ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രവർത്തിക്കെതിരേ ജൂലൈ 31നാണ് എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് കേസെടുത്തത്. ഇതിന് പിറകെ താനുമായി ബന്ധപ്പെട്ട് ഉയരുന്ന അഭ്യൂഹങ്ങൾ സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് റിയ. “സത്യം വിജയിക്കും” എന്ന് റിയ തന്റെ വീഡിയോ സന്ദേശത്തിൽ പറയുന്നു.

“എനിക്ക് ദൈവത്തിലും നീതിന്യായ വ്യവസ്ഥയിലും അതിയായ വിശ്വാസമുണ്ട്. എനിക്ക് നീതി ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു, ” അഭിഭാഷകൻ വഴി പുറത്തിറക്കിയ വീഡിയോയിൽ റിയ പറഞ്ഞു.

“ഇലക്ട്രോണിക് മാധ്യമങ്ങളിൽ എന്നെക്കുറിച്ച് ഭയാനകമായ നിരവധി കാര്യങ്ങൾ പറയുന്നുണ്ട്. എങ്കിലും എന്റെ അഭിഭാഷകന്റെ ഉപദേശം അനുസരിച്ച് അഭിപ്രായം പറയുന്നതിൽ നിന്ന് ഞാൻ വിട്ടുനിൽക്കുന്നു. സത്യമേവ ജയതേ. സത്യം ജയിക്കും,” റിയ പറഞ്ഞു.

Read More: ഞങ്ങൾ ഒന്നിച്ച് ജീവിക്കുമ്പോഴും ഇതിലും വലിയ പ്രശ്നങ്ങളെ സുശാന്ത് നേരിട്ടിട്ടുണ്ട്: അങ്കിത

സുശാന്തിന്റെ പിതാവ് നൽകിയ പരാതിയിൽ നടി റിയ ചക്രവർത്തിക്കെതിരെ കഴിഞ്ഞദിവസം ബിഹാർ പൊലീസ് കേസെടുത്തിരുന്നു. പാട്ന പൊലീസാണ് നടിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. നടി റിയ ചക്രവർത്തിയും മറ്റ് അഞ്ച് പേരുമാണ് സുശാന്തിന്റെ മരണത്തിന് ഉത്തരവാദികൾ എന്ന് ജൂലൈ 25 ന് പട്‌ന പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐ‌ആറിൽ, സുശാന്തിന്റെ പിതാവ് കെ കെ സിങ് ആരോപിച്ചിരുന്നു. ഐപിസി 341, 342, 380, 406, 420, 306 വകുപ്പുകൾ പ്രകാരമാണ് പരാതിയിൽ കേസെടുത്തിരിക്കുന്നതെന്ന് പാട്ന പൊലീസ് അറിയിച്ചു.

ഇതിനു പിറകേയാണ് എൻഫോഴ്സ്മെന്റും കേസെടുത്തത്. റിയ ചക്രവർത്തിക്കും ബന്ധുക്കൾക്കുമെതിരെ കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള നിയമം പ്രകാരമാണ് എൻഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ് കേസ് രജിസ്റ്റർ ചെയ്തത്.

Read More: സുശാന്തിന്റെ മരണം: റിയ ചക്രവർത്തിക്കെതിരെ എൻഫോഴ്സ്മെന്റ് കേസെടുത്തു

ഒരു യൂറോപ്യൻ ടൂറിനിടയിൽ സുശാന്തിന്റെ ക്രെഡിറ്റ് കാർഡ് റിയ ദുരുപയോഗം ചെയ്തുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. റിയ തന്നെ ഉപദ്രവിക്കുന്നുവെന്നും റിയയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ് സുശാന്ത് തനിക്ക് സന്ദേശമയച്ചതായി, നടന്റെ മുൻ കാമുകിയും നടിയുമായ അങ്കിത ലോഖണ്ടെ ബിഹാർ പൊലീസിന് മൊഴി നൽകിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു.

സുശാന്തിന്റെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അങ്കിത, മരണശേഷം അദ്ദേഹത്തിന്റെ പാട്നയിലെ വസതിയിൽ രണ്ടു തവണ പോയിരുന്നുവെന്നും, റിയയുമായുള്ള ബന്ധത്തെ കുറിച്ച് സുശാന്ത് തനിക്ക് അയച്ച സന്ദേശങ്ങൾ അദ്ദേഹത്തിന്റെ സഹോദരി ശ്വേത സിങ്ങിനെ കാണിക്കുകയും അവ പൊലീസിന് കൈമാറുകയും ചെയ്തു എന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

Read More: റിയ ഉപദ്രവിക്കുന്നുവെന്ന് സുശാന്ത് പറഞ്ഞു; ബിഹാർ പൊലീസിനോട് അങ്കിത

റിയ ക്കെതിരെ ബിഹാർ പൊലീസ് കേസെടുത്തതിന് പിന്നാലെ സത്യം ജയിക്കും എന്ന് പറഞ്ഞ് ശ്വേതയും അങ്കിതയും ഇൻസ്റ്റഗ്രാമിൽ പോസ്റ്റുകളും പങ്കുവച്ചിരുന്നു. ‘സത്യത്തിന് വിലയില്ലെങ്കിൽ പിന്നെ മറ്റൊന്നിനുമില്ല,’ എന്നായിരുന്നു സുശാന്തിന്റെ സഹോദരി ശ്വേത കുറിച്ചത്.

നേരത്തെ സുശാന്തിന്റെ ആത്മഹത്യയിൽ അന്വേഷണം നടത്തുന്ന മുംബൈ പൊലീസ് റിയ ചക്രവർത്തിയെ ചോദ്യം ചെയ്തിരുന്നു. അതിനു പിന്നാലെ സുശാന്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യവുമായി റിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കത്തയച്ചിരുന്നു.

Read More: Rhea Chakraborty: I believe I will get justice

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook