കാതോട് കാതോരം എന്ന ചിത്രത്തിൽ ഒഎൻവിയുടെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം പകർന്ന ‘ദേവദൂതർ പാടി’ എന്ന ഗാനം ഒരു കാലഘട്ടത്തിന്റെ നൊസ്റ്റാൾജിയയാണ്. 37 വർഷങ്ങൾക്കു മുൻപ് ഇറങ്ങിയ ഗാനം വീണ്ടും സംഗീതപ്രേമികളുടെയും സോഷ്യൽ മീഡിയയുടെയും ശ്രദ്ധ കവരുകയാണ്. സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലാണ് ഈ മനോഹരഗാനം പുനർജ്ജനിച്ചിരിക്കുന്നത്. പാട്ടും പാട്ടുസീനിലെ ചാക്കോച്ചന്റെ നൃത്തവും ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഇപ്പോഴിതാ, ചാക്കോച്ചനെയും പാട്ടിനെയും അഭിനന്ദിച്ച് സാക്ഷാൽ ഔസേപ്പച്ചൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. “ചാക്കോച്ചാ പൊളിച്ചൂടാ മോനെ പൊളിച്ചു. 37 വർഷം മുന്നേ ഞാൻ വയലിൻ വായിച്ചു കൊണ്ട് കണ്ടക്റ്റ് ചെയ്ത ഗാനം ഇന്നും ട്രെൻഡിങ് ആയതിൽ സന്തോഷം. അന്ന് ഓർക്കസ്ട്രയിൽ ഒപ്പം ഉണ്ടായിരുന്നവർ, കീബോർഡ് എ .ആർ.റഹ്മാൻ, ഗിറ്റാർ ജോൺ ആന്റണി ,ഡ്രംസ് ശിവമണി. അതേ ഓർക്കസ്ട്രയെ ഓർമപ്പെടുത്തുന്ന രീതിയിൽ ഓർക്കസ്ട്രേഷൻ പുനർസൃഷ്ടിച്ചതിനൊപ്പം ബിജു നാരായണന്റെ ഹൃദയത്തിൽ തൊടുന്ന ആലാപനവും ഒത്തുചേർന്നപ്പോൾ ഗംഭീരമായി,” ഫെയ്സ്ബുക്ക് കുറിപ്പിൽ ഔസേപ്പച്ചൻ പറയുന്നു.
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ പുതിയ ചിത്രമാണ് ‘ന്നാ താൻ കേസ് കൊട്.
വേറിട്ട രൂപഭാവങ്ങളും റോക്ക് ഡാൻസുമായി സ്ക്രീനിൽ നിറയുന്ന ചാക്കോച്ചനാണ് ഈ പാട്ട് വീഡിയോയിലെ താരം. പെരുന്നാൾ ആഘോഷവേദിയിൽ ഒരുകൂട്ടം ഗായകർ ദേവദൂതർ പാടിയെന്ന എവർഗ്രീൻ ഗാനം തകർത്തു പാടുമ്പോൾ, ആൾക്കൂട്ടത്തിനിടയിൽ പാട്ടിൽ ലയിച്ച് അർമാദിക്കുന്ന നായകനായാണ് ചാക്കോച്ചൻ പാട്ടുരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്.
ചാക്കോച്ചന്റെ ഡാൻസ് ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. ‘എന്ത് സ്റ്റൈലായി ഡാൻസ് കളിക്കുന്ന മനുഷ്യനാ, ഇതിപ്പോ അഴിഞ്ഞാടുന്നു’, ‘ഉത്സവപറമ്പുകളിൽ കാണുന്ന സ്ഥിരം അൽ പാമ്പ് ഡാൻസ്, ചാക്കോച്ചൻ പൊളിച്ചു’, ‘ചാക്കോച്ചന്റെ ഡാൻസ് കണ്ടപ്പോൾ പണ്ട് തെയ്യപ്പറമ്പിൽ ഗാനമേള നടക്കുമ്പോൾ ഇതുപോലെയുള്ള ഒരാൾ ഉണ്ടാകും. പെട്ടെന്ന് അതാണ് ഓർമവന്നത്’, ‘നല്ല പൊളി വൈബ് പാട്ട്’ എന്നിങ്ങനെ പോവുന്നു കമന്റുകൾ.
നിരവധി പേർ കുഞ്ചാക്കോ ബോബന്റെ ഡാൻസിനെ അഭിനന്ദിച്ച് കൊണ്ട് സമൂഹമാധ്യമങ്ങളിൽ കുറിപ്പുകൾ പങ്കുവച്ചിട്ടുണ്ട്.
എസ്.ടി.കെ. ഫ്രെയിംസിന്റെ ബാനറിൽ നിർമ്മാതാവ് സന്തോഷ് ടി. കുരുവിള, കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
സംവിധായകൻ രതീഷ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചത്. ആഗസ്റ്റ് 11നാണ് ചിത്രം റിലീസിനെത്തുന്നത്.
Read more: ഉത്സവപറമ്പിൽ ‘പാമ്പ്’ ഡാൻസുമായി ചാക്കോച്ചൻ; നല്ല കിണ്ണം കാച്ചിയ സ്റ്റെപ്പെന്ന് ആരാധകർ