/indian-express-malayalam/media/media_files/uploads/2018/12/Chinmayi-forays-into-Malayalam-with-A-R-Rahman-Blessy-Prithviraj-Aadujeevitham.jpg)
Chinmayi forays into Malayalam with A R Rahman Blessy Prithviraj Aadujeevitham
#MeToo വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തമിഴ് സിനിമയില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്ന കേട്ട ശബ്ദമാണ് ചിന്മയിയുടേത്. കവി വൈരമുത്തുവിനെതിരെയാണ് ഗായികയും ശബ്ദകലാകാരിയുമായ ചിന്മയി ശ്രീപദ ആരോപണം ഉന്നയിച്ചത്. തമിഴകത്തെ തലമുതിര്‍ന്ന എഴുത്തുകാരനും സിനിമാ പ്രവര്‍ത്തകനുമായ വൈരമുത്തുവിനെതിരെ ലൈംഗികാരോപണങ്ങള്‍ പരസ്യമായി ഉന്നയിച്ച ചിന്മയിയെ തമിഴ് സിനിമാ ലോകം വേട്ടയാടുകയും തള്ളിപ്പറയുകയും ചെയ്യുന്ന കാഴ്ചയ്ക്കാണ് അതിനെത്തുടര്‍ന്നുള്ള ദിവസങ്ങള്‍ സാക്ഷിയായത്.
Read More: #Me Too വെളിപ്പെടുത്തലിന് ശേഷം സിനിമയില്‍ അവസരങ്ങള്‍ ഇല്ലാതായെന്ന് ചിന്മയി
ഡബ്ബിങ് യൂണിയനില്‍ നിന്നും പുറത്താക്കുക, സോഷ്യല്‍ മീഡിയയിലും അല്ലാതെയും ഭീഷണിപ്പെടുത്തുക, സിനിമയിലെ അവസരങ്ങള്‍ ഇല്ലാതെയാക്കുക തുടങ്ങിയവയ്ക്കെല്ലാം താന്‍ ഇരയാകുന്നു എന്ന് ചിന്മയി വെളിപ്പെടുത്തിയിരുന്നു. വിജയ് സേതുപതി, തൃഷ എന്നിവര്‍ അഭിനയിച്ച സൂപ്പര്‍ ഹിറ്റ് ചിത്രം '96' ആവും ഒരുപക്ഷേ തമിഴിലെ തന്റെ അവസാന ചിത്രം എന്ന് വരെ ചിന്മയി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്നലെ എ.ആര്‍.റഹ്മാന്‍, താന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന മലയാള ചിത്രം 'ആടുജീവിതത്തി'ല്‍ ചിന്മയി ഒരു ഗാനം ആലപിച്ചിരിക്കുന്നതായി വെളിപ്പെടുത്തിയത്. ബെന്യാമിന്‍ രചിച്ച 'ആടുജീവിതം' എന്ന നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് ആണ് നായകന്‍.
Since Rahman sir said it himself, safe to say I have sung a beautiful song in Mr. Blessy’s film. https://t.co/W18PFxAPIx
— Chinmayi Sripaada (@Chinmayi) December 1, 2018
എ.ആര്‍.റഹ്മാന്‍ സംഗീതം പകര്‍ന്ന 'സര്‍വ്വം താളമയം' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ട്രാക്ക് റിലീസുമായി ബന്ധപ്പെട്ടു ചിത്രത്തിലെ നായകന്‍ ജി.വി. പ്രകാശ്, സംവിധായകന്‍ രാജീവ് മേനോന്‍ എന്നിവരുമായി സംസാരിക്കുകയായിരുന്നു എ.ആര്‍.റഹ്മാന്‍. മമ്മൂട്ടി, തല അജിത്, ഐശ്വര്യ റായ്, തബു എന്നിവര്‍ അഭിനയിച്ച 'കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍' എന്ന ചിത്രത്തിന് ശേഷം മലയാളിയായ രാജീവ് മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് 'സര്‍വ്വം താളമയം'.
#MeToo വെളിപ്പെടുത്തലിന് മുമ്പ് പ്രതിദിനം മൂന്ന് ഗാനങ്ങള്‍ വരെ താന്‍ ആലപിക്കാറുണ്ടായിരുന്നു എന്ന് ചിന്മയി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. '96' എന്ന ചിത്രത്തിലെ 'കാതലെ കാതലെ' എന്ന ഹിറ്റ് ഗാനം പാടിയത് ചിന്മയി ആയിരുന്നു. ഒരു ഗാനം ഹിറ്റായാല്‍ അടുത്ത ഒരു മാസത്തോളം നല്ല അവസരങ്ങള്‍ വരാറുണ്ടായിരുന്നെന്ന് ചിന്മയി പറഞ്ഞു. എന്നാല്‍ വൈരമുത്തുവിനെതിരായ ആരോപണത്തിന് ശേഷം തനിക്ക് അവസരം കുറഞ്ഞെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തമിഴിലെ തിരക്കേറിയ ഡബ്ബിങ് ആർട്ടിസ്റ്റും ഗായികയുമാണ് ചിന്മയി ശ്രീപാദ. 96 അടക്കമുള്ള ചിത്രങ്ങളിൽ തൃഷയ്ക്ക് ശബ്ദം നൽകിയത് ചിന്മയിയാണ്.
"മാസത്തില്‍ 15 ഓളം ഗാനങ്ങള്‍ ഞാന്‍ പാടാറുണ്ടായിരുന്നു. അതില്‍ 5 എണ്ണമെങ്കിലും തമിഴായിരിക്കും. എന്നാല്‍ അതും ഇല്ലാതെയായി. ഡബ്ബിങ് യൂണിയന്‍ പുറത്താക്കുകയും ചെയ്തു. 2016ല്‍ ഞാന്‍ ഫീസ് ആയി 5000 രൂപ അടച്ചിരുന്നു. അതിന് ശേഷമാണ് 'ഇരുമ്പ് തിരൈ'യിലും 96ലും അവസരം ലഭിച്ചത്. അന്നൊന്നും ഒന്നും പറയുകയോ നടപടി എടുക്കുകയോ ചെയ്തില്ല. മീ ടൂ വെളിപ്പെടുത്തല്‍ നടത്തിയതിന് ശേഷമാണ് ഇത് ഉണ്ടായത്", ചിന്മയി വ്യക്തമാക്കി.
'കന്നത്തില്‍ മുത്തമിട്ടാല്‍' എന്ന ചിത്രത്തിലെ 'ഒരു ദൈവം തന്ത പൂവേ' ഉള്‍പ്പടെ എ.ആര്‍.റഹ്മാന്റെ സംഗീത സംവിധാനത്തില്‍ ആലപിച്ചിട്ടുണ്ട് ചിന്മയി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.