂറോപ്യന്‍ ചലച്ചിത്ര നിരൂപക സംഘടനയുടെ ഈ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും നേടിയ ഈ ചിത്രം തുർ‍ക്കി ഭരണത്തില്‍ കലാകാരന്മാര്‍ വീര്‍പ്പുമുട്ടുന്ന അവസ്ഥ കൂടിയാണ് ചര്‍ച്ച ചെയ്യുന്നത്. സ്‌നൂപ്പിംഗും സെൻസർഷിപ്പും ദൈനംദിന ചർച്ചാവിഷയമായ ഒരു ഘട്ടത്തിൽ, സ്വേച്ഛാധിപത്യ തുർക്കി സമൂഹത്തിൽ സെൻസർഷിപ്പിനെയും സൃഷ്ടിപരമായ സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള പ്രശ്‌നകരമായ ചോദ്യങ്ങൾ ഈ ചിത്രം ഉയർത്തുന്നുണ്ട്.

സ്വന്തം ഫാന്റസി ലോകത്തിൽ കുടുങ്ങി വ്യക്തിപരവും തൊഴിൽപരവുമായ ഏകാഗ്രത നഷ്ടപ്പെടുകയും ചെയ്യുന്നതിലൂടെ ഉണ്ടാവുന്ന കഥാപാത്രത്തിന്റെ പ്രശ്നങ്ങള്‍ തന്‍മയത്വമായ രീതിയിൽ വരച്ചു കാട്ടുന്നു. പരസ്പരവിരുദ്ധ ആശയങ്ങളായ സെൻസർഷിപ്പും സർഗ്ഗാത്മകതയും, പാരാനോയ്ഡ് ഫാന്റസിയും അഭിലഷണീയമായ ചിന്തകളും, സ്വകാര്യതയും രഹസ്യസ്വഭാവവും സിനിമയിൽ ചർച്ച ചെയ്യപ്പെടുന്നു.

ഭാവനയുടെ ലോകവും യഥാർത്ഥ ലോകവും തമ്മിലുള്ള പിരിമുറുക്കത്തിൽ നിന്ന് ഉത്ഭവിക്കുന്ന ഈ ആഖ്യാനം കരാസ്ലന്റെ ആദ്യ സിനിമയെന്ന നിലയിലും ഒരു ചെറിയ ക്യാൻവാസിൽ പടുത്തുയർത്തിയ കഥയെന്ന നിലയിലും വിജയിക്കുന്നു. സിനിമയുടെ അന്ത്യം അവിചാരിതമായും അതേ സമയം അനിവാര്യവുമായി കാണപ്പെട്ടു. സുഗമവും സുരക്ഷിതവുമായ കഥാഗതിക്ക് സഹായകമായ തിരക്കഥ. സക്കീറായി ബെർക്കെ ആറ്റസും, സെൽമയായി സാഡെറ്റ് ഇസിൽ അക്സോയും, അദ്നാനായി മുഫിത് കയാക്കനും ആകർഷകമായ പ്രകടനങ്ങൾ കാഴ്ച വയ്ക്കുന്നു. സെൽമയും സക്കീറും തമ്മിലുള്ള വാക്കുകളില്ലാത്ത നോട്ടങ്ങൾ എടുത്തു പറയേണ്ടതാണ്. ഈ രംഗങ്ങൾ ജിജ്ഞാസ വർദ്ധിപ്പിക്കുകയും നിഗൂഢതയെ വികസിപ്പിക്കുകയും ചെയ്യുന്നു.

Iffk 2019, Iffk dates, Iffk film list, Iffk film schedule, Iffk reservation, Iffk delegate registration, Iffk booking, Iffk award, കേരള രാജ്യാന്തര ചലച്ചിത്ര മേള ചലച്ചിത്ര മേള, iffk inaugural film, passed by censor

IFFK 2019: ഇസ്താംബൂളിലെ ജയിലിൽ കത്തുകൾ സെൻസർ ചെയ്യുന്ന എക്സാമിനറാണ് മുഖ്യകഥാപാത്രം സക്കീർ

Surveillance അഥവാ നിരീക്ഷണസ്വഭാവം കഥാപാത്രങ്ങളുടെ കണ്ണുകളിലൂടെയും cctv ദൃശ്യങ്ങളിലൂടെയും കത്തുകളിലൂടെയും സുഗമമായി നടക്കുന്നു. ജോർജ് ഓർവെല്ലിന്റെ 1984 എന്ന പുസ്തകത്തിലെ ‘ബിഗ് ബ്രദർ ഈസ് വാച്ചിംഗങ് യൂ’ (Big Brother is watching you) നിരീക്ഷണ അവസ്ഥയുമായി ചിത്രത്തെ തുലനം ചെയ്യാവുന്നതാണ്. തടവുകാരെയും അവരെ സന്ദർശിക്കുന്നവരെയും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിലൂടെ ഒരു മിഷേല്‍ ഫുക്കോയുടെ ‘സര്‍വനിരീക്ഷകനായ നേത്രം’ (Panopticon) വെള്ളിത്തിരയിൽ നിർമ്മിതമാകുന്നു. പ്രേക്ഷകരെയും ആ നിരീക്ഷണ വലയത്തിൽ ഉൾപ്പെടുത്തുന്നു.

Read Here: IFFK 2019: ഫെർണാണ്ടോ സൊളനസ്: ജീവിതവും സിനിമയും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook