/indian-express-malayalam/media/media_files/zbPvNbrb5Ia6oKNNzA5v.jpeg)
കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ (ഐ എഫ് എഫ് കെ) ഭാഗമായി നൽകുന്ന ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഇത്തവണ പോളിഷ് സംവിധായകനായ ക്രിസ്റ്റോഫ് സനൂസിക്കാണ്. കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാടുള്ള സനൂസിക്ക് അവാർഡ് നൽകുന്നുവെന്ന വാർത്ത പലവിധ ബുദ്ധിജീവികളുടെ നിലവിളിയുടെ അകമ്പടിയോടെയാണ് പുറത്തു വന്നത്. അതിന് കൂടുതൽ ബലം നൽകാൻ കഴിഞ്ഞ വർഷം ഇതേ അവാർഡ് ലഭിച്ച ബേലാ താറും കമ്മ്യൂണിസ്റ്റ് വിരുദ്ധനായിരുന്നുവെന്ന രഹസ്യവും അവർ പുറത്തു വിട്ടു.
ഇപ്പോൾ വിവാദ നായകനായ ക്രിസ്റ്റോഫ് സനൂസി വർഷങ്ങൾക്ക് മുമ്പ് കേരളത്തിലെത്തുകയും അതിശക്തമായ വാദപ്രതിവാദങ്ങളിലൂടെ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയും ചെയ്തിട്ടുണ്ട്. മൂന്നാം ഇ. കെ നായനാർ സർക്കാരിന്റെ കാലത്ത്, സി പി എം നേതാവായ ടി കെ രാമകൃഷ്ണൻ സാംസ്കാരിക വകുപ്പ് മന്ത്രിയായ സമയത്താണ് കേരളത്തിലെ രാജ്യാന്തര ചലച്ചിത്രോത്സ വേദിയിൽ ക്ഷണിക്കപ്പെട്ട പ്രതിനിധിയായി അദ്ദേഹം എത്തിയത്. അദ്ദേഹത്തിന്റെ സിനിമകൾ അന്ന് കേരളത്തിൽ കാണിക്കുകയും ചെയ്തു.
അന്ന്, ഐ എഫ് എഫ് കെയിലെ ഓപ്പൺ ഫോറത്തിൽ ക്രിസ്റ്റോഫ് സനൂസിയുമായി സംവാദം ഉണ്ടായിരുന്നു. അതിൽ അദ്ദേഹത്തിന്റെ കമ്മ്യൂണിസ്റ്റ് വിമർശന നിലപാടുകളെ കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നു വന്നു. സനൂസിയും, കേരളത്തിലെ സി പി എം നേതാവും അന്ന് കെ എസ് എഫ് ഡി സി ചെയർമാനുമായിരുന്ന പി ഗോവിന്ദപിള്ളയും ( പി ജി) തമ്മിൽ അതിരൂക്ഷമായ സംവാദം അരങ്ങേറി. കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തെ പിന്തുണച്ച അതിലെ സൈദ്ധാന്തിക വശങ്ങൾ ഉയർത്തിക്കാട്ടിയ പി ജിയോട് നിങ്ങൾക്ക് കേട്ടറിവും വായിച്ചറിവും മാത്രമല്ലേയുള്ളൂ, എനിക്ക് അതനുഭിച്ചറിവാണുള്ളത് എന്ന മറുപടിയുമായാണ് സനുസി നേരിട്ടത്.
പി ജി തന്റെ വായാനാ ലോകത്ത് നിന്നുള്ള കമ്മ്യൂണിസ്റ്റ് അനുകൂല വാദങ്ങൾ മുന്നോട്ട് വച്ചപ്പോൾ താൻ കണ്ടതും അനുഭവിച്ചതും കേട്ടതുമുൾപ്പടെയുള്ള കാര്യങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പോളിഷ് സംവിധായകൻ മറുപടി നൽകിയത്. ഒരുപക്ഷേ കേരള രാജ്യാന്തര ചലച്ചിത്രോത്സവ വേദിയിൽ അതിന് മുമ്പോ അതിന് ശേഷമോ കണ്ടിട്ടില്ലാത്ത തരത്തിൽ ഉയർന്ന നിലവാരമുള്ള സർഗാത്മകവും സൈദ്ധാന്തികവും അനുഭതീക്ഷ്ണമായ പങ്കു വെക്കലുമുൾപ്പടെയുള്ള സംവാദമായിരുന്നു അന്ന് കൈരളി, ശ്രീ തിയേറ്ററിന് വശത്ത് കെട്ടിയുർത്തിയ പന്തലിനുള്ളിൽ നടന്നത്. കേരളത്തിലെ സിനിമാ പ്രേമികളും മാധ്യമപ്രവർത്തകരും സിനിമാ പ്രവർത്തകരുമുൾപ്പടെ നിറഞ്ഞ സദസ്സിലായിരുന്നു ആ സംവാദം നടന്നത്.
മറ്റൊരു കമ്മ്യൂണിസ്റ്റ് വിമർശകന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്
ഇപ്പോൾ ക്രിസ്റ്റോഫ് സനൂസിക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകുന്നത് വിവാദമാക്കുന്നവർ ഇതിന് ആറ് വർഷം മുൻപേ മറ്റൊരു കമ്മ്യൂണിസ്റ്റ് വിമർശകന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകുകയും അദ്ദേഹത്തോട് ബംഗാളിലെ ഇടതുപക്ഷ സർക്കാർ കാണിച്ച സമീപനത്തിൽ കേരളത്തിലെ ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക്ക് ഐ എഫ് എഫ് കെയുടെ അവാർഡ് ദാന ചടങ്ങിൽ വച്ച് തന്നെ ക്ഷമ പറയുകയും ചെയ്തത് മറുന്നു പോയി. റഷ്യൻ ചലച്ചിത്രകാരനായ അലക്സാണ്ടർ സകുറോവിനെയാണ് 2017ൽ കേരളം ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചത്.
അലക്സാണ്ടർ സകുറോവിന്റെ 'ടോറസ്' എന്ന ചലച്ചിത്രമാണ് 2001ൽ കൊൽക്കത്ത ഫിലിം ഫെസ്റ്റിവലിൽ സി പി എമ്മിന്റെ എതിർപ്പിന് കാരണമായത്. ബുദ്ധദേബ് ഭട്ടചാര്യ മുഖ്യമന്ത്രിയായിരിക്കെയാണ് ഈ സിനിമ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നത്. ലെനിന്റെ അവസാന കാലത്തെ സ്വകാര്യ ജീവിതത്തെ കുറിച്ച് പ്രതിപാദിക്കുന്ന ചിത്രം ചരിത്രവിരുദ്ധമാണെന്നാരോപിച്ചായിരുന്നു ബിമൻ ബസുവും മുൻ മുഖ്യമന്ത്രിയും സി പി എം നേതാവുമായിരുന്ന ജ്യോതിബസുവും ഈ ചിത്രത്തിനെതിരെ ആഞ്ഞടിച്ചതെന്ന് അക്കാലത്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
സിനിമയുടെ ആദ്യ പ്രദർശനത്തിന് ശേഷമാണ് സി പി എമ്മിലെ ഒരു വിഭാഗം ഈ ചിത്രത്തിനെതിരെ എതിർപ്പ് പ്രകടിപ്പിച്ചത്. സി പി എമ്മുകാരും അനുഭാവികളും ഉൾപ്പടെയുളളവരാണ് ഈ ചിത്രം പ്രദർശനത്തിനായി തിരഞ്ഞെടുത്തത് എന്നതായിരുന്നു മറ്റൊരു വിരോധാഭാസം. ഈ വിവാദത്തെ കുറിച്ചുളള ചോദ്യത്തിന് 'ഇന്ത്യയെന്ന രാജ്യത്ത് താൻ ഇത് വരെ പോയിട്ടില്ലെന്നും ഇതേ കുറിച്ച് ഒന്നും അറിയില്ല' എന്നുമായിരുന്നു അന്ന് സകുറോവ് വിദേശ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
മലയാളിയെ സംബന്ധിച്ച് ലെനിന്റെ സ്വകാര്യ ജീവിതം പറയുന്ന ചിത്രത്തിലൂടെയല്ല സകുറോവ് അടയാളപ്പെടുന്നത്. 'മദർ ആൻഡ് സൺ', 'ദി റഷ്യന്‍ ആർക്ക്' എന്നീ ചിത്രങ്ങളിലൂടെയാണ് മലയാളി സിനിമാ പ്രേമികളുടെ ഹൃദയത്തിൽ അദ്ദേഹം ചേക്കേറിയത്. അതു കൊണ്ട് തന്നെ ലെനിന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിറഞ്ഞ ചിത്രം കേരളത്തിലെ സിനിമാപ്രേമികളെ ബാധിച്ചതേയില്ല. 2001 ലെ ഈ വിവാദത്തിന് ശേഷവും അലക്സാണ്ടർ സകുറോവിന്റെ ചിത്രങ്ങൾ കേരളത്തിലെ ചലച്ചിത്രമേളകളിൽ പ്രദർശനത്തിന് വന്നിരുന്നു.
ഇന്ത്യയിലേക്കുള്ള അലക്സാണ്ടർ സകുറോവിന്റെ ആദ്യ വരവായിരുന്നു 2017 ൽ കേരളത്തിലേക്കുള്ളത്. ഐ എഫ് എഫ് കെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് അദ്ദേഹം സ്വീകരിക്കുയും ചെയ്തു. അദ്ദേഹം അവാർഡ് സ്വീകരിച്ച സമാപന സമ്മേളനത്തിൽ വച്ച് അവാർഡ് ദാനചടങ്ങിനോടനുബന്ധിച്ച് വേദിയിലുണ്ടായ ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക് 16 വർഷം പഴക്കമുള്ള സംഭവത്തിന് ക്ഷമ ചോദിച്ചു. തന്റെ ക്ഷമാപണം റഷ്യനിൽ പരിഭാഷപ്പെടുത്തി നൽകണമെന്ന് ഐസക് തന്റെ ഇംഗ്ലീഷ് പ്രസംഗത്തിൽ അഭ്യർത്ഥിക്കുകയും ചെയ്തു.
അലക്സാണ്ടർ സകുറോവും ക്രിസ്റ്റോഫ് സനൂസിയും മാർത്താ മെസാറസും പോലെ കമ്മ്യൂണിസ്റ്റ് വിമർശകരായവരുടെ സിനിമകൾ കേരളത്തിലെ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുകയും കേരളത്തിൽ കൊണ്ടു വരുകയും ചെയ്തിട്ടുണ്ട്.
Read Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.