scorecardresearch

വിവാഹവേദിയിൽ നിന്നും വരനും വധുവും നേരെ തിയേറ്ററിലേക്ക്

ആറു വർഷം മുൻപ് ഒരു ഐഎഫ്എഫ്കെ കാലത്തു കണ്ടുമുട്ടിയ സുരഭിയെ ജീവിതസഖിയാക്കി സംവിധായകൻ പാമ്പള്ളി

ആറു വർഷം മുൻപ് ഒരു ഐഎഫ്എഫ്കെ കാലത്തു കണ്ടുമുട്ടിയ സുരഭിയെ ജീവിതസഖിയാക്കി സംവിധായകൻ പാമ്പള്ളി

author-image
Dhanya K Vilayil
New Update
Pampally, Pampally wedding, Pampally Surabhi wedding

എഴുത്തുകാരനും സംവിധായകനുമായ പാമ്പള്ളിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടൊരു ദിവസമാണിന്ന്. ആറു വർഷം മുൻപ്, ടാഗോർ തിയേറ്ററിനു മുൻപിൽ വച്ച് അപ്രതീക്ഷിതമായി കണ്ടുമുട്ടുകയും പരിചയപ്പെടുകയും ചെയ്ത സുരഭിയെന്ന കൂട്ടുകാരിയെ പാമ്പള്ളി ഇന്ന് ജീവിതത്തിലേക്ക് കൂടെ കൂട്ടിയിരിക്കുകയാണ്. അൽപ്പസമയം മുൻപാണ് കല്ലമ്പലം ജെജെ ഓഡിറ്റോറിയത്തിൽ വച്ച് പാമ്പള്ളിയും സുരഭിയും വിവാഹിതരായത്. വിവാഹസദ്യയും കഴിഞ്ഞ് വിവാഹവേദിയിൽ നിന്നും വധൂവരന്മാർ നേരെയെത്തുക ഐഎഫ്എഫ്‌കെ വേദിയിലേക്കാണ്. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്, സെക്രട്ടറി അജോയ് ചന്ദ്രൻ തുടങ്ങിയവർ വധൂവരന്മാരെ മധുരം നൽകി സ്വീകരിക്കും. ടഗോറിൽ തിയേറ്ററിൽ‘ലോർഡ് ഓഫ് ദി ആന്റ്സ്’ എന്ന ഇറ്റാ‌ലിയൻ സിനിമ കണ്ടുകൊണ്ട് ഇരുവരും ഒന്നിച്ചുള്ള ജീവിതയാത്രയ്ക്ക് തുടക്കം കുറിക്കും.

Advertisment
publive-image
വിവാഹവേദിയിൽ പാമ്പള്ളിയും സുരഭിയും

കഴിഞ്ഞ പത്തിരുപത് വർഷത്തിനിടെ തന്റെ ജീവിതത്തിൽ പല വിധത്തിൽ സ്വാധീനം ചെലുത്തിയ ഒന്നാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയെന്നാണ് പാമ്പള്ളി പറയുന്നത്. "18 വർഷം തുടർച്ചയായി ഐഎഫ്എഫ്കെ കണ്ടാൽ 'സിനിമയുടെ ഗുരുസ്വാമിയായി ഇനി തെങ്ങുവയ്ക്കാം' എന്നൊരു ചൊല്ലുണ്ട് ചലച്ചിത്രപ്രേമികൾക്കിടയിൽ. ആ അർത്ഥത്തിൽ ഞാനുമൊരു ഗുരുസ്വാമിയാണ്," ചിരിയോടെ പാമ്പള്ളി പറഞ്ഞു തുടങ്ങി.

"ആറു വർഷം മുൻപ് ഇതുപോലൊരു ഐഎഫ്എഫ്കൈ കാലത്ത് ടാഗോർ തിയേറ്ററിൽ വച്ചാണ് ഞാൻ സുരഭിയെ കണ്ടുമുട്ടുന്നത്. ഐഎഫ്എഫ്കെയുടെ ഇടയിൽ സാധാരണയായി ഒരു ഞായറാഴ്ചയെ വരാറുള്ളൂ. അതുമൊരു ഞായറാഴ്ചയായിരുന്നു. സിനിമാസ്വാദകരായ രണ്ടുപേർ തമ്മിൽ സ്വാഭാവികമായും സംഭവിക്കുന്ന ഒരു പരിചയപ്പെടലായിരുന്നു അത്. പിന്നീട് ഞങ്ങൾ നല്ല സുഹൃത്തുക്കളായി. എന്റെ അമ്മയേയും സുരഭി പരിചയപ്പെട്ടു. അധികം വൈകാതെ അവർ തമ്മിൽ നല്ല കൂട്ടായി. അവർക്കിടയിൽ വളരെ മനോഹരമായൊരു സൗഹൃദമുണ്ട്. അമ്മ തന്നെയാണ് ഇതൊരു പ്രപ്പോസലായി മുന്നോട്ടു കൊണ്ടുവന്നത്. ഏഴു മാസം മുൻപാണ് അത്തരമൊരു ആലോചന അമ്മയുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നത്. ഇപ്പോൾ ഞങ്ങൾ വിവാഹിതരായതും അതുപോലൊരു ഞായറാഴ്ചയിൽ തന്നെ," പാമ്പള്ളി ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

Pampally, Pampally wedding, Pampally Surabhi wedding

കല്ലമ്പലം നാവായിക്കുളം സ്വദേശിയാണ് സുരഭി. ഇപ്പോൾ ഹെൽത്ത് സർവീസസ് ഡയറക്ടറേറ്റിൽ ഉദ്യോഗസ്ഥയായി ജോലി ചെയ്യുന്നു.

Advertisment

2018ൽ മികച്ച നവാഗത സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ വ്യക്തിയാണ് പാമ്പള്ളി എന്നറിയപ്പെടുന്ന സന്ദീപ് കുമാർ. ലക്ഷദ്വീപിലെ ലിപിയില്ലാത്ത ഭാഷയായ ‘ജസരി’യിൽ ഒരുക്കിയ ‘സിൻജാർ’ എന്ന ചിത്രമാണ് പാമ്പള്ളിയെ പുരസ്കാരത്തിനു അർഹനാക്കിയത്.

publive-image
നവാഗത സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങുന്ന പാമ്പള്ളി

67-ാമത് ദേശീയ ചലച്ചിത്രാത്സവത്തിന്റെ ജൂറിയായും 94-മത് ഓസ്‌കാര്‍ വിദേശ സിനിമകളുടെ വിഭാഗത്തില്‍ ഇന്ത്യന്‍ സെലക്ഷന്‍ ജൂറിയായും ഷിംല അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ജൂറി അംഗം, ഐഎഫ്എഫ്ഐയിൽ എന്റർടെയിൻമെന്റ് സൊസൈറ്റി ഗോവയുടെ ജൂറി അംഗം എന്നീ നിലകളിലും പാമ്പള്ളി പ്രവർത്തിച്ചിട്ടുണ്ട്. 13-ാം തീയതി ഐഎഫ്എഫ്കെ വേദിയിൽ വച്ച് തന്റെ ആദ്യ ഹോളിവുഡ് ചിത്രം അനൗൺസ് ചെയ്യാനൊരുങ്ങുകയാണ് പാമ്പള്ളി. പാമ്പള്ളി എന്ന സംവിധായകന്റെ കരിയറിലും ജീവിതത്തിലുമെല്ലാം വലിയ സന്തോഷങ്ങൾ സമ്മാനിച്ചുകൊണ്ടാണ് ഈ ഐഎഫ്എഫ്‌കെ കാലം കടന്നു പോവുന്നത്.

Film Director Iffk Wedding

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: