/indian-express-malayalam/media/media_files/uploads/2023/06/Dileep.jpeg)
പഴംപൊരി - ബിഫ് കോബിനേഷനെ കുറിച്ച് ദിലീപ്,Photo: Entertainment Desk/ IE Malayalam
ഭക്ഷണ വിഭവങ്ങളിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു കോബിനേഷനാണ് പഴംപൊരിയും ബീഫും. ഇതെന്തൊരു കോബിനേഷൻ എന്ന് ആദ്യ കാലങ്ങളിൽ പലർക്കും തോന്നിയെങ്കിലും പിന്നീട് ഏറെ ഡിമാൻഡുള്ളൊരു വിഭവമായി ഇതു മാറുകയായിരുന്നു. ചെറിയ തട്ടുകട മുതൽ വിശാലമായ ന്യൂ ജെൻ കഫേകളിൽ വരെ ഇന്നിത് സുലഭമാണ്. തന്റെ ജീവിതത്തിലേക്ക് ഈ ഹിറ്റ് കോബിനേഷൻ കടന്നു വന്ന കഥ പറയുകയാണ് നടൻ ദിലീപ്.
കോളേജ് കാലഘട്ടത്തിൽ മിമിക്രി പരിപാടികൾക്ക് പോകുന്ന സമയത്താണ് രുചിയേറിയ ഈ കൂട്ടുകെട്ട് ദിലീപ് കണ്ടെത്തുന്നത്. ദേ പുട്ട് ദുബായ് എന്ന യൂട്യൂബ് ചാനലിലെത്തിയ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ദിലീപിന്റെ തന്നെ ഉമസ്ഥതയിലുള്ള ഭക്ഷണശാലയാണ് ദേ പുട്ട്. സ്ഥാപനത്തിന്റെ ദുബായ് കേന്ദ്രത്തിൽ ദിലീപും കുടുംബവുമെത്തിയപ്പോൾ പകർത്തിയ വീഡിയോയാണെന്നാണ് വ്യക്തമാകുന്നത്.
"ഞാനാണ് ഈ കോബിനേഷൻ കണ്ടുപിടിച്ചതെന്ന് അവകാശപ്പെടുന്നില്ല. എനിക്ക് തോന്നുന്നു ഒരു 87-90 കാലഘട്ടത്തിൽ ഞാൻ മഹാരാജാസ് കോളേജിൽ പഠിക്കുന്ന സമയം. അന്ന് ആഴ്ച്ചയിൽ മിമിക്രി പ്രോഗ്രാമുകൾക്കായി പോകുമായിരുന്നു. തിരുവനന്തപുരം ഭാഗത്തേയ്ക്ക് പ്രൊഗ്രാമുണ്ടെങ്കിൽ ആലപ്പുഴയിൽ ഞങ്ങൾ സ്ഥിരമായി കയറുന്ന ഒരു കടയുണ്ട്. അവിടെ കയറി ചായ കുടിച്ചിട്ട് പോകുന്നതാണ് പതിവ്. ഞാൻ അന്ന് പഴംപൊരിയും ചായയുമാണ് പറഞ്ഞത്. വേറെ ആളുകൾ പൊറോട്ടയും ബീഫ് റോസ്റ്റുമെല്ലാം പറഞ്ഞിരുന്നു. ഇതെല്ലാം ഒരുമിച്ചാണ് കൊണ്ടുവന്ന് വച്ചത്. പഴംപൊരി എടുത്തപ്പോൾ ബീഫ് റോസ്റ്റിലേക്ക് അറിയാതെ വീണുപോയി. അതെടുത്ത് കഴിച്ച് കഴിഞ്ഞപ്പോൾ എന്തോ ഒരു നല്ല ടേസ്റ്റ്. അപ്പോൾ തന്നെ ഞാൻ ബീഫ് റോസ്റ്റിൽ ഒന്നു കൂടി ചേർത്ത് കഴിച്ച് നോക്കി. നല്ല രുചി തോന്നിയപ്പോൾ മറ്റുള്ളവരോടും പറഞ്ഞു"
താൻ ആദ്യം ഈ കോബിനേഷനെ കുറിച്ച് പറഞ്ഞപ്പോൾ കൂട്ടുകാർ കളിയാക്കിയെന്നും പിന്നീട് എല്ലാവർക്കും ഇഷ്ടമായെന്നും ദിലീപ് പറയുന്നു. അതിനു ശേഷം ആ ഹോട്ടലിൽ ചെന്ന് സ്ഥിരമായി താരം പഴംപൊരിയും ബീഫ് റോസ്റ്റും ഓർഡർ ചെയ്യാൻ തുടങ്ങി. ഒടുവിൽ ആ ഹോട്ടലിൽ ഇന്ന് പഴംപൊരിയും ബീഫ് റോസ്റ്റെന്നുമുള്ള ഒരു മെനു തന്നെ ഉണ്ടെന്നാണ് തന്റെ ഓർമയെന്നും താരം കൂട്ടിച്ചേർത്തു.
റാഫിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന 'വോയിസ് ഓഫ് സത്യനാഥൻ' ആണ് ദിലീപിന്റെ പുതിയ ചിത്രം. ജോജു, രമേഷ് പിഷാരടി, വീണ നന്ദകുമാർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.