scorecardresearch

ഇപ്പോഴും വീട്ടിൽ തേങ്ങയിടാൻ വരുന്നയാൾ വരെ എന്നെ ഉപദേശിക്കും: ധ്യാൻ ശ്രീനിവാസൻ

ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന 'സത്യം മാത്രമേ ബോധിപ്പിക്കൂ' ജനുവരി 14ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്

ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന 'സത്യം മാത്രമേ ബോധിപ്പിക്കൂ' ജനുവരി 14ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്

author-image
Entertainment Desk
New Update
Dhyan Sreenivasan, Dhyan Sreenivasan fun interview, ധ്യാൻ ശ്രീനിവാസൻ, Sathyam Mathrame Bodhippikku, Sathyam Mathrame Bodhippikku release

മലയാള സിനിമയിലെ യുവതാരങ്ങൾക്കിടയിൽ ഏറെ ശ്രദ്ധ നേടിയ താരസഹോദരന്മാരാണ് വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും. ശ്രീനിവാസന്റെ മക്കൾ എന്ന മേൽവിലാസത്തിൽ നിൽക്കാതെ, ഇരുവരും തങ്ങളുടേതായ തട്ടകങ്ങൾ കണ്ടെത്തി കഴിഞ്ഞു. ഗായകനായി എത്തി, പിന്നീട് നടനും തിരക്കഥാകൃത്തും സംവിധായകനും ഗാനരചയിതാവും നിർമാതാവുമൊക്കെയായി മാറുകയായിരുന്നു വിനീത് ശ്രീനിവാസൻ. അച്ഛനും ചേട്ടനും പിന്നാലെ ധ്യാനും വൈകാതെ സിനിമയിലെത്തി. അഭിനയത്തിനു പുറമെ സംവിധാനത്തിലും നിർമ്മാണരംഗത്തുമെല്ലാം സജീവമാകുന്ന ധ്യാനിനെയാണ് പിന്നീട് പ്രേക്ഷകർ കണ്ടത്.

Advertisment

ഇപ്പോഴിതാ, ധ്യാൻ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. നടനും സംവിധായകനും നിർമ്മാതാവുമൊക്കെയായി ശ്രദ്ധ നേടിയാലും വീട്ടിലെ സെലിബ്രിറ്റികൾക്കിടയിൽ താൻ ഔട്ടാണെന്നാണ് തമാശ രൂപേണ ധ്യാൻ പറയുന്നത്.

"വീട്ടിൽ ചെന്നാൽ ഇപ്പോഴും തേങ്ങയിടാൻ വരുന്നയാൾ വരെ ഉപദേശിക്കും. മോനേ, ഇങ്ങനെ നടന്നാൽ മതിയോ? എന്തെങ്കിലുമൊക്കെ ചെയ്യെന്ന്. വീട്ടിൽ അങ്ങനെ വലിയ പരിഗണനയൊന്നുമില്ല എനിക്ക്. അമ്മയെ സംബന്ധിച്ചടത്തോളം ഭർത്താവ് സിനിമാക്കാരൻ ശ്രീനിവാസൻ, മൂത്തമോൻ വിനീത് ശ്രീനിവാസൻ. അതുകഴിഞ്ഞിട്ടേയുള്ളൂ എനിക്ക് സ്ഥാനം. നമ്മളോട് സ്നേഹമുള്ളതുകൊണ്ടായിരിക്കും, എന്തെങ്കിലും ചെയ്യ് എന്നു പറയും. രണ്ട് ദിവസം വീട്ടിൽ ഇരുന്നാൽ പോലും അച്ഛനെ കണ്ടു പഠിക്ക്, ചേട്ടനെ കണ്ടുപഠിക്ക് എന്നാണ് പറയുക," ധ്യാൻ പറയുന്നു.

Read more: നിന്റെ ഏടത്തിയമ്മയായി മീര ജാസ്മിൻ വരുന്നതിൽ എന്തേലും ബുദ്ധിമുട്ടുണ്ടോ?; ധ്യാനിനോട് വിനീത്

Advertisment

അച്ഛനോ അമ്മയോ ചേട്ടനോ അധികാരം കാണിക്കാനോ എന്തെങ്കിലും അടിച്ചേൽപ്പിക്കാനോ ഒരിക്കലും മുതിർന്നിട്ടില്ലെന്നും നിന്റെ ഇഷ്ടം പോലെ ചെയ്യൂ എന്നതാണ് അവരുടെ മനോഭാവമെന്നും ധ്യാൻ പറയുന്നു. "ചേട്ടൻ അന്നും ഇന്നും ഒരുപോലെയാണ്. ഒരുപാട് സ്നേഹമുള്ളയാളാണ്, ഇടയ്ക്ക് എന്റെ നല്ലതിനായി ഉപദേശമൊക്കെ തരും. അല്ലാതെ ചേട്ടന്റെ അധികാരം ഒന്നുമെടുക്കില്ല. ചേട്ടൻ മാത്രമല്ല അച്ഛനും അമ്മയുമതെ, അവരാരും ഒന്നും അടിച്ചേൽപ്പിക്കാൻ ശ്രമിക്കാറില്ല. നിനക്കിഷ്ടമുള്ളതെന്തോ അതു ചെയ്യൂ എന്നാണ് പറയുക. പിന്നെ, ഇടയ്ക്ക് ഉപദേശിക്കും, പക്ഷേ ഞാനത് കേൾക്കാത്തതുകൊണ്ട് കുഴപ്പമില്ലല്ലോ," ചിരിയോടെ ധ്യാൻ പറയുന്നു.

വലിയ ലക്ഷ്യബോധത്തോടെ ഒന്നുമല്ല ലോട്ടറി അടിച്ചതു പോലെയാണ് താൻ സിനിമയിൽ എത്തിപ്പെട്ടതെന്നും ധ്യാൻ കൂട്ടിച്ചേർക്കുന്നു. "ഒന്നും ചെയ്യാതെ വെറുതെ വീട്ടിൽ ഇരുന്നപ്പോഴാണ് അമ്മാവന്റെ (എൻ മോഹനൻ) ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായി പോയത്. അതു കഴിഞ്ഞ് ഞാനൊരു ഷോർട്ട്ഫിലിം ചെയ്തു, ചേട്ടനാണ് അത് നിർമ്മിച്ചത്. ചേട്ടൻ തന്ന രണ്ടു ലക്ഷത്തിൽ ഒന്നര ലക്ഷത്തോളം ഞാൻ ചേട്ടനെ പറ്റിച്ചിട്ട് ബാക്കി പൈസയ്ക്ക് തട്ടിക്കൂട്ടിയ ഷോർട്ട് ഫിലിമാണ്. അഭിനയിക്കാൻ ഇനിയാർക്കും കാശ് കൊടുക്കേണ്ടല്ലോ എന്നു വിചാരിച്ചു ഞാൻ തന്നെ കയറി അഭിനയിച്ചു. അതിലെ എന്റെ അഭിനയം കണ്ടിട്ടാണ് ചേട്ടൻ എന്നെ 'തിര'യിലേക്ക് വിളിക്കുന്നത്. സത്യത്തിൽ അതെനിക്ക് ലോട്ടറി അടിച്ചതാണ്," സിനിമയിലെത്തിയതിനെ കുറിച്ച് ധ്യാൻ പറയുന്നു.

തഗ്ഗ് ഡയലോഗുകൾ അടിക്കുന്ന തന്റെ ശീലത്തെ കുറിച്ച് സംസാരിക്കുന്നതിനിടയിൽ, ചേട്ടൻ തന്റെയൊരു ഡയലോഗ് അതുപോലെ സിനിമയിലേക്ക് എടുത്ത സംഭവവും ധ്യാൻ ഓർത്തെടുക്കുന്നു. " അച്ഛന് എന്തോ പനിയോ മറ്റോ വന്നപ്പോൾ ടെൻഷനായി സീരിയസാണോ എന്ന് അമ്മയോട് ഞാൻ തിരക്കിയിട്ടുണ്ട്. സ്നേഹത്തേക്കാൾ ഉപരി, അച്ഛനെന്തേലും പറ്റിയാൽ പിന്നെയാര് കാശു തരും എന്നായിരുന്നു അന്നത്തെ വേവലാതി. ആ ഡയലോഗ് കേട്ടിട്ടാണ് ചേട്ടൻ അത് അതുപോലെ വടക്കൻ സെൽഫിയെന്ന സിനിമയിലേക്ക് എടുത്തത്."

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍ ആയി എത്തുന്ന 'സത്യം മാത്രമേ ബോധിപ്പിക്കൂ' എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. സാഗര്‍ ഹരിയാണ് ഈ ക്രൈം ത്രില്ലർ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. നേഷ് രവീന്ദ്രനാഥാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ജനുവരി 14ന് ചിത്രം തിയേറ്ററുകളിലെത്തും.

Dhyan Sreenivasan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: