/indian-express-malayalam/media/media_files/uploads/2019/02/fahad-fazil.jpg)
മലയാളത്തിന്റെ എക്കാലത്തേയും പ്രിയപ്പെട്ട സംവിധായകനാണ് ഫാസില്‍. മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള ജനപ്രിയ നടന്മാരെ അവതരിപ്പിച്ചതും അദ്ദേഹം തന്നെ. ഫാസിലിന്റെ മകന്‍ ഫഹദ് ഫാസിലാണ് ഇപ്പോള്‍ മലയാളത്തിന്റെ അഭിമാന താരം. ചുരുങ്ങിയ കാലം കൊണ്ട് തന്നെ അഭിനയത്തില്‍ തന്റേതായ ഒരിടം പിടിച്ച ഫഹദിന്റെ ഏറ്റവും പുതിയ ചിത്രമാണ് 'കുമ്പളങ്ങി നൈറ്റ്‌സ്'.
ഈ ചിത്രത്തിലെ അഭിനേതാവ് മാത്രമല്ല, നിര്‍മ്മാതാവു കൂടിയാണ് ഫഹദ്. ഇന്നലെ റിലീസ് ചെയ്ത ചിത്രത്തിന് നല്ല പ്രതികരണം ലഭിച്ചു മുന്നേറുമ്പോള്‍ തന്റെ സിനിമാ കാണല്‍ ശീലങ്ങളെക്കുറിച്ച് ഫഹദ് ഒരു അഭിമുഖത്തില്‍ മനസ്സ് തുറന്നു.
"ഞാനും നസ്രിയയും സാധാരണയായി വീട്ടിലിരുന്നാണ് സിനിമ കാണുന്നത്. എന്നാൽ അച്ഛൻ തിയേറ്ററിൽ ചെന്ന് പ്രേക്ഷകർക്കൊപ്പം ഇരുന്ന് സിനിമ കാണാനാണ് ഇഷ്ടപ്പെടുന്നത്. അദ്ദേഹത്തിന്റെ ഫീഡ്ബാക്ക് എനിക്ക് പ്രധാനമാണ്," ഖലീജ് ടൈംസിന് നൽകിയ അഭിമുഖത്തിനിടെ ഫഹദ് ഫാസിൽ വെളിപ്പെടുത്തി. തിയേറ്ററിന്റെ പൾസ് തൊട്ടറിഞ്ഞ് സിനിമ കാണാൻ ഇഷ്ടപ്പെടുന്ന അച്ഛന്‍ ഫാസിലിനെ കുറിച്ച് സംസാരിക്കുകയായിരുന്നു ഫഹദ്.
ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്ന ബാനറിൽ സിനിമാ നിർമ്മാണരംഗത്ത് സജീവമാണ് ഫഹദും. പ്രൊഡക്ഷൻ ബാനർ ഫഹദിന്റിറെ പേരിലാണെങ്കിലും ഈ നിർമ്മാണകാര്യങ്ങളുടെ കാര്യങ്ങളിൽ സജീവമാവുന്നത് നടിയും ഭാര്യയുമായ നസ്രിയയാണ്. 'വരത്തൻ' എന്ന ചിത്രത്തിന്റെ വിജയത്തിനു പുറമെ ദിലീഷ് പോത്തന്റെയും ശ്യാം പുഷ്കരന്റെയും നിർമ്മാണകമ്പനിയായ വർക്കിംഗ് ക്ലാസ്സ് ഹീറോയ്ക്കൊപ്പം ചേർന്ന് നിർമ്മിച്ച 'കുമ്പളങ്ങി നൈറ്റ്സും' എന്ന ചിത്രത്തിൽ ഫഹദ് നെഗറ്റീവ് റോളിലാണ് അഭിനയിക്കുന്നത്.
ചിത്രത്തിലെ അൽപ്പം സൈക്കോ സ്വഭാവമുള്ള ഫഹദിന്റെ കഥാപാത്രവും തിയേറ്ററുകളിൽ കയ്യടി നേടുകയാണ്. പുറത്ത് പോസിറ്റീവും അകത്ത് നെഗറ്റീവുമുള്ള, നിഗൂഢതയുണർത്തുന്ന കഥാപാത്രമായി ഫഹദ് വിസ്മയിപ്പിക്കുകയാണ് ചിത്രത്തിൽ.
Read more: പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി 'കുമ്പളങ്ങി' ബ്രദേഴ്സ്
അൻവർ റഷീദ് ചിത്രം 'ട്രാൻസി'ലാണ് ഫഹദ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഫഹദ് അഭിനയിച്ച തമിഴ് ചിത്രം 'സൂപ്പർ ഡീലക്സ്' റിലീസിനൊരുങ്ങുകയാണ്. വിജയ് സേതുപതിയാണ് ചിത്രത്തിലെ നായകൻ. സൂപ്പർ ഡീലക്സിനെ കുറിച്ച് ഏറെ ആവേശത്തിലാണ് ഫഹദ്. " വളരെ പോസിറ്റീവ് ആയ കഥാപാത്രങ്ങൾ നെഗറ്റീവ് ആയ ചില സിറ്റുവേഷനുകളിൽ പിടിക്കപ്പെടുന്നതിനെ കുറിച്ചാണ് ചിത്രം പറയുന്നത്. ത്യാഗരാജൻ കുമാരരാജ എന്റെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ്. വിജയ് സേതുപതിയുമായി എനിക്ക് കോമ്പിനേഷൻ സീനുകളൊന്നും ചിത്രത്തിലില്ല. എന്നാൽ ഷൂട്ടിംഗ് ഉള്ള ദിവസങ്ങളിലൊക്കെ വിജയ് ലൊക്കേഷനിൽ വന്ന് എന്റെയൊപ്പം സമയം ചെലവഴിക്കുമായിരുന്നു," ഫഹദ് കൂട്ടിച്ചേര്‍ത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us