പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അഞ്ജലി മേനോന് ചിത്രത്തിലെ ആദ്യ സര്‍പ്രൈസ് ഇതാ. സിനിമയില്‍ പൃഥ്വിരാജിന്റെയും നസ്രിയയുടെയും അച്ഛനായി എത്തുന്നത് സംവിധായകന് രഞ്ജിത്തായിരിക്കും എന്നതാണത്. ‘ബാംഗ്ലൂര്‍ ഡേയ്സ്’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം അഞ്ജലി മേനോന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഊട്ടിയില്‍ പുരോഗമിക്കവെയാണ് ഇങ്ങനെയൊരു വാര്‍ത്ത.
കൂടുതല്‍ വായിക്കാം: അഞ്ജലി മേനോന് ഇനി ഊട്ടി ഡേയ്സ്

സിനിമാ രംഗത്ത് എത്തിയ കാലം മുതല്‍ തന്നെ വെള്ളിത്തിരയ്ക്കു മുന്നിലും പിന്നിലും സാന്നിധ്യമറിയിച്ചിട്ടുണ്ട് രഞ്ജിത്. ഒരു ‘മെയ് മാസപ്പുലരിയി’ല്‍ തുടങ്ങിയ സിനിമാ പ്രയാണത്തില്‍ എഴുത്തായും ശബ്ദമായും തിളങ്ങിയ രഞ്ജിത്, ചില സിനിമകളിലെ സീനുകളില്‍ മിന്നിമറഞ്ഞിട്ടുണ്ടെങ്കിലും, ജയരാജ് സംവിധാനം ചെയ്ത ‘ഗുല്‍മോഹറി’ ല്‍ നായക കഥാപാത്രമായത്തിന് ശേഷം ഒരു നടന് നിലയിലും ശ്രദ്ധേയനായി. തന്റെ സംവിധാന സംരംഭങ്ങള്‍ക്കിടയില്‍ അഭിനയത്തിന് മുന്‍തൂക്കം കൊടുക്കാതിരുന്ന രഞ്ജിത്, രാജീവ് രവിയുടെ ‘അന്നയും റസൂലും’ എന്ന സിനിമയില്‍ ഫഹദ് ഫാസിലിന്റെയും ആഷിക്ക് അബുവിന്റെയും അച്ഛനായി വേഷമിട്ടിരുന്നു. തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ അഭിനയ വിഭാഗം പൂര്‍വ്വ വിദ്യാര്‍ഥിയാണ് രഞ്ജിത്.
നന്ദനം എന്ന രഞ്ജിത് ചിത്രത്തിലൂടെയായിരുന്നു പൃഥ്വിരാജിന്റെ സിനിമ ലോകത്തേക്കുള്ള വരവ്. ‘തിരക്കഥ, ഇന്ത്യന്‍ റുപ്പീ എന്നീ ചിത്രങ്ങളിലും പൃഥ്വി രഞ്ജിത്തുമായി സഹകരിച്ചിട്ടുണ്ട്.
‘സിനിമയില്‍ ഗുരുസ്ഥാനീയനാണ് രഞ്ജിത്. അദ്ദേഹം എപ്പോള്‍ വിളിച്ചാലും അഭിനയിക്കാന്‍ പോകും’ എന്ന് പൃഥ്വി പല തവണ പറഞ്ഞിട്ടുണ്ട്. അങ്ങനെ ആത്മ ബന്ധമുള്ള തന്റെ ആദ്യ സംവിധായകന്റെ മകനാകാനാണ് പൃഥ്വിയ്ക്ക് അഞ്ജലി മേനോന് ചിത്രത്തിലൂടെ അവസരം ലഭിച്ചിരിക്കുന്നത്.
സംവിധായിക അഞ്ജലി മേനോനുമായും രഞ്ജിത് ഇതിനു മുന്‍പ് സിനിമയില്‍ സഹകരിച്ചിട്ടുണ്ട്. രഞ്ജിത് രൂപകല്പന ചെയ്ത കേരള കഫേ എന്ന സിനിമയിലെ ‘ഹാപ്പി ജേര്‍ണി’ എന്ന ചിത്രം അഞ്ജലിയായിരുന്നു സംവിധാനം ചെയ്തത്. പത്ത് ഹ്രസ്വ ചിത്രങ്ങളുടെ സമാഹാരമായ കേരള കഫേയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതും അഞ്ജലിയുടെ ചിത്രമാണ്.
പൃഥ്വിരാജ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തെ ചുറ്റിപ്പറ്റിയാകും സിനിമയുടെ പോക്ക് എന്നാണ് അറിയുന്നത്. സഹോദരനായും, കാമുകനായും രണ്ട് വ്യത്യസ്ത ജീവിതഘട്ടങ്ങളിലാണ് പൃഥ്വി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. കാമുകിയായി പാര്‍വ്വതിയും അനുജത്തിയായി നസ്രിയയും വേഷമിടുന്നു. മഞ്ചാടിക്കുരു എന്ന ചിത്രത്തിനു ശേഷം അഞ്ജലി മേനോനും പൃഥ്വിരാജും ഒന്നിക്കുന്നു എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. മഞ്ചാടിക്കുരുവില്‍ അതിഥി വേഷത്തിലെത്തിയ പൃഥ്വി ചിത്രത്തിലെ കഥ പറച്ചിലുകാരന് കൂടിയായിരുന്നു. വിക്കി എന്ന കഥാപാത്രത്തെയാണ് മഞ്ചാടിക്കുരുവില്‍ പൃഥ്വി അവതരിപ്പിച്ചത്. വിക്കിയുടെ ഓര്‍മ്മകളിലൂടെയായിരുന്നു മഞ്ചാടിക്കുരു നമ്മള്‍ക്ക് മുന്നിലെത്തിയത്.
കൂടുതല്‍ വായിക്കാം: താര തരംഗവുമായി അഞ്ജലി മേനോന് വീണ്ടും
രജപുത്ര വിഷ്വല്‍ മീഡിയയും ലിറ്റില്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ക്യാമറ ലിറ്റില്‍ സ്വയംപ്. പറവ എന്ന ചിത്രത്തിന് ശേഷം ലിറ്റില്‍ ക്യാമറ ചലിപ്പിക്കുന്ന ചിത്രമാണിത്. ഗാനങ്ങള്‍ എം. ജയചന്ദ്രനും രഘു ദീക്ഷിതും ചേർന്നൊരുക്കുന്നു. ഗാനരചന റഫീക്ക് അഹമ്മദ്.

ചിത്രത്തിന്റെ റിലീസ് തീരുമാനമായില്ല. ഊട്ടി കൂടാതെ ഗള്‍ഫ് രാജ്യത്തും ചിത്രീകരണം ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റോഷന് മാത്യു, സിദ്ധാര്‍ത് മേനോന്, മാല പാര്‍വ്വതി, അതുല്‍ കുല്‍ക്കര്‍ണി തുടങ്ങിയവരും ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ അഭിനയിക്കുന്നു. ഫഹദുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തിന് ഒരു ഇടവേള നല്കിയ നസ്രിയയുടെ തിരിച്ചു വരവും കൂടിയാണ് ഈ ചിത്രം. സിനിമയുടെ കലാ സംവിധാനം അരവിന്ദ് അശോക് കുമാര്‍, എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകര്‍.