/indian-express-malayalam/media/media_files/uploads/2022/07/Dulquer-Devadoothar-Padi.jpg)
ദേവദൂതർ പാടി എന്ന ഗാനത്തിന് അനുസരിച്ച് ചുവടുവയ്ക്കുന്ന ചാക്കോച്ചന്റെ ഡാൻസാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ പ്രധാന ചർച്ച. ഇപ്പോഴിതാ, ചാക്കോച്ചനു പിന്നാലെ 'ദേവദൂതർ പാടി' എന്ന ഗാനത്തിനു ചുവടുവെയ്ക്കുന്ന ദുൽഖറിന്റെ വീഡിയോ ആണ് വൈറലാവുന്നത്.
തന്റെ പുതിയ തെലുങ്ക് ചിത്രം സീതാരാമത്തിന്റെ പ്രമോഷന് അണിയറപ്രവർത്തകർക്ക് ഒപ്പം കൊച്ചിയിലെത്തിയതായിരുന്നു ദുൽഖർ. സദസ്സിന്റെ ആവശ്യപ്രകാരം 'ദേവദൂതർ പാടി' എന്നു തുടങ്ങുന്ന ഗാനം ആലപിക്കുകയും പിന്നീട് അതേ പാട്ടിനൊപ്പം ചുവടുവെയ്ക്കുകയും ചെയ്തു, നായിക മൃണാള്‍ താക്കറും ദുൽഖറിനൊപ്പം വേദിയിൽ ചുവടുവച്ചു.
അച്ഛന്റെ പാട്ട് മകൻ ഏറ്റുപാടി ഒപ്പം ചുവടുവെച്ചു എന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു ദുൽഖർ പാടിയപ്പോൾ. 37 വർഷങ്ങൾക്കു മുൻപ് കാതോട് കാതോരം എന്ന ചിത്രത്തിലെ ഈ ഗാനരംഗത്തിൽ പാടി അഭിനയിച്ചത് മമ്മൂട്ടിയായിരുന്നു.
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആണ് 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിൽ ഈ എവർഗ്രീൻ ഗാനം പുനരാവിഷ്കരിച്ചിരിക്കുന്നത്. ചാക്കോച്ചന്റെ കിടിലൻ ഡാൻസ് കൂടിയായതോടെ സംഭവം വൈറലായി. ചാക്കോച്ചനെ അനുകരിച്ചും ഡാൻസ് സ്റ്റെപ്പുകൾ അനുകരിച്ചുമൊക്കെ നിരവധി പേരാണ് വീഡിയോ പങ്കുവയ്ക്കുന്നത്.
ചാക്കോച്ചന്റെ ഡാൻസ് ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. 'എന്ത് സ്റ്റൈലായി ഡാൻസ് കളിക്കുന്ന മനുഷ്യനാ, ഇതിപ്പോ അഴിഞ്ഞാടുന്നു', 'ഉത്സവപറമ്പുകളിൽ കാണുന്ന സ്ഥിരം അൽ പാമ്പ് ഡാൻസ്, ചാക്കോച്ചൻ പൊളിച്ചു', 'ചാക്കോച്ചന്റെ ഡാൻസ് കണ്ടപ്പോൾ പണ്ട് തെയ്യപ്പറമ്പിൽ ഗാനമേള നടക്കുമ്പോൾ ഇതുപോലെയുള്ള ഒരാൾ ഉണ്ടാകും. പെട്ടെന്ന് അതാണ് ഓർമവന്നത്', 'നല്ല പൊളി വൈബ് പാട്ട്' എന്നിങ്ങനെ പോവുന്നു നാലര മില്യണിലേറെ ആളുകൾ കണ്ടുകഴിഞ്ഞ യൂട്യൂബ് വീഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകൾ.
എസ്.ടി.കെ. ഫ്രെയിംസിന്റെ ബാനറിൽ നിർമ്മാതാവ് സന്തോഷ് ടി. കുരുവിള, കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
സംവിധായകൻ രതീഷ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചത്. ആഗസ്റ്റ് 11നാണ് ചിത്രം റിലീസിനെത്തുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.