/indian-express-malayalam/media/member_avatars/N5ZjXXWsNcIdzMM523Jm.jpg )
/indian-express-malayalam/media/media_files/2025/10/30/dies-irae-movie-review-2025-10-30-15-35-37.jpg)
Dies Irae Movie Review & Rating
Dies Irae Movie Review & Rating: ഹൊറർ ഴോണറിൽ കയ്യടക്കത്തോടെ സിനിമകൾ ഒരുക്കുന്ന സംവിധായകനാണ് രാഹുൽ സദാശിവൻ. 'ഭൂതകാലം', 'ഭ്രമയുഗം' എന്നീ ചിത്രങ്ങളിലൂടെ ആ ഴോണറിലുള്ള തന്റെ മികവ് രാഹുൽ ഇതിനകം തെളിയിച്ചുകഴിഞ്ഞതാണ്.
പുതിയ ചിത്രം 'ഡീയസ് ഈറേ' യിലേക്ക് എത്തുമ്പോൾ, ഹൊറർ സിനിമകൾ തന്റെ ഫോർട്ട് ആണെന്ന് ഒന്നുകൂടി അടിവരയിടുകയാണ് സംവിധായകൻ. ഭയത്തിന്റെ തീവ്രത ഏതൊക്കെ മീറ്ററിൽ ആവിഷ്കരിക്കാം എന്ന വിഷയത്തിൽ സംവിധായകൻ ഗവേഷണം നടത്തുകയാണോ എന്ന് പ്രേക്ഷകനും ഒരുവേള സംശയം തോന്നിയേക്കാം.
ഡീയസ് ഈറേയുടെ കഥ ആരംഭിക്കുന്നത് ആർക്കിടെക്റ്റായ റോഹനിൽ (പ്രണവ്) നിന്നാണ്. സുഹൃത്തുക്കളും പാർട്ടികളുമൊക്കെയായി ജീവിതം ആഘോഷിക്കുന്ന ചെറുപ്പക്കാരനാണ് റോഹൻ. ഒരു ദിവസം, തന്റെ എക്സ് ഗേൾ ഫ്രണ്ട് ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടെന്ന് റോഹൻ അറിയുന്നു. അവിടുന്നങ്ങോട്ട് റോഹൻ കടന്നുപോവുന്ന വിചിത്രവും ദുരൂഹവുമായ അനുഭവങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.
ചിത്രത്തിന്റെ പ്രധാന യു.എസ്.പി.കളിൽ ഒന്ന് പ്രണവിന്റെ പെർഫോമൻസ് തന്നെയാണ്. ഓരോ ചിത്രങ്ങൾ കഴിയുന്തോറും പ്രണവിലെ നടൻ കൂടുതൽ മെച്ചപ്പെടുകയാണ്. റോഹൻ എന്ന സങ്കീർണ്ണമായ കഥാപാത്രത്തെ പ്രണവ് വളരെ അനായാസമായാണ് അവതരിപ്പിച്ചത്. കഥാപാത്രത്തിന്റെ സൂക്ഷ്മമായ ഭാവങ്ങളിലും മാനസികാവസ്ഥകളിലും പ്രണവ് ചെലുത്തിയ ശ്രദ്ധ അഭിനന്ദനാർഹമാണ്.
ജിബിൻ ഗോപിനാഥ്, അരുൺ അജികുമാർ, ജയകുറുപ്പ്, മനോഹരി ജോയ്, നിധിന്യ എന്നിവരും തങ്ങൾക്ക് ലഭിച്ച റോളുകൾ അതിഗംഭീരമാക്കി. കഥയുടെ ഭീതിയും അന്തരീക്ഷവും നിലനിർത്തുന്നതിൽ ഇവരുടെ പ്രകടനങ്ങൾ നിർണ്ണായകമാണ്.
വിരലിലെണ്ണാവുന്ന കഥാപാത്രങ്ങളും മിനിമം സംഭാഷണങ്ങളും മാത്രമേ ചിത്രത്തിലുള്ളൂ. എന്നാൽ, ഭീതിയുടെയും ആകാംക്ഷയുടെയും അന്തരീക്ഷം സൃഷ്ടിക്കാൻ അധികം സംഭാഷണങ്ങളുടെയൊന്നും ആവശ്യമില്ലെന്ന് രാഹുൽ തെളിയിക്കുന്നു. 'ഹോണ്ടിംഗ്' ഫീൽ വരുത്താൻ വീടുകളെ സംവിധായകൻ ഉപയോഗപ്പെടുത്തിയ രീതിയും ശ്രദ്ധേയമാണ്. പേടിപ്പിക്കാനായി പ്രത്യേകിച്ച് ഗിമ്മിക്കുകളൊന്നും ഇവിടെ ആവശ്യമായി വരുന്നില്ല. പ്ലോട്ടും, ലൊക്കേഷനും, ക്യാമറ മൂവ്‌മെന്റുകളും, സൗണ്ട് ഡിപ്പാർട്ട്‌മെന്റും മാത്രം മതി അതിനെന്ന് രാഹുൽ തെളിയിക്കുകയാണ്.
കഥാപരമായി ചിത്രം ഇടവേളയ്ക്കു ശേഷം അൽപ്പമൊന്നു ഫ്ളാറ്റാവുന്നുണ്ട്. എന്നാൽ സാങ്കേതിക മികവും മേക്കിംഗും പ്രണവിന്റെ പെർഫോമൻസുമെല്ലാം ആ ന്യൂനതയെ മറികടക്കുന്നു.
'മിനിമൽ ഹൊറർ' എന്ന ശൈലി എത്രത്തോളം ഭംഗിയായി രാഹുൽ കൈകാര്യം ചെയ്യുന്നു എന്നതിന്റെ കൂടെ ഉദാഹരണമായി 'ഡീയസ് ഈറേ'യെ നോക്കി കാണാം. കുറഞ്ഞ ഘടകങ്ങൾ ഉപയോഗിച്ച് സംയമനത്തോടെയും കയ്യടക്കത്തോടെയും ഭയം എങ്ങനെ അവതരിപ്പിക്കാം എന്നതിൻ്റെ ഒരു പാഠപുസ്തകമാണ് ഈ ചിത്രം.
'ഡീയസ് ഈറെ' എന്ന പേരിനോട് ചിത്രം നൂറുശതമാനം നീതി പുലർത്തുന്നുണ്ട്. ആ പേരിനു പിന്നിലെ ചരിത്രവും മിത്തുമെല്ലാം തിരക്കഥാകൃത്ത് കൂടിയായ സംവിധായകൻ ഏറ്റവും വ്യക്തമായി തിരക്കഥയിലേക്ക് സന്നിവേശിപ്പിച്ചു. അന്ത്യവിധി ദിവസത്തെ കുറിച്ചുള്ള ഈ ലാറ്റിൻ ഗീതവും, അതിന്റെ വേട്ടയാടുന്ന ഈണവും സിനിമയിൽ വളരെ സമർത്ഥമായി ഉപയോഗിച്ചിരിക്കുന്നു. ക്രിസ്റ്റോ സേവ്യർ ഒരുക്കിയ പശ്ചാത്തല സംഗീതം പ്രത്യേക കയ്യടി അർഹിക്കുന്നു. ഓരോ സീനിന്റെയും മൂഡ് ഉയർത്തുന്നതിൽ ക്രിസ്റ്റോയുടെ സംഗീതത്തിന് നിർണ്ണായക പങ്കുണ്ട്.
ജയദേവൻ ചക്കാടത്തിന്റെ സൗണ്ട് ഡിസൈൻ ചിത്രത്തിന്റെ ഹൊറർ മൂഡിന് ആക്കം കൂട്ടുന്നു. ഓരോ ശബ്ദവും പ്രേക്ഷകനെ അസ്വസ്ഥമാക്കും വിധം ചിട്ടപ്പെടുത്തിയിരിക്കുന്നു. ഷെഹ്നാദ് ജലാലിന്റെ ക്യാമറ ചലനങ്ങളും ലൈറ്റിംഗും കഥാപാത്രങ്ങളുടെ മാനസികാവസ്ഥയോട് ചേർന്നുനിൽക്കുന്ന ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നത്. ഷഫീഖ് മുഹമ്മദിന്റെ എഡിറ്റിംഗ്, ജ്യോതിഷ് ശങ്കറിന്റെ ആർട്ട് ഡിപ്പാർട്ട്മെന്റ് തുടങ്ങിയ സാങ്കേതിക മേഖലകളും ചിത്രത്തിന് കരുത്തുപകരുന്നു. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 
 
ഹൊറർ ഴോണർ ഇഷ്ടപ്പെടുന്നവരെ 'ഡീയസ് ഈറേ' ഒരു കാരണവശാലും നിരാശപ്പെടുത്തില്ല. ഈ ചിത്രം ഒരു സാധാരണ സിനിമാ കാഴ്ച എന്നതിലുപരി, ഒരു തിയേറ്റർ അനുഭവമാണ് ആവശ്യപ്പെടുന്നത്. അതിനാൽ, മികച്ച സൗണ്ട് സിസ്റ്റമുള്ള തിയേറ്ററുകളിൽ, സാധിക്കുമെങ്കിൽ രാത്രി ഷോകൾ തിരഞ്ഞെടുക്കാൻ ശ്രമിക്കുക.
ഭയത്തിന്റെയും ദുരൂഹതയുടെയും ലോകത്ത് ഏകദേശം രണ്ട് മണിക്കൂറോളം നിങ്ങളെ പിടിച്ചിരുത്താനും, വേറിട്ടതും തീവ്രവുമായ ഒരനുഭവം സമ്മാനിക്കാനും 'ഡീയസ് ഈറേ'യ്ക്ക് സാധിക്കും. രാഹുൽ സദാശിവന്റെ ഈ പുതിയ ചിത്രം ഹൊറർ പ്രേമികൾക്ക് ഒരു വിരുന്നായിരിക്കും എന്നതിൽ സംശയമില്ല.
Also Read: 1.4 ലക്ഷം നേടി അനുമോൾ; ആദിലയും അക്ബറും ഒപ്പത്തിനൊപ്പമെത്തിയില്ല; Bigg Bossmalayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us
 Follow Us