/indian-express-malayalam/media/media_files/uploads/2020/12/Yamuna-wedding.jpg)
സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ നടി യമുന വിവാഹിതയായി. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അമേരിക്കയിൽ സൈക്കോ തെറാപ്പിസ്റ്റായി ജോലി ചെയ്യുന്ന ദേവനാണ് വരൻ. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
കൊല്ലം സ്വദേശിയായ യമുന തൊണ്ണൂറുകളിൽ ദൂരദർശനിലെ ഒരു ഓണം ആൽബത്തിൽ അഭിനയിച്ചു കൊണ്ടാണ് തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് സിനിമാ, സീരിയൽ അഭിനയത്തിലേക്ക് കടക്കുകയായിരുന്നു. വയലാർ മാധവൻ കുട്ടിയുടെ 'ജ്വാലയായ്' എന്ന മെഗാഹിറ്റ് സീരിയലിലെ നെഗറ്റീവ് കഥാപാത്രം യമുനയ്ക്ക് ഏറെ പ്രശസ്തി നേടി കൊടുത്ത ഒന്നാണ്.
മമ്മൂട്ടി നായകനായ ‘സ്റ്റാലിൻ ശിവദാസ്’ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ടായിരുന്നു യമുനയുടെ സിനിമാപ്രവേശനം. സിനിമകളിൽ കൂടുതലും നെഗറ്റീവ് കഥാപാത്രങ്ങളെയാണ് യമുന അവതരിപ്പിച്ചത്. മീശമാധവൻ, വാർ ആൻഡ് ലവ്, മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും, ഈ പട്ടണത്തിൽ ഭൂതം എന്നിങ്ങനെ നിരവധി സിനിമകളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
അമ്മ, അമല, നിറക്കൂട്ട്, ചന്ദനമഴ എന്നീ സീരിയലുകളും യമുനയെ ഏറെ ശ്രദ്ധേയയാക്കിയവയാണ്. ചന്ദനമഴയിലെ മധുമതി എന്ന കഥാപാത്രം കുടുംബപ്രേക്ഷകർക്കിടയിൽ യമുനയെ ഏറെ പ്രിയങ്കരിയാക്കിയിരുന്നു.
യമുനയുടെ രണ്ടാം വിവാഹമാണിത്. സിനിമാ സംവിധായകനായ എസ്.പി. മഹേഷ് ആയിരുന്നു യമുനയുടെ ആദ്യ ഭർത്താവ്. പിന്നീട് ഇവർ വേർപ്പിരിയുകയായിരുന്നു. ആമി, ആഷ്മി എന്നിങ്ങനെ രണ്ടു മക്കളും ഇവർക്കുണ്ട്.
Read more: ‘സരിഗമപ’ ലവ് സ്റ്റോറി; തെരേസയ്ക്ക് മിന്നുചാർത്തി ലിബിൻ സഖറിയ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.