ബംഗാൾ സി പി എം ചെയ്ത തെറ്റിന് ലോക പ്രശസ്ത ചലച്ചിത്രകാരൻ അലക്സാണ്ടർ സകുറോവിനോട് ക്ഷമ ചോദിച്ച് സി പി എം കേന്ദ്ര കമ്മിറ്റിയംഗവും കേരളത്തിലെ ധനമന്ത്രിയുമായ ഡോ. ടി എം തോമസ് ഐസക്ക്.  കേരളാ രാജ്യന്തര ചലച്ചിത്രോത്സവത്തിന്‍റെ സമാപന സമ്മേളന വേദിയിൽ വച്ചാണ് ഡോ. തോമസ് ഐസക്ക് 2001 ലെ സംഭവത്തിന് അലക്സാണ്ടർ സകുറോവിനോട് ക്ഷമ അപേക്ഷിച്ചത്.

തന്‍റെ ക്ഷമാപണം റഷ്യനിൽ പരിഭാഷപ്പെടുത്തി നൽകണമെന്നും ഐസക് തന്‍റെ ഇംഗ്ലീഷ് പ്രസംഗത്തിൽ അഭ്യർത്ഥിച്ചു. ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സ്വീകരിക്കാൻ എത്തിയ അലക്സാണ്ടർ സകുറോവ് വേദിയിലിരിക്കുമ്പോഴായിരുന്നു ഐസക്കിന്‍റെ ക്ഷമാപണം.

ലെനിന്‍റെ സ്വകാര്യജീവിതത്തിന്‍റെ അവസാനനാളുകളിൽ അദ്ദേഹം  ക്ഷീണിതനും രോഗിയുമായിരുന്നുവെന്നുളള കാര്യങ്ങൾ ചിത്രീകരിക്കുന്ന ‘ടോറസ്’ എന്ന ചലച്ചിത്രമാണ് വിവാദമായത്. 2001ൽ​ പുറത്തിറങ്ങിയ ഈ ചിത്രം സകുറോവിന്‍റെ പ്രശസ്ത ചിത്രങ്ങളില്‍ ഒന്നാണ്. ഈ ചിത്രം കൊൽക്കത്ത ഫിലിം ഫെസ്റ്റിവലിൽ കാണിച്ചപ്പോളാണ് സി പി എമ്മിന്‍റെ രൂക്ഷമായ എതിർപ്പിന് പാത്രമായത്.

കൂടുതല്‍ വായിക്കാം: സി പി എം ബംഗാളില്‍ ചെയ്ത പാതകത്തിന് കേരളത്തിന്‍റെ പാപപരിഹാരം

‘ചരിത്രത്തോടുളള നിഷേധമാണ് ഈ സിനിമ’ എന്നാണ്  സി പി എം നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ജ്യോതി ബസു, സി പിഎം നേതാവായ ബിമൻ ബോസ് എന്നിവർ ആരോപിച്ചത്. സി പി എമ്മിന്‍റെ ബുദ്ധദേബ് ഭട്ടാചാര്യ മുഖ്യമന്ത്രിയായിരിക്കെയാണ് കൊൽക്കത്ത ഫിലിം ഫെസ്റ്റിവലിൽ ഈ വിവാദം ഉണ്ടായത്.​  സി പി എം അനുഭാവികള്‍ ഉള്‍പ്പെടെയുള്ള  പ്രിവ്യൂ ജൂറി ചിത്രം കണ്ടതിനു ശേഷമാണ് പ്രദര്‍ശനത്തിനായി തിരഞ്ഞെടുത്തത്. എന്നാൽ, കൊൽക്കത്ത ഫിലിം ഫെസ്റ്റിവലില്‍ നടത്തിയ ആദ്യ സ്ക്രീനിങ്ങോടെ വിവാദം പൊട്ടിപ്പുറപ്പെട്ടു.  പിന്നീടുളള സ്ക്രീനിങ്ങ് ഈ​ വിവാദത്തിൽ മുങ്ങിപോകുകയായിരുന്നു. അന്ന് ദേശീയ മാധ്യമങ്ങൾ മാത്രമല്ല, വിദേശ മാധ്യമങ്ങളും ഈ​ വിഷയം ഗൗരവത്തോടെ സമീപിച്ചു. എന്നാൽ ഇക്കാര്യത്തിൽ അഭിപ്രായം പറയാൻ അലക്സാണ്ടർ സകുറോവ് തയ്യാറിയിരുന്നില്ല.

കഴിഞ്ഞ ദിവസം ഐ ഇ​ മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പതിനാറ് വർഷത്തിന് ശേഷം ആ സിനിമയെ കുറിച്ചുളള​ തന്‍റെ നിലപാട് സകുറോവ് വ്യക്തമാക്കിയത്. “എല്ലാവരും ഭരിച്ചത് തെറ്റുകളിലൂടെയായിരുന്നു, ലെനിനും. അത് മാത്രമാണ് ഞാൻ പറയാൻ ശ്രമിച്ചത്” എന്ന് വ്യക്തമാക്കിയ അദ്ദേഹം അതിന്‍റെ കാരണങ്ങളും ആ അഭിമുഖത്തിൽ വ്യക്തമാക്കി.

കൂടുതല്‍ വായിക്കാം : അലക്സാണ്ടര്‍ സകുറോവ് അഭിമുഖം 

ചെക്കോവും ദസ്തേവിസ്കിയും ബർണാഡ് ഷായുമെല്ലാം സകുറോവിനെ സ്വാധീനിച്ചിട്ടുണ്ട്. ലെനിനും ഹിറ്റ്‌ലറും ഹിരോഹിതോയും ഡോ. ഫൗസ്റ്റുമൊക്കെ പല അടരുകളായി തന്‍റെ കൈകളിലെ രൂപങ്ങളായി, രൂപകങ്ങളുമാക്കി മാറ്റിയ സംവിധായകനാണ് സകുറോവ്.

ബംഗാൾ സി പി എം സകുറോവിനെതിരെ പടയൊരുക്കം നടത്തിയെങ്കിലും കേരളത്തിലെ സിനിമാപ്രേമികളുടെ പ്രിയപ്പെട്ട ചലച്ചിത്രകാരൻ തന്നെയായിരുന്നു സകുറോവ്. 2001ൽ വിവാദത്തിന് വഴിയൊരുക്കിയ ‘ടോറസിന്’ ശേഷമാണ് 2002ൽ അദ്ദേഹം ലോകത്തെ ഞെട്ടിച്ച ‘റഷ്യൻ ആർക്ക്’ എന്ന ചലച്ചിത്രം സംവിധാനം ചെയ്തത്. ലോകത്തിന്‍റെ എല്ലാ കോണിലുമെന്നപോലെ കേരളത്തിലും ആഘോഷപൂർവ്വം വരവേറ്റ ചലച്ചിത്രമായിരുന്ന ‘ദ് റഷ്യൻ ആർക്ക്’. 1997 ൽ സകുറോവ് സംവിധാനം ചെയ്ത ‘മദർ​ആൻഡ് സൺ’ മുതൽ മലയാളിയുടെ മനസ്സിൽ കുടിയേറിയ സംവിധായകനാണ് സകുറോവ്.

ഇംഗ്ലീഷില്‍ വായിക്കാം: T M Thomas Isaac apologises

അലക്സാണ്ടർ സകുറോവിന് മാത്രമല്ല, ക്രിസ്തോഫ് സനൂസി, മാർത്താ മെസാറസ് തുടങ്ങി കമ്മ്യൂണിസ്റ്റ്‌ വിമര്‍ശകരായ ചലച്ചിത്ര പ്രതിഭകളെ വരവേറ്റ സംസ്ഥാനവും ചലച്ചിത്രമേളയും, രാഷ്ട്രീയത്തിന്‍റെ അതിർവരമ്പില്ലാത്ത മറ്റൊരു അംഗീകാരം കൂടി നല്‍കി തങ്ങളുടെ സിനിമാ സ്നേഹത്തിനു ഇന്ന്  ഒരിക്കല്‍ കൂടി അടിവരയിട്ടു.

 

Get Malayalam News and latest news update from India and around the world. Stay updated with today's latest Iffk news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