scorecardresearch
Latest News

അനിയത്തിയ്ക്കു പകരം അരങ്ങിലേക്ക്, അച്ഛനു പകരം അമരത്തേക്ക്; സന്ധ്യ ജീവിതം പറയുന്നു

ജീവിതം മുന്നിൽ വളരെ കൃത്യമായ വഴികൾ തുറന്നുവച്ചിരുന്നെങ്കിൽ പോലും അപ്രതീക്ഷിതമായ ചില തിരിവുകളിലൂടെയാണ് സന്ധ്യയെ ജീവിതം മുന്നോട്ടു നടത്തിയത്. ഒരു പക്ഷേ അതുകൊണ്ടുമാത്രമായിരിക്കാം, അഭിനയ കുടുംബത്തിൽ നിന്നും വന്നിട്ടും പ്രൊഫണലായി നാടകം പഠിച്ചിട്ടും സന്ധ്യയെന്ന നടിയെ കേരളം കാണാതെ പോയത്

sandhya rajendran

സാംസ്കാരിക കേരളത്തിനു മറക്കാനാവാത്ത, ചരിത്രത്തിലിടം പിടിച്ച പേരുകളിലൊന്നാണ്, ‘കൊല്ലം കാളിദാസ കലാകേന്ദ്ര’. മലയാള നാടകലോകത്തെ കുലപതികളിൽ ഒരാളായ ഒ മാധവൻ കണ്ട സ്വപ്നം. അച്ഛന്റെ ആ സ്വപ്നത്തിന് പുതിയ ആകാശവും ഭൂമിയും നൽകി ഇന്ന് മുന്നോട്ട് കൊണ്ടുപോവുന്നത് മകൾ സന്ധ്യയാണ്, നടനും ഭർത്താവുമായ രാജേന്ദ്രനും കൂടെയുണ്ട്.

കലാപാരമ്പര്യമുള്ള കുടുംബത്തിലാണ് ജനനമെങ്കിലും നിനച്ചിരിക്കാതെയാണ് സന്ധ്യ ആദ്യമായി വേദിയിലെത്തുന്നത്. അന്നു മുതൽ ഇന്നുവരെ, ജീവിതം അപ്രതീക്ഷിതമായ തിരിവുകളുടെ തുടർച്ചയാണ് സന്ധ്യയ്ക്ക്. അച്ഛൻ നാടക നടനും സംവിധായകനുമായ ഒ. മാധവൻ, അമ്മ നാടകലോകത്തെ മിന്നും താരമായ വിജയകുമാരി. സഹോദരൻ മുകേഷും അഭിനയത്തിൽ സജീവം. ജീവിതം മുന്നിൽ വളരെ കൃത്യമായ വഴികൾ തുറന്നുവച്ചിരുന്നെങ്കിൽ പോലും അപ്രതീക്ഷിതമായ ചില തിരിവുകളിലൂടെയാണ് സന്ധ്യയെ ജീവിതം മുന്നോട്ടു നടത്തിയത്. ഒരു പക്ഷേ അതുകൊണ്ടുമാത്രമായിരിക്കാം, അഭിനയ കുടുംബത്തിൽ നിന്നും വന്നിട്ടും പ്രൊഫണലായി നാടകം പഠിച്ചിട്ടും സന്ധ്യയെന്ന നടിയെ കേരളം കാണാതെ പോയത്.

അഭിനയിക്കുന്നില്ല എന്നേയുള്ളൂ, കാളിദാസ കലാകേന്ദ്രയുടെ പ്രൊഡക്ഷൻ കാര്യങ്ങൾ കാര്യക്ഷമതയോടെ കൈകാര്യം ചെയ്ത് കലാരംഗത്തു തന്നെയുണ്ട് സന്ധ്യ. കാളിദാസയുടെ കീഴിൽ 59 നാടകങ്ങൾ ഇതുവരെ അരങ്ങേറി കഴിഞ്ഞു, 15 ഓളം സീരിയലുകൾ, 50 ഡോക്യുമെന്ററികൾ, 2 സിനിമകൾ… ഒപ്പം സ്വന്തമായുള്ള ടെലിവിഷൻ സ്റ്റുഡിയോയും അഡ്വൈസിംഗ് ഏജൻസിയും…. എല്ലായിടത്തും സന്ധ്യയുടെ സജീവമായ ഇടപെടലുകളുണ്ട്.

കൊല്ലം തിരുമുല്ലവാരം ക്ഷേത്രത്തിന് സമീപത്തെ സീരിയൽ ലൊക്കേഷനിലെത്തിയപ്പോൾ ഒരു കല്യാണവീടിന്റെ പ്രതീതിയായിരുന്നു. നായികയുടെ വിവാഹാഘോഷങ്ങളാണ് ചിത്രീകരിക്കുന്നത്. പ്രൊഡക്ഷനിലെ ചെറിയ ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിച്ചും വേണ്ട സജ്ജീകരണങ്ങൾ ഒരുക്കിയും ചടുലതയോടെ ഓടിനടക്കുകയായിരുന്നു സന്ധ്യ രാജേന്ദ്രൻ. നിർത്താതെ വരുന്ന ഫോൺകോളുകൾ, അപ്രതീക്ഷിതമായി എത്തുന്ന തടസ്സങ്ങൾ… എല്ലാം കൂളായി കൈകാര്യം ചെയ്ത്, ഇടയ്ക്ക് വീട്ടിലേക്ക് വിളിച്ച് “അമ്മ കുളിച്ചോ? ഭക്ഷണം കഴിച്ചോ?” എന്ന് തിരക്കുന്നു. ഒരേ സമയം മൂന്നോ നാലോ പേർ ചെയ്യേണ്ട ജോലികൾ ഒറ്റയ്ക്ക് ഈസിയായി കൈകാര്യം ചെയ്ത്, മൾട്ടി ടാസ്കിംഗിന്റെ പര്യായമെന്ന പോലെ എനിക്കു മുന്നിൽ സന്ധ്യ രാജേന്ദ്രൻ ഇരുന്നു. നാടകം ശ്വസിച്ചു വളർന്ന ബാല്യം, അച്ഛനമ്മമാർ, സഹോദരങ്ങൾ, സ്കൂൾ ഓഫ് ഡ്രാമകാലം, വിവാഹം, കുടുംബം, അഭിനയ സ്വപ്നങ്ങൾ, കാളിദാസ കലാകേന്ദ്ര…. സംസാരിക്കാൻ ഒരുപാട് വിഷയങ്ങളുണ്ടായിരുന്നു സന്ധ്യയ്ക്ക്.

Vijayakumari, actress Vijayakumari, Mukesh mother
സന്ധ്യ, മുകേഷ്, ജയശ്രീ എന്നിവർ അമ്മ വിജയകുമാരിയ്‌ക്കൊപ്പം

അച്ഛനും അമ്മയും അറിയപ്പെടുന്ന അഭിനേതാക്കൾ. കുടുംബത്തിന്റെ കലാപാരമ്പര്യം എത്രത്തോളം കുട്ടിക്കാലത്തെ സ്വാധീനിച്ചിട്ടുണ്ട്?

“ഓർമ്മ വച്ച കാലം മുതൽ കാണുന്നത് നാടകത്തിനു പോവുന്ന അച്ഛനേയും അമ്മയേയുമാണ്. അത് അവരുടെ ജോലിയാണെന്ന് അന്നുതന്നെ ഞങ്ങൾ മക്കൾ മനസ്സിലാക്കിയിരുന്നു. പക്ഷേ അന്നത്തെയൊരു വിഷമം, വിശേഷപ്പെട്ട ദിവസങ്ങളിൽ പലപ്പോഴും അമ്മയേയും അച്ഛനെയും മിസ്സ് ചെയ്തിരുന്നു എന്നതാണ്. സ്കൂളിൽ നിന്നു വരുമ്പോൾ വീട്ടിൽ അവരുണ്ടാവില്ല. അതിന്റെതായ ഒരു ശൂന്യത കുട്ടിക്കാലത്ത് ഞങ്ങൾ അനുഭവിച്ചിരുന്നു. അതുകൊണ്ടൊക്കെയാവും, ഇപ്പോഴും ആൾക്കൂട്ടത്തിലൊക്കെ പെട്ടെന്ന് ഒറ്റപ്പെട്ടുപോവുന്നൊരു അവസ്ഥയുണ്ടെനിക്ക്. എന്റെതായൊരു ലോകത്തിലേക്ക് ഞാനങ്ങു ചുരുങ്ങും. അതെനിക്ക് കുഞ്ഞിലേ കിട്ടിയിട്ടുള്ള കാര്യമാണെന്ന് തോന്നുന്നു.

അച്ഛനും അമ്മയും തിരക്കിലായിരുന്നെങ്കിലും വളരെ കരുതലോടെയാണ് അമ്മമ്മയും കുഞ്ഞമ്മയും (അമ്മയുടെ സഹോദരിയും) ഞങ്ങളെ വളർത്തിയത്. പത്ത് അച്ഛൻമാർ കൂടെയുള്ള കരുതലാണ് അമ്മമ്മ കൂടെയുണ്ടെങ്കിൽ, അത്ര കരുത്തയായിരുന്നു അമ്മമ്മ. സ്നേഹവും ലാളനയും തന്ന് അവർ രണ്ടുപേരും ഞങ്ങളുടെ കൂടെ നിന്നു, പഠിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചു പറഞ്ഞു തന്നു. അച്ഛന്റെയും അമ്മയുടെയും ജോലി ഇതാണ്, അതുകൊണ്ട് നിങ്ങൾ കുട്ടികൾ അഡജസ്റ്റ് ചെയ്യണമെന്ന് പറഞ്ഞുതരും.

ഏതുകുട്ടികൾക്കും പകൽ സമയമെന്നത് കളിക്കാനുള്ള സമയമാണല്ലോ. എന്നാൽ ഞങ്ങളെ സംബന്ധിച്ച് ആ സമയം, നാടകം കഴിഞ്ഞ് വന്ന് അച്ഛനും അമ്മയും ഉറങ്ങുന്ന സമയമാണ്. ഞങ്ങളുടെ കളികളൊക്കെ സൈലന്റ് മോഡിലാണ്. ഞങ്ങൾ മൂന്നുപേരും തമ്മിൽ അധികം പ്രായവ്യത്യാസമില്ല, അതിനാൽ തന്നെ വഴക്കുകൾക്കും ക്ഷാമമുണ്ടായിരുന്നില്ല. മുകേഷേട്ടനാണെങ്കിൽ അടിയുണ്ടാക്കാൻ മിടുക്കനാണ്. അനിയത്തി ജയശ്രീയാണ് കൂട്ടത്തിലെ ദുർബല, അടി തുടങ്ങുമ്പോഴെ അവൾ തളരും, പിന്നെ കരച്ചിലാണ്. പക്ഷേ ഞാനങ്ങനെയല്ല, എന്ത് അടിവന്നാലും ഞാൻ തടുക്കും. ഒരൊറ്റ അടിപോലും എന്റെ ദേഹത്തുകൊള്ളില്ല. കളരി അഭ്യാസിയെ പോലെയാണ് മുകേഷേട്ടന്റെ അടികളിൽ നിന്നും ഞാൻ രക്ഷപ്പെടുക. പക്ഷേ ഇതൊക്കെ സൈലന്റ് മോഡിലാണ്, ഇടി കൊണ്ടാലും ഉറക്കെ കരയില്ല.

