/indian-express-malayalam/media/member_avatars/N5ZjXXWsNcIdzMM523Jm.jpg )
/indian-express-malayalam/media/media_files/2025/01/10/meedLRScfPzbsQ9E2oYZ.jpg)
Ennu Swantham Punyalan Movie Review & Rating
Ennu Swantham Punyalan Review & Rating: അർജുൻ അശോകൻ- അനശ്വര രാജൻ- ബാലു വർഗീസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന 'എന്ന് സ്വന്തം പുണ്യാളൻ' പ്രേക്ഷകർക്ക് ഒരു ഫൺ റൈഡ് സമ്മാനിക്കുന്ന ചിത്രമാണ്.
ദൈവവിളി കൊണ്ടല്ല, അമ്മയുടെ നേർച്ച കൊണ്ട് പുരോഹിതനാവേണ്ടി വന്ന ആളാണ് കിഴക്കെപൊട്ടൻകുഴിയിൽ തോമസ് ചാക്കോ (ബാലു വർഗീസ്). ഏഴു പെൺകുട്ടികൾക്കു ശേഷം ജനിച്ച ആൺകുട്ടിയെ കർത്താവിനു സമർപ്പിക്കുകയായിരുന്നു പ്രമാണിയായ കിഴക്കെപൊട്ടൻകുഴിയിൽ ചാക്കോയും ഭാര്യയും. അച്ചൻ പട്ടത്തിനു പോവാതിരിക്കാൻ കുട്ടിക്കാലത്ത് തോമസ് പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ട്. പക്ഷേ ഒന്നും ഫലം കണ്ടില്ല. അൽപ്പം മുരടനും പരുക്കനുമായ ഒരു പള്ളീലച്ചനു കീഴിൽ കൊച്ചച്ചനായി സേവനം അനുഷ്ഠിക്കുകയാണ് ഫാദർ തോമസ്. ഇഷ്ടമില്ലാത്ത ജീവിതം തിരഞ്ഞെടുക്കേണ്ടി വന്നതിലുള്ള അതൃപ്തി ഫാദർ തോമസിൽ പ്രകടമാണ്.
ഒരു രാത്രി, ഫാദർ തോമസിന് തന്റെ മുറിയിൽ ഒരു പെൺകുട്ടിയ്ക്ക് അഭയം കൊടുക്കേണ്ടി വരുന്നു. പള്ളീലച്ചന്റെ മുറിയിലൊരു പെൺകുട്ടിയെ ആരെങ്കിലും കണ്ടാൽ ഉണ്ടാവുന്ന മാനക്കേടും വരുംവരായ്കകളും ഓർത്ത് നല്ല പേടിയുണ്ടെങ്കിലും, ആ പെൺകുട്ടി അതോടെ അച്ചന്റെ ഉത്തരവാദിത്വമായി മാറുകയാണ്. ഇറക്കിവിടാനും വയ്യ, ഇനിയെന്ത് എന്നോർത്തിട്ട് സമാധാനവുമില്ല. കുരുക്കിൽ പെട്ട് ഉഴറുന്ന ഫാദർ തോമസിന്റെ അങ്കലാപ്പുകളാണ് കഥയെ മുന്നോട്ടു കൊണ്ടുപോവുന്നത്. അപ്രതീക്ഷിതമായി മറ്റൊരാൾ കൂടി സങ്കീർണ്ണമായ ഈ സിറ്റുവേഷനിലേക്ക് എത്തുന്നതോടെ കടലിനും ചെകുത്താനും ഇടയിൽ പെട്ട അവസ്ഥയിലായി പോവുകയാണ് ഫാദർ തോമസ്.
ഫാദർ തോമസിനെ ഏറ്റവും കൺവീൻസിംഗായി തന്നെ ബാലു വർഗീസ് അവതരിപ്പിച്ചിട്ടുണ്ട്. അനശ്വര രാജനും അർജുൻ അശോകനുമാണ് ചിത്രത്തിലെ മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങൾ. മാനറിസം കൊണ്ടും കഥാപാത്രത്തിന്റെ സ്വഭാവം കൊണ്ടുമെല്ലാം ഇരുവരും ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമാണ് ഈ ചിത്രത്തിലെ വേഷം. ബോഡി ലാംഗ്വേജിൽ അർജുൻ കൊണ്ടുവന്ന മാറ്റങ്ങളും എനർജറ്റിക് പെർഫോമൻസുമാണ് രണ്ടാം പകുതിയിലെ രംഗങ്ങളെ എലിവേറ്റ് ചെയ്യുന്നത്. അനശ്വരയും മികച്ച പ്രകടനം കാഴ്ച വച്ചിരിക്കുന്നു. രഞ്ജി പണിക്കർ, ബൈജു, അൽത്താഫ്, അഷ്‌റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.
സിറ്റുവേഷണൽ കോമഡികളും ട്വിസ്റ്റുകളുമൊക്കെയായി ഒരു ഡീസന്റ് കാഴ്ചാനുഭവം സമ്മാനിക്കുകയാണ് 'എന്ന് സ്വന്തം പുണ്യാളൻ'. എന്നാൽ, സസ്പെൻസ് നിറഞ്ഞ സാഹചര്യങ്ങളിൽ വേണ്ടത്ര പിരിമുറുക്കം സൃഷ്ടിക്കാൻ സംവിധായകനു സാധിക്കുന്നില്ല എന്നതാണ് ഒരു പ്രധാന പോരായ്മയായി തോന്നിയത്. എന്നിരുന്നാലും, മിസ്റ്ററിയുടെ ചുരുളുകൾ എല്ലാം അഴിക്കുന്ന തെറ്റില്ലാത്തൊരു ക്ലൈമാക്സോടെയാണ് ചിത്രം അവസാനിക്കുന്നത്.
മഹേഷ് മധു ആണ് ചിത്രത്തിന്റെ സംവിധായകൻ. സാംജി എം ആന്റണിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. പശ്ചാത്തലസംഗീതം ഒരുക്കിയത് സാം സിഎസ് ആണ്. റെണദീവ് ഛായാഗ്രഹണവും സോബിൻ സോമൻ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷൻസ് ഹൗസിന്റെ ബാനറിൽ ലിഗോ ജോൺ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
അൽപ്പം കോമഡിയും അൽപ്പം ഫണ്ണുമൊക്കെയായി, പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു വൺടൈം വാച്ചബിൾ ചിത്രമാണ് 'എന്ന് സ്വന്തം പുണ്യാളൻ".
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.