ചെന്നൈ: തമിഴകത്ത് മീ ടൂ ആരോപണങ്ങൾക്ക് തുടക്കം കുറിച്ചയാളാണ് ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ചിന്മയി. ഗാനരചയിതാവ് വൈരമിത്തുവിനും നടൻ രാധാ രവിക്കുമെതിരെയായിരുന്നു ചിന്മയിയുടെ മീ ടൂ ആരോപണം. വൈരമുത്തുവിനെതിരെയുള്ള തുറന്നുപറച്ചിലുകൾക്ക് പിന്നാലെ നിരവധി പേർ ചിന്മയിക്ക് പിന്തുണയുമായി എത്തിയിരുന്നെങ്കിലും രൂക്ഷമായ വിമർശനവും നേരിടേണ്ടി വന്നിരുന്നു. മീ ടൂ ആരോപണങ്ങളുടെ പേരിൽ ആദ്യ തിരിച്ചടി നേരിടേണ്ടി വന്നിരിക്കുകയാണ് ചിന്മയിക്ക്. തമിഴ്നാട്ടിലെ ഡബ്ബിങ് കലാകാരന്മാരുടെ സംഘടനയിൽ നിന്നും ചിന്മയിയെ പുറത്താക്കുകയും ചെയ്തു. സംഘടനയിലെ അംഗത്വ ഫീസ് രണ്ടുവർഷമായി അടച്ചില്ലെന്ന കാരണം പറഞ്ഞാണ് പുറത്താക്കിയത്.
മീ ടൂവിന് ശേഷം തന്റെ ജീവിതം ആകെ മാറിപ്പോയതായി ‘ദ ഹിന്ദു’ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ ചിന്മയി പറഞ്ഞു. വെളിപ്പെടുത്തലിന് മുമ്പ് പ്രതിദിനം മൂന്ന് ഗാനങ്ങള്‍ ആലപിക്കാറുണ്ടായിരുന്നു. 96 എന്ന ചിത്രത്തിലെ ‘കാതലെ കാതലെ’ എന്ന ഹിറ്റ് ഗാനം പാടിയത് ചിന്മയി ആയിരുന്നു. ഒരു ഗാനം ഹിറ്റായാല്‍ അടുത്ത ഒരു മാസത്തോളം നല്ല അവസരങ്ങള്‍ വരാറുണ്ടായിരുന്നെന്ന് ചിന്മയി പറഞ്ഞു. എന്നാല്‍ വൈരമുത്തുവിനെതിരായ ആരോപണത്തിന് ശേഷം തനിക്ക് അവസരം കുറഞ്ഞെന്നും ചിന്മയി പറഞ്ഞു. തമിഴിലെ തിരക്കേറിയ ഡബ്ബിങ് ആർട്ടിസ്റ്റും ഗായികയുമാണ് ചിന്മയി ശ്രീപാദ. 96 അടക്കമുള്ള ചിത്രങ്ങളിൽ തൃഷയ്ക്ക് ശബ്ദം നൽകിയത് ചിന്മയിയാണ്.
‘മാസത്തില്‍ 15ഓളം ഗാനങ്ങള്‍ ഞാന്‍ പാടാറുണ്ടായിരുന്നു. അതില്‍ 5 എണ്ണമെങ്കിലും തമിഴായിരിക്കും. എന്നാല്‍ അതും ഇല്ലാതെയായി. ഡബ്ബിങ് യൂണിയന്‍ പുറത്താക്കുകയും ചെയ്തു. 2016ല്‍ ഞാന്‍ ഫീസ് ആയി 5000 രൂപ അടച്ചിരുന്നു. അതിന് ശേഷമാണ് ഇരുമ്പ് തിരൈയിലും 96ലും അവസരം ലഭിച്ചത്. അന്നൊന്നും ഒന്നും പറയുകയോ നടപടി എടുക്കുകയോ ചെയ്തില്ല. മീ ടൂ വെളിപ്പെടുത്തല്‍ നടത്തിയതിന് ശേഷമാണ് ഇത് ഉണ്ടായത്,’ ചിന്മയി പറഞ്ഞു.
The Union has terminated another member wrongfully a couple of days ago. Ideally if these people go about terminating members they should refund the 10% they have taken from all these artiste income.
— Chinmayi Sripaada (@Chinmayi) November 29, 2018
‘തമിഴില്‍ മാത്രമല്ല ഇത് സംഭവിക്കുന്നത്. ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ രംഗത്ത് വന്ന മലയാളത്തിലെ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങള്‍ക്കും ജോലി നഷ്ടമായിട്ടുണ്ട്. വനിതാ കൂട്ടായ്മയിലുളളവരുമായി സഹകരിക്കില്ലെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്. നിങ്ങള്‍ തുറന്ന് പറഞ്ഞാല്‍ ഇതാണ് സംഭവിക്കുക എന്നാണ് അവര്‍ ഇതിലൂടെ നമ്മളോട് പറയുന്നത്,’ ചിന്മയി പറഞ്ഞു.
ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ചിന്മയി വൈരമുത്തുവിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. രണ്ടുവട്ടം വൈരമുത്തു തന്നോട് അപമര്യാദയായി പെരുമാറാൻ ശ്രമിച്ചിരുന്നുവെന്നായിരുന്നു ചിന്മയിയുടെ ആരോപണം. സഹകരിച്ചില്ലെങ്കിൽ തന്റെ കരിയർ നശിപ്പിക്കുമെന്ന് വൈരമുത്തു ഭീഷണി മുഴക്കിയതായും ചിന്മയി ആരോപിച്ചു.