/indian-express-malayalam/media/media_files/uploads/2018/06/Prithviraj-and-Ranjith-Featured-1.jpg)
Prithviraj and Ranjith Featured
Fathers Day 2018: പൃഥ്വിരാജിന്റെ അച്ഛന്‍ സുകുമാരന്റെ ഓര്‍മ്മ ദിവസമായിരുന്നു ഇന്നലെ. അദ്ദേഹം മരിക്കുമ്പോള്‍ പൃഥ്വിരാജിന് പ്രായം പതിമൂന്ന്. ജേഷ്ടന്‍ ഇന്ദ്രജിത്തിന് പതിനെട്ടും. അവിടെ നിന്നും അമ്മ മല്ലികയുടെ തണലിലാണ് മക്കള്‍ രണ്ട് പേരും വളര്‍ന്നത്. ഇപ്പോള്‍ മലയാള സിനിമയില്‍ അച്ഛനോളമോ അതിനു മേലെയോ വളര്‍ന്നു കഴിഞ്ഞ ഇരുവരും ഇന്നലെ അച്ഛനെ സ്മരിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കു വച്ചിരുന്നു.
/indian-express-malayalam/media/media_files/uploads/2018/06/Sukumaran-with-sons-Indrajith-and-Prithviraj.jpg)
അതിനു പുറകെയാണ് ഇന്ന് ഫാദര്‍സ് ഡേയുടെ പശ്ചാത്തലത്തില്‍ പൃഥ്വിരാജിന്റെ പുതിയ കുറിപ്പ്. ഇന്നലെ പറഞ്ഞത് സ്വന്തം അച്ഛനെക്കുറിച്ചാണെങ്കില്‍ ഇന്ന് പറയുന്നത് സിനിമയിലെ അച്ഛനെക്കുറിച്ചാണ്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന 'കൂടെ' എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ അച്ഛന്‍ ആലോഷിയുടെ വേഷം ചെയ്യുന്നത് സംവിധായകന്‍ രഞ്ജിത് ആണ്. 'നന്ദനം' എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിനെ സിനിമയിലേക്ക് കൈപിടിച്ചു കൊണ്ട് വന്നയാളും കൂടിയാണ് രഞ്ജിത്. ആലോഷിയ്ക്ക് ഫാദര്‍സ് ഡേ ആശംസിച്ചു കൊണ്ടുള്ള ഒരു കുറിപ്പില്‍ പൃഥ്വിരാജ് പറയുന്നതിങ്ങനെ.
"എല്ലാ ആണ്‍മക്കളും ചെയ്യുന്നത് പോലെ ഞാനും എന്റെ അച്ഛനെ ആരാധിച്ചിരുന്നു. എന്റെ സുഹൃത്തും നായകനും വഴികാട്ടിയുമെല്ലാം അച്ഛനായിരുന്നു. പെട്ടന്ന് വളര്‍ന്നു വലുതാവാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു, അച്ഛനോടൊപ്പം 'man to man' രീതിയില്‍ ഇടപെടാന്‍. എല്ലാ കാര്യങ്ങളെയും കുറിച്ച് അറിവുള്ള ആളായിരുന്നു അച്ഛന്‍ എന്നാണ് എന്റെ ഓര്‍മ്മ. ഞാന്‍ വളര്‍ന്ന് യൗവനത്തിന്റെ പടിയില്‍ എത്തിയപ്പോഴേക്കും എനിക്ക് അച്ഛനെ നഷ്ടപ്പെട്ടു. അച്ഛനോടൊപ്പം ചെയ്യാന്‍ കഴിയാതെ പോയ ചെറുതും വലുതുമായ ഒരുപാട് കാര്യങ്ങള്‍ ജീവിതത്തില്‍ ബാക്കി നിന്നു. അതിനേക്കാള്‍ ഉപരി, 'അച്ഛന്‍ പോകുമെന്ന് നേരത്തെ അറിഞ്ഞിരുന്നെകില്‍...' എന്നൊരു തോന്നല്‍ എന്നെ ഹതാശനാക്കിത്തീര്‍ത്തു.
വായിക്കാം: പൃഥ്വിരാജിന്‍റെ അച്ഛനായി രഞ്ജിത്
അപ്പോള്‍ മുതല്‍, അച്ഛനെ ഞാന്‍ അറിഞ്ഞത് അദ്ദേഹത്തിനെ പരിചയമുള്ളവര്‍ പറഞ്ഞ ചെറുതും വലുതുമായ പല കാര്യങ്ങളിലും കൂടിയാണ്. അമ്മ, ചേട്ടന്‍, അച്ഛന്റെ സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ അങ്ങനെ പലരില്‍ നിന്നുമായി കേള്‍ക്കുന്ന അറിവുകള്‍ ഞാന്‍ ഇത് വരെ കാണാത്ത ഒരച്ഛനെ എനിക്ക് പരിചയപ്പെടുത്തി തന്നു. ഇന്ന് എന്റെ മനസ്സിലുള്ള അച്ഛന്‍, പതിമൂന്ന് വയസ്സ് വരെ ഞാന്‍ നേരില്‍ കണ്ടതിന്റെയും, പിന്നീട് ആളുകള്‍ പറഞ്ഞറിഞ്ഞതിന്റെയും ഒരു കൂടിച്ചേരലാണ്.
'കൂടെ'യിലെ എന്റെ കഥാപാത്രം ജോഷ്വായും അച്ഛനെ നഷ്ടപ്പെട്ടവനാണ്. മരണത്തില്‍ കൂടിയല്ലെങ്കില്‍ പോലും, എന്റെ അതേ പ്രായത്തില്‍ അച്ഛനെ നഷ്ടപ്പെട്ടവന്‍. വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ എന്റെ അച്ഛനെ ഒന്ന് കൂടി കണ്ടെത്തിയത് പോലെ, ജോഷ്വായും അവന്റെ അച്ഛനെ തിരിച്ചറിയുന്നുണ്ട്. താന്‍ കണ്ട, അറിഞ്ഞ അലോഷി എന്ന തന്റെ അച്ഛനെ, മറ്റുളവര്‍ കണ്ട ആലോഷിയുമായി ചേര്‍ത്ത് വായിച്ചെടുക്കുനുണ്ട് അവനും.
'കൂടെ' എന്ന സിനിമയുടെ ജോഷ്വായുയുടെ കഥയാണ് എന്നാണ് അഞ്ജലി പറയുന്നത്. പക്ഷേ അത് ആലോഷിയുടെയും കൂടി കഥയാണ്. ഹാപ്പി ഫാദര്‍സ് ഡേ അച്ഛാ... ഹാപ്പി ഫാദര്‍സ് ഡേ അലോഷി... മക്കളുടെ ഹീറോ ആയ ലോകത്തെ ഓരോ അച്ഛനും, ഹാപ്പി ഫാദര്‍സ് ഡേ!"
നന്ദനം എന്ന രഞ്ജിത് ചിത്രത്തിലൂടെയായിരുന്നു പൃഥ്വിരാജിന്‍റെ സിനിമാ ലോകത്തേക്കുള്ള വരവ്. 'തിരക്കഥ, ഇന്ത്യന്‍ റുപ്പീ എന്നീ ചിത്രങ്ങളിലും പൃഥ്വി രഞ്ജിത്തുമായി സഹകരിച്ചിട്ടുണ്ട്.
'സിനിമയില്‍ ഗുരുസ്ഥാനീയനാണ് രഞ്ജിത്. അദ്ദേഹം എപ്പോള്‍ വിളിച്ചാലും അഭിനയിക്കാന്‍ പോകും' എന്ന് പൃഥ്വി പല തവണ പറഞ്ഞിട്ടുണ്ട്. അങ്ങനെ ആത്മ ബന്ധമുള്ള തന്‍റെ ആദ്യ സംവിധായകന്‍റെ മകനാകാനാണ് പൃഥ്വിയ്ക്ക് അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ അവസരം ലഭിച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/uploads/2018/06/Prithviraj-Ranjith.jpg)
പൃഥ്വിരാജിന്റെ വളര്‍ച്ചയില്‍ എന്നും അഭിമാനിക്കുന്ന രഞ്ജിത്, തന്റെ ലേഖന സമാഹാരമായ 'മരം പെയ്യുമ്പോളി'ല്‍ പൃഥ്വിരാജിനെക്കുറിച്ച് പറഞ്ഞതിങ്ങനെ.
"ഇന്നത്തെ പ്രഭാതത്തില്‍ മുംബൈയില്‍ നിന്നും പൂനയിലേക്കുള്ള വിമാനത്തില്‍ റാണി മുഖര്‍ജീ എന്ന അഭിനേത്രിയും ഉണ്ടായിരുന്നു. അവര്‍ക്ക് ആകെ പറയാനുണ്ടായിരുന്നത് അവര്‍ അവസാനമായി അഭിനയിച്ച ഹിന്ദി സിനിമയിലെ നായക വേഷം ചെയ്ത മലയാളി നടനെക്കുറിച്ച് മാത്രമായിരുന്നു. അയാളുടെ അഭിനയത്തികവിനെക്കുറിച്ച്, അര്‍പ്പണബോധത്തെക്കുറിച്ച്, അവര്‍ പറഞ്ഞു കൊണ്ടേയിരുന്നു. അയാളുടെ പേര് പൃഥ്വിരാജ് എന്നാകുമ്പോള്‍ മനസ്സ് സന്തോഷം കൊണ്ട് നിറയുന്നു."
ചിത്രങ്ങള്‍: ഫേസ്ബുക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.