വര്‍ഷങ്ങളായി കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മുടങ്ങാതെ പങ്കെടുക്കുന്ന സിനിമാ പ്രേമിയായ ഒരു ചെറുപ്പക്കാരന്‍, ഇത്തവണ മേളയ്ക്ക് വരുന്നത് ഡെലിഗേറ്റായല്ല. ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ‘ആവേ മരിയ’ എന്ന ചിത്രത്തിന്റെ സംവിധായകനായിട്ടാണ്. തന്റെ കന്നിചിത്രം ‘ആവേ മരിയ’യെക്കുറിച്ച് വിപിന്‍ ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോട് സംസാരിച്ചു.

എന്താണ് ‘ആവേ മരിയ’?

രണ്ടു വര്‍ഷം മുമ്പ്, 2016ല്‍ ഒരു സുഹൃത്തിനൊപ്പം വേളാങ്കണ്ണിയില്‍ പോയിരുന്നു. നല്ല ഭംഗിയുള്ള ഒരു ലൊക്കേഷനാണ്. യൂറോപ്യന്‍ മാതൃകയിലാണ് കെട്ടിടങ്ങളൊക്കെ. ധാരാളം മലയാളികള്‍ എത്തുന്ന സ്ഥലമാണ് വേളാങ്കണ്ണി. പക്ഷെ അവിടെ കാണുന്ന വേറൊരു ലൈഫ് ഉണ്ട്. നിറയെ ഭിക്ഷാടകരും രോഗികളും ലൈംഗിക തൊഴിലാളികളുമൊക്കെയുള്ള ഒരു വേളാങ്കണ്ണി. കേട്ടറിഞ്ഞതിനപ്പുറം, ആ സ്ഥലത്തിനൊരു ഡാര്‍ക്ക് സൈഡുണ്ട്. അതു വളരെ ഇന്ററസ്റ്റിങായി തോന്നിയപ്പോളാണ്, സിനിമയാക്കാം എന്ന ചിന്തയിലേക്കെത്തുന്നത്. വളരെ വൈരുദ്ധ്യമാര്‍ന്നതാണ് അവിടുത്തെ ജീവിതം. ഒരു വശത്ത് പണമുള്ളവരും മറ്റൊരു വശത്ത് ജീവിക്കാന്‍ യാതൊരു മാര്‍ഗവുമില്ലാത്തവരും.

Read More: മതം അടിച്ചേല്‍പ്പിക്കുന്ന ‘പാപ’ ബോധങ്ങള്‍: ആവേ മരിയ

ജീവിതത്തിന്റെ രണ്ടു ഷേഡുകളാണോ ചിത്രത്തിന്റെ പ്രധാന ത്രെഡ്?

ജീവിതത്തിന്റെ രണ്ട് എക്‌സ്ട്രീമുകളാണ് അവിടെ കണ്ടത്. അത് സമൂഹത്തിന്റെ തന്നെ ഒരു പരിച്ഛേദമാണ്. ഏതൊരു റിലീജിയസ് സ്ഥാപനത്തില്‍ പോയാലും കാണാവുന്ന കാഴ്ചയാണത്. അതിന്റെ കുറച്ചു കൂടി വലിയൊരു കാഴ്ചയാണ് വേളാങ്കണ്ണിയിലേത്.

സിനിമയിലെ അഭിനേതാക്കളെ കുറിച്ച്?

എന്റെ തന്നെ സുഹൃത്തായ അശാന്ത് രാജും ഞങ്ങളുടെ കോമണ്‍ ഫ്രണ്ട് രേഷ്മ മലയത്തുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. രേഷ്മ മുമ്പ് ഷോര്‍ട്ട് ഫിലിമുകളില്‍ ഒക്കെ അഭിനയിച്ചിട്ടുണ്ട്. ശ്യാം ആദ്യമായാണ് അഭിനയിക്കുന്നത്. പിന്നെ സാബു മോന്‍ ഉണ്ട്. ചെന്നൈയിലെ നാടക അഭിനേതാക്കള്‍ ഉണ്ട്.

സംവിധാനം ആദ്യമായാണെങ്കിലും, തിരക്കഥയുടെ മേഖലയില്‍ മുമ്പും വിപിന്‍ കൈ വച്ചിട്ടില്ലേ?

‘മോസായിലെ കുതിര മീനുകള്‍’ എന്ന ചിത്രത്തിന്റെ തിരക്കഥാ രചനയില്‍ ഞാന്‍ പങ്കാളിയായിരുന്നു. പിന്നെ ബോളിവുഡ് ചിത്രമായ ‘ക്വീനി’ന്റെ മലയാളം റീമേക്ക് ‘സംസ’ത്തിന്റെ തിരക്കഥയും ഞാനാണ് ചെയ്തിരിക്കുന്നത്.

ഐഎഫ്എഫ്‌കെയിലേക്ക് ചിത്രം തിരഞ്ഞെടുത്തതിനെ കുറിച്ച്?

വളരെ സന്തോഷമുണ്ട്. കിട്ടും എന്നൊരു പ്രതീക്ഷയുണ്ടായിരുന്നു. ചലച്ചിത്ര മേളകളിലൊക്കെ പോയി അവിടെ സിനിമകള്‍ കണ്ട് വളര്‍ന്ന ഏതൊരാളെയും പോലെ സിനിമ തന്നെയായിരുന്നു എന്റെയും സ്വപ്നം. ഇപ്പോള്‍ സ്വന്തം സിനിമയുമായി മേളയില്‍ പോകുക എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. കൂടുതല്‍ ‘visibility’ കിട്ടുമല്ലോ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook