Latest News

Drishyam 2: ‘ഭയങ്കരമായൊരു സീനായിരുന്നു അത്, വക്കീലിന്റെ കിളി പോകണം’; ജോർജ് കുട്ടിയുടെ അഭിഭാഷക സംസാരിക്കുന്നു

Drishyam-2: “ജോർജ്ജുക്കുട്ടിയുടെ കേസ് ഇനി എവിടെ വരെ വാദിക്കേണ്ടി വന്നാലും ഞാൻ അഭിമാനത്തോടെ ഏറ്റെടുക്കും. കാരണം, ഇത്ര ബോധവും കാര്യങ്ങൾ വ്യക്തമായി അറിയുകയും ചെയ്യുന്ന ഒരു ക്ലയ്‌ന്റ് അല്ലേ,” ശാന്തി പറഞ്ഞു

Drishyam 2: ‘വളരെ നിഗൂഢമായ ഒരു കേസുണ്ട്, വാദിക്കാമോ ?’ എന്നാണ് ഹൈക്കോടതി അഭിഭാഷക ശാന്തി മായാദേവിയോട് ഫോൺ എടുത്തയുടനെ ചോദിച്ചത്. എന്നാൽ, മറുപടി ഗൗരവ സ്വരത്തിലായിരുന്നു; ‘അതിനേക്കാൾ നിഗൂഢമായ കേസിനെ കുറിച്ച് പഠിക്കുകയാണ് ഞാനിവിടെ,’ മലയാളികളെ ഒന്നടങ്കം മുൾമുനയിൽ നിർത്തിയ വരുൺ കൊലപാതക കേസിൽ സാക്ഷാൽ ജോർജ് കുട്ടിക്ക് വേണ്ടി കോടതിയിൽ വാദിച്ച അതേ ആത്മവിശ്വാസമാണ് ശാന്തി മായാദേവിയുടെ സ്വരത്തിൽ. ജോർജ് കുട്ടിയെ പോലൊരു മാസ്റ്റർ ബ്രെയിൻ ഉള്ളപ്പോൾ വക്കീലിന്റെ പണിയും കുറയുമെന്ന് ശാന്തി മായാദേവി ചിരിച്ചുകൊണ്ട് പറയുന്നു.

Read more: Drishyam 2: ദൃശ്യത്തിലെ ജഡ്ജി, രജനീകാന്തിന്റെ സഹപാഠി; ആദം അയൂബിന്റെ വിശേഷങ്ങൾ

ശാന്തി മായാദേവി

ജീത്തു ജോസഫ് സംവിധാനം ചെയ്‌ത ‘ദൃശ്യം-2’ മികച്ച പ്രേക്ഷക പിന്തുണയോടെ മുന്നേറുകയാണ്. മലയാളത്തിലെ ആദ്യ സൂപ്പർതാര ഒടിടി റിലീസിന് രാജ്യത്തിനു പുറത്തും വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. സിനിമ കണ്ട എല്ലാവരും ജോർജ് കുട്ടിക്ക് വേണ്ടി തൊടുപുഴ സെഷൻസ് കോടതിയിൽ ഹാജരായ അഭിഭാഷകയെ തിരക്കുകയാണ്. സിനിമയിലെ അഭിനയത്തിനു മികച്ച പ്രശംസ ലഭിക്കുമ്പോഴും ഈ വക്കീൽ അൽപ്പം ബിസിയാണ്. ജോർജ് കുട്ടിയെ പോലെ നിരവധി ക്ലയന്റുകളാണ് ഈ വക്കീലിനെ കാത്തിരിക്കുന്നത്. അവരുടെ കേസുകളെ കുറിച്ചെല്ലാം പഠിക്കുന്നതിനിടയിലാണ് സിനിമയിലെ അഭിനയം നന്നായിട്ടുണ്ടെന്ന് പറഞ്ഞ് അടുപ്പമുള്ളവരും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം അഡ്വ.ശാന്തിയെ വിളിക്കുന്നത്. അതിനിടയിൽ തന്റെ സിനിമാ ജീവിതത്തെ കുറിച്ചും അഭിഭാഷകവൃത്തിയെ കുറിച്ചും അതിനേക്കാളുപരി ദൃശ്യം-2 ലെ പ്രിയപ്പെട്ട കഥാപാത്രത്തെ കുറിച്ചും ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് സംസാരിക്കുകയാണ് ശാന്തി മായാദേവി.

സ്വപ്‌നത്തിൽ പോലും പ്രതീക്ഷിക്കാത്ത കഥാപാത്രം

രമേഷ് പിഷാരടി സംവിധാനം ചെയ്‌ത മമ്മൂട്ടി ചിത്രം ഗാനഗന്ധർവനിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചാണ് ശാന്തി സിനിമാരംഗത്ത് കാലുറപ്പിക്കുന്നത്. ഗാനഗന്ധർവനിൽ മമ്മൂട്ടിയെ രക്ഷിക്കാനെത്തിയ വക്കീൽ ഇത്തവണ ദൃശ്യം-2 വിൽ മോഹൻലാലിനെ രക്ഷിക്കാനുമെത്തി. ഗാനഗന്ധർവനിലെ മമ്മൂട്ടിയുടെ അഭിഭാഷകയുടെ വേഷത്തിനു പിന്നാലെ ദൃശ്യം-2 വിൽ മോഹൻലാലിന്റെ അഭിഭാഷകയാകാൻ കൂടി അവസരം ലഭിച്ചത് വലിയ അനുഗ്രഹമായാണ് ശാന്തി കാണുന്നത്. ‘വക്കീലായെത്തി ആദ്യം മമ്മൂക്കയെ രക്ഷിച്ചു. ദേ, ഇപ്പോ ലാലേട്ടനെയും രക്ഷിച്ചു. സംഭവം സൂപ്പറായിട്ടുണ്ട് വക്കീലേ..,’ എന്നാണ് പലരും ഫോണിൽ വിളിച്ച് തന്നെ അഭിനന്ദിക്കുന്നതെന്നും ഇതെല്ലാം ഒരു നിമിത്തമായാണ് താൻ കാണുന്നതെന്നും ശാന്തി  പറഞ്ഞു.

ഗാനഗന്ധർവനിൽ മമ്മൂട്ടിക്കൊപ്പം

ജീത്തു ജോസഫിന്റെ അപ്രതീക്ഷിത കോൾ

“ഗാനഗന്ധർവന് ശേഷം ജീത്തു ജോസഫ്-മോഹൻലാൽ ചിത്രം ‘റാമി’ൽ അഭിനയിച്ചു. ഒരൊറ്റ സീൻ മാത്രമാണ് അതിൽ ഉണ്ടായിരുന്നത്. അത് ലാലേട്ടനൊപ്പമായിരുന്നു. ഒരു സീൻ ആണെങ്കിൽ പോലും അഭിനയിക്കാൻ തീരുമാനിച്ചത് അത് ലാലേട്ടന്റെ ഒപ്പമുള്ള സീൻ ആയതുകൊണ്ടാണ്. പിന്നീടാണ് ജീത്തു ജോസഫും അദ്ദേഹത്തിന്റെ കുടുംബവുമായി അടുക്കുന്നത്. ഞാൻ വക്കീലാണെന്ന് ജീത്തു അപ്പോഴാണ് അറിയുന്നത്. പിന്നീട്, ദൃശ്യത്തിന്റെ സ്‌ക്രിപ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ ഞങ്ങൾ ചർച്ച ചെയ്‌തിട്ടുണ്ട്. ദൃശ്യം-2 ൽ ഇങ്ങനെയൊരു കോടതി രംഗമുണ്ടെന്ന് മാത്രം അറിയാമായിരുന്നു. അപ്പോഴും ഞാനാണ് ആ കഥാപാത്രം ചെയ്യേണ്ടതെന്ന് തീരുമാനിച്ചിട്ടില്ല. പെട്ടന്നൊരു ദിവസം ജീത്തു ജോസഫ് എന്നെ ഫോണിൽ വിളിച്ച് ജോർജ് കുട്ടിയുടെ വക്കീൽ വേഷം ചെയ്യണമെന്ന് പറഞ്ഞു. അതുകേട്ടതും ഞാനാകെ ഞെട്ടി,” ശാന്തി പറഞ്ഞു.

‘വാ ഇത്രയും പൊളിക്കണോ എന്ന് ഞാൻ ജീത്തുവിനോട് ചോദിച്ചു’

ദൃശ്യം-2 ലെ ഏറ്റവും ഉദ്വേഗജനകമായ രംഗങ്ങളാണ് കോടതിയിൽ അരങ്ങേറുന്നത്. സിനിമ കണ്ടവർക്ക് അത് മനസിലാകും. കോടതി സീനുകൾക്കിടയിൽ ജോർജ്ജുകുട്ടിയുടെ വക്കീൽ ഞെട്ടൽ രേഖപ്പെടുത്തുന്ന ഒരു രംഗമുണ്ട്. സിനിമ കണ്ടുകൊണ്ടിരിക്കുന്നവരെ പോലും അങ്ങനെ വാ തുറന്നു നിൽക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലാണ് ആ രംഗം ശാന്തി അഭിനയിച്ചിരിക്കുന്നത്. എന്നാൽ, ആ ഭാഗം ഒരു ടേക്ക് കൂടി ആയാലോ എന്ന് താൻ ജീത്തു ജോസഫിനോട് ആവശ്യപ്പെട്ടതായി ശാന്തി പറയുന്നു.

കോടതി സീനിൽ മോഹൻലാലിനൊപ്പം ശാന്തി

Read Also: Drishyam 2 Review: അന്വേഷണങ്ങളുടെ ദൃശ്യ ഭൂപടങ്ങള്‍: ‘ദൃശ്യം 2’ റിവ്യൂ

“ഭയങ്കരമായൊരു സീനായിരുന്നു അത്. സിനിമയിലെ മികച്ചൊരു ട്വിസ്റ്റ്. ആ റിയാക്ഷനിൽ നിന്നാണ് പിന്നീട് ജോർജ് കുട്ടിയിലേക്ക് നീങ്ങുന്നത്. ആ റിയാക്ഷനിൽ പ്രേക്ഷകരുടെ വായും തുറക്കണം. ഈ ട്വിസ്റ്റ് അറിയുമ്പോൾ അമ്പരന്ന് ജോർജ് കുട്ടിയെ നോക്കുകയാണ് വേണ്ടതെന്ന് ജീത്തു ജോസഫ് പറഞ്ഞിരുന്നു. ജോർജ് കുട്ടിയെ അമ്പരന്ന് നോക്കുന്നു എന്നാണ് ജീത്തു പറഞ്ഞത്. ആ സീൻ ആദ്യം ചെയ്‌തപ്പോൾ വൃത്തിയുള്ള അമ്പരപ്പായിരുന്നു മുഖത്ത് വന്നത് (ശാന്തി ചിരിക്കുന്നു). എന്നാൽ, ചില സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടായതിനാൽ ആ സീൻ വീണ്ടും എടുക്കാമെന്ന് ജീത്തു പറഞ്ഞു. പക്ഷേ, വീണ്ടും എടുത്തപ്പോൾ എന്റെ വാ അൽപ്പം കൂടുതൽ തുറന്നുപോയി. ഇത്രയും വാ പൊളിച്ച് നിൽക്കുന്നത് വേണോ, ഒരു ടേക്ക് കൂടി എടുത്താലോ എന്ന് ഞാൻ ചോദിച്ചു. എന്നാൽ, ആ വാ പൊളിച്ചത് വളരെ നാച്വറലായി വന്നതാണെന്നും അത് മാറ്റേണ്ടതില്ലെന്നും ജീത്തു സർ പറഞ്ഞു. അക്ഷരാർത്ഥത്തിൽ ജോർജ് കുട്ടിയുടെ ഹീറോയിസമാണ് ഇത്. വക്കീലിന്റെ പോലും കിളി പോയി എന്നാണ് ഈ സീൻ കണ്ട് എല്ലാവരുടെയും കമന്റ്.”

ദൃശ്യം-2 ലൊക്കേഷനിൽ മോഹൻലാൽ, ജീത്തു ജോസഫ് എന്നിവർക്കൊപ്പം ശാന്തി

‘ദൃശ്യം-3 വരുമോ ?’ ജോർജ് കുട്ടിയുടെ വക്കീൽ പറയുന്നു

‘ദൃശ്യത്തിനു ഒരു സീക്വൽ കൂടി വരുമോ ?’ ചോദ്യം കേട്ടതും ശാന്തിയൊന്ന് ചിരിച്ചു. ‘വരായ്‌കയില്ലല്ലോ, സിനിമ കണ്ടിറങ്ങുമ്പോൾ ദൃശ്യം-3 വരുമെന്ന് തോന്നുന്നില്ലേ?’ എന്നായിരുന്നു ശാന്തിയുടെ മറുപടി.

‘ഒരു പ്രേക്ഷകയ്‌ക്ക് അപ്പുറം ജോർജ് കുട്ടിയുടെ അഭിഭാഷക എന്ന നിലയിൽ ദൃശ്യം-3 വരുമോ എന്ന് ചോദിച്ചാൽ എന്തായിരിക്കും മറുപടി,’

രണ്ടാമതൊന്ന് ആലോചിക്കാതെ ശാന്തി പറഞ്ഞു, “ഉറപ്പായും! പക്ഷേ, ദൃശ്യം-3 വന്നാൽ ജോർജ് കുട്ടിയുടെ അഭിഭാഷക ഞാൻ തന്നെയാണ്, മാറ്റരുതെന്ന് ജീത്തു സാറിനോട് ഞാൻ തമാശയ്‌ക്കാണേലും പറഞ്ഞിട്ടുണ്ട്,”

“ജോർജ് കുട്ടിയുടെ കേസ് ഇനി എവിടെ വരെ വാദിക്കേണ്ടി വന്നാലും ഞാൻ അഭിമാനത്തോടെ ഏറ്റെടുക്കും. കാരണം, ഇത്ര ബോധവും കാര്യങ്ങൾ വ്യക്തമായി അറിയുകയും ചെയ്യുന്ന ഒരു ക്ലയ‌ന്റാണ് അല്ലേ. വക്കീൽ ജോലിക്കിടയിലും ഇങ്ങനെ പല ക്ലയന്റുകളെയും ഞാൻ കണ്ടിട്ടുണ്ട്. കേസിനെ കുറിച്ച് കൃത്യമായി അറിയുന്ന പല ക്ലയ‌ന്റുകളും ഉണ്ട്. ഇവിടെ ജോർജ് കുട്ടി അതിനേക്കാൾ എല്ലാം എത്രയോ മുകളിലാണ്,” ശാന്തി കൂട്ടിച്ചേർത്തു.

Read Also: Drishyam 2 Review: പഴുതുകൾ അടച്ച് ജോർജുകുട്ടി വീണ്ടും; ‘ദൃശ്യം 2’ റിവ്യൂ

“ലാലേട്ടനൊപ്പമുള്ള ഓരോ മൊമന്റും അവിസ്‌മരണീയമാണ്. അദ്ദേഹത്തിനൊപ്പം അഭിനയിക്കുന്ന ഓരോ സീനും വളരെ അനുഗ്രഹിക്കപ്പെട്ടതായി നമുക്ക് തോന്നും. എല്ലാ സീനുകളും വളരെ പ്രധാനപ്പെട്ടതാണ്. സെറ്റിൽ എല്ലാ വിഷയങ്ങളെ കുറിച്ചും ലാലേട്ടനൊപ്പം സംസാരിക്കും. വക്കീൽ പണിയെ കുറിച്ചും മറ്റെല്ലാ മേഖലകളെ കുറിച്ചും ഞങ്ങൾ സംസാരിച്ചിട്ടുണ്ട്. ലാലേട്ടനൊപ്പം കോടതിയിൽ നിന്ന് ഇറങ്ങിവരുന്ന ഒരു സീനുണ്ട്. അങ്ങനെയൊരു സീൻ എന്റെ ജീവിതത്തിൽ എനിക്കിനി ലഭിക്കുമെന്ന് തോന്നുന്നില്ല. അത്രത്തോളം പ്രിയപ്പെട്ട സീനാണത്. സിനിമയുടെ ടെക്‌നിക്കാലിറ്റിയെ കുറിച്ചെല്ലാം അദ്ദേഹം പറഞ്ഞുതരും,”

വക്കീൽ പണിയും സിനിമയും

അഭിഭാഷകവൃത്തിയും സിനിമയും എങ്ങനെ ഒരുമിച്ച് കൊണ്ടുപോകുമെന്ന ചില്ലറ ടെൻഷനിലാണ് ശാന്തി ഇപ്പോൾ. ദൃശ്യം-2 പുറത്തിറങ്ങി ഒരു ദിവസം കഴിഞ്ഞപ്പോൾ നിരവധി കോളുകളാണ് തന്റെ ഫോണിലേക്ക് വരുന്നതെന്ന് ശാന്തി പറയുന്നു. “ഇന്നത്തെ ദിവസം എനിക്ക് നല്ല ബുദ്ധിമുട്ടുണ്ട്. ഞാൻ നേരത്തെ തന്നെ ഷെഡ്യൂൾ ചെയ്‌ത നിരവധി ക്ലയ‌ന്റ് കോൺഫറൻസുകളുണ്ട്. അതിനിടയിലാണ് ഈ ഫോൺ കോളുകളെല്ലാം വരുന്നത്. അറിയുന്നവരാണ് വിളിക്കുന്നത്. സിനിമയെ കുറിച്ച് അഭിപ്രായം പറയാനും അനുമോദിക്കാനുമാണ് എല്ലാവരും വിളിക്കുന്നത്. ജോലിത്തിരക്കിനിടയിൽ അതൊരു ബുദ്ധിമുട്ടായി തോന്നുന്നുണ്ട്. ഈ ഒരാഴ്‌ചയേ ഈ തിരക്കൊക്കെ കാണൂ. പിന്നെ, ബാക്കിയെല്ലാം സാധാരണ നിലയിൽ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞാൻ നേരത്തെ പറഞ്ഞല്ലോ, നിമിത്തങ്ങളിൽ വിശ്വസിക്കുന്ന ആളാണ് ഞാൻ,”

Read Also: ‘ദൃശ്യം 2’ ചോർന്നു; പ്രതികരണവുമായി ജീത്തു ജോസഫ്; Drishyam 2 Full Movie leaked on Tamilrockers and Telegram

വ്യക്തിജീവിതം

തിരുവനന്തപുരം നെടുമങ്ങാടാണ് ശാന്തി ജനിച്ചത്. 2014 ൽ വിവാഹിതയായി. ഭർത്താവ് ഷിജു രാജശേഖർ, നാലര വയസുള്ള മകൾ ആരാധ്യ റെഷിക പൗർണമി. കുടുംബവുമൊത്ത് എറണാകുളം എളമക്കരയിലാണ് ഇപ്പോൾ താമസം. എൽപിഎസ് നെടുമങ്ങാട്, ജിജിഎച്ച്‌എസ്എസ് നെടുമങ്ങാട് എന്നിവിടങ്ങിലെ പഠനത്തിനു ശേഷം തിരുവനന്തപുരം എംജി കോളേജിൽ ലിറ്ററേച്ചറിൽ ബിരുദം സ്വന്തമാക്കി. അതിനുശേഷം പേരൂർക്കട ലോ അക്കാദമിയിൽ എൽഎൽബി പൂർത്തിയാക്കി. ‘ഏഷ്യൻ സ്‌കൂൾ ഓഫ് സെെബർ ലോ’യിൽ നിന്ന് ഡിപ്ലോമ നേടി. 2011 ലാണ് അഭിഭാഷകയായി എൻറോൾ ചെയ്തത്. അതിനുശേഷം തിരുവനന്തപുരം വഞ്ചിയൂർ ജില്ലാ കോടതിയിൽ പ്രാക്ടീസ് ചെയ്തു. വല്യച്ഛൻ അഡ്വ.കെ.സതീഷ് കുമാറിനൊപ്പമാണ് പ്രാക്ടീസ് ചെയ്തതെന്നും തന്റെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയാണ് അദ്ദേഹമെന്നും ശാന്തി പറഞ്ഞു. 2014 ൽ ഹെെക്കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Drishyam 2 mohanlal santhi mayadevi interview

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express