/indian-express-malayalam/media/media_files/uploads/2021/02/drishyam-2-judge-Adam-Ayub.jpg)
Drishyam 2: 'ദൃശ്യം 2' എന്ന ചിത്രവുമായി ബന്ധപ്പെട്ട ചർച്ചകളും പ്രതികരണങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചയാവുമ്പോൾ ചിത്രത്തിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കളും ശ്രദ്ധ നേടുകയാണ്. ചിത്രത്തിന്റെ ക്ലൈമാക്സിൽ ജഡ്ജിയായി പ്രത്യക്ഷപ്പെടുന്ന നടനെ കുറിച്ചുള്ള ചില കൗതുകകരമായ വിശേഷങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്.
ചലച്ചിത്ര നിര്‍മ്മാതാവും തിരക്കഥാകൃത്തും അഭിനേതാവുമായ ആദം അയൂബ് ആണ് ചിത്രത്തിൽ ജഡ്ജിയായി എത്തുന്നത്. നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ആദം അയൂബ് അടയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ രജനികാന്തിന്റെയും ശ്രീനിവാസന്റെയും ക്ലാസ്മേറ്റ് ആയിരുന്നുവെന്നാണ് സോഷ്യൽ മീഡിയയുടെ പുതിയ കണ്ടെത്തൽ.
എ വിന്‍സന്റ്, പി എ ബക്കര്‍ തുടങ്ങിയവരുടെ സഹസംവിധായകനായും ആദം അയൂബ് പ്രവർത്തിച്ചിട്ടുണ്ട്. മനോജ് കെ ജയൻ ആദ്യമായി സ്ക്രീനിലെത്തിയ 'കുമിളകള്‍' എന്ന സീരിയൽ സംവിധാനം ചെയ്തതും ആദം അയൂബ് ആയിരുന്നു. നിരവധി സീരിയലുകളും ആദം അയൂബ് സംവിധാനം ചെയ്തിട്ടുണ്ട്. 'പിക് പോക്കറ്റ്' എന്ന ചിത്രത്തിന്റെ നിർമാതാവ് കൂടിയാണ് അദ്ദേഹം. ദൃശ്യം 2, പ്രിയമുള്ള സോഫിയ, വിസ, ചാരം തുടങ്ങി പത്തോളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
'ദൃശ്യ'ത്തിലെ ജഡ്ജി മാത്രമല്ല വക്കീലും ശ്രദ്ധ നേടി കഴിഞ്ഞു. സ്ക്രീനിൽ മാത്രമല്ല, ജീവിതത്തിലും വക്കാലാണ് അഡ്വക്കറ്റ് ശാന്തി മായാദേവി. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ ശാന്തി ഹൈക്കോടതിയിൽ പ്രാക്റ്റീസ് ചെയ്യുകയാണ്.
തിരുവനന്തപുരം എംജി കോളേജിൽ നിന്നും ലിറ്ററേച്ചറിൽ ബിരുദം സ്വന്തമാക്കിയ ശാന്തി പേരൂർക്കട ലോ അക്കാദമിയിൽ എൽഎൽബി പഠനം പൂർത്തിയാക്കിയത്. 'ഏഷ്യൻ സ്‌കൂൾ ഓഫ് സെെബർ ലോ'യിൽ നിന്ന് ഡിപ്ലോമ നേടി. 2011 ലാണ് ശാന്തി അഭിഭാഷകയായി എൻറോൾ ചെയ്തത്. അതിനുശേഷം തിരുവനന്തപുരം വഞ്ചിയൂർ ജില്ലാ കോടതിയിൽ പ്രാക്ടീസ് ചെയ്തു. 2014 ലാണ് ഹെെക്കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.