സംസ്ഥാനത്ത് കൊറോണ വൈറസ് (കോവിഡ് 19) ബാധിച്ചവരുടെ എണ്ണം 12 ആയതോടെ കൂടുതൽ ജാഗ്രതയോടെ രോഗം പകരുന്നത് തടരാനുള്ള മുൻകരുതലുകൾ എടുക്കുകയാണ് സർക്കാർ. പൊതുപരിപാടികൾ, കല്യാണങ്ങൾ, ഉത്സവങ്ങൾ പോലെ ധാരാളം ആളുകൾ തടിച്ചുകൂടുന്ന പരിപാടികളൊക്കെ ഒഴിവാക്കാനാണ് സർക്കാർ നിർദേശിക്കുന്നത്. ആളുകൾ കൂടുന്ന പൊതു ഇടങ്ങളിൽ നിന്നും കൊറോണ പകരാനുള്ള സാധ്യതയുള്ളതിനാൽ കൂട്ടായ്മകളും പൊതുപരിപാടികളും പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യവിദഗ്ധരും നിർദ്ദേശിക്കുന്നുണ്ട്.
തിയേറ്ററുകള്‍ നാളെ മുതല്‍ അടച്ചിടും. കൂടുതൽ ആളുകൾ ഒന്നിച്ചെത്തുന്ന തിയേറ്ററുകളിൽ നിന്നും രോഗം പകരാനുള്ള സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് മാർച്ച് 31 വരെ സിനിമ തിയേറ്ററുകൾ അടച്ചിടാനാണ് സർക്കാർ നിർദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇന്നു ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊറോണയുടെ പശ്ചാത്തലത്തിൽ സിനിമകളുടെ റിലീസുകൾ മാറ്റിവയ്ക്കാനും നിർമാതാക്കൾ തയ്യാറാവുകയാണ്. ടൊവിനോ തോമസ് നായകനാവുന്ന ‘കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ്’ എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചതായി വാർത്തകളുണ്ടായിരുന്നു. കേരളത്തിൽ കൊറോണ വീണ്ടും റിപ്പോർട്ടു ചെയ്ത സാഹചര്യത്തിലാണ് നിർമാതാക്കളുടെ ഈ തീരുമാനം.
“COVID-19 ന്റെ വ്യാപനം തടയുന്നതിനു ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്ന് കൂട്ടായ്മകളും/മാസ് ഗാതറിംഗുകളും ഒഴിവാക്കുക എന്നതാണെന്നു തിരിച്ചറിഞ്ഞു കൊണ്ട് പുതിയ സിനിമ ‘കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സി’ന്റെ റിലീസ് മാറ്റി വയ്ക്കുകയാണ്. ഒരുപാട് നാളുകളുടെ സ്വപ്നവും അദ്ധ്വാനവുമാണ് ഞങ്ങൾക്ക് ഈ സിനിമ. പക്ഷേ ഈ സമയത്ത് മറ്റെന്തിനേക്കാളും പ്രധാനം നമ്മുടെയും നമുക്ക് ചുറ്റുമുള്ളവരുടെയും ആരോഗ്യമാണ്. നിപ്പയെ ചെറുത്ത് തോല്പിച്ച് ലോകത്തിനു തന്നെ മാതൃകയായ നമ്മൾ ഈ വെല്ലുവിളിയും അതിജീവിക്കും. ഉത്തരവാദിത്വമുള്ളവരായി, നമുക്ക് സ്വയം സൂക്ഷിക്കാം, സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി അനുസരിക്കാം, ഒപ്പമുള്ളവരെ സംരക്ഷിക്കാം,” സിനിമ റിലീസ് മാറ്റിവച്ചതുമായി ബന്ധപ്പെട്ട് ടൊവിനോ തോമസ് ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞതിങ്ങനെ.
സിഐഇആര്‍ മദ്രസകള്‍ അവധി പ്രഖ്യാപിച്ചു
കൊറോണ മുന്‍കരുതലിന്റെ ഭാഗമായി സര്‍ക്കാര്‍ സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതിനാല്‍ സംസ്ഥാനത്തെ മുഴുവന്‍ സി ഐ ഇ ആര്‍ മദ്രസകള്‍ക്കും മാര്‍ച്ച് 31 വരെ അവധിയായിരിക്കുമെന്നും ഏപ്രില്‍ ആദ്യവാരം നടക്കേണ്ട പരീക്ഷകള്‍ പുനര്‍ക്രമീരകിക്കുന്നതാണെന്നും കണ്‍വീനര്‍ ഡോ ഐ പി അബ്ദു സലാം അറിയിച്ചു.
തൃശൂരില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി തൃശൂര്‍ ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ രണ്ടു ദിവസം (മാർച്ച് 11, 12) അടച്ചിടും. ഡിടിപിസിയുടെ കീഴിലുളള കേന്ദ്രങ്ങളും ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കമ്മിറ്റികളുടെ നിയന്ത്രണത്തിലുളള കേന്ദ്രങ്ങളുമാണ് അടച്ചിടുക. രോഗവ്യാപന സാധ്യത മുന്നിൽ കണ്ടാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ടൂറിസ്റ്റുകൾ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് അഭ്യർത്ഥിച്ചു.
Read more: കൊറോണ: ടൊവിനോ ചിത്രം റിലീസ് മാറ്റി