ഒരു ദിവസം കളിയ്ക്കിടയിൽ വീണ് എന്റെ തല സോഫയുടെ മരപ്പിടിയിൽ പോയി ഇടിച്ചു. തല പൊട്ടി, ചോരയൊഴുകി കൊണ്ടിരിക്കുകയാണ്. ചോര കണ്ട് അനിയത്തി കരച്ചിൽ തുടങ്ങി. അതു കേട്ട് ഉറക്കത്തിൽ നിന്നു ഞെട്ടിയുണർന്ന് അമ്മയും ഓടിയെത്തി. തമ്മിൽ തല്ലിയതാണെന്നു കണ്ട് അമ്മയ്ക്ക് ദേഷ്യം വന്നു. രണ്ടാളെയും തല്ലാനായി അമ്മ കൈ ഉയർത്തേണ്ട താമസം അനിയത്തി ഓടിരക്ഷപ്പെട്ടു. ക്ഷതം സംഭവിച്ച ആൾ ഞാനാണല്ലോ, ഞാനവിടെ തന്നെ ഇരിപ്പാണ്. ദേഷ്യത്തോടെ തിരിഞ്ഞ്, അടികിട്ടിയിട്ടേ പോവുകയുള്ളോ എന്ന മട്ടിൽ അമ്മയെന്നെ നോക്കുകയാണ്. അപ്പോഴാണ് എന്റെ തലയുടെ ഒരു വശത്തുനിന്നും ചോര ഒഴുകികൊണ്ടിരിക്കുന്നത് അമ്മ കണ്ടത്. അത്രയും മുറിവുണ്ടായിട്ടും ഞാൻ കരയാതെ ഇരിക്കുന്നത് കണ്ട് അമ്മയ്ക്ക് വിഷമമായി. ബഹളം കേട്ട് അച്ഛനും അപ്പോഴേക്ക് എണീറ്റുവന്നു. “എന്തുപറ്റി മോളേ, വീഴ്ചയിൽ തല മരവിച്ചുപോയോ, വേദന അറിയുന്നില്ലേ?” എന്നൊക്കെ അച്ഛൻ ചോദിക്കുന്നുണ്ട്. “അച്ഛനുമമ്മയും ഉറങ്ങുകയല്ലേ, ശല്യപ്പെടുത്തേണ്ട എന്നോർത്താ കരയാതിരുന്നത്,” എന്നായിരുന്നു എന്റെ ഉത്തരം. അച്ഛനത് കേട്ട് വല്ലാതായി.

അച്ഛനുമായി ഞങ്ങൾക്ക് നല്ല ആത്മബന്ധമുണ്ടായിരുന്നു. അമ്മ ഞങ്ങളുടെയൊപ്പം കളിക്കാനൊക്കെ കൂടുന്ന കുട്ടിത്തം വിട്ടുമാറാത്ത ഒരാളാണ്. അച്ഛന്റെ സ്നേഹവും കരുതലും കാണുമ്പോൾ ഞങ്ങൾ ഭാഗ്യം ചെയ്തവരാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇന്നും ഞങ്ങൾക്കു എന്തെങ്കിലുമൊരു മനപ്രയാസം തോന്നിയാൽ, അച്ഛന്റെ പടത്തിനു മുന്നിൽ ഒരു കസേരയിട്ട് അവിടെ കുറേനേരം ഇരിക്കും. പതിയെ മനസ്സു ശാന്തമായതുപോലെ തോന്നും. അതൊരു അനുഭവമാണ്.

കുട്ടിക്കാലം മുതൽ തന്നെ നാടകം ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്. കല, കലാപ്രവർത്തനം എന്നൊക്കെ പറയുന്നത് ഞാൻ ഊണ് കഴിക്കുന്നതുപോലെയോ ഉറങ്ങുന്നതുപോലെയോ ജീവിതത്തിന്റെ ഒരു ഭാഗമായേ എന്നും തോന്നിയിട്ടുള്ളൂ.

മുകേഷും സന്ധ്യയും

ആ ഭാഗവതരെ ഓടിച്ചുവിട്ടത് മുകേഷേട്ടനാണ്
അച്ഛനും അമ്മയും ചെറുപ്പത്തിൽ തന്നെ എന്നെയും അനിയത്തിയേയും നൃത്തം പഠിപ്പിച്ചിരുന്നു. ഭരതനാട്യം പഠിപ്പിക്കാൻ തൃശൂരിൽ നിന്നും ജനാർദ്ദനൻ മാസ്റ്റർ വീട്ടിൽ വരും. കിട്ടാവുന്നതിൽ ഏറ്റവും നല്ല ഗുരുക്കന്മാരെ തന്നെയായിരുന്നു അച്ഛൻ ഞങ്ങൾക്കായി കണ്ടെത്തിയത്. അക്കാലത്ത്, ദേവരാജൻ മാസ്റ്ററും അർജുനൻ മാസ്റ്ററുമൊക്കെ വീട്ടിലെ സ്ഥിരം സന്ദർശകരാണ്. “പിള്ളേരെ എല്ലാം പഠിപ്പിക്കുന്നുണ്ടല്ലോ, പാട്ടു മാത്രം പഠിപ്പിക്കാത്തത് എന്താണ്?,” ഒരു ദിവസം അർജുനൻ മാമൻ അച്ഛനോട് ചോദിച്ചു. അത് ശരിയാണല്ലോ എന്ന് അച്ഛനും തോന്നി. അങ്ങനെ ഞങ്ങളെ പാട്ടു പഠിപ്പിക്കാൻ ഒരു ഭാഗവതർ വരികയാണ്. ശ്രുതി മീട്ടാൻ ഹാർമോണിയം വേണമെന്നൊക്കെ ഭാഗവതർ ആദ്യമേ പറഞ്ഞിരുന്നു. അച്ഛൻ അതൊക്കെ സംഘടിപ്പിച്ചുവച്ചിട്ടുണ്ട്. ഞങ്ങൾ മാഷിനെയും കാത്തിരുന്നു.

ഒടുവിൽ, പറഞ്ഞ ദിവസം ഭാഗവതർ എത്തി. പഠിപ്പിക്കാൻ ഇരുന്നു. ദക്ഷിണയൊക്കെ കൊടുത്ത് ഞങ്ങളും ഭാഗവതർക്കു മുന്നിൽ ഇരിപ്പുറപ്പിച്ചു. അദ്ദേഹം ഐശ്വര്യമായി ‘സാ’ എന്നു പാടി തുടങ്ങിയപ്പോൾ അതാ, ജനലിനു മുന്നിലൊരു മുഖം പ്രത്യക്ഷപ്പെടുന്നു, മുകേഷേട്ടനാണ്. ചേട്ടൻ അവിടെ നിന്ന് ‘സരിഗമ സരിഗമ സരിഗമ’ എന്ന് നിർത്താതെ പാടുകയാണ്. ഒറ്റശ്വാസത്തിൽ അത്രയും പാടിയിട്ട് ചേട്ടൻ ഓടിപ്പോവും. ഞാനും അനിയത്തിയുമാണെങ്കിൽ ഈ ചെറുക്കനെ ഞങ്ങൾ അറിയത്തേയില്ല എന്ന ഭാവത്തിൽ ഇരിക്കുകയാണ്, ഞങ്ങൾക്കു ചിരിയും വരുന്നുണ്ട്. ഭാഗവതർ വീണ്ടും പഠിപ്പിക്കാൻ തുടങ്ങി, ജനലിന്റെ അടുത്ത് വീണ്ടും ആ മുഖം. ‘സരിഗമ സരിഗമ സരിഗമ’ എന്നു പറഞ്ഞ് ചേട്ടൻ ബഹളത്തോട് ബഹളം. ആ മനുഷ്യനെ പഠിപ്പിക്കാനേ സമ്മതിച്ചില്ല മുകേഷേട്ടൻ. സഹികെട്ട് ഭാഗവതർ ഹാർമോണിയം പെട്ടി അടച്ചുവെച്ചിട്ട് അച്ഛനോട് പറഞ്ഞു, “കുട്ടികൾക്ക് വാസനയില്ല”. അതിനു ശേഷം ഒരു ഭാഗവതരും ഞങ്ങളെ പഠിപ്പിക്കാൻ ആ വീട്ടിലേക്ക് വന്നിട്ടില്ല.

ഞാൻ തെറ്റില്ലാതെ പാടുന്ന ഒരാളാണ് എന്നായിരുന്നു അന്നൊക്കെ എന്റെ വിശ്വാസം. ഒട്ടുമിക്ക പാട്ടുകളുടെയും വരികൾ എനിക്കറിയാം, ധൈര്യമായി പല സന്ദർഭങ്ങളിലും കയറി പാടുകയും ചെയ്യുമായിരുന്നു. പക്ഷേ കോളേജിൽ എത്തിയപ്പോഴാണ് എന്റെ വിശ്വാസം തെറ്റായിരുന്നെന്ന് മനസ്സിലായത്. ഞാനൊരു പാട്ടു പാടിയപ്പോൾ കൂട്ടുകാരി ആ സത്യം പറഞ്ഞു, “തനിക്ക് പാടാൻ ഒട്ടുമറിയില്ല അല്ലേ,” എന്ന്. അതിനു ശേഷം ആരുടെ മുന്നിലും ഞാൻ പാടാൻ പോയിട്ടില്ല.

സംഭവബഹുലമായ കുട്ടിക്കാലം
കുസൃതികൾക്ക് ഒട്ടും പഞ്ഞമില്ലാത്തതായിരുന്നു ഞങ്ങളുടെ കുട്ടിക്കാലം. കുട്ടിക്കാല കഥകളിൽ മിക്കതിലെയും വില്ലൻ മുകേഷേട്ടനാണ്. ചേട്ടൻ ഉണ്ടാക്കി കൊണ്ടുവരുന്ന എന്തിലും ഒടുക്കമൊരു കുരുക്കുകാണും. ചെറുപ്പത്തിൽ ഞങ്ങളുടെ പ്രധാന രസങ്ങളിലൊന്ന് നാടകം കളിയാണ്. ഒരിക്കൽ മുകേഷേട്ടനൊരു നാടകമെഴുതി. അന്ന് ഡോക്ടർ എന്നു പറഞ്ഞാൽ ഹീറോ ആണ്. ആ നാടകത്തിൽ പുള്ളിയായിരുന്നു ഡോക്ടർ. എനിക്ക് ആൺ വേഷം. ഞങ്ങളുടെ വീടിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന ഒരു കുട്ടിയുണ്ട്. അവളാണ് നാടകത്തിൽ എന്റെ ഭാര്യ. അനിയത്തി ജയശ്രീ എന്റെ മകളായിട്ടാണ് അഭിനയിക്കുന്നത്. എനിക്ക് ക്ഷയമാണ്, അന്ന് ക്ഷയമാണ് വലിയ രോഗം. ക്ഷയരോഗിയായ എന്നെ ഭാര്യ ഹോസ്പിറ്റലിൽ കൊണ്ടുവരുന്നു, ഡോക്ടർ നോക്കുന്നു. “രക്ഷപ്പെടില്ല, ഇയാൾ മരിക്കും,” എന്നു പ്രവചിക്കുന്നു. ഞാൻ ചുമച്ചു മരിക്കുന്നു. ഇതാണ് സീൻ. ആദ്യത്തെ രംഗത്തിൽ തന്നെ ഞാൻ മരിക്കണം എന്നാണ് മുകേഷേട്ടൻ എഴുതി വച്ചേക്കുന്നത്. ഞാൻ മരിക്കുന്നതോടെ എന്റെ ഭാര്യയെ ഡോക്ടർ കല്യാണം കഴിക്കും, അതോടെ നാടകം തീരും.

ഞങ്ങള് നാടകം കളിച്ചുകൊണ്ടിരിക്കുമ്പോൾ റിഹേഴ്സൽ കാണാൻ കുഞ്ഞമ്മ വന്നു. “നീയെന്താ ആദ്യം തന്നെ മരിച്ചുവീഴുന്നത്, അവനല്ലേ അവസാനം വരെ ഉള്ളത്, അതെന്തു നാടകമാണ്?” എന്നൊക്കെ പറഞ്ഞ് കുഞ്ഞമ്മ എന്നെയിളക്കി. അതു ശരിയാണല്ലോ എന്നെനിക്കും തോന്നി, എനിക്ക് വാശി കയറി, എങ്ങനെയെങ്കിലും മുകേഷേട്ടന്റെ നാടകം പൊളിക്കണം ഞാൻ മനസ്സിൽ വിചാരിച്ചു. അങ്ങനെ നാടകം തുടങ്ങി, എന്റെ ഭാര്യ വരുന്നു, എന്നെ തടവുന്നു, ഡോക്ടർ വരുന്നു, പരിശോധിക്കുന്നു, ഡയലോഗ് പറയുന്നു, പോവുന്നു… ഇനി ഞാൻ ചുമച്ചു മരിക്കണം! എന്നാലേ ഡോക്ടർക്ക് പ്രവേശനം ഉള്ളൂ. ഞാൻ ചുമക്കുന്നു, പക്ഷേ മരിക്കുന്നില്ല. ഓരോ തവണ ചുമക്കുമ്പോഴും എന്റെ ഭാര്യയായി അഭിനയിക്കുന്ന കുട്ടി “അയ്യോ, ചേട്ടൻ മരിച്ചേ” എന്നു പറഞ്ഞു കരഞ്ഞു തുടങ്ങും. ഞാൻ തലപ്പൊക്കി, ‘ഇല്ല ഞാൻ മരിച്ചിട്ടില്ലെ’ന്നു പറയും. അവസാനം മുകേഷേട്ടനു സഹികെട്ടു. സൈഡിൽ മാറി നിന്ന്, “വേം മരിക്കെടീ,” എന്നൊക്കെ പല്ലിറുമ്മുന്നുണ്ട്. ഞാൻ അതിനു ചെവി കൊടുത്തതേയില്ല. ഒടുക്കം നാടകം കാണാൻ വന്നിരിക്കുന്ന അയലത്തെ കുട്ടികളൊക്കെ കൂവാൻ തുടങ്ങി. അങ്ങനെ മുകേഷേട്ടന്റെ ആദ്യത്തെ നാടകം തന്നെ പൊളിഞ്ഞു. ഇപ്പോഴും മുകേഷേട്ടൻ അതു പറയും, “ഇവളെ കൂടെ കൂട്ടാൻ കൊള്ളില്ല, ഇവള് നാടകം പൊളിച്ചുകളയും”.

മറ്റൊരു സംഭവം, നീൽ ആംസ്ട്രോങ് ചന്ദ്രനിൽ കാലുകുത്തിയ കാലത്തുള്ളതാണ്. അതൊക്കെ പത്രത്തിൽ വായിച്ച് ഞങ്ങളും റോക്കറ്റുണ്ടാക്കാൻ തീരുമാനിച്ചു. അന്ന് ബോൺവിറ്റ ടിന്നിലാണ് വരുന്നത്. “പാലിൽ കലക്കി മൂന്നെണ്ണത്തിനും ബോൺവിറ്റ കൊടുത്തേക്കണം,” എന്ന് അമ്മൂമ്മയേയും കുഞ്ഞമ്മയേയും ചട്ടം കെട്ടിയാണ് അച്ഛനും അമ്മയും നാടകത്തിനു പോവുക. പാലുതന്നെ ഞങ്ങൾക്കു മൂന്നിനും ഇഷ്ടമില്ല, അപ്പോഴാണ് അതിൽ ബോൺവിറ്റ കൂടി കലക്കി തരുന്നത്. വിഷം കുടിക്കുന്നതു പോലെയാണ് ഞങ്ങളത് കുടിച്ചിരുന്നത്. ബോൺവിറ്റ ടിന്നുകൾ വീട്ടിൽ സുലഭമാണ്.

ഞങ്ങൾ ഒരു ബോൺവിറ്റ ടിൻ എടുത്ത് അതിൽ വെള്ളം നിറച്ച് അടച്ച് അടുപ്പിനു മുകളിൽ വച്ച് താഴെ തീയിട്ടുകൊടുത്തു. ടിൻ ചൂടാകുമ്പോൾ ഈ ടിൻ റോക്കറ്റുപോലെ മുകളിലേക്ക് കുതിക്കുമെന്നാണ് ഞങ്ങളുടെ വിചാരം. ടിന്നിന് അനക്കമൊന്നുമില്ലെന്ന് കണ്ട് ഇടയ്ക്ക് തീ കൂട്ടികൊടുക്കുന്നുണ്ട് . മുകേഷേട്ടൻ അപ്പോഴേക്കും കമന്ററി തുടങ്ങി, “സുഹൃത്തുക്കളേ, ഏതാനും നിമിഷം കൊണ്ട് നമ്മുടെ റോക്കറ്റ് മുകളിലേക്ക് കുതിക്കും”.

അടുത്ത വീട്ടിലെ ഒരു പയ്യനുണ്ട്, രാധൻ. അവനും ഞങ്ങളുടെ കൂടെയുണ്ട്. കുറേ നേരമായിട്ടും ടിന്നിനു ഒരു അനക്കവുമില്ലല്ലോ എന്നും പറഞ്ഞ് രാധൻ ടിന്നിനു അടുത്തേക്ക് എത്തിയതും അതങ്ങ് പൊട്ടിത്തെറിച്ചു. അവന്റെ മുഖത്തേക്ക് ടിന്നിലെ വെള്ളം തെറിച്ചു വീണു, പൊള്ളി അവൻ കരച്ചിലോട് കരച്ചിലാണ്. അച്ഛനും അമ്മയും ആറ്റുനോറ്റു വളർത്തുന്ന കുഞ്ഞാണ് രാധൻ. കരച്ചിൽ കേട്ട് രാധന്റെ അമ്മ കരഞ്ഞോണ്ട് ഓടിവന്നു. ആകെ ഭയന്ന് ഞങ്ങൾ ചുറ്റും നോക്കുമ്പോൾ അവിടെയെങ്ങും മുകേഷേട്ടന്റെ പൊടിപോലും കാണാനില്ല. മുതിർന്നവർ വന്നുനോക്കുമ്പോൾ, തീയിട്ടതാര് എന്നേറ്റെടുക്കാൻ ഉത്തരവാദിയില്ല. പകച്ചുനിൽക്കുന്ന ഞങ്ങൾ കുറച്ചു പെൺകുട്ടികൾ മാത്രമുണ്ട് സംഭവസ്ഥലത്ത്. ഇപ്പോഴും അവർക്ക് അറിഞ്ഞൂടാ, ആരാ അത് ചെയ്തതെന്ന്, രാധനാവട്ടെ ആരോടും അത് പറഞ്ഞതുമില്ല, പറഞ്ഞാൽ പിന്നെ ഞങ്ങളുമായുള്ള ഫ്രണ്ട്ഷിപ്പ് പോയാലോ എന്നോർത്താവണം.

സ്കൂളിൽ പഠിക്കുന്ന സമയത്ത് മുകേഷേട്ടൻ ഒരു സ്കൂളിലും ഉറച്ചുനിൽക്കില്ല, ഒടുവിൽ അച്ഛൻ ചേട്ടനെ കൊണ്ടുപോയി തങ്കശ്ശേരിയിലെ ബോർഡിംഗ് സ്കൂളിലാക്കി. അവിടെ എത്തിയപ്പോൾ ഞങ്ങളെ കാണാത്തതുകൊണ്ട് ചേട്ടന് ഭയങ്കര മിസ്സിംഗ്. ബോർഡിംഗ് സ്കൂളിൽ നിന്നും ആദ്യത്തെ വെക്കേഷന് ചേട്ടൻ വീട്ടിലേക്ക് എത്തിയപ്പോൾ, ആ സമയം ഞാൻ സ്കൂളിലാണ്. ചേട്ടൻ എന്നെ കാണാനായി ആ വേഷത്തിൽ തന്നെ എന്റെ സ്കൂളിലേക്ക് വച്ചുപിടിച്ചു. ഓപ്പൺ ക്ലാസ് മുറികളായിരുന്നു അത്. സ്കൂളിന്റെ മുറ്റത്ത് വലിയൊരു മാവ് നിൽപ്പുണ്ട്. ഈ മാവിന്റെ പിറകിൽ വന്ന് ചേട്ടൻ പതുങ്ങി നിൽക്കുകയാണ്, ഷൂസും സോക്സുമൊക്കെയിട്ട രണ്ടു കാലുകൾ മാത്രം പുറത്തേക്ക് കാണുന്നുണ്ട്. അന്ന് ഷൂസും സോക്സുമൊക്കെയിട്ട കുട്ടിയെന്നത് പിള്ളേർക്ക് കൗതുകമുള്ള കാര്യമാണ്. പിള്ളേരെല്ലാം ഇടയ്ക്ക് അങ്ങോട്ട് നോക്കുന്നുണ്ട്. ചേട്ടൻ വന്നതും പതുങ്ങി നിൽക്കുന്നതുമൊന്നും ഞാൻ അറിയുന്നുമില്ല.

ക്ലാസ് എടുത്തുകൊണ്ടിരിക്കുന്നതിനിടയിൽ ടീച്ചർ പെട്ടെന്ന്, “നിങ്ങളാരെങ്കിലും ഒരു കുരങ്ങനെ കണ്ടിട്ടുണ്ടോ?” എന്നു ചോദിച്ചു. കുട്ടികൾ ഇല്ലെന്നു പറഞ്ഞപ്പോൾ, “ദാണ്ടേ ആ മാവിനു പിറകിലൊരു കുരങ്ങൻ” എന്ന് ചൂണ്ടികാണിച്ചു. ഞാൻ നോക്കിയപ്പോൾ, എന്റെ ചേട്ടനാണ്. എനിക്ക് അങ്ങ് നാണക്കേടായി, ഞാൻ പറയുമോ ഇതെന്റെ അണ്ണനാണെന്ന്, കുട്ടികൾ കളിയാക്കില്ലേ? ഞാൻ മിണ്ടാതിരുന്നു. ഞാൻ ഇപ്പോഴും ചേട്ടനോട് ചോദിക്കാറുണ്ട്, “എന്തുകാര്യത്തിനാ അന്ന് അവിടെ അങ്ങനെ വന്നു നിന്നത്? എന്തു കാര്യത്തിനാ അന്നാ ഭാഗവതരെ കളിയാക്കി വിട്ടത്?” എന്നൊക്കെ. ഓർക്കുമ്പോൾ രസകരമായ നിരവധി അനുഭവങ്ങളുണ്ട് ഇങ്ങനെ.

ആദ്യത്തെ നാടകാനുഭവം
നാട്ടിലെ വായനശാല വാർഷികത്തിന് കുറച്ച് ചെറുപ്പക്കാർ ചേർന്ന് ഒരു നാടകം അവതരിപ്പിക്കാൻ തീരുമാനിച്ചു. അച്ഛൻ അന്ന് നാടകലോകത്ത് ഹീറോയായി വിലസുന്ന കാലമാണ്. ആ ചെറുപ്പക്കാർ വന്ന് അച്ഛനോട് ഒരു ആഗ്രഹം പറഞ്ഞു, “അച്ഛനൊരു നാടകം അവർക്കായി സംവിധാനം ചെയ്തു കൊടുക്കണം. അമ്മ അതിൽ അഭിനയിക്കുകയും വേണം”. അച്ഛനും അമ്മയ്ക്കും ഒഴിവുള്ള ദിവസം നോക്കിയാണ് അവർ വായനശാല വാർഷികാഘോഷം പ്ലാൻ ചെയ്തത്. എസ് എൻ പുരം സാറിന്റെ ‘കാക്കപ്പൊന്ന്’ എന്ന നാടകമാണ് അച്ഛൻ അന്ന് ചെയ്തത്. അതിലൊരു കൊച്ചുകുഞ്ഞിന്റെ വേഷമുണ്ട്, ആ വേഷം അവർ അനിയത്തിയ്ക്കാണ് കൊടുത്തത്. അവൾക്കാണെങ്കിൽ അഭിനയിക്കാൻ പോവുന്നതിന്റെ വലിയ ഗമയും പത്രാസും. അവൾക്കൊപ്പം റിഹേഴ്സലിന് കൂട്ടുപോവുന്നത് ഞാനാണ്. വീട്ടിൽ കിട്ടാത്ത സ്വാദുള്ള ചില പലഹാരങ്ങളൊക്കെ അവിടെ കിട്ടുമെന്നതാണ് എന്റെ പ്രധാന അട്രാക്ഷൻ. അന്ന് അഞ്ചോ ആറോ വയസ്സാണ് എനിക്ക് പ്രായം.

ഒടുവിൽ നാടകത്തിന്റെ ദിവസം വന്നു. സമ്മേളനം കഴിഞ്ഞിട്ടായിരുന്നു നാടകം, ആളുകൾ പ്രസംഗിച്ചു പ്രസംഗിച്ചു കാടുകയറി നാടകം തുടങ്ങാൻ വൈകി. അപ്പോഴേക്കും എന്റെ അനിയത്തികുഞ്ഞ് അങ്ങ് ഉറങ്ങിപ്പോയി. വിളിച്ചാൽ അവളുണ്ടോ ഉണരുന്നു! വിളിച്ചുണർത്താൻ ശ്രമിക്കുന്നവരെയെല്ലാം ചവിട്ടി അവൾ തിരിഞ്ഞുകിടന്ന് ഉറങ്ങുകയാണ്. ഇനി നാടകമെങ്ങനെ നടക്കുമെന്ന ടെൻഷനിലായി എല്ലാവരും. സാധാരണ നായികമാരും നായകന്മാരുമൊക്കെ വന്നില്ലെങ്കിലാണ് നാടകം നടക്കാതെ പോവുക, ഇവിടെ ഒരു കുഞ്ഞാണ് പ്രശ്നം. അവരെല്ലാം ടെൻഷനിൽ നിൽക്കുമ്പോഴാണ് എന്റെ ഡയലോഗ്, “ഞാൻ അഭിനയിക്കാം”. അതിന് മോൾക്ക് സംഭാഷണമൊക്കെ അറിയോ? അമ്പരപ്പായിരുന്നു എല്ലാവരുടെയും മുഖത്ത്. “എനിക്ക് എല്ലാമറിയാം,” ഞാൻ ഗമയോടെ പറഞ്ഞു. അവൾക്ക് കൂട്ടിനു പോയപ്പോൾ കേട്ട് മനപ്പാഠമായിരുന്നു സംഭാഷണങ്ങളൊക്കെ. അതായിരുന്നു എന്റെ ആദ്യ സ്റ്റേജ്, അനിയത്തിയ്ക്ക് പകരക്കാരിയായി വേദിയിലേക്ക്..

അനിയത്തി ജയശ്രീയ്ക്ക് ഒപ്പം സന്ധ്യ

ജീവിതത്തിൽ ആദ്യം തന്നെ ക്രൈസിസ് മാനേജ്മെന്റായിരുന്നു എനിക്ക് കിട്ടിയത്. അച്ഛൻ മരിക്കുന്നതു വരെ ഇതു തന്നെയായിരുന്നു എന്റെ അവസ്ഥ. ഇടയ്ക്ക് നാടകസ്ഥലത്തുനിന്ന് അച്ഛന്റെ ഫോൺകോള് വരും, ‘റെഡിയായി നിൽക്ക്, വണ്ടിയങ്ങോട്ട് വരുന്നുണ്ട്’. അതിനർത്ഥം, ആരോ വന്നിട്ടില്ല, പകരം ഞാൻ കയറി അഭിനയിക്കണം എന്നാണ്. ഞാൻ കോളേജിൽ പഠിക്കുന്ന സമയത്തും ഇതുപോലെ ഒരു സംഭവമുണ്ടായി. അച്ഛനും സംഘവും തൃശൂരിൽ നാടകം അവതരിപ്പിക്കാൻ പോവുകയാണ്. കരുനാഗപ്പള്ളി എത്തികാണും, അപ്പോഴാണ് നായികയ്ക്ക് വരാൻ പറ്റില്ലെന്ന കാര്യം അറിയുന്നത്. അച്ഛനുടനെ കരുനാഗപ്പള്ളിയിലെ ഒരു പമ്പിൽ കയറി വീട്ടിലേക്ക് ഫോൺ ചെയ്തു, “തങ്കച്ചിയ്ക്ക് ഫോൺ കൊടുക്കൂ”. എന്നെ വീട്ടിൽ വിളിക്കുന്ന പേരാണത്. ഞാൻ ഫോൺ എടുത്തപ്പോൾ ‘കുളിച്ചോ?’ എന്നു ചോദിച്ചു. കുളിച്ചു എന്നു പറഞ്ഞപ്പോൾ ‘എന്നാൽ ഒരുങ്ങി നിൽക്ക്, വണ്ടി അങ്ങോട്ട് വരും’. അതു കേട്ടപ്പോൾ അമ്മൂമ്മ “ആ… ആരോ നാടകത്തിനു വന്നിട്ടില്ല, അതാണ്”.

എനിക്ക് പെട്ടെന്ന് ആന്തൽ കയറി, ഏതു വേഷമാണ് അഭിനയിക്കേണ്ടത് എന്നറിയില്ലല്ലോ. കുറച്ചുകഴിഞ്ഞപ്പോൾ വണ്ടി വന്ന് എന്നെ പിക്ക് ചെയ്ത് കരുനാഗപ്പള്ളി എത്തിച്ചു. ഞാൻ നാടകസംഘത്തിന്റെ ബസ്സിലേക്ക് കയറിയുടനെ അച്ഛൻ സ്ക്രിപ്റ്റ് എടുത്തു കയ്യിൽ തന്നു. “തൃശൂർ വരെ സമയമുണ്ട്, ഇരുന്ന് പഠിച്ചോ. ബാക്കി കൂടെ നിൽക്കുന്നവര് അഡ്ജസ്റ്റ് ചെയ്തോളും,” എന്നു പറഞ്ഞു. അച്ഛന്റെ ഒരു പ്രകൃതമായിരുന്നു അത്, അദ്ദേഹത്തിന് ഒന്നിനെയും ഭയമില്ല, എന്ത് പ്രശ്നം വന്നാലും കൂസാതെ നേരിടും.

വേദിയിൽ നാടകം അവതരിപ്പിക്കുന്ന സന്ധ്യ

അച്ഛൻ തന്നെ പറഞ്ഞു കേട്ട മറ്റൊരു അനുഭവമുണ്ട്. കാളിദാസ കലാകേന്ദ്രത്തിന്റെ ആദ്യ നാടകമായ ‘ഡോക്ടർ’ അരങ്ങേറാൻ പോവുകയാണ്. ഒരുപാട് തടസ്സങ്ങളെയും പ്രശ്നങ്ങളെയുമൊക്കെ അതിജീവിച്ച് അവർ പടുത്തയുർത്തിയ പ്രസ്ഥാനമാണത്. ആദ്യത്തെ വേദിയാണ്, ഉദ്ഘാടന ദിവസം. വലിയൊരു ആൾക്കൂട്ടം തന്നെ നാടകം കാണാൻ എത്തിയിട്ടുണ്ട്. അതുവരെ കെപിഎസിയെ മാത്രം കണ്ട് ശീലിച്ചവരാണ്, അപ്പോഴാണ് അവിടെ നിന്നും ഇറങ്ങിയ ഒരു സംഘം പുതിയ ട്രൂപ്പുമായി എത്തുന്നത്. കാലുകുത്താൻ സ്ഥലമില്ലാത്ത രീതിയിൽ ആളുകൾ നിറഞ്ഞിരിക്കുകയാണ് സ്റ്റേജിനു ചുറ്റും. ട്രൂപ്പിൽ ഉള്ളവരിൽ കുറച്ചു പേർ പഴയ ആൾക്കാരാണ്, ബാക്കിയൊക്കെ പുതുമുഖങ്ങളും. അതിൽ കൊച്ചു ഡോക്ടറായി അഭിനയിക്കുന്നത് ടികെ ജോൺ എന്ന നടനാണ്, പുതുമുഖമാണ്, ആൾക്ക് നല്ല പേടിയുണ്ടെന്ന് അച്ഛനു മനസ്സിലായി. ‘ടെൻഷനൊന്നും വേണ്ട. ഡയലോഗ് മറന്നാലും കുഴപ്പമില്ല, കൂടെയുള്ളവർ സഹായിക്കും,” എന്നൊക്കെ പറഞ്ഞു അച്ഛൻ ധൈര്യം കൊടുത്തു.

അങ്ങനെ നാടകം തുടങ്ങേണ്ട സമയമായി. അച്ഛൻ ഓഡിറ്റോറിയത്തിന്റെ പിറകിൽ നിന്നു നോക്കുമ്പോൾ ഒരു ബസ് വന്നു നിൽക്കുന്നതും ആളുകൾ കയറുന്നതുമൊക്കെ കാണുന്നുണ്ട്. ബസ് പോകുന്ന പോക്കിൽ അച്ഛനൊരു തല കണ്ടു, കൈ വച്ച് മുഖം മറച്ച് ഒരാൾ ഇരിപ്പുണ്ട് ബസ്സിൽ. നല്ല പരിചയമുള്ള ഒരു തല, അച്ഛന് കാര്യം കത്തി. അകത്തുകയറി നോക്കിയപ്പോൾ ജോൺ ഇല്ല. ഉടനെ അച്ഛൻ കൂട്ടത്തിലെ ഒരാളെയും കൂട്ടി വണ്ടിയെടുത്ത് ബസ്സിനു പിറകെ വച്ചുപിടിച്ചു. വട്ടം പിടിച്ച് ബസ്സ് നിർത്തിച്ചു, ജോൺ മാമനോട് ബസ്സിൽ നിന്നിറങ്ങാൻ പറഞ്ഞു. ‘എനിക്കു പറ്റില്ല മാഞ്ചേട്ടാ, ധൈര്യമില്ല,’ എന്നായി ജോൺ മാമൻ. “നിനക്ക് വേണമെങ്കിൽ ഇപ്പോൾ പോവാം, പക്ഷേ അത് എന്നന്നത്തേക്കുമായുള്ള പോക്കായിരിക്കും. ഇപ്പോൾ ഇറങ്ങിയാൽ, നീ ഒരു നല്ല നടനാവും, അതല്ല പോവുകയാണെങ്കിൽ ഇനി നിനക്കൊരിക്കലും ധൈര്യത്തോടെ ഒരു സ്റ്റേജിനെ അഭിമുഖീകരിക്കാൻ പറ്റില്ല,” അച്ഛന്റെ ആ വാക്കുകളാണ് ജോൺ മാമനെ ബസ്സിൽ നിന്നും ഇറക്കിയത്. പിൽക്കാലത്ത് മലയാളം കണ്ട എക്കാലത്തെയും മികച്ച നാടകനടനും സംവിധായകനും വൈക്കം മാളവിക എന്ന പ്രൊഫഷണൽ നാടക ഗ്രൂപ്പിന്റെ ഉടമയുമൊക്കെയായി ജോൺ മാമൻ മാറി. ചില നിർണായകഘട്ടങ്ങളിൽ വഴികാട്ടിയെ പോലെ ആരെങ്കിലുമൊക്കെ ജീവിതത്തിൽ വരുമല്ലോ, ജോൺ മാമനെ സംബന്ധിച്ച് ആ ആൾ അച്ഛനായിരുന്നു.

അതുപോലെ, മറ്റൊരു വേദിയിൽ ‘ഡോക്ടർ’ നാടകം നടക്കുന്നു. കവിയൂർ പൊന്നമ്മയാണ് നായിക. അന്ന് പൊന്നമ്മ ചേച്ചി കച്ചേരിയൊക്കെ നടത്തുന്ന കാലമാണ്, വലിയ പ്രശസ്തയാണ് ആ രംഗത്ത്. നാടകത്തിന്റെ ദിവസവും അവർക്കൊരു കച്ചേരിയുണ്ട്. അത് നേരത്തെ തുടങ്ങും, തീരുമ്പോൾ ഒരു കാറിൽ നാടകസ്ഥലത്തേക്ക് വരും, അങ്ങനെയായിരുന്നു തീരുമാനിച്ചത്. നാടകം അവതരിപ്പിക്കുന്നത് അൽപ്പം ഉൾഗ്രാമത്തിലാണ്. സമയമായിട്ടും നായിക എത്തുന്നില്ല. വിളിച്ച് അന്വേഷിക്കാൻ സംവിധാനങ്ങളൊന്നുമില്ലാത്ത കാലമാണല്ലോ. അമ്പലപ്പറമ്പ് മുഴുവൻ ആളുകളാണ്, ആളുകൾക്ക് ക്ഷമ കെട്ടു തുടങ്ങി, ‘നാടകം ഏതാനും നിമിഷങ്ങൾക്ക് അകത്ത് തുടങ്ങും’ എന്നൊക്കെ അനൗൺസ് ചെയ്യുന്നുണ്ട്. പക്ഷേ കുറച്ചു കഴിഞ്ഞപ്പോൾ ആളുകൾ ബഹളം വയ്ക്കാൻ തുടങ്ങി.

Vijayakumari, actress Vijayakumari, O Madhavan
ഒ. മാധവൻ

രണ്ടും കൽപ്പിച്ച് അച്ഛൻ ട്രൂപ്പിനോട് നാടകം തുടങ്ങാൻ പറഞ്ഞു. ആദ്യത്തെ രംഗത്തിൽ പൊന്നമ്മ ചേച്ചിയ്ക്ക് വേഷമില്ല. രണ്ടാം രംഗം മുതലാണ് പൊന്നമ്മ ചേച്ചിയുടെ ഭാഗങ്ങൾ വരുന്നത്. അങ്ങനെ നാടകം തുടങ്ങി. ഒന്നാമത്തെ രംഗം തീരാറായപ്പോൾ, എന്തോ തീരുമാനിച്ച് ഉറപ്പിച്ച് അച്ഛൻ പതുക്കെ സ്റ്റേജിന്റെ ഒരു വശത്തേക്ക് നീങ്ങി. അന്ന് സ്റ്റേജ് ഓല കൊണ്ടാണ് നിർമ്മിക്കുന്നത്. ‘ഓലയ്ക്ക് പതിയെ തീകൊടുക്കാം, സ്റ്റേജിന് തീ പിടിച്ചാൽ നാടകം അവിടെ അവസാനിപ്പിക്കേണ്ടിവരുമല്ലോ, ആളുകളുടെ അടികൊള്ളാതെ അവിടെ നിന്നും രക്ഷപ്പെടാം’, അച്ഛന്റെ ഉദ്ദേശം അതാണ്. തീപ്പെട്ടി ഉരക്കാൻ പോവുമ്പോഴാണ്, ദൂരെ പാടത്തിന്റെ അക്കരെ നിന്നു ഒരു വെളിച്ചം വരുന്നത് അച്ഛൻ കണ്ടത്. ഒരു കാർ വേഗത്തിൽ വരികയാണ്. നായികയേയും കൊണ്ടുവരുന്ന കാറാണ്. അന്നൊക്കെ ഒരു രംഗം കഴിഞ്ഞാൽ കർട്ടനിട്ട് അടുത്ത രംഗത്തേക്കുള്ള സെറ്റ് ഒരുക്കാൻ അൽപ്പം താമസമുണ്ട്. കർട്ടനിട്ട് അച്ഛൻ അനൗൺസ് ചെയ്തു, ‘നായികയാണ് ആ കാറിൽ വന്നുകൊണ്ടിരിക്കുന്നത്. വേദിയിലേക്ക് എത്താനുള്ള വഴിയൊരുക്കി എല്ലാവരും സഹകരിക്കണം’. അനൗൺസ്മെന്റ് കേട്ടപ്പാടെ ആളുകൾ കാറിനു വരാനുള്ള വഴിയൊരുക്കി നൽകി. കാർ ചീറിപ്പാറി വന്ന് സ്റ്റേജിനു മുന്നിൽ നിർത്തി. വന്ന വേഷത്തിൽ, മേക്കപ്പ് പോലുമിടാൻ നിൽക്കാതെ പൊന്നമ്മ ചേച്ചി സ്റ്റേജിൽ കയറി അഭിനയിച്ചു.

രണ്ടായിരത്തിലേറെ ആളുകൾ തിങ്ങി കൂടിയ ആ സ്ഥലത്ത് അത്രയും കൂളായി, ടെൻഷനടിക്കാതെ കാര്യങ്ങൾ കൈകാര്യം ചെയ്തത് അച്ഛന്റെ ധൈര്യം കൊണ്ടുമാത്രമാണ്. അങ്ങനെയുള്ള എത്രയോ സംഭവങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. അതൊക്കെ കണ്ടും കേട്ടുമാണ് ഞങ്ങൾ വളർന്നത്. ഇപ്പോഴും എന്തെങ്കിലും പ്രശ്നം വരുമ്പോൾ ഞാൻ വിചാരിക്കും, ‘അങ്ങനെ തളരാൻ പാടില്ലല്ലോ, ഇതിലപ്പുറം വന്നിട്ട് അതിനെ അതിജീവിച്ച ആളുടെ മോളല്ലേ’ എന്ന്. ആപത്ത് എന്നു പറയുന്നതൊക്കെ ഒരു പ്രാവശ്യമേയുള്ളൂ, പിന്നെ വരുന്നതൊക്കെ അതിന്റെ തുടർച്ചയാണ്. ഒരിക്കൽ തരണം ചെയ്യാൻ കഴിഞ്ഞാൽ പിന്നെ മനസ്സിന് താനെ ധൈര്യം കിട്ടികൊണ്ടേയിരിക്കും.

തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ ആദ്യ ബാച്ചിലെ വിദ്യാർത്ഥിയായിരുന്നല്ലോ. അക്കാലത്തെ അനുഭവങ്ങൾ ഓർത്തെടുക്കാമോ?
പ്രീഡിഗ്രി കഴിഞ്ഞ് ഡിഗ്രിയ്ക്ക് സുവോളജി പഠിക്കണം എന്നായിരുന്നു ആഗ്രഹം. പക്ഷേ എനിക്ക് കിട്ടിയത് ഹോം സയൻസായിരുന്നു. ‘ആദ്യം പോയി ചേരൂ, എന്നിട്ട് നമുക്ക് സബ്ജെക്ട് മാറ്റാ’മെന്ന് അച്ഛൻ പറഞ്ഞു. ക്ലാസ് തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ ഇതെനിക്ക് പറ്റിയ വിഷയമല്ലെന്നു മനസ്സിലായി. ആ വിഷയത്തിൽ ഒട്ടും താൽപ്പര്യം തോന്നിയില്ല. എന്നാൽ ലാംഗ്വേജിലേക്ക് മാറാം എന്നു തീരുമാനമായി. അന്ന് ജി. ശങ്കര പിള്ള സാറും അച്ഛനും തമ്മിൽ വലിയ കൂട്ടാണ്. സ്കൂൾ ഓഫ് ഡ്രാമ തുടങ്ങാൻ പോവുന്ന കാര്യം ശങ്കര പിള്ള സാറാണ് അച്ഛനോട് പറഞ്ഞത്. ‘നാടകം പഠിക്കുക’ – ആ ആശയം കേട്ടപ്പോൾ എനിക്കും താൽപ്പര്യം തോന്നി. ഇതുമതിയെന്ന് ഞാനച്ഛനോട് പറഞ്ഞു.

ആദ്യത്തെ ബാച്ചായിരുന്നു അത്, നാടകം പഠിക്കാനൊക്കെ പെൺകുട്ടികൾ എത്തുമോ എന്നുള്ള കാര്യത്തിൽ ശങ്കര പിള്ള സാറിനും സംശയമുണ്ടായിരുന്നു. ആദ്യ ബാച്ചിൽ ആകെ 15 പേർക്കേ അഡ്മിഷൻ ഉള്ളൂ. 5 പെൺകുട്ടികളും 10 ആൺകുട്ടികളും എന്ന രീതിയിലായിരുന്നു അവർ പ്ലാൻ ചെയ്തത്. അഭിമുഖം, എഴുത്തുപരീക്ഷ ഒക്കെയുണ്ടായിരുന്നു. അച്ഛനും അമ്മയും നാടകം കളിക്കുന്നത് കാണുന്നു എന്നല്ലാതെ അതിനെ കുറിച്ച് ഗഹനമായ അറിവൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. എഴുത്തുപരീക്ഷയിൽ അറിയാവുന്ന കാര്യമൊക്കെ എഴുതി വച്ചു, അതിൽ ക്രേപ് ഹെയർ എന്താണെന്നൊരു ചോദ്യമുണ്ടായിരുന്നു. നാടകത്തിൽ ഉപയോഗിക്കുന്ന താടിയും മുടിയുമൊക്കെ അച്ഛൻ വാങ്ങികൊണ്ടുവരുന്നതും കട്ട് ചെയ്ത് വയ്ക്കുന്നതുമൊക്കെ സ്ഥിരമായി ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ അതിന്റെ പേരാണ് ക്രേപ് ഹെയർ എന്ന് എനിക്കറിയില്ലായിരുന്നു. എന്റെ ബുദ്ധിവച്ച് ആലോചിച്ച് ഞാനെഴുതി വച്ചത്, കഥകളിയുടെ മേക്കപ്പിനു ഉപയോഗിക്കുന്ന സാധനമാണ് ക്രേപ് ഹെയർ എന്നാണ്. ശങ്കര പിള്ള സാർ അതു പറഞ്ഞെന്നെ പിന്നീട് കളിയാക്കുമായിരുന്നു, ‘നാടകത്തിലെ ഏറ്റവും വലിയ ആളുടെ മോളാണ്, എന്നിട്ട് ക്രേപ് ഹെയർ എന്താണെന്ന് അറിയാൻ പാടില്ല’.

പരീക്ഷയിൽ എനിക്ക് വലിയ മാർക്ക് നേടാനായില്ലെങ്കിലും അഭിമുഖത്തിൽ ഞാൻ സ്കോർ ചെയ്തു. കുഞ്ഞിന് സുഖമില്ലാതെയാവുമ്പോഴുള്ള ഒരു അമ്മയുടെ ഭാവങ്ങളായിരുന്നു അഭിനയിക്കേണ്ടത്. അതവർക്ക് ഇഷ്ടപ്പെട്ടു, ‘അഭിനയിക്കാനുള്ള കഴിവുണ്ട്, എഴുത്തുപരീക്ഷയിൽ തെറ്റിയെങ്കിലും കുഴപ്പമില്ല,’ എന്നവർ വിധിയെഴുതി. അങ്ങനെയാണ് എനിക്ക് സെലക്ഷൻ കിട്ടിയത്. ഞാനും ഗീതയുമായിരുന്നു ആ ബാച്ചിലെ പെൺകുട്ടികൾ. ശ്യാമപ്രസാദ്, പി. ബാലചന്ദർ, വിന്ധ്യൻ, ദിലീപ്, പികെ വേണുഗോപാൽ, വിൽസൺ, ശിവകരൻ പാഴൂർ, ബാബു സെബാസ്റ്റ്യൻ എന്നിങ്ങനെ 13 ആൺകുട്ടികളും ഉണ്ടായിരുന്നു ഞങ്ങളുടെ ബാച്ചിൽ. ഒ. മാധവന്റെ മകളെന്ന ഇമേജുള്ളതുകൊണ്ട് അതിന്റെയൊരു ഗ്ലാമർ പരിവേഷം എനിക്കവിടെ കിട്ടിയിരുന്നു. പഠിപ്പിക്കാനൊക്കെ വരുന്ന അധ്യാപകരിൽ പലരും അച്ഛന്റെ സുഹൃത്തുക്കളും ഞങ്ങളെ നേരിട്ട് അറിയാവുന്നവരുമായിരുന്നു. അതൊക്കെ കാണുമ്പോൾ കൂടെ പഠിക്കുന്നവർക്ക് അമ്പരപ്പാണ്. സ്കൂൾ ഓഫ് ഡ്രാമയിലെ ആ പഴയ സൗഹൃദങ്ങളൊക്കെ ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്നതാണ് ഭാഗ്യം. ഞങ്ങളുടേതായൊരു വാട്സ് ആപ്പ് ഗ്രൂപ്പുണ്ട്, വർഷത്തിലൊരിക്കൽ ഞങ്ങളെല്ലാം ഒന്നിച്ചു കൂടും. ആ ഗ്രൂപ്പിലേക്ക് പിന്നീട് ഞങ്ങളുടെ ജൂനിയറായി വന്നവരാണ് സംവിധായകരായ രഞ്ജിത്, വികെപി, ജയകുമാർ, മുരളി, കുക്കു പരമേശ്വരൻ എന്നിവർ.

രഞ്ജിത്തിനൊപ്പം സന്ധ്യ

വിദേശത്തു നിന്നൊക്കെ ആളുകൾ അവിടെ ക്ലാസ്സ് എടുക്കാൻ വരുമായിരുന്നു. ആ ക്ലാസ്സുകളൊക്കെ പിന്നീടുള്ള ജീവിതത്തിൽ ഏറെ ഗുണകരമായിട്ടുണ്ട്. അവർ ആദ്യം നാടകത്തെ കുറിച്ചു പഠിപ്പിക്കും, പിന്നെ ഞങ്ങളെ കൊണ്ട് നാടകം ചെയ്യിപ്പിക്കും. ലോകപ്രശസ്തയായ സ്വീഡിഷ് സംവിധായക മായ താങ്ബർഗ് ഒരിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തി. ഞങ്ങളെ കൊണ്ട് ‘ആന്റിഗണി’ എന്ന നാടകം കളിപ്പിക്കുകയായിരുന്നു ലക്ഷ്യം. അതിനു കുറച്ചുമുൻപ് ഞങ്ങൾ കോളേജിൽ നിന്നും നാടകവുമായി ഒരു ഓൾ ഇന്ത്യ ടൂർ പോയിരുന്നു. തിരിച്ചുവന്നപ്പോൾ എനിക്ക് ടൈഫോയ്ഡ് പിടിപ്പെട്ടു. ഒന്നരമാസത്തോളം ഹോസ്പിറ്റലും കിടപ്പുമൊക്കെയായി മൊത്തം ആരോഗ്യം പോയി ഇരിക്കുകയാണ്. അതിനിടയിലാണ് ‘ആന്റിഗണി’ നാടകം വരുന്നത്. ഒരുപാട് കായിക അധ്വാനമുള്ള കഥാപാത്രമായിരുന്നു അത്. ഒന്നാമത്, എന്റെ ആരോഗ്യം ശരിയല്ല. നാലഞ്ചു ബാച്ചിലെ വിദ്യാർത്ഥികൾ അവിടെയുണ്ട്, അവരിൽ നിന്നും ടൈറ്റിൽ റോൾ കിട്ടിയിരിക്കുന്നത് എനിക്കാണ്, അതിന്റെ ഒരു ഗമയും ഉള്ളിൽ കിടപ്പുണ്ട്. വളരെ ലാഘവത്തോടെയാണ് ഞാൻ ആ കഥാപാത്രത്തെ കണ്ടത്. പക്ഷേ, അത് അങ്ങനെയെടുക്കേണ്ട വിഷയമായിരുന്നില്ല എന്ന് പിന്നീട് അവരുടെ പെരുമാറ്റത്തിൽ നിന്നെനിക്ക് മനസ്സിലായി. ‘അവരെന്നെ കെട്ടിയിട്ടു, ശബ്ദം പൊങ്ങട്ടെ, ഫീലിംഗ് വരണം’ എന്നൊക്ക നിർബന്ധം പിടിക്കാൻ തുടങ്ങി. അന്നേരമാണ്, അച്ഛനിൽ നിന്നും കിട്ടിയ ക്രൈസിസ് മാനേജ്മെന്റ് എന്ന ഗുണം എന്നിൽ വർക്ക് ചെയ്യാൻ തുടങ്ങിയത്. എന്തിനു ഞാൻ തോൽക്കണം, ജയിക്കാൻ തന്നെ തീരുമാനിച്ചു. എന്റെ ശരീരവും മനസ്സും പൂർണ്ണമായും ആ കഥാപാത്രത്തിലേക്ക് അർപ്പിച്ചു. അതോടെ ആ കഥാപാത്രത്തിന് വേണ്ട രീതിയിൽ ഞാനെന്നെ മോൾഡ് ചെയ്തെടുത്തു. എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു കഥാപാത്രമാണത്.

അന്നേ സിനിമാ പരിവേഷമുള്ള വിന്ധ്യൻ
ഞങ്ങൾ പഠിക്കുന്ന കാലത്തുതന്നെ, വിന്ധ്യൻ സിനിമ നിർമ്മാതാവാണ്, ആ ഗ്ലാമർ അന്നേ വിന്ധ്യനുണ്ട്. ഞങ്ങളേക്കാൾ അൽപ്പം സീനിയറായിരുന്നു കക്ഷി. എന്റെ ഭർത്താവ് രാജേന്ദ്രൻ ചേട്ടനെ ആദ്യമായെനിക്ക് പരിചയപ്പെടുത്തി തരുന്നത് വിന്ധ്യനാണ്. സ്കൂൾ ഓഫ് ഡ്രാമയുടെ ആദ്യത്തെ നാടകം ബെര്‍‌തോള്‍ ബ്രഹ്ത്തിന്റെ ‘തെണ്ടി (അഥവാ ചത്ത നായ്)’ ആയിരുന്നു. അതിൽ വിന്ധ്യനും ബാലേട്ടനുമായിരുന്നു നായകന്മാർ. പക്ഷേ പിന്നീടുള്ള ഒറ്റ നാടകത്തിലും വിന്ധ്യനെ നായകനാക്കിയിട്ടില്ല. ആദ്യത്തെ നാടകം കൊണ്ടു തന്നെ ആളെന്താണെന്ന് ശങ്കര പിള്ള സാറിനു മനസ്സിലായി, അതോണ്ടാ പിന്നെ ആ ഭാഗത്തോട്ട് അടുപ്പിക്കാതിരുന്നത് എന്നു പറഞ്ഞ് ഞാൻ കളിയാക്കും. നമ്മുടെ കളിയാക്കലുകളെയൊക്കെ അതേ സ്പിരിറ്റിൽ എടുക്കുന്ന ചങ്ങാതിയായിരുന്നു വിന്ധ്യൻ. മിക്ക ദിവസങ്ങളിലും വിളിക്കുകയും സംസാരിക്കുകയും ചെയ്യുമായിരുന്ന സൗഹൃദമായിരുന്നു അത്, മരിക്കുന്നതിന്റെ തലേന്നു വരെ വിന്ധ്യൻ ആ സൗഹൃദം നിലനിർത്തി.

മണി മാനേജ്മെന്റിന്റെ കാര്യത്തിലൊക്കെ വിന്ധ്യൻ ഞെട്ടിച്ചിട്ടുണ്ട്. കയ്യിൽ അഞ്ചു പൈസയില്ലാത്ത സമയത്തും കാര്യങ്ങൾ ചങ്കൂറ്റത്തോടെ ഏറ്റെടുത്ത് നടത്തികാണിക്കും. ‘കയ്യിൽ കാശുണ്ടെങ്കിലേ നഷ്ടപ്പെടൂ എന്ന ഭയം കാണൂ, നമുക്ക് അതില്ലല്ലോ, ചങ്കൂറ്റം മാത്രം മതി’ എന്നായിരുന്നു വിന്ധ്യന്റെ ലൈൻ. വിന്ധ്യനെ പോലൊരാൾക്ക് ഇത്രയൊക്കെ പറ്റിയെങ്കിൽ, അത്യാവശ്യം ബാക്കപ്പുള്ള എനിക്കൊക്കെ എന്തുകൊണ്ട് ആയികൂടാ എന്ന് എന്നെ ചിന്തിപ്പിച്ചിട്ടുണ്ട് വിന്ധ്യൻ. അതൊരു വലിയ പ്രചോദനമായിരുന്നു.

ജോസ് ചിറമ്മൽ ആയിരുന്നു അന്നത്തെ മറ്റൊരു ഷൈനിംഗ് സ്റ്റാർ. ഭൗതികപരമായൊക്കെ വളരെ ഉയർന്നു നിൽക്കുന്ന ആളായിരുന്നു ജോസ്. ഒരിക്കൽ പോസ്റ്റർ ഡിസൈനിംഗിനെ കുറിച്ച് പഠിപ്പിക്കാൻ NSDയിൽ നിന്ന് ഒരാൾ വന്നു. ക്ലാസ് കഴിഞ്ഞപ്പോൾ ഞങ്ങളോട് ഒരു നാടകത്തിന്റെ പോസ്റ്റർ ഡിസൈൻ ചെയ്യാൻ പറഞ്ഞു, ജോസിന് കിട്ടിയത് ‘കുടകൾ’ എന്ന പ്രശസ്തമായ നാടകമാണ്. ഞങ്ങളൊക്കെ ചിന്തിച്ചതിലും എത്രയോ വലിയ ഭാവനയായിരുന്നു ജോസ് ആ പോസ്റ്ററിൽ ഒരുക്കിയത്. ‘കാലില്ലാത്ത കുടകൾ’ ആണ് പോസ്റ്ററിൽ അധികവും, ലൈഫ് സ്കെച്ച് എന്നാണ് ഇതിനെ വിളിക്കേണ്ടത് എന്നൊക്കെ വിവരിച്ചു തന്നു. ജോസ് സംവിധാനം ചെയ്ത നാടകങ്ങളും വളരെ ബ്രില്ല്യന്റായിരുന്നു. ഇന്നുണ്ടായിരുന്നെങ്കിൽ എവിടെയോ എത്തേണ്ട മനുഷ്യനാണ്.

കാളിദാസ കലാകേന്ദ്രം ഞാനും രാജേന്ദ്രൻ ചേട്ടനും ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യത്തെ നാടകം ‘റെയിൻബോ’ എഴുതിയത് ജോസാണ്. ഞങ്ങൾക്കു വേണ്ടി ജോസ് രണ്ടു നാടകങ്ങളെഴുതി. മരിക്കുന്നതിന്റെ ഏതാനും വർഷങ്ങൾക്കു മുൻപ് ഒറ്റപ്പെട്ട്, എല്ലാവരാലും തിരസ്കരിക്കപ്പെട്ട് അലഞ്ഞു തിരിയുന്നതിനിടയിലാണ് ജോസ് തിരുവനന്തപുരത്തെ ഞങ്ങളുടെ ടെലിവിഷൻ സ്റ്റുഡിയോയിൽ എന്നെ കാണാൻ വരുന്നത്. എങ്ങും പോവാനില്ലെന്നു പറഞ്ഞു. ഇവിടെ താമസിക്കാം എന്നു പറഞ്ഞ് ഞാനവിടെ ഒരു മുറി അറേഞ്ച് ചെയ്തുകൊടുത്തു, ഭക്ഷണം അടുത്തുള്ള ഹോട്ടലിൽ ഏർപ്പാടാക്കി. ഒരൊറ്റ ഡിമാന്റ് മാത്രമേ ഞാൻ മുന്നോട്ടുവച്ചുള്ളൂ, “ജോസേ, ഇതൊരു സ്ത്രീ നടത്തുന്ന സ്ഥാപനമാണെന്ന് അറിയാമല്ലോ, ഇവിടെ മദ്യപിക്കരുത്”. ഞാനത് പറയാൻ കാരണം, അതുകരുതിയെങ്കിലും ജോസ് മദ്യപാനം ഉപേക്ഷിക്കുമല്ലോ എന്നോർത്താണ്. “നിനക്ക് ഞാൻ ചീത്തപ്പേരുണ്ടാക്കില്ല,” എന്ന് ജോസ് വാക്കു തരികയും ചെയ്തു. പക്ഷേ ജോസിനെ പോലൊരാൾക്കൊന്നും കുറേനാൾ അവിടെ അങ്ങനെ നിൽക്കാനാവില്ലെന്ന് എനിക്കറിയാമായിരുന്നു, കുറച്ചു കഴിഞ്ഞപ്പോൾ ആരോടും പറയാതെ ജോസ് അവിടുന്നുപോയി, എന്നോടും പറഞ്ഞില്ല. പിന്നെ മരിച്ചപ്പോഴാണ് അറിയുന്നത്. ചിലരെയൊക്കെ നമ്മളെത്ര ചേർത്തുപിടിച്ച് വഴി കാണിക്കാൻ ശ്രമിച്ചാലും നടക്കില്ല, അവരുടെ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങ് ഇടുന്നതുപോലെയേ അവർക്ക് തോന്നൂ.

Shyama Prasad, Sandhya Rajendran
ശ്യാമപ്രസാദിനൊപ്പം സന്ധ്യ

ശ്യാം എന്ന ചങ്ങാതി
സ്കൂൾ ഓഫ് ഡ്രാമയിൽ പഠിക്കുമ്പോൾ ശ്യാമപ്രസാദ് ഡയറക്ഷൻ ആയിരുന്നു ഓപ്ഷൻ എടുത്തത്. അന്നേ ശ്യാം ഒരു മാസ് ഡയറക്ടറാണ്. വരുന്നവർക്കെല്ലാം ആസ്വദിക്കാൻ പറ്റുന്നതാവണം നാടകം എന്നതായിരുന്നു ശ്യാമിന്റെ കാഴ്ചപ്പാട്. അന്നേ ശ്യാം ആന്റൺ ചെഖോവിന്റെ നാടകങ്ങളൊക്കെയാണ് എടുക്കുന്നത്. ശ്യാമിന്റെ നാടകം കാണാൻ എപ്പോഴും ആളുകൾ കൂടുതലാവും, കാണാനായി അടുത്തുള്ള നാട്ടുകാരൊക്കെ വരും. ആ നാടകങ്ങളിൽ കോമഡിയൊക്കെ കാണുമെന്ന് അവർക്കറിയാം. ‘ദ ഗ്ലാസ് മെനാഞ്ചറി’യെന്ന നാടകം ശ്യാം ചെയ്തപ്പോൾ ഞാനായിരുന്നു അമാൻഡയുടെ വേഷം ചെയ്തത്. നല്ല ബുദ്ധിമുട്ടുള്ള വേഷമായിരുന്നു അത്. ജീവിതത്തിൽ ഒരുപാട് നേരിടേണ്ടി വന്ന, പരാജയപ്പെട്ട, എന്നിട്ടും അവസാന നിമിഷം വരെ പ്രതീക്ഷയോടെയിരിക്കുന്ന പ്രായക്കൂടുതലുള്ള ഒരു സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത് അന്നെന്റെ പ്രായത്തിൽ എനിക്ക് എത്തിപ്പെടാനാവാത്ത കാര്യമായിരുന്നു. പക്ഷേ അത് വലിയ കുഴപ്പമില്ലാതെ എനിക്ക് ചെയ്യാൻ പറ്റിയത് ശ്യാമിന്റെ സംവിധാന മികവുകൊണ്ടു മാത്രമാണ്. ആ നാടകം ഡൽഹിയിലും മറ്റുമൊക്കെ ഞങ്ങൾ പോയി കളിച്ചിട്ടുണ്ട്. പിന്നീട് ശ്യാം അതു സിനിമയാക്കി, ‘അകലെ’ എന്ന പേരിൽ. ഞാൻ ചെയ്ത കഥാപാത്രം സിനിമയിൽ ചെയ്തത് ഷീലയാണ്.

സ്കൂൾ ഓഫ് ഡ്രാമയിലൊക്കെ പോയി നാടകം ഔദ്യോഗികമായി പഠിക്കാൻ തുടങ്ങിയതോടെ ‘ഇതൊന്നും പോരാ, നാടകമൊക്കെ മാറേണ്ട കാലം’ കഴിഞ്ഞെന്ന് ഞാനച്ഛനോട് പറയും. ഞങ്ങളുടെ സ്ക്രിപ്റ്റ് ഒക്കെ ഞാനച്ഛനെ കാണിച്ചു കൊടുക്കും. “ഇതാർക്കു മനസ്സിലാവും, കാണാനിരിക്കുന്നവർക്ക് മനസ്സിലാവുമ്പോഴേ അതൊരു നല്ല നാടകമാവൂ,” എന്ന് അച്ഛൻ വാദിക്കും. ഞങ്ങളിങ്ങനെ പഴമയേയും മോഡേൺ നാടകത്തെയും കുറിച്ച് പറഞ്ഞ് ഇടയ്ക്ക് പോരടിക്കുമായിരുന്നു. എന്നാലും അച്ഛനും അച്ഛന്റെ ചങ്ങാതിമാരുമൊക്കെ ഞങ്ങളുടെ എല്ലാ നാടകങ്ങളും വന്നു കാണുകയും അഭിപ്രായം പറയുകയും ചെയ്യും.

ആരോഗ്യപരമായ കാരണങ്ങളാൽ അച്ഛൻ കാളിദാസ കലാകേന്ദ്ര നിർത്താൻ തീരുമാനിച്ചപ്പോൾ, അക്കാര്യം ഞങ്ങളോട് സൂചിപ്പിച്ചു. ‘നമ്മൾ നാടകം പഠിച്ചവരായതുകൊണ്ടാണ് അച്ഛൻ നമ്മളോട് ഇക്കാര്യം പറഞ്ഞത്, അല്ലെങ്കിൽ അച്ഛനിത് നമ്മളോട് പറയേണ്ട കാര്യമില്ലല്ലോ. ഞാൻ ട്രൂപ്പ് നിർത്തുകയാണെന്ന് പറഞ്ഞതിന്റെ അർത്ഥം, നിങ്ങൾക്ക് നോക്കി കൊടുത്തുക്കൂടേ എന്നായിരിക്കാം. അവരുടെ ഒരായുസ്സിന്റെ മുഴുവൻ കഷ്ടപ്പാടല്ലേ കാളിദാസ?’ എന്നാണ് രാജേന്ദ്രൻ ചേട്ടൻ എന്നോട് പറഞ്ഞത്. അങ്ങനെയാണ് ഞങ്ങൾ ഏറ്റെടുക്കുന്നതും ‘റെയിൻബോ’ എന്ന നാടകത്തിലൂടെ വീണ്ടും പ്രവർത്തനം ആരംഭിക്കുന്നതും. അവിടം മുതൽ ഇവിടെ വരെ അച്ഛന്റെ ആ സ്വപ്നത്തെ കൈപിടിച്ചു നടത്തുകയാണ് ഞങ്ങൾ.

ആദ്യം കണ്ട ഭാവം നടിക്കാത്തയാൾ പിന്നീട് ഭർത്താവായ കഥ
വിന്ധ്യന്റെ സുഹൃത്തായിരുന്നു രാജേന്ദ്രൻ. ഡൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലും പൂന ഇൻസ്റ്റിറ്റ്യൂട്ടിലുമൊക്കെ പഠിച്ച ആളാണ് രാജേന്ദ്രൻ ചേട്ടൻ. ഡൽഹിയിലൊക്കെ പോയി പഠിച്ച അങ്ങനെയൊരാൾ തൃശൂരിലുണ്ടെന്ന് ഞാനും കേട്ടിരുന്നു. ‘ഗ്രീഷ്മം’ എന്നൊരു സിനിമയിൽ രാജേന്ദ്രൻ ചേട്ടൻ നായകനായി അഭിനയിച്ചിട്ടുമുണ്ടായിരുന്നു. ഒരിക്കൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ പഠിച്ച രാജു സാർ ഞങ്ങളെ പഠിപ്പിക്കാൻ വന്നു, പുള്ളിയെ കാണാനായി രാജേന്ദ്രൻ ചേട്ടനും വന്നു.

വിന്ധ്യൻ ഞങ്ങൾക്ക് ആളെ പരിചയപ്പെടുത്തി. “ഇത് സന്ധ്യ, ഇവിടെ പഠിക്കുന്ന ആളാണ്, ഒ മാധവന്റെ മകളാണ്,” എന്നെ പരിചയപ്പെടുത്തിയപ്പോൾ ആൾക്ക് വലിയ പുച്ഛം, മൈൻഡ് ചെയ്യുന്നില്ല. ഞാനപ്പോൾ തന്നെ കൂട്ടുകാരി ഗീതയോട് പറഞ്ഞു, “അയാളെന്തു മനുഷ്യനാണ്, എന്തിനാണ് നമ്മളോടിത്ര പുച്ഛം?” ഞങ്ങൾ തിരിച്ച് അർണാട്ടുക്കരയിൽ നിന്നു തൃശൂരിലേക്ക് ബസ് കയറുമ്പോൾ ബസ്സിലും ഈ മനുഷ്യനുണ്ട്. അയാള് നമ്മളെ നോക്കുന്നുണ്ട് എന്നു ഗീത പറഞ്ഞപ്പോൾ, അങ്ങോട്ട് നോക്കേണ്ട എന്നായി ഞാൻ.

ചിലർ ശ്രദ്ധ കിട്ടാൻ വേണ്ടി മൈൻഡ് ചെയ്യാതിരിക്കില്ലേ, അതായിരുന്നു പുള്ളി ചെയ്തതെന്ന് മനസ്സിലായത്, സ്കൂൾ ഓഫ് ഡ്രാമയിലേക്ക് ദിവസങ്ങൾക്കു ശേഷം എന്റെ മേൽവിലാസത്തിൽ ഒരു കത്തുവന്നപ്പോഴാണ്. ഞാനും ഗീതയും കൂടി കത്തു പൊട്ടിച്ചു വായിച്ചു, ആകെ മൂന്നു വരിയേ ഉള്ളൂ, പക്ഷേ സ്വന്തം ലെറ്റർ പാഡിലാണ് കത്ത് വന്നിരിക്കുന്നത്. അന്ന് സ്വന്തം ലെറ്റർ പാഡുള്ളതൊക്കെ വലിയ കാര്യമാണ്. “സിനിമ നടി ശോഭ മരിച്ചതിനു ശേഷം മലയാള സിനിമ കാത്തിരിക്കുകയാണ് നല്ലൊരു നായികയെ, നിങ്ങളിൽ അതു ഞാൻ കാണുന്നു, നിങ്ങളുടെ കണ്ണുകൾ മനോഹരമാണ്,” അതായിരുന്നു കത്തിലെ വാചകം. എന്നിട്ട് അവസാനമൊരു നിർദ്ദേശവും, ‘പുരികം അധികം പ്ലക്ക് ചെയ്യരുത്’. അവസാനത്തെ ആ വരി കൂടി വായിച്ചപ്പോൾ കണ്ണുകൾ മനോഹരമാണെന്ന് പറഞ്ഞതിന്റെ എഫക്ട് പോയി, ഇത് ആക്കിയതാണോ അതോ പുകഴ്ത്തിയതാണോ എന്നു സംശയമായി എനിക്ക്. മുകേഷേട്ടനൊക്കെ ആളുകളെ പുകഴ്ത്തുന്നു എന്ന ഭാവേന കളിയാക്കുന്നതു കണ്ടു ശീലിച്ചതുകൊണ്ട് ഞാനൊന്നു കൺഫ്യൂഷനായി. ഡൽഹിയിൽ പോയി നാടകം പഠിച്ചയാൾ, സിനിമയിലെ നായകൻ, സുമുഖൻ എന്നീ നിലകളിൽ രാജേന്ദ്രൻ ചേട്ടനോട് മറ്റുള്ള കുട്ടികൾക്കെന്ന പോലെ എനിക്കും ആരാധന തോന്നിയിരുന്നെങ്കിലും കത്തിലെ ആ അവസാനവരികൾ കാരണം ഞാൻ മറുപടി അയച്ചില്ല, ആളൊരു മറുപടി അർഹിക്കുന്നില്ലെന്നു തോന്നി.

സന്ധ്യ രാജേന്ദ്രൻ

അങ്ങനെ മൂന്നുവർഷം കഴിഞ്ഞു. കോഴ്സ് പൂർത്തിയാക്കി വീട്ടിൽ വന്നു. റഷ്യയിൽ ഉപരിപഠനത്തിനു പോവണം എന്നായിരുന്നു ആഗ്രഹം. ഞാൻ അച്ഛനോട് കാര്യം പറഞ്ഞു. അച്ഛൻ സോവിയറ്റ് കൾച്ചറൽ സെന്ററുമായി ബന്ധപ്പെട്ട് അന്വേഷിച്ചപ്പോൾ അഞ്ചു വർഷമാണ് കോഴ്സ്. അതിൽ രണ്ടു വർഷം റഷ്യൻ ഭാഷ പഠിക്കാനും മൂന്നുവർഷം പോസ്റ്റ് ഗ്രാജുവേഷനും. അഞ്ചു വർഷമെന്നത് ഒരു പെൺകുട്ടിയെ സംബന്ധിച്ച് വലിയൊരു കാലയളവല്ലേ. അത്രയും വർഷം അവിടെ നിന്ന് തിരിച്ചുവന്ന് പിന്നീട് കല്യാണം നോക്കുമ്പോഴേക്കും പ്രായം കൂടിപ്പോവുമോ എന്ന് അച്ഛന് ആശങ്കയായി. വിവാഹം കഴിഞ്ഞിട്ട് വേണേൽ പോയ്കോളൂ എന്നായി അച്ഛൻ. അങ്ങനെ വിവാഹാലോചനകൾ തുടങ്ങി.

ഉപരിപഠനത്തിനു പോവണമെന്ന ആഗ്രഹം കലശലായതോടെ ഞാൻ പഴയ സംസ്കൃത നാടക ഗ്രന്ഥങ്ങളും നാട്യശാസ്ത്രവുമൊക്കെ തപ്പിയെടുത്ത് വീണ്ടും വായന തുടങ്ങി. അങ്ങനെ ഒരുനാൾ പഴയ പുസ്തകങ്ങൾ അടുക്കിപ്പെറുക്കുന്നതിനിടയിലാണ് ആ പഴയ കത്ത് വീണ്ടും കണ്ണിലുടക്കിയത്. പഴയ സംഭവങ്ങളൊക്കെ പെട്ടെന്ന് മനസ്സിലേക്ക് കടന്നുവന്നു. അന്ന് ചെറുതായി നീരസം തോന്നിയതൊക്കെ അപ്പോൾ ഓർത്തപ്പോൾ ചിരിയാണ് വന്നത്. കത്തിന് ഒരു മറുപടി കൊടുത്തില്ലല്ലോ എന്നോർത്തു. ജീവിതം ഒരു വഴിത്തിരിവിൽ നിൽക്കുമ്പോൾ ഈ കത്ത് വീണ്ടും കയ്യിലുടക്കിയത് എന്തോ ഒരു നിയോഗം പോലെയാണ് തോന്നിയത്.

മൂന്നു വർഷങ്ങൾക്കു ശേഷം ഞാൻ മറുപടി എഴുതി. ‘പഠനം കഴിഞ്ഞ് വീട്ടിലെത്തി, കല്യാണാലോചനകളുമായി നിൽക്കുകയാണ്’. കത്ത് കിട്ടേണ്ട താമസം മറുപടി വന്നു. നാടകം പഠിച്ചയാൾ എന്നു പറഞ്ഞപ്പോൾ അച്ഛനും ആ ബന്ധത്തിന് പ്രശ്നമില്ലായിരുന്നു. വീട്ടുകാരൊക്കെ ചേർന്ന് പെട്ടെന്ന് തന്നെ വിവാഹം നടത്തി. പക്ഷേ റഷ്യയിലേക്കുള്ള യാത്ര മാത്രം നടന്നില്ല, ആ സമയത്താണ് കല്യാണത്തിനു മുൻപെ ഞാനെഴുതിയ ടെസ്റ്റിന്റെ റിസൽറ്റ് വന്നത്. എനിക്ക് ദൂരദർശനിൽ ജോലി കിട്ടി. പിന്നീട് ഗർഭിണിയായി, തിരുവനന്തപുരത്ത് പോയിവരുന്നത് ബുദ്ധിമുട്ടായി തോന്നിയപ്പോൾ ദൂരദർശനിലെ ജോലി ഉപേക്ഷിച്ചു. അച്ഛനു സുഖമില്ലാതെയായപ്പോൾ നാടക ട്രൂപ്പ് ഞങ്ങൾ ഏറ്റെടുത്തു. ഒപ്പം ടെലിവിഷൻ പ്രോഗ്രാമുകളിലേക്കും ശ്രദ്ധ തിരിച്ചു. 24 ഓളം ഡോക്യുമെന്ററികൾ സംവിധാനം ചെയ്തു. തിരുവനന്തപുരത്തൊരു ടെലിവിഷൻ സ്റ്റുഡിയോയും ആരംഭിച്ചു. അഭിനയത്തിൽ നിന്നും മാറി എല്ലാറ്റിന്റെയും സംഘാടക എന്ന രീതിയിലേക്ക് മാറുകയായിരുന്നു ഞാൻ.

വിവാഹസമയത്ത് സന്ധ്യയും രാജേന്ദ്രനും (ഇടത്), മകനൊപ്പം (വലത്)

എന്റർടെയിൻമെന്റ് ബിസിനസ്സിലേക്ക് കടന്നാലോ എന്ന ആശയം ആദ്യമായി സംസാരിച്ചത് അച്ഛനോടാണ്. അച്ഛൻ പറഞ്ഞ ഒരേ ഒരു കാര്യം, ‘ബിസിനസ്സിൽ ജയവും പരാജയവും ഉണ്ടാവും. ജയിക്കുമ്പോൾ സന്തോഷിക്കുകയും വേണ്ട, തോൽക്കുമ്പോൾ ദുഖിക്കുകയും വേണ്ട. അതിനുള്ള ചങ്കുറപ്പുണ്ടെങ്കിൽ മാത്രം ഇറങ്ങിയാൽ മതി. നാളെ ഇവിടെ കരഞ്ഞുകൊണ്ട് ഇരിക്കരുത്’ എന്നാണ്. എന്തു പ്രശ്നം വന്നാലും അച്ഛനുണ്ടല്ലോ വീട്ടിൽ എന്ന ധൈര്യമായിരുന്നു അന്നത്തെ കരുത്ത്. ജീവിതത്തിന്റെ പലഘട്ടങ്ങളിലും അച്ഛനാണ് താങ്ങും തണലുമായത്. എനിക്കു മാത്രമല്ല, മുകേഷേട്ടനും അനിയത്തിയ്ക്കുമൊക്കെ അച്ഛനായിരുന്നു കരുത്ത്.

അച്ഛൻ മരിച്ചുകഴിഞ്ഞപ്പോൾ, ആകെ തളർന്ന് മുകേഷേട്ടൻ എന്റെ അടുത്ത് ചോദിച്ചത് ഇപ്പോഴും ഓർമ്മയുണ്ട്, “ഇനി നമുക്ക് ആരുണ്ട്?” അതു വലിയൊരു ചിന്തയായിരുന്നു ഞങ്ങളെ സംബന്ധിച്ച്. ഇനി ഞങ്ങൾക്കൊരു പ്രശ്നം വന്നാൽ ആരുണ്ട്? “നമുക്ക് നമ്മളുണ്ട് ചേട്ടാ, അന്യോന്യം നമുക്ക് പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടുപോവാം,” എന്നു ഞാൻ ഏട്ടനെ ചേർത്തുപിടിച്ചു. പക്ഷേ ഞങ്ങളൊന്നും പ്രതീക്ഷിക്കാത്ത രീതിയിൽ, അമ്മ കരുത്തയായി മാറുന്നതാണ് പിന്നെ കണ്ടത്. കുട്ടിത്തമുള്ള, അതുവരെ അച്ഛന്റെ തണലിൽ മാത്രം നിന്ന ഒരമ്മയെ ആയിരുന്നു ഞങ്ങൾ കണ്ടത്. പക്ഷേ അച്ഛൻ പോയപ്പോൾ അമ്മ ഞങ്ങൾക്കു വേണ്ടി കരുത്തയായി. നാടകട്രൂപ്പിന്റെ പ്രവർത്തനങ്ങൾ ഏറ്റെടുത്തു. രാജേന്ദ്രേൻ ചേട്ടൻ എപ്പോഴും പറയും, ‘നിങ്ങളുടെ വീട്ടിൽ ഏറ്റവും ബുദ്ധിയുള്ള സ്ത്രീ നിങ്ങളുടെ അമ്മയാണെന്ന്’.

രാഷ്ട്രീയക്കാരൻ/സിനിമക്കാരൻ ഇതിൽ എവിടെയാണ് മുകേഷ് എന്ന സഹോദരൻ മികവു പുലർത്തുന്നത്?

മുകേഷേട്ടൻ മികവു പുലർത്തുന്നത് അദ്ദേഹത്തിന്റെ സരസമായി സംസാരിക്കാനുള്ള കഴിവിലാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്. ‘മുകേഷ് സ്പീക്കിംഗ്’ എന്ന അദ്ദേഹത്തിന്റെ യൂട്യൂബ് ചാനൽ അത് കൃത്യമായ പ്ലാറ്റ്ഫോം ആണെന്നും. എത്ര സമയം വേണമെങ്കിലും രസകരമായി സംസാരിക്കാൻ അദ്ദേഹത്തിനു കഴിയും. വാക്കുകൾ കൊണ്ട് ആളുകളെ ആകർഷിക്കാനുള്ള കഴിവുണ്ട്. ഓഡിയൻസിനെ മൊത്തം കയ്യിലെടുക്കുക, ഒരു നടന് വേണ്ട കാര്യങ്ങളിൽ പ്രധാനമിതാണെന്ന് ഞാൻ പഠിച്ചിട്ടുണ്ട്. മുകേഷേട്ടന് ആ സാമർത്ഥ്യമുണ്ട്. വാക് ചാതുര്യവും ആവോളമുണ്ട്, വളരെ ചെറിയ കഥയെ പോലും പൊലിപ്പിച്ച് അവതരിപ്പിക്കുന്ന രീതി അമ്പരപ്പിക്കാറുണ്ട്.

മകൻ?
ദിവ്യദർശനും ഞങ്ങളുടെ പിന്നാലെ സിനിമയിലെത്തി. ഇപ്പോൾ ആഡ് ഫിലിം സംവിധാനത്തിലൊക്കെയാണ് താൽപ്പര്യം. ഞങ്ങളുടെ ആഡ് ഫിലിം ഏജൻസിയുടെ കാര്യങ്ങളൊക്കെ നോക്കുന്നത് മകനാണ്. മരുമകൾ അശ്വതി, പേരക്കുട്ടി ദയ.

ഭാര്യ അശ്വതിയ്ക്കും മകൾ ദയയ്ക്കുമൊപ്പം ദിവ്യ ദർശൻ
മകൻ ദിവ്യ ദർശനൊപ്പം സന്ധ്യയും രാജേന്ദ്രനും

ആകസ്മികതകളുടെ തുടർച്ചയായ ജീവിതം
എന്റെ ജീവിതത്തിൽ എല്ലാം വളരെ ആകസ്മികമായാണ് സംഭവിക്കുക. ആദ്യ വേദിയിൽ അനിയത്തിയ്ക്ക് പകരക്കാരിയായി കയറിയതു മുതൽ ഇങ്ങോട്ട് എത്രയെത്ര ആകസ്മികതകൾ… ഒരേ ദിവസം രണ്ടു സിനിമയിൽ നിന്ന് ഓഫർ വന്നൊരു അനുഭവമുണ്ട്, കെപി കുമാരന്റെ ‘കാട്ടിലെ പാട്ടി’ൽ നിന്നും, കെ ജി ജോർജിന്റെ ‘യവനിക’യിൽ നിന്നും. സന്ധ്യയെ അഭിനയിക്കാൻ വിടണമെന്ന് അവരൊക്കെ അച്ഛനെ ഒരുപാട് നിർബന്ധിച്ചു. “പഠിത്തം പ്രധാനമാണ്, അവൾ പഠിക്കട്ടെ. മക്കളുടെ പഠിത്തം ഞാനായിട്ട് കളയില്ല, അങ്ങനെ ചെയ്താൽ നാളെ അവർ എന്നോട് തിരിച്ചുചോദിക്കും, എന്തിനാണ് ഞങ്ങളുടെ പഠിത്തം കളഞ്ഞതെന്ന്,” അച്ഛൻ നൽകിയ മറുപടി അതായിരുന്നു. ഞങ്ങൾ ജീവിതത്തിൽ സുരക്ഷിതരായിരിക്കണം എന്ന ആഗ്രഹമായിരുന്നു അച്ഛന്റെ ഉള്ളിൽ. “നിങ്ങൾക്ക് കലാകാരിയാവണമെങ്കിൽ അത് ഏതുകാലത്താണെങ്കിലും നടക്കും, നായികയായി അഭിനയിക്കാൻ കഴിഞ്ഞില്ലായിരിക്കാം, നായികയായി അഭിനയിക്കുന്നത് മാത്രമല്ലല്ലോ കാര്യം. അഭിനയിക്കാനുള്ള കഴിവുണ്ടെങ്കിൽ പ്രായം ഒരു പ്രശ്നമല്ലെ”ന്ന് എപ്പോഴും അച്ഛൻ പറയുമായിരുന്നു.

വിവാഹത്തോടെ അഭിനയം ഏതാണ്ട് നിന്നെന്നു തന്നെ ഞാൻ കരുതിയതാണ്. ചേട്ടന്റേത് അൽപ്പം ഓർത്തഡോക്സ് കുടുംബമാണ്. അഭിനയം സജീവമായി മുന്നോട്ടു കൊണ്ടുപോവാൻ പറ്റുമെന്നു തോന്നുന്നില്ലെന്ന് രാജേന്ദ്രൻ ചേട്ടനും പറഞ്ഞിരുന്നു. എനിക്കും അങ്ങനെ അഭിനയിക്കാനുള്ള വലിയ അഭിനിവേശം ഒന്നുമില്ലായിരുന്നു. കുടുംബജീവിതത്തിൽ മുഴുകി അഭിനയം എന്റെ നിഘണ്ടുവിലേ ഇല്ലാത്ത കാര്യമാണെന്ന് ഞാൻ കരുതിയിരിക്കുന്ന സമയം. ആ സമയത്താണ് ‘റെയിൻബോ’ നാടകത്തിന്റെ എഴുത്തുനടക്കുന്നത്. അതിൽ പുസ്സി എന്നൊരു കഥാപാത്രമുണ്ട്. ആ കഥാപാത്രം ആരാണ് ചെയ്യുന്നത് എന്ന് ഒരു തീരുമാനമായിട്ടില്ല. റിഹേഴ്സൽ സമയമായി, ആരാണ് പുസ്സിയെ അവതരിപ്പിക്കുന്നത് എന്നാരോ ചോദിച്ചപ്പോൾ ചേട്ടൻ പറഞ്ഞു, “അത് സന്ധ്യയാണ് ചെയ്യുന്നത്”. ഞാൻ പറഞ്ഞില്ലേ, എന്റെ ജീവിതത്തിൽ എല്ലാം വളരെ ആക്സിഡന്റൽ ആയി സംഭവിക്കുന്ന കാര്യമാണ്. ഒന്നും പ്രതീക്ഷിക്കാതെയിരിക്കുമ്പോൾ ഒരാള് വിളിക്കുകയാണ് വാ, വന്ന് അഭിനയിക്ക് എന്ന്. അതേ പോലെ തന്നെയാണ് കെആർ മോഹന്റെ സിനിമയിൽ നിന്നുള്ള ഓഫർ വരുന്നതും. ഒരു ദിവസം രാജേന്ദ്രൻ ചേട്ടൻ വന്നു പറഞ്ഞു, “നീയാണ് മോഹനേട്ടന്റെ സിനിമയിലെ നായിക”. എല്ലാം അങ്ങനെ എന്നിലേക്ക് എത്തിപ്പെട്ടതാണ്, ഞാൻ പ്രതീക്ഷിച്ചിരുന്നതല്ല ഒന്നും. അല്ലെങ്കിലും ആകസ്മികതകളല്ലേ ജീവിതത്തിന്റെ ഭംഗി!

Stay updated with the latest news headlines and all the latest Interview news download Indian Express Malayalam App.

Web Title: Actress sandhya rajendran interview

Best of Express