/indian-express-malayalam/media/media_files/uploads/2020/03/marakkar.jpg)
ലോകം കൊറോണ വൈറസ് (കോവിഡ് 19) ഭീതിയിലായതോടെ കൂടുതൽ പേരിലേക്ക് രോഗം പകരുന്നത് തടയാനുള്ള ജാഗ്രതയിലാണ് ഭരണകൂടങ്ങളും ജനങ്ങളുമെല്ലാം. കൊറോണ ബാധിതർ കൂടുതലുള്ള രാജ്യങ്ങളിലെല്ലാം തിയേറ്ററുകൾ അടച്ചിടുകയാണ്. കേരളത്തിലും മാർച്ച് 31 വരെ തിയേറ്ററുകൾ അടച്ചിടാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിൽ തീരുമാനമായിരിക്കുകയാണ്.
തിയേറ്ററുകൾ അടച്ചിടുന്നതോടെ ചിത്രങ്ങളുടെ റിലീസും മാറ്റിവയ്ക്കുകയാണ് സിനിമാലോകം. ബ്രഹ്മാണ്ഡ ചിത്രങ്ങളായ 'ജെയിംസ് ബോണ്ട്' മുതൽ 'മരക്കാർ' വരെയുള്ള ചിത്രങ്ങളുടെ റിലീസ് ആണ് കൊറോണയിൽ പെട്ട് ഉലയുന്നത്. ജെയിംസ് ബോണ്ട് സീരീസിലെ 'നോ ടൈം റ്റു ഡൈ' ആണ് ഏപ്രിലിലെ റിലീസ് നവംബറിലേക്ക് മാറ്റിയിരിക്കുന്ന ബ്രഹ്മാണ്ഡചിത്രങ്ങളിലൊന്ന്. ലോകമാകമാനം ആരാധകരുള്ള 'ജെയിംസ് ബോണ്ട്' സീരിസിലെ ഈ ചിത്രത്തിനു വേണ്ടി ആരാധകരും ഏറെ നാളായി പ്രതീക്ഷയോടെ കാത്തിരിപ്പിലാണ്.
മാർച്ച് 26 നാണ് പ്രിയദർശൻ- മോഹൻലാൽ കൂട്ടുക്കെട്ടിന്റെ 'മരക്കാർ: അറബിക്കടലിന്റെ സിംഹം' റിലീസ് ചെയ്യാനിരുന്നത്. എന്നാൽ മാർച്ച് 31 വരെ തിയേറ്ററുകൾ അടച്ചിടാൻ സർക്കാർ നിർദേശം വന്ന സാഹചര്യത്തിൽ ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കാൻ അണിയറപ്രവർത്തകരും നിർബന്ധിതരാവുകയാണ്.
ടൊവിനാ ചിത്രം 'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്' റിലീസ് പിൻവലിച്ച കാര്യം ഇന്നലെ തന്നെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. വി കെ പ്രകാശിന്റെ മകൾ കാവ്യ സംവിധായികയാവുന്ന 'വാങ്ക്' എന്ന ചിത്രത്തിന്റെ റിലീസും നിലവിലെ സാഹചര്യത്തിൽ ആശങ്കയിലാണ്. കഴിഞ്ഞ ആഴ്ച തിയേറ്ററുകളിലെത്തിയ 'കപ്പേള' എന്ന ചിത്രം കൊറോണയെ തുടർന്ന് തിയേറ്ററുകളിൽ നിന്നും പിൻവലിച്ചതായി അണിയറപ്രവർത്തകർ പറയുന്നു.
Read more: കൊറോണ: തിയേറ്ററുകൾ മാർച്ച് 31 വരെ അടച്ചിടണമെന്ന് സർക്കാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.