മലയാള സിനിമയിലെ യുവതാരങ്ങൾക്കിടയിൽ ഏറെ ശ്രദ്ധ നേടിയ താരസഹോദരന്മാരാണ് വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും. ശ്രീനിവാസന്റെ മക്കൾ എന്ന മേൽവിലാസത്തിൽ നിൽക്കാതെ, ഇരുവരും തങ്ങളുടേതായ തട്ടകങ്ങൾ കണ്ടെത്തി കഴിഞ്ഞു.
ഗായകനായി എത്തി, പിന്നീട് നടനും തിരക്കഥാകൃത്തും സംവിധായകനും ഗാനരചയിതാവും നിർമാതാവുമൊക്കെയായി മാറുകയായിരുന്നു വിനീത് ശ്രീനിവാസൻ. അച്ഛനും ചേട്ടനും പിന്നാലെ ധ്യാനും വൈകാതെ സിനിമയിലെത്തി. അഭിനയത്തിനു പുറമെ സംവിധാനത്തിലും നിർമ്മാണരംഗത്തുമെല്ലാം സജീവമാകുന്ന ധ്യാനിനെയാണ് പിന്നീട് പ്രേക്ഷകർ കണ്ടത്.
Read more: വിമർശിക്കുന്നവർ വിമർശിക്കട്ടെ, നിന്നെ ഞാൻ സ്നേഹിക്കുന്നു; അഭയയോട് ഗോപി സുന്ദർ
ഇപ്പോഴിതാ, അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള വിനീതിന്റെയും ധ്യാനിന്റെയും ഒരു പഴയകാല അഭിമുഖമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
തങ്ങൾക്കിഷ്ടപ്പെട്ട നായികമാരെ കുറിച്ച് തുറന്നു പറയുന്ന ധ്യാനിന്റെ സംസാരം ചിരിയുണർത്തും. നടി നവ്യ നായരെ തനിക്കിഷ്ടമായിരുന്നു എന്നും എന്നാൽ വെള്ളിത്തിരയിൽ പൃഥ്വിരാജിനൊപ്പമുള്ള ചില പോസ്റ്ററുകൾ കണ്ടതോടെ ഇഷ്ടം പോയി എന്നുമാണ് കുഞ്ഞ് ധ്യാൻ പറയുന്നത്.
“നിനക്ക് നവ്യയെ കല്യാണം കഴിക്കണമെന്നുണ്ടായിരുന്നോ?” എന്ന ശ്രീനിവാസന്റെ ചോദ്യത്തിന് ഉണ്ടായിരുന്നു, ഇപ്പോ ഇല്ല എന്നാണ് ധ്യാൻ മറുപടി നൽകുന്നത്. ചേട്ടന് നടി മീര ജാസ്മിനെ വലിയ ഇഷ്ടമായിരുന്നുവെന്നും ഏട്ടത്തിയമ്മയായി മീര ജാസ്മിൻ വരുന്നതിൽ നിനക്കെന്തേലും പ്രശ്നമുണ്ടോ? എന്ന് ചേട്ടൻ തന്നോട് ചോദിച്ചിരുന്നു എന്നും ധ്യാൻ പറയുന്നു. അനിയന്റെ സംസാരം കേട്ട വിനീത്, ഞാനത് തമാശയായി പറഞ്ഞതായിരുന്നു എന്ന് ഇടയ്ക്ക് കയറി തിരുത്തുന്നതും വീഡിയോയിൽ കാണാം.
അച്ഛന്റെ പടങ്ങളിൽ നാടോടിക്കാറ്റ്, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, പട്ടണപ്രവേശം, അക്കരെയൊരു മാരൻ തുടങ്ങിയ പഴയകാല ചിത്രങ്ങളാണ് തനിക്ക് ഇഷ്ടമെന്നും അടുത്തകാലത്തെ പടങ്ങളൊന്നും അത്രയിഷ്ടമില്ലെന്നും ധ്യാൻ കൂട്ടിച്ചേർക്കുന്നു. അച്ഛന്റെ അഭിനയം ഇപ്പോൾ താഴോട്ട് പോകുന്നു എന്നാണ് കൊച്ചു ധ്യാനിന്റെ വിലയിരുത്തൽ.
അതേസമയം, തനിക്കിഷ്ടപ്പെട്ട, മലയാളത്തിലെ പ്രഗത്ഭനായ ഒരു നടനിട്ട് അച്ഛൻ ഇടയ്ക്കിടയ്ക്ക് പണി കൊടുക്കുന്നത് തനിക്കത്ര ഇഷ്ടപ്പെടുന്നില്ലെന്നും താനത് പല തവണ അച്ഛനോട് പറഞ്ഞിട്ടുണ്ടെന്നുമാണ് വിനീത് പറയുന്നത്.

“ഞാൻ ആ നടനെ മനപൂർവ്വം തേജോവധം ചെയ്യാൻ ശ്രമിക്കുകയാണെന്നും വാസ്തവവിരുദ്ധമായി വിമർശിക്കുകയാണെന്നും നീ വിചാരിക്കുന്നുണ്ടോ?,” എന്ന ശ്രീനിവാസന്റെ ചോദ്യത്തിന് അച്ഛൻ പറയുന്നത് വാസ്തവമാണെന്ന് ഞാനെങ്ങനെ അറിയും, കള്ളം പറയുകയാണെങ്കിലോ എന്നായിരുന്നു വിനീതിന്റെ മറുപടി.
“ഞാനപ്പോൾ കള്ളം പറയുന്ന ആളാണെന്നാണോ നീ പറയുന്നത്?” എന്ന ശ്രീനിവാസന്റെ ചോദ്യത്തിന് ഉരുളയ്ക്ക് ഉപ്പേരി മറുപടിയാണ് വിനീത് കൊടുക്കുന്നത്. “അച്ഛൻ നിലവിൽ സിഗരറ്റ് വലിക്കുന്നില്ല എന്നാണല്ലോ വെയ്പ്പ്. പക്ഷേ, ഇന്നലെ ഞാൻ അച്ഛൻ ഇറങ്ങിയതിന്റെ തൊട്ടുപിന്നാലെ ബാത്ത്റൂമിൽ കയറിയപ്പോൾ എനിക്ക് സിഗരറ്റിന്റെ മണം കിട്ടി. രണ്ട് സിഗരറ്റ് പാക്കുകൾ ബാത്ത്റൂമിൽ നിന്ന് ഞാൻ കണ്ടെടുക്കുകയും ചെയ്തു. പുറത്തിറങ്ങി അച്ഛൻ പറയുന്നത്, ഞാൻ വലിയ തീരുമാനം എടുത്തിരിക്കുകയാണ്, സിഗരറ്റ് വലി നിർത്തിയിരിക്കുകയാണ് എന്നൊക്കെയാണ്. അപ്പോൾ അച്ഛൻ കള്ളം പറയുന്നു എന്നതിന്റെ വലിയൊരു തെളിവാണല്ലോ അത്,” എന്നാണ് വിനീത് ചോദിക്കുന്നത്.