/indian-express-malayalam/media/media_files/uploads/2023/08/dulquer.jpg)
ഡ്രൈവിംഗിനോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് ദുൽഖർ
മമ്മൂട്ടിയെ പോലെ തന്നെ വാഹനങ്ങളോടും ടെക്നോളജിയോടും ഏറെ താൽപ്പര്യമുള്ള വ്യക്തിയാണ് മകൻ ദുൽഖർ സൽമാനും. ആരും കൊതിക്കുന്ന നിരവധി വാഹനങ്ങളും ഇരുവരുടെയും വാഹന ശേഖരത്തിലുണ്ട്. ഡ്രൈവിംഗിനോട് തനിക്കുള്ള ഇഷ്ടത്തെ കുറിച്ച് ദുൽഖർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. രാജ് & ഡികെ സംവിധാനം ചെയ്യുന്ന നെറ്റ്ഫ്ലിക്സ് സീരീസായ ഗൺസ് & ഗുലാബ്സിന്റെ പ്രമോഷനിടയിലാണ് ദുൽഖർ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.
തനിക്ക് 9 വയസ്സുള്ളപ്പോൾ തന്നെ ഡ്രൈവിംഗിന്റെ അടിസ്ഥാനകാര്യങ്ങൾ പഠിക്കാൻ തുടങ്ങിയിരുന്നു എന്നാണ് ദുൽഖർ വെളിപ്പെടുത്തിയത്. വീട്ടിലുണ്ടായിരുന്ന ഒരു മാരുതി 800ൽ ഡ്രൈവിംഗിന്റെ അടിസ്ഥാനകാര്യങ്ങൾ പറഞ്ഞു തന്ന ഒരു ഡ്രൈവർ ഉണ്ടായിരുന്നുവെന്നും മാഷ്ബലെ ഇന്ത്യയുമായുള്ള ഒരു ചാറ്റിൽ ഡിക്യു പറഞ്ഞു. എന്നാൽ ഇക്കാര്യം പിതാവായ മമ്മൂട്ടിയ്ക്ക് അറിയില്ലായിരുന്നുവെന്നും ദുൽഖർ കൂട്ടിച്ചേർത്തു.
“എനിക്ക് 9 വയസ്സും സഹോദരിയ്ക്ക് 11 വയസ്സുമായിരുന്നു പ്രായം. ഞങ്ങൾക്ക് വളരെ പ്രായമുള്ളൊരു ഡ്രൈവർ ഉണ്ടായിരുന്നു. വളരെ സ്വീറ്റായിരുന്നു അദ്ദേഹം. ഞങ്ങൾ അദ്ദേഹത്തോട് 'ദയവായി ഞങ്ങളെ പഠിപ്പിക്കൂ' എന്ന് യാചിച്ചുകൊണ്ടിരുന്നു. ഞങ്ങൾക്ക് അന്നൊരു മാരുതി 800 ഉണ്ടായിരുന്നു. അദ്ദേഹം ഞങ്ങൾക്ക് ക്ലച്ച്, ഗിയർ, ബ്രേക്ക് പോലുള്ള കാര്യങ്ങളൊക്കെ മനസ്സിലാക്കി തന്നു,” ദുൽഖർ പറഞ്ഞു.
ഡ്രൈവിംഗ് പഠിച്ചതിൽ പിന്നെ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കാനുള്ള എല്ലാ അവസരങ്ങളിലും താൻ ചാടി വീഴുമായിരുന്നുവെന്നും ദുൽഖർ പറഞ്ഞു. “ഡ്രൈവിംഗ് സീറ്റിൽ ഇരിക്കാനുള്ള ഒരു അവസരം കണ്ടാൽ ഞാൻ ചാടി വീഴും. അത് വീട്ടിൽ കാർ പാർക്ക് ചെയ്യുന്ന കാര്യത്തിലോ റിവേഴ്സ് എടുക്കുന്ന കാര്യത്തിലോ ആണെങ്കിൽ പോലും. കാറിൽ ചാടി കയറി ഡ്രൈവ് ചെയ്യാൻ ഞാൻ എന്തെങ്കിലും ഒഴിവുകഴിവ് കണ്ടെത്തും. ഞാൻ ഇത് ചെയ്തതായി എന്റെ പിതാവിന് അറിയില്ലായിരുന്നു."
ഒടുവിൽ ഇതിനെ കുറിച്ച് മമ്മൂട്ടി അറിഞ്ഞപ്പോഴും വളരെ കൂളായിട്ടാണ് നേരിട്ടത് എന്നാണ് ദുൽഖർ പറയുന്നത്, "അദ്ദേഹം ഇതിനെ കുറിച്ച് അറിഞ്ഞപ്പോൾ യഥാർത്ഥത്തിൽ വളരെ ശാന്തനായിരുന്നു. ഞങ്ങൾ ഒരു ക്ലോസ്ഡ് പ്രോപ്പർട്ടിയിൽ ആയിരിക്കുമ്പോൾ അദ്ദേഹം തന്റെ സുഹൃത്തുക്കളെ ഇതു കാണിക്കും. കാർ എടുക്കൂ എന്ന രീതിയിലാവും അത്. എന്ത്, അവന് കാർ ഓടിക്കാനറിയുമോ എന്ന് അവർ അത്ഭുതപ്പെടുമ്പോൾ , അതെ, അവന് അതറിയാം എന്ന മട്ടിൽ അദ്ദേഹമതിനെ നേരിടും."
കാറുകളോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് പലപ്പോഴും ദുൽഖർ മനസ്സു തുറന്നിട്ടുണ്ട്. വലിയൊരു കാർ ശേഖരവും ദുൽഖറിനുണ്ട്. എന്നാൽ തന്റെ ഉടമസ്ഥതയിലുള്ള കാറുകളുടെ കൃത്യമായ എണ്ണം താരം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. തന്റെ ഉടമസ്ഥതയിലുള്ള കാറുകളുടെ എണ്ണത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ടോപ്പ് ഗിയർ ഇന്ത്യയോട് ദുൽഖർ പറഞ്ഞത്, “ഇത് എന്നെ കുഴപ്പത്തിലാക്കിയേക്കാം,” എന്നാണ്. “എന്റെ കയ്യിൽ ധാരാളം യൂസ്ഡ് കാറുകൾ ഉണ്ട്, ഞാൻ കാറുകൾ റീസ്റ്റോർ ചെയ്യുകയും ചെയ്യുന്നു.”
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.