/indian-express-malayalam/media/media_files/uploads/2018/12/IFFK-2018-Film-List-Malayalam-Today-Ave-Maria-Movie-Review.jpg)
IFFK 2018 Film List Malayalam Today Ave Maria Movie Review
'നന്മ നിറഞ്ഞ മറിയമേ നിനക്ക് സ്വസ്തി! കര്‍ത്താവു അങ്ങയോട് കൂടെ സ്ത്രീകളില്‍ അങ്ങ് അനുഗ്രഹിക്കപെട്ടവാളാകുന്നു,' 'പാപം' ചെയ്യാതെ ഗര്‍ഭം ധരിക്കുകയും യേശു ക്രിസ്തുവിന് ജന്മം നല്‍കുകയും ചെയ്ത കന്യാമറിയത്തെ വാഴ്ത്തിക്കൊണ്ടുള്ള പ്രാര്‍ത്ഥന തുടങ്ങുന്നത് ഇത്തരത്തിലാണ്. വിപിന്‍ രാധാകൃഷ്ണന്‍ എന്ന നവാഗത സംവിധായകന്റെ 'ആവേ മരിയ' എന്ന ചിത്രവും പ്രേക്ഷകരോട് സംവദിക്കാന്‍ ശ്രമിക്കുന്നത് സമൂഹവും മതവും മനുഷ്യരില്‍ അടിച്ചേല്‍പ്പിക്കുന്ന ചില 'പാപ' ബോധങ്ങളെക്കുറിച്ചാണ്.
പാപങ്ങള്‍ കഴുകിക്കളയാനും പ്രാര്‍ത്ഥിക്കാനും ലക്ഷക്കണക്കിന് വിശ്വാസികള്‍ എത്തുന്ന വേളാങ്കണ്ണി പള്ളിയിലും പരിസര പ്രദേശങ്ങളിലുമാണ് 'ആവേ മരിയ' എന്ന ചിത്രം ജനിക്കുന്നതും വളരുന്നതും. വേളാങ്കണ്ണിയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന റെക്‌സ് (അശാന്ത് രാജു) എന്ന യുവാവിന്റെ ജീവിതത്തിലേക്ക്, തീര്‍ത്തും അപ്രതീക്ഷിതവും കൗതുകകരവുമായ ഒരു സാഹചര്യത്തില്‍, മരിയ ഗോമസ് (രേഷ്മ മലയത്ത്) എന്ന കടുത്ത ദൈവഭക്തയായ ഒരു പെണ്‍കുട്ടി കടന്നു വരുന്നു. തന്റെ ജീവിതത്തില്‍ ചെയ്തു തീര്‍ക്കാനുള്ള ചില കാര്യങ്ങള്‍ക്കായി മരിയ റെക്‌സിന്റെ സഹായം തേടുകയും, ഇരുവരും കൂടുതല്‍ അടുക്കുകയും, ഇത് രണ്ടുപേരുടേയും ജീവിതത്തെ തീര്‍ത്തും അപ്രതീക്ഷിതമായ തരത്തില്‍ മാറ്റിമറിയ്ക്കുകയുമാണ്.
ദൈവ വിശ്വാസവും മതവിശ്വാസവും തമ്മിലുള്ള വ്യത്യാസത്തെ തുറന്നു കാണിക്കുകയും, പരമ്പരാഗത മതവിശ്വാസത്തിലെ പൊള്ളത്തരങ്ങളെ അല്പം ഗൗരവത്തോടെ ട്രോള്‍ ചെയ്യുകയുമാണ് വിപിന്‍ രാധാകൃഷ്ണന്റെ 'ആവേ മരിയ'. ശരി തെറ്റുകളെക്കുറിച്ചും പാപങ്ങളെക്കുറിച്ചും പാപ ബോധത്തെക്കുറിച്ചും മതവും സമൂഹവും മനുഷ്യരില്‍ കുത്തി വച്ചിട്ടുള്ള അര്‍ത്ഥമില്ലാത്ത, അവരവരോട് തന്നെ കള്ളം പറയേണ്ട സാഹചര്യങ്ങളിലേക്ക് മനുഷ്യരെ എത്തിക്കുന്ന നിവൃത്തികേടിനെ കുറിച്ച് ചിത്രം സംവദിക്കാന്‍ ശ്രമിക്കുന്നുണ്ട്.
താന്‍ ഒരു തെറ്റ് ചെയ്യാന്‍ പോകുന്നു എന്ന ബോധം ഉള്ളില്‍ പേറി നടക്കുന്ന മരിയ എന്ന കഥാപാത്രം, അതിന്റെ കുറ്റബോധത്തില്‍ നിന്നും രക്ഷപ്പെടാന്‍ ചെയ്യുന്ന ചില 'ശരി'കള്‍, പ്രേക്ഷകരെ ചിന്തിപ്പിക്കുന്നുണ്ട്. വേളാങ്കണ്ണി മാതാവിനെ പോലെ, മൂന്നു പേരുടെ ജീവിതം രക്ഷപ്പെടുത്താനാണ് മരിയയും ശ്രമിക്കുന്നത്. എന്നാല്‍ ഈ ശ്രമങ്ങള്‍ പോലും ആത്മാര്‍ത്ഥമല്ലെന്നതിന്റെ തെളിവാണ്, ലൈംഗിക തൊഴിലാളിയായ സ്ത്രീയുടെ വീട്ടില്‍ അവരെ സാമ്പത്തികമായി സഹായിക്കാനെത്തുന്ന മരിയ, തിരിച്ചിറങ്ങുമ്പോള്‍ തന്റെ മുഖത്തെ കൂളിങ് ഗ്ലാസിനായി കരയുന്ന കൊച്ചു കുട്ടിയെ അവഗണിച്ചു കൊണ്ട് കടന്നു പോകുന്നത്. താന്‍ ചെയ്യാന്‍ വിചാരിച്ച, നന്മയെന്നു കരുതുന്ന ചില കടം വീട്ടലുകള്‍ മാത്രമാണ് ഇവിടെ മരിയ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാന്‍ ശ്രമിക്കുന്ന മൂന്നു പേര്‍.
പ്രാര്‍ത്ഥിക്കാനായി വിശ്വാസികള്‍ എത്തുന്ന, യൂറോപ്യന്‍ ആര്‍കിടെക്ചര്‍ ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന, സമ്പന്നമെന്നു കരുതുന്ന വേളാങ്കണ്ണിയുടെ ഒരു ഡാര്‍ക്ക് സൈഡിനെക്കൂടി വരച്ചിടാന്‍ സംവിധായകന്‍ ശ്രമം നടത്തിയിട്ടുണ്ട്. ഭിക്ഷാടകരും, ലൈംഗിക തൊഴിലാളികളും നിറഞ്ഞ വേളാങ്കണ്ണിയുടെ മറുവശവും ചിത്രത്തില്‍ പകര്‍ത്തിയിട്ടുണ്ട്.
Read More: IFFK 2018: വേളാങ്കണ്ണിയുടെ വൈരുദ്ധ്യങ്ങള്‍: 'ആവേ മരിയ'യെക്കുറിച്ച് വിപിന്‍ രാധാകൃഷ്ണന്‍
പുതുമുഖങ്ങളായ അശാന്ത് രാജു, രേഷ്മ മലയത്ത് എന്നിവര്‍ തങ്ങളുടെ കഥാപാത്രങ്ങളെ ഭദ്രതയോടെ കൈകാര്യം ചെയ്യുന്നതില്‍ വിജയിച്ചു. റെക്‌സ് എന്ന കഥാപാത്രം അശാന്തിന്റെ കൈകളില്‍ സുരക്ഷിതമായിരുന്നു. ഒരു പുതുമുഖത്തിന്റെ യാതൊരു പതറിച്ചയുമില്ലാതെ, എന്നാല്‍ ആത്മവിശ്വാസക്കുറവും, അനാഥത്വവും അനുഭവിക്കുന്ന ഒരു മനുഷ്യനായി, പ്രത്യേകിച്ച് ഒരു പുരുഷനായി മാറുന്നതില്‍ അശാന്ത് വിജയിച്ചു. മരിയ ഗോമസ് എന്ന ഏറെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞ കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ രേഷ്മയ്ക്കും സാധിച്ചു.
ചിത്രത്തിന്റെ എടുത്തു പറയേണ്ട പ്രത്യേകത, സിങ്ക് സൗണ്ടിലെ വ്യത്യസ്തമായ ട്രീറ്റ്‌മെന്റാണ്. ദൃശ്യങ്ങള്‍ക്കപ്പുറം പലപ്പോഴും ശബ്ദത്തിന്റെ മനോഹാരിതയും, മറ്റു ചിലപ്പോള്‍ നിശബ്ദതയുടെ മനോഹാരിതയും 'ആവേ മരിയ'യുടെ പ്ലസ് പോയിന്റായി.
അനാവശ്യമായ നരേഷന്‍ പലപ്പോഴും ആസ്വാദനത്തില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നുണ്ട്. അതു കൊണ്ടു തന്നെ ഒരു സിനിമ എന്ന നിലയില്‍ 'ആവേ മരിയ'യ്ക്ക് എത്രത്തോളം പ്രേക്ഷകരോട് സംവദിക്കാന്‍ കഴിഞ്ഞു എന്നത് സംശയകരമാണ്. എഡിറ്റിങില്‍ കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ കൂടുതല്‍ നന്നാക്കാമായിരുന്ന ഒരു ചിത്രമാണ് 'ആവേ മരിയ'.
ഇരുപത്തി മൂന്നാമത് രാജ്യാന്തര ചലച്ചിത്ര മേളയിലെ മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തിലാണ് ക്രൗഡ് ഫണ്ടഡ് ചിത്രമാണ് 'ആവേ മരിയ' പ്രദര്‍ശിപ്പിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.