/indian-express-malayalam/media/media_files/uploads/2020/08/kangana-ranaut-759.jpg)
മണാലി: ഹിമാചൽ പ്രദേശിലെ മണാലിയിലുള്ള തന്റെ വീടിനടുത്ത് ആരോ തോക്കെടുത്ത് വെടിയുതിർക്കുന്ന ശബ്ദം കേട്ടതായി അവകാശപ്പെട്ട് ബോളിവുഡ് അഭിനേത്രി കങ്കണ റണാവത്. ബോളിവുഡിലെ വിവാദങ്ങളിൽ നിലപാടെടുക്കുന്ന തന്നെ നിശബ്ദയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാവാം ഇതെന്നും കങ്കണ ആരോപിച്ചു. എന്നാൽ സ്ഥലം പരിശോധിച്ചപ്പോൾ വെടിവയ്പ് നടന്നതിന് തെളിവുകളൊന്നും കണ്ടെത്തിയില്ലെന്ന് കുളു ജില്ലാ പോലീസ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
വെള്ളിയാഴ്‌ച രാത്രി 11:30 ഓടെയാണ് ശബ്ദം കേട്ടതെന്ന് കങ്കണ പറഞ്ഞു. "കിടപ്പുമുറിയിലായിരുന്നു ഞാൻ. വീടിന് മൂന്ന് നിലകളുണ്ട്. പുറത്ത് മതിലിന് പിറകിലായി ആപ്പിൾ തോട്ടങ്ങളും ജലാശയവുമുണ്ട്. രാത്രി 11:30 ന് ഒരു പടക്കം പൊട്ടുന്നത് പോലെയുള്ള ശബ്ദം ഞാൻ കേട്ടു. ആരോ പടക്കം പൊട്ടിച്ചത് ആയിരിക്കുമെന്ന് കരുതി. വീണ്ടും ഇതേ ശബ്‌ദം കേട്ടു,"കങ്കണ പറഞ്ഞു.
"അത് ഒരു വെടിയൊച്ച പോലെ തോന്നിയതിനാൽ ഞാൻ അൽപ്പം പരിഭ്രാന്തയായി. എന്റെ സുരക്ഷാ ജീവനക്കാരനെ വിളിച്ചു. ഞാൻ അദ്ദേഹത്തോട് ചോദിച്ചു, ‘എന്താണ് സംഭവിച്ചത്?’ എന്ന്. ‘അത് ചില കുട്ടികളോ മറ്റോ ആയിരിക്കാം’എന്നാണ് അദ്ദേഹം മറുപടി നൽകിയത്. ഞങ്ങൾ ചുറ്റും പോയി നോക്കി. "
Read More: ദൈവത്തിലും നീതിന്യായ വ്യവസ്ഥയിലും വിശ്വാസമുണ്ട്, നീതി ലഭിക്കുമെന്ന് വിശ്വസിക്കുന്നതായി റിയ
"സുരക്ഷാ ജീവനക്കാരൻ ബുള്ളറ്റിന്റെ ശബ്ദം കേട്ടിട്ടുണ്ടാവില്ല. പക്ഷെ ഞാൻ കേട്ടു. ഞങ്ങൾ സ്ഥലം പരിശോധിച്ചു. പക്ഷേ അവിടെ ആരും ഉണ്ടായിരുന്നില്ല. ഞങ്ങൾ അഞ്ച് പേരായിരുന്നു പോയത്. ഒപ്പം പരിസരത്തുള്ള ആളുകളെയും കണ്ടു. അത് ഒരു ബുള്ളറ്റിന്റെ ശബ്ദമാണെന്ന് എല്ലാവർക്കും തോന്നി. ഞങ്ങൾ പോലീസുകാരെ വിളിച്ചു,” കങ്കണ പറഞ്ഞു.
"തോട്ടത്തിൽ നിന്ന് ആരെങ്കിലും വവ്വാലുകളെ വെടിവയ്ക്കാൻ ശ്രമിച്ചിരിക്കാമെന്നാണ് അവർ (പോലീസ്) പറഞ്ഞത്. എന്നാൽ ഇന്ന് രാവിലെ ഞങ്ങൾ അടുത്തുള്ള തോട്ട ഉടമകളെ വിളിച്ച് അവർ 11.30ന് എന്റെ വീടിനടുത്ത് വന്നിരുന്നോ എന്നും വെടിയുതിർത്തിരുന്നോ എന്നും ചോദിച്ചു. ഇല്ല എന്നാണ് അവർ പറഞ്ഞത്."
Read More: റിയ ഉപദ്രവിക്കുന്നുവെന്ന് സുശാന്ത് പറഞ്ഞു; ബിഹാർ പൊലീസിനോട് അങ്കിത
"ഇത് എന്താണെന്നും ഇത് വീണ്ടും ആവർത്തിച്ചാൽ എന്താവുമെന്നും നോക്കാം. ശബ്ദം ഞാൻ കേട്ടിട്ടുണ്ട്. അത് തീർച്ചയായും ഒരു വെടിയുണ്ടയാവുമെന്ന് ഞാൻ കരുതുന്നു. രണ്ടുതവണ വെടിവച്ചു. രണ്ട് ഷോട്ടുകൾക്കിടയിൽ എട്ട് സെക്കൻഡായിരുന്നു ഇടവേള. അത് എന്റെ മുറിയുടെ എതിർവശത്തായിരുന്നു. മതിലിന് പിന്നിൽ ആരോ ഉണ്ടായിരുന്നതായി തോന്നുന്നു,” താരം പറയുന്നു.
ബോളിവുഡിൽ അടുത്തിടെ ഉയർന്ന വിവാദങ്ങളിൽ നിലപാടെടുത്ത തന്നെ നിശബ്ദയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാവാം ഇതെന്ന് കങ്കണ ആരോപിച്ചു. നടൻ സുശാന്ത് സിങ്ങിന്റെ മരണത്തിന് ശേഷം ബോളിവുഡിലെ സ്വജന പക്ഷപാതം അടക്കമുള്ള വിഷയങ്ങൾ ചർച്ചയായിരുന്നു.
“എന്റെ വീട്ടിനടുത്തുള്ള പ്രദേശ വാസികളെ ആരെയെങ്കിലും ഇതിനായി നിയോഗിച്ചിരിക്കാമെന്ന് കരുതുന്നു. ഒരാൾക്ക് 7000-8000 രൂപ നൽകിയാൽ അവർ ഇതുപോലത്തെ കാര്യങ്ങൾ ചെയ്യും, അത് ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാലും ഞാൻ തുടർന്നും ചോദ്യങ്ങൾ ചോദിക്കും,” കങ്കണ പറഞ്ഞു.
പ്രാഥമിക അന്വേഷണത്തിന് ശേഷം, ആ പ്രദേശത്തെ പട്രോളിംഗ് ഉദ്യോഗസ്ഥർക്ക് ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മണാലി പൊലീസ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ബീറ്റ് പൊലീസുകാർ കൂടുതൽ തെളിവുകൾ അന്വേഷിക്കുംമെന്നും അവർ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.