scorecardresearch

തിളക്കമുള്ള അദ്ധ്യായത്തിന് തിരശ്ശീല; കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

കവിയൂർ പൊന്നമ്മയുടെ സുദീർഘമായ കലാജീവിതം സിനിമയിൽ മാത്രം ഒതുങ്ങിയിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു

കവിയൂർ പൊന്നമ്മയുടെ സുദീർഘമായ കലാജീവിതം സിനിമയിൽ മാത്രം ഒതുങ്ങിയിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു

author-image
Entertainment Desk
New Update
kaviyoor ponnamma

ഫയൽ ഫൊട്ടോ

മലയാളികൾക്ക് എന്നെന്നും മനസ്സിൽ സൂക്ഷിക്കാൻ ഒരുപാട് വേഷങ്ങൾ സമ്മാനിച്ച് നടി കവിയൂർ പൊന്നമ്മ യാത്രയായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകിട്ടാണ് അന്ത്യ. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആരോഗ്യം വഷളായതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുറച്ചേറെ നാളുകളായി അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത് വടക്കൻ പറവൂര്‍ കരിമാളൂരിലെ വസതിയിൽ വിശ്രമജീവിതത്തിലായിരുന്നു.

Advertisment

കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. മാതൃഭാവമുള്ള കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നു. ആ സുദീർഘമായ കലാജീവിതം സിനിമയിൽ മാത്രം ഒതുങ്ങിയിരുന്നില്ല. നാടകത്തിലും ടെലിവിഷനിലുമെല്ലാം ശ്രദ്ധേയമായ സംഭാവനകൾ അവർ അർപ്പിച്ചു, മുഖ്യമന്ത്രി പറഞ്ഞു. 

"കവിയൂർ പൊന്നമ്മയുടെ കലാജീവിതം തളിരിട്ടതും വളർന്നതും കേരളത്തിൻ്റെ പുരോഗമന സാംസ്കാരിക മുന്നേറ്റത്തിൽ നിർണ്ണായക പങ്കു വഹിച്ച കെപിഎസി-യിലാണ്. തുടർന്ന് മറ്റു പല പ്രധാന നാടകസമിതികളിലും പ്രവർത്തിച്ച അവർ  മൂലധനം, പുതിയ ആകാശം പുതിയ ഭൂമി തുടങ്ങിയ അക്കാലത്തെ ജനപ്രിയ നാടകങ്ങളിൽ  അവിസ്മരണീയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

തുടർന്ന്  അവർ വളരെ പെട്ടെന്നുതന്നെ മലയാള സിനിമയുടെ അവിഭാജ്യഘടകമായി. പ്രഗത്ഭരായ സംവിധായകരുടെ സിനിമകളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ അവർ തിളങ്ങി. തന്മയത്വത്തോടെ അവതരിപ്പിച്ച അമ്മവേഷങ്ങൾ  മലയാളികളിൽ അവരോടുള്ള ആത്മബന്ധം സുദൃഢമാക്കി. നാലു തവണയാണ് മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം കവിയൂർ പൊന്നമ്മയ്ക്ക് ലഭിച്ചത്. അവരുടെ അഭിനയ മികവിന് അടിവരയിടുന്ന നേട്ടമാണിത്.

Advertisment

മലയാള സിനിമയുടെയും നാടകലോകത്തിൻ്റേയും ചരിത്രത്തിൽ തൻ്റേതായ സ്ഥാനം ഉറപ്പിച്ച കവിയൂർ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. തൻ്റെ കഥാപാത്രങ്ങളിലൂടെ അവർ മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കും. കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അവരുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നു," മുഖ്യമന്ത്രി പറഞ്ഞു. 

നടൻ മമ്മൂട്ടി സോഷ്യൽ മീഡിയയിലൂടെ കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ അനുശോചിച്ചു. സിനിമയില്‍ മാത്രമല്ല, മലയാളത്തിന്റെ തന്നെ അമ്മ മുഖമായിരുന്നു കവിയൂർ പൊന്നമ്മയെന്ന് സതീശൻ പറഞ്ഞു. വാത്സല്യം നിറയുന്ന ചിരിയും ശബ്ദവുമെല്ലാം സിനിമയില്‍ മാത്രമല്ല, മലയാളികളുടെ മനസിലും കവിയൂര്‍ പൊന്നമ്മയ്ക്ക് അമ്മ പരിവേഷം നല്‍കി. സ്വന്തം അമ്മയുടെ സ്ഥാനമാണ് മലയാളി പ്രേക്ഷകര്‍ ആ കലാകാരിക്ക് നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. 

"പ്രേം നസീറും സത്യനും മധുവും ഉള്‍പ്പെടെയുള്ള ആദ്യകാല താരങ്ങളുടെ അമ്മയായി സ്‌ക്രീനിലെത്തിയ കവിയൂര്‍ പൊന്നമ്മ വ്യത്യസ്ത കഥാപാത്രങ്ങളായി പുതുതലമുറയിലെ താരങ്ങള്‍ക്കൊപ്പവും സിനിമയില്‍ നിറഞ്ഞു നിന്നു. ആറര പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തില്‍ ഓരോ കഥാപാത്രങ്ങളെയും വ്യത്യസ്തമാക്കുന്ന അഭിനയ ശൈലിയായിരുന്നു കവിയൂര്‍ പൊന്നമ്മയുടേത്. അമ്മ എന്നാല്‍ കവിയൂര്‍ പൊന്നമ്മ എന്ന നിലയിലേക്ക് പ്രേക്ഷകരെ പോലും ചിന്തിപ്പിച്ച അതുല്യ കലാകാരിയായിരുന്നു അവര്‍. 

കവിയൂര്‍ പൊന്നമ്മയുടെ വിയോഗ വാര്‍ത്ത കുടുംബത്തിലെ ഒരാളെ നഷ്ടപ്പെട്ട വേദനയാണ് എല്ലാവരിലും ഉണ്ടാക്കുന്നത്. ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍," വി. ഡി സതീശൻ പറഞ്ഞു.

അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന നടിയായിരുന്നു കവിയൂർ പൊന്നമ്മയെന്ന് സംസ്‍കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഓർത്തു. "ഗായികയായി തുടങ്ങി നാടകങ്ങളിലൂടെ സിനിമയിൽ സജീവമായ അവർ ആയിരത്തോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അമ്മ വേഷങ്ങളിൽ നിറഞ്ഞു നിന്നപ്പോഴും അഭിനയ പ്രാധാന്യമേറിയ ഒട്ടേറെ വ്യത്യസ്തമായ കഥാപാത്രങ്ങൾക്ക് ജീവൻ പകരാനും അവർക്ക് സാധിച്ചു.

അസുരവിത്ത്, വെളുത്ത കത്രീന, ക്രോസ് ബെൽറ്റ്, നിർമാല്യം, നെല്ല്, തനിയാവർത്തനം, നഖക്ഷതങ്ങൾ, ഹിസ് ഹൈനസ് അബ്ദുള്ള, കിരീടം, ചെങ്കോൽ, ഭരതം തുടങ്ങിയ സിനിമകളിലെ അവരുടെ പ്രകടനം പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല. ഒട്ടേറെ ടെലിവിഷൻ പരമ്പരകളിലും കവിയൂർ പൊന്നമ്മ തിളങ്ങി. മലയാള സിനിമാലോകത്തിന് വലിയ നഷ്ടം സൃഷ്ടിച്ചുകൊണ്ടാണ് കവിയൂർ പൊന്നമ്മ വിടവാങ്ങുന്നത്. ആദരാഞ്ജലികൾ," സജി ചെറിയാൻ അനുശോചിച്ചു.

Read More:

Actress Malayalam Films

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: