തന്റെ പ്രിയപ്പെട്ട ബെൻസ് കാർ പരിചയപ്പെടുത്തിക്കൊണ്ടു നടൻ ദുൽഖർ സൽമാൻ സോഷ്യൽ മീഡിയയിൽ പങ്കു വച്ച വീഡിയോ ആണ് ഇപ്പോൾ ആരാധകർ ആഘോഷമാക്കുന്നത്. തന്റെ കാർ ശേഖരം പരിചയപ്പെടുത്തുന്ന രണ്ടാമത്തെ വീഡിയോയിലാണ് ദുൽഖർ തന്റെ മെഴ്‌സിഡീസ് ബെൻസ് പരിചയപ്പെടുത്തിയത്. മെഴ്‌സിഡീസ് ബെൻസ് എസ് എൽ എസ് എ എം ജി എന്ന കാർ ആണിത്. കാറിന്റ പ്രത്യേകതകളെ കുറിച്ച് വിവരിക്കുന്ന ഏറെ ഹാഷ് ടാഗുകളും ദുൽഖർ ഇൻസ്റ്റഗ്രാം വീഡിയോയ്ക്ക് ഒപ്പം ഷെയർ ചെയ്തിട്ടുണ്ട്.
ജർമ്മൻ വാഹന നിർമ്മാതാക്കളായ മെഴ്‌സിഡസ്-ബെൻസിന്റെ മെഴ്‌സിഡസ്-എഎംജി ഡിവിഷൻ, ഡേവിഡ് കോൾത്താർഡിന്റെ സഹായത്തോടെ വികസിപ്പിച്ചെടുത്ത ഫ്രണ്ട് മിഡ് എഞ്ചിൻ, 2-സീറ്റർ, ലിമിറ്റഡ് പ്രൊഡക്ഷൻ കാറാണ് മെഴ്‌സിഡസ്-ബെൻസ് SLS AMG (C197 / R197). “ഇത് ഫെരാരി 458 നേക്കാൾ ശക്തമാണ്, ലംബോർഗിനിയേക്കാൾ ലൗഡാണ്. ചിന്തിക്കുന്ന മനുഷ്യന്റെ സൂപ്പർകാർ ഇതാണ്,” എന്നാണ് ജെറമി ക്ലാർക്‌സൺ SLS AMG-യെ വിശേഷിപ്പിച്ചത്. ഇപ്പോൾ നിർമ്മിതിയിൽ ഇല്ലാത്ത ഈ കാറിന്റെ വില ഏകദേശം രണ്ടര കോടിയിലേറെ വരും എന്നാണു കാർ വാലെ എന്ന ഓട്ടോ വെബ്സൈറ്റ് പറയുന്നത്.
കഴിഞ്ഞ ദിവസം, തന്റെ കളക്ഷനിലുള്ള 2002 ഇറങ്ങിയ ബി.എം.ഡബ്ല്യു എം 3 എന്ന കാറിനെയും ദുല്‍ഖര്‍ പരിചയപ്പെടുത്തിയിരുന്നു.
‘ എന്റെ ഗാരേജില്‍ ഏറ്റവും പ്രിയപ്പെട്ട കാറാണിത്. ഇതു സംബന്ധിച്ചു ഒരുപ്പാടു ഓര്‍മ്മകള്‍ എനിക്കുണ്ട്. അതിലൊന്ന് ഈ കാര്‍ ആരോ മോഷ്ടിക്കുന്നതു സ്വപ്‌നം കണ്ടു ഞെട്ടി ഉണര്‍ന്നതാണ്’ ദുല്‍ഖര്‍ പറഞ്ഞു. ഒരുപ്പാടു നാളായി ഇത്തരം ഒരു വീഡിയോ ചെയ്യണമെന്നു വിചാരിക്കുന്നുവെന്നും ഇപ്പോഴാണ് അതിനുളള കൃത്യമായ സമയമെന്നു ദുല്‍ഖര്‍ പറയുന്നു. ഇനിയും ഇങ്ങനെയുളള വീഡിയോ പ്രതീക്ഷിക്കുന്നു എന്നാണ് ആരാധകരുടെ വാക്കുകള്‍.
തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറെ ആരാധകരുളള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. താര-പുത്ര പദവിയോടെയാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ ദുല്‍ഖറിനു കഴിഞ്ഞു.ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രങ്ങളായ സീതാരാമം,ചുപ് എന്നിവ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി കഴിഞ്ഞു.
ആർ ബൽകി സംവിധാനം ചെയ്ത ‘ചുപ്’ ഒരു ത്രില്ലർ ചിത്രമാണ്. ദുൽഖറിനൊപ്പം സണ്ണി ഡിയോൾ, പൂജ ഭട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഒരു സൈക്കോ കഥാപാത്രത്തെയാണ് ചിത്രത്തിൽ ദുൽഖർ അവതരിപ്പിച്ചത്.ദുൽഖറിന്റെ അഭിനയം ദേശീയതലത്തിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.